ശാലോം കുന്നിലെ കരിങ്കൽ സ്‌തൂപ വിസ്മയം
കേരളത്തിലെ ഏറ്റവും വലിയ കുത്തുകല്ല്
#Idukki
#Idukki
നീലക്കുറിഞ്ഞി തേടിയുള്ള യാത്രയില് ശാന്തൻ പാറയിലെ മനോഹരമായ കുന്നും പുൽമേടുകളും നിറഞ്ഞ ഒരു താഴ്‌വരയിലാണ് ഞാൻ എത്തിപെട്ടത്. ചെറിയ അരുവിക്ക് സമീപം ഒരു സ്തൂപം പോലെ എന്ന് തോന്നിക്കുന്ന നിർമിതി അങ്ങകലെ ദൃശ്യമാകുന്നുണ്ട്. കിഴക്കാതി മലയുടെ ചെരുവിൽ കരിങ്കല്ലിൽ തീർത്ത ഒരു ശിലാ സ്തൂപം.കുത്തുകല്ല് (മെന്‍ഹിര്‍) എന്ന് വിളിക്കപ്പെടുന്ന ഇവ ഉടുമ്പന്‍ചോല താലൂക്കിൽ പോത്തമല മലനിരകളില്‍ ശാലോം കുന്നിനും കിഴക്കാതി മലക്കും ഇടയിൽ സ്ഥാപിച്ചിരിക്കുന്നു. മുട്ടോളം വളർന്ന ശോല പുൽമേടുകൾ ക്ക് ഇടയിൽ അതങ്ങനെ നിലകൊള്ളുന്നു. കാറ്റിൽ പുൽമേടുകൾ നൃത്തം ചെയ്യുന്ന തിരക്കിലാണ്.. ശിലായുഗ കാലത്ത് തമിഴ്നാട് ഉൾപ്പെടുന്ന പ്രദേശത്തു നിന്നും ഇവിടേക്ക് വന്നവരാണ് ഇത് സ്ഥാപിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജീവ് പുലിയൂർ എന്ന അധ്യാപകനും സംഘവുമാണ് ഈ ചരിത്ര നിർമിതി കണ്ടെത്തിയത് എന്ന് 2019 ല് The Indian Express ൽ വന്ന വാർത്തയിൽ പറഞ്ഞിരുന്നു. വാനനിരീക്ഷണത്തിന് ഉപയോഗിച്ചത് ആകാം എന്നും അല്ലെങ്കിൽ ആദിമ മനുഷ്യർ നിഴലിനെ അടിസ്ഥാനമാക്കി സമയവും കാലവും കണ്ടെത്തിയ കുത്ത് കല്ല് ആകാം എന്നും , വീര പുരുഷ സ്മാരക ശിലകൾ ആയ വീരകല്ലുകൾ ആകാം എന്നും പറയപ്പെടുന്നു.
3000 വർഷങ്ങൾ കൂടുതൽ പഴക്കം കണക്കാക്കുന്ന ഇവക്ക് 20 അടിയോളം ഉയരവും നാല് അടിയിൽ അധികം വീതിയും ഉണ്ട്. വീതി കൂടിയ ഒരു കരിങ്കൽ ശിലയുടെ മുകളിൽ ഉയരം കൂടിയ നാല് ഭാഗവും പരന്ന മറ്റൊരു ശില സ്ഥാപിച്ചിരിക്കുന്നു. മുകളിൽ സ്ഥാപിച്ച ശിലയുടെ ഉയരം കൂടുന്തോറും വീതിയും കുറഞ്ഞു വരുന്നതായി കാണാം മാത്രമല്ല വശങ്ങളെ അപേക്ഷിച്ച് മുഖ ഭാഗത്തിനും , പിൻ ഭാഗത്തിനും വീതി കൂടുതലാണ്.. നിർമിതിയുടെ പുറകിൽ നിന്നും നോക്കിയാൽ ഒരു നാഗം പത്തി വിടർത്തി നിൽക്കുന്ന രൂപമാണ് കാണാൻ സാധിക്കുക. നിർമിതിയുടെ ചുറ്റും കരിങ്കല്ലുകൾ കൊണ്ട് നിർമ്മിച്ച നിലമോ അല്ലെങ്കിൽ ചുറ്റുമതിലോ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. അടർന്നു പോയതും അപക്ഷയം സംഭവിച്ചതും ആയ കരിങ്കൽ പാളികൾ സമീപത്ത് ചിതറി കിടക്കുന്നുണ്ട്. കേരളത്തിൽ കണ്ടെത്തിയ കുത്ത് കല്ലുകളിൽ ഏറ്റവും വലുത് പോത്ത മലയിലേതാണ്..നെടുങ്കണ്ടം ബിഎഡ് കോളേജ് പ്രിൻസിപ്പാളും ഗവേഷകനുമായ രാജീവ് പുലിയൂരും സംഘവുമാണ് അവിചാരിതമായി പോത്തമലയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഇവ കുത്തുകല്ലുകളാണെന്നും വ്യത്യസ്ത രീതിയില്‍ മലകള്‍ക്കു മുകളില്‍ പാകിയിരിക്കുകയാണെന്നും കണ്ടെത്തിയത്. പുറത്തു നിന്നു നോക്കിയാല്‍ മലകള്‍ക്കു മുകളിലുള്ള കല്ലുകള്‍ പോലെയാണ് ഇവ കാണപ്പെടുക.
മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പും ഇടുക്കി ജില്ലയില്‍ ജനവാസം ഉണ്ടായിരുന്നുവെന്നതിനു ശക്തമായ തെളിവാണിത്. കേരളത്തില്‍ തന്നെ ആദ്യമായാണ് 20 അടിയോളം ഉയരം വരുന്ന കുത്തുകല്ല് കണ്ടെത്തുന്നത്.മലകള്‍ക്കു മുകളില്‍ വ്യത്യസ്തമായ രീതിയില്‍ പാകിയ നിലയിലായിരുന്നു ഇവ. ഉടുമ്പന്‍ചോല മുതല്‍ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ വരെ വ്യാപിച്ചുകിടക്കുന്ന തരത്തില്‍ കണ്ടെത്തിയ കുത്തുകല്ലുകള്‍ പുരാതനകാലത്തും ഇരുസ്ഥലങ്ങളും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും ജനവാസമുണ്ടായിരുന്നുവെന്നും സൂചന നൽകുന്നതാണ് എന്നുമാണ് രാജീവ് സാറിന്റെ നിഗമനം.
നാലു കുത്തുകല്ലുകളും ആയിരത്തോളം മുനിയറകളുമാണ് നാലുമലകളിലായി പാകിയ നിലയിൽ രാജീവ് സർ കണ്ടെത്തുന്നത്. മലകളുടെ മുകളില്‍ പാകിയിട്ടുള്ള കല്ലുകള്‍ക്കുള്ളില്‍ തട്ടിനോക്കുമ്പോള്‍ മുഴക്കം കേള്‍ക്കുന്നത് ഇവയ്ക്കുള്ളില്‍ കലശകുടങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും ഇവ പെട്ടിക്കല്ലറകളാണെന്നും അദ്ദേഹം അനുമാനിക്കുന്നു. കുത്ത് കല്ലിന്റെ അടുത്തുള്ള കിഴക്കാതി മലയിൽ തകർന്നു കിടക്കുന്ന ധാരാളം മുനിയറകളുടെ അവശിഷ്ടങ്ങൾ ഞാൻ എന്റെ യാത്രയിൽ കണ്ടിരുന്നു.
സുഹൃത്തും ഗവേഷകനുമായ മൂന്നാറുകാരൻ ആന്റണി ഗിൽബർട്ട് സാറിനോട് ഇതിനെ പറ്റി ചോദിക്കുകയും അദ്ദേഹത്തിന് കിട്ടിയ വിവരപ്രകാരം ഇത് നാട്ടുകല്ല് വിഭാഗത്തിൽ പെട്ടതാണ് എന്നും മറ്റൊരു അഭിപ്രായം. വളരെ സുപ്രധാന പരമാണ് ഇവ. പൂപ്പാറക്കടുത്ത് തൊണ്ടി മല, ഖജനാപ്പാറ, മുട്ടുകാട്, സൂര്യനെല്ലി, എന്നിവിടങ്ങളിലും നട്ടുകല്ലുകൾ കാണാം. ശാലോം കുന്ന് തൊണ്ടി മലക്ക് സമാനമാണ്. പക്ഷേ തൊണ്ടി മലയിൽ ഇരട്ടക്കല്ലുകളായാണ് ഇവ കാണുന്നത് എന്നും അദ്ദേഹം പറയുന്നു. തൊണ്ടി മലയിലെ എനിക്ക് അയച്ചു തന്ന ചിത്രവും ഇതും രൂപത്തിലും ഭാവത്തിലും സാമ്യം ഉണ്ടെങ്കിലും ഒറ്റ കല്ലിൽ തീർത്ത ശിലാ രൂപമാണ് തൊണ്ടി മലയിലേത്.
എന്തിരുന്നാലും ഇവിടെ വരുന്ന സഞ്ചാരികൾക്കും , പ്രദേശവാസികൾക്കും ഇതിനെ പറ്റി അറിവൊന്നും ഇല്ല. വെറുതെ കുത്തനെ നിൽക്കുന്ന ഒരു പാറക്കഷണം മാത്രം ആണെന്നാണ് പലരും വിചാരിക്കുന്നത്. ചരിത്ര പ്രസിദ്ധമായ ധാരാളം ഓർമകൾ ഈ കുന്നിന് പരിസരത്ത് സ്ഥിതിചെയ്യുന്നു.. ഒരുപക്ഷേ വലിയൊരു സംസ്കാരത്തിന്റെ മണ്മറഞ്ഞു പോയ ഓർമകൾ ആയിക്കാം ഇൗ ഭൂമിയിൽ..
കുത്തുകല്ലിന്റെ ഫോട്ടോ എടുക്കുന്നതും, ട്രൈപ്പോട് ക്രമീകരിച്ചു അല്പം ശ്രമകരമായി ശിലയുടെ പശ്ചാത്തലത്തിൽ ഞാൻ എന്റെ ചിത്രം പകർത്തുന്നതും നീലക്കുറിഞ്ഞി കാണാൻ വന്ന സുഹൃത്തുക്കൾ ഇത് കണ്ട കൗതുകത്തോടെ എന്നോട് കാര്യം ചോദിക്കുകയും ചരിത്ര പ്രധാനമായ നിർമിതിയെ കുറിച്ച് അവരോട് പറഞ്ഞു മനസ്സിലാക്കുകയും ചെയ്തപ്പോൾ അവർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു..