മൂന്നാറിൽ കാട്ടിനുള്ളിൽ ഒരു ടെൻഡ് ക്യാമ്പിങ്

Give your rating
Average: 4 (2 votes)
banner
Profile

Shan Raj

Loyalty Points : 190

Total Trips: 5 | View All Trips

Post Date : 30 Aug 2021
4 views

ഇത്തവണ യാത്രയിൽ എന്തെങ്കിലും വ്യത്യസ്തത വേണമെന്നായിരുന്നു ആഗ്രഹം. മൂന്നാർ ആണ് ലക്ഷ്യം. മിക്കവരും സാധാരണ മൂന്നാർ പോയിവരുന്ന പോലെ അല്ലാതെ മറ്റെന്തെങ്കിലും അവിടെ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനിടയിലാണ് സുഹൃത്ത് Vipin Wilfred  ഒരു fb പോസ്റ്റ്‌ കാണിച്ചുതന്നത്. മൂന്നാർ top സ്റ്റേഷൻ എത്തുന്നതിനു മുൻപ് യെല്ലപ്പെട്ടി എന്ന ഗ്രാമത്തിനോട് ചേർന്ന് കിടക്കുന്ന പശ്ചിമഘട്ട മലനിരകൾക്കിടയിലെ ഒരു ടെൻഡ് Camping നെ കുറിച്ചായിരുന്നു പോസ്റ്റ്‌. ഗൂഗിളിൽ സെർച്ച്‌ ചെയ്ത് നമ്പർ എടുത്തു വിളിച്ചു. പോകാനുദ്ദേശിച്ചിരുന്ന രണ്ടാം ശനി ബുക്കിങ് ഫുൾ ആണെന്ന് പറഞ്ഞു, തൊട്ടടുത്ത ഞായർ ഒഴിവുണ്ടെന്നും. കോളജിൽ ഒരുമിച്ച് പഠിച്ചവരിൽ ഒരേ മനസുള്ള ചങ്കുകളും  കുടുംബസമേതമാണ് യാത്ര. എല്ലാവർക്കും പ്രോപ്പർട്ടിയുടെ വിവരങ്ങളും ഫോട്ടോസും അയച്ചുകൊടുത്തു. ഫോട്ടോസ് കണ്ടപ്പോൾ എല്ലാവരും ok. അങ്ങനെ വീണ്ടും വിളിച്ച് ബുക്കിങ് ഉറപ്പിച്ചു.


അങ്ങനെ ഞങ്ങൾ 5 കുടുംബങ്ങൾ ഞായറാഴ്ച ഉച്ചക്ക് തന്നെ മൂന്നാർ എത്തി.  അവധി ദിവസം ആയതിനാൽ പതിവുപോലെ നല്ല ട്രാഫിക്. മൂന്നാർ ടൌൺ മുതൽ നല്ല തിരക്ക്. അതുകൊണ്ട് ഇടയ്ക്കുള്ള മാടുപ്പെട്ടി, കുണ്ടള ഡാമുകളിൽ ഇറങ്ങാതെ തന്നെ മുന്നോട്ട്. എങ്കിലും അവിടെയൊക്കെ ഒടുക്കത്തെ ട്രാഫിക് കാരണം ഇഴഞ്ഞാണ് നീങ്ങിയത്. ലക്ഷ്യം മലമുകളിലെ night camping ആണ്.  3.00 മണിയ്ക്കാണ് യെല്ലപ്പെട്ടിയിൽ എത്തേണ്ടത്. അവിടെ നിന്ന് 2 കിലോമീറ്ററോളം നടന്നാണ് മുകളിലെ ക്യാമ്പിൽ എത്തേണ്ടത്. അതുകൊണ്ട് 3.30 മണിക്കപ്പുറം വൈകരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഭാഗ്യത്തിന് സമയത്ത് തന്നെ എത്തി. യെല്ലപ്പെട്ടി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ഞങ്ങളെ കാത്ത് കമ്പിലെ ട്രെക്കിങ് ലീഡർ അരുൺ നിൽപ്പുണ്ടായിരുന്നു. അവിടെ റോഡ് സൈഡിൽ സുരക്ഷിതമായി ഒരിടത്ത് കറുകൾ പാർക്ക് ചെയ്ത് തൊട്ടടുത്തുള്ള കടയിൽ നിന്ന് കരിക്കും, ലെമൺ സോഡായുമൊക്കെ കുടിച്ച് ആവശ്യമുള്ള സാധങ്ങൾ മാത്രം ബാക്പാക്കുകളായി എടുത്ത് അരുണിന്റെ പിന്നാലെ ഞങ്ങൾ നടന്നു തുടങ്ങി. നല്ല വെയിൽ ഉണ്ടെങ്കിലും തണുത്ത കാറ്റ് വെയിൽചൂടിനെ ഇല്ലാതാക്കി. തുടക്കം തേയിലതോട്ടങ്ങളുടെ ഇടയിലൂടെയാണെങ്കിലും കുറച്ച് കഴിയുമ്പോൾ കാട് തുടങ്ങുകയായി. ഒപ്പം സുഖമുള്ള തണുപ്പും കൂടിവരുന്നു.

