മഞ്ഞിൽ കുളിച്ഛ് ഒരു കുട്ടിക്കാനം യാത്ര
മഞ്ഞിൽ കുളിച്ഛ് ഒരു കുട്ടിക്കാനം യാത്ര
ഞായറാഴ്ച്ച ലോക്ക്ഡൗൺ ആയത് കൊണ്ട് കുറേ നാളുകളായി എവിടേം പോകാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. അങ്ങനെ ലോക്ക്ഡൗൺ മാറിയ ഞായറാഴ്ച്ച തന്നെ, രാവിലെ കുട്ടിക്കാനത്തേക്ക് വെച്ച് പിടിച്ചു. മുണ്ടക്കയം കഴിഞ്ഞപ്പോഴേ കാലാവസ്ഥ ആകെ മാറി. ഇടവിട്ടുള്ള മഴയും, മഞ്ഞും, തണുപ്പും… ഇത്ര ദിവസം വീട്ടിൽ ഇരുന്നതിന്റെ സങ്കടം അങ്ങ് മാറിക്കിട്ടി.
കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന, കൊടികുത്തി വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച്ച മനോഹരം ആണ്. അതിരാവിലെ വന്നാൽ സുന്ദരമായ സൂര്യോദയം കാണാം. മഞ്ഞുള്ള ദിവസം ആണെങ്കിൽ, കടല് പോലെ മഞ് കിടക്കുന്നതും കാണാം. കുറേ കാലം മുൻപ് വരെ ഇവിടെ റബ്ബർ മരങ്ങൾ ആയിരുന്നു. അത്കൊണ്ട് തന്നെ ഇങ്ങനെ ഒരു വ്യൂ കാണാൻ പറ്റുമായിരുന്നില്ല. റബ്ബർ മരങ്ങളുടെ കാലാവധി കഴിഞ് അവ വെട്ടിമാറ്റി, കൈതച്ചക്ക വെച്ച് പിടിപ്പിച്ചപ്പോൾ ആണ് ഇത്ര മനോഹരമായ ഒരു വ്യൂ പോയിന്റ് ആയി ഇവിടം മാറിയത്.
അവിടെ നിന്ന് യാത്ര തുടങ്ങിയപ്പോൾ ആണ് അത് വരെ കണ്ടത്, വെറും സാമ്പിൾ മാത്രമായിരുന്നു എന്ന് മനസിലായത്. പിന്നെ അങ്ങോട്ട് കാഴ്ചയുടെ വസന്തം ആയിരുന്നു. മുന്നിലുള്ള വഴി കാണാത്ത വിധം മഞ്. പോകുന്ന വഴിക്ക് ഇരുവശവും ഇടവിട്ട് ചെറിയ വെള്ളച്ചാട്ടങ്ങൾ. അതെല്ലാം ആസ്വദിച്ചു നേരെ പാഞ്ചാലിമേട്ടിലേക്ക്. നിർഭാഗ്യവശാൽ അവിടെ കയറാൻ പറ്റിയില്ല. ആ ഭാഗത്ത് കോവിഡ് കൂടുതലായത് കൊണ്ട് പാഞ്ചാലിമേട് ഓപ്പൺ അല്ല.
ഇനിയുള്ള ഡെസ്റ്റിനേഷൻ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ആണ്. റോഡ് സൈഡിൽ നിറഞ് ഒഴുകുന്ന അതി മനോഹരമായ വെള്ളച്ചാട്ടം. മഴയും, മഞ്ഞും ആസ്വദിച്ചു വെള്ളച്ചാട്ടം എത്ര നേരം കണ്ടാലും മതി വരില്ല. ഈ വെള്ളച്ചാട്ടം ചാർലി സിനിമയുടെ, ഒരു പ്രധാന ലൊക്കേഷൻ കൂടിയാണ്. അത് കൊണ്ട് തന്നെ നല്ല തിരക്കും ഉണ്ട്. വെള്ളച്ചാട്ടത്തിനോട് ചേർന്ന് ചായയും, പലതരം പലഹാരങ്ങളും വിൽക്കുന്ന ചെറിയ കടകൾ. ചാറ്റൽ മഴക്ക് ഇടയിലൂടെ വെള്ളച്ചാട്ടം കണ്ട് അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഇനി കുറേ കാലമായി മനസിൽ കൊണ്ട് നടന്ന, സുന്ദരമായ സ്ഥലത്തേക്കാണ് യാത്ര.
(തുടരും)
ഈ യാത്രയുടെ ഒരു വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ (Jasmin Nooruniza) ഉണ്ട്. ലിങ്ക് comment box ൽ കൊടുക്കാം.