ഏതാണ്ട് മുക്കാൽ മണിക്കൂർ നീണ്ട കയറ്റം അവസാനിക്കുമ്പോൾ കാണുന്നത് നിരനിരയായി കോൺ ആകൃതിയിൽ സിമെന്റിൽ കെട്ടിയുണ്ടാക്കിയ സ്ഥൂപങ്ങൾ ആണ്. അരുൺ പറഞ്ഞപ്പോഴാണ് മനസിലായത്, അത് കേരള - തമിഴ്നാട് വന അതിർത്തിയാണെന്ന്. ക്യാമ്പിലേക്കുള്ള വഴി കേരളത്തിൽ ആണെങ്കിൽ camp സ്ഥിതിചെയ്യുന്നത് തമിഴ്നാട് വനത്തിനുള്ളിലാണെന്ന് അപ്പോഴാണ് അറിഞ്ഞത്. പിന്നെ അവിടുന്ന് ഒരു 5 മിനിറ്റ് ഇറക്കം ഇറങ്ങി ചെന്നാൽ camp ആയി. ചുറ്റിലും ഉയരത്തിലുള്ള മലനിരകളുടെ നടുവിൽ ഒരു മലയുടെ ചെരിവിൽ ആണ് ക്യാമ്പ്.

ചെരിഞ്ഞ പ്രദേശത്തെ തട്ടുകളാക്കി അവയിൽ ടെന്റുകൾ നാട്ടിയിരിക്കുന്നു. അതിൽ ഏതാണ്ട് മാധ്യഭാഗത്തുള്ള തട്ടിലെ 5 വലിയ ടെന്റുകൾ ആണ് ഞങ്ങളുടെ ഗ്രൂപ്പിന് കിട്ടിയത്. അത്യാവശ്യം പ്രൈവസിയും സുരക്ഷിതത്വവുമൊക്കെ ഫീൽ ചെയ്തു. മുൻപിൽ രണ്ട് മലനിരകളുടെ ഇടയിലൂടെയുള്ള ഗംഭീരമായ വിദൂരകാഴ്ച. വലതുവശത്തു തൊട്ട്മുകളിൽ മീശപ്പുലിമലയും കൊളുക്കുമലയും. ഇടത് വശത്ത് പേരറിയാത്ത മറ്റൊരു മല. രാവിലെ അതിന് മുകളിലേക്കാണ് ട്രെക്കിങ് എന്ന് വരുന്ന വഴി അരുൺ പറഞ്ഞു. സൂപ്പർ ആമ്പിയൻസ്. ശനിയാഴ്ച ബുക്കിങ് കിട്ടാതെ പിറ്റേന്നത്തേക്ക് മാറ്റിയത് ഒരുകണക്കിന് നല്ലതായി എന്ന് തോന്നി. ക്യാമ്പിൽ ഞങ്ങളെ കൂടാതെ മറ്റ് രണ്ട് couples  മാത്രമേ ഉള്ളൂ. അടിപൊളി. കുട്ടികൾ ക്യാമ്പ് മുഴുവൻ ഓടിനടന്ന് കളിക്കുന്നു. ചുരുക്കത്തിൽ ക്യാമ്പ് ഞങ്ങൾ കൈയ്യടക്കിയതു പോലെ. നേരം വൈകുന്തോറും തണുപ്പ് കൂടിക്കൂടി വരുന്നുണ്ട്. രാത്രിയിലെ തണുപ്പ് അതിഭീകരമായിരിക്കും എന്ന് മനസിലായി. തൊട്ടു മുൻപത്തെ ദിവസം യെല്ലപ്പെട്ടിയിലെ തണുപ്പ് മൈനസ് 2 ആയിരുന്നത്രെ.

എല്ലാവരും സ്വെട്ടർ ഒക്കെ അണിഞ്ഞു തണുപ്പിനെ നേരിടാൻ സജ്ജരായി. കുട്ടികൾ തണുപ്പിനെ വകവെക്കാതെ ക്യാമ്പ് മുഴുവൻ ഓടിനടന്ന് അവരുടെ സാനിദ്ധ്യം അറിയിക്കുന്നുണ്ട്. ഒറ്റ പ്രശ്നമേ ഉള്ളൂ, യെല്ലപ്പെട്ടിയിൽ bsnl ഒഴികെ വേറൊന്നിനും റേഞ്ച് ഇല്ല. അതുകൊണ്ട് പോകാൻ ഉദ്ദേശിക്കുന്നവർ ഒരു bsnl സിം കരുതാൻ മറക്കേണ്ട. മറ്റൊരു തരത്തിൽ അതൊരു അനുഗ്രഹമാണ്. ഒരു phone വിളി ശല്യങ്ങളും ഇല്ലാതെ, വാഹനത്തിന്റെ ശബ്ദങ്ങൾ ഇല്ലാതെ, ഒന്നുമറിയാതെ ഒരു ദിവസം...... ഇവിടെ പ്രകൃതിയുടെ മടിത്തട്ടിൽ കിടന്നുറങ്ങാം. ക്യാമ്പ് ഫയറും, സംഗീതവുമൊക്കെ ആസ്വദിച്ചു കഴിഞ്ഞ് റൈസും ചപ്പാത്തിയും ദാൽ കറിയും കാബേജ് തോരനും ചിക്കൻ കറിയും ചിക്കൻ ബാർബിക്യു ഉം ചേർന്ന ഡിന്നർ.  അപ്പോഴേക്കും തണുപ്പ് കത്തിക്കയറി തുടങ്ങിയിരുന്നു. ക്യാമ്പിലെ ആ രാത്രി ആവോളം ആസ്വദിച്ചതിന് ശേഷം എല്ലാവരും അവരവരുടെ ടെൻറ്റുകളിൽ ചേക്കേറി. സ്ലീപ്പിങ് ബാഗ് എല്ലാവർക്കും  provide ചെയ്യും. അതില്ലാതെ കിടന്നുറങ്ങാൻ കഴിയില്ല. അത്രക്ക് തണുപ്പുണ്ട്.


പിറ്റേന്ന് രാവിലെ 5 മണിക്ക് എല്ലാവരും ഉണർന്ന് കട്ടൻ ഒക്കെ കുടിച്ച് 5.30 ന് തന്നെ ട്രക്കിങ്ങിനു റെഡിയായി. ട്രെക്കിങ് പുലി ആയ അരുണിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം നീണ്ട മലകയറ്റം. കുത്തനെയുള്ള കയറ്റം അൽപ്പം ബുദ്ധിമുട്ടേറിയത് തന്നെയാണ്. എന്നാലും മുകളിലെത്തിയാൽ കിട്ടുന്നത് ഒരു ഒന്നൊന്നര കാഴ്ചയായത് കൊണ്ട് കിതച്ച് കിതച്ചാണെങ്കിലും വല്ല വിധേനയും മുകളിലെത്തി. പിന്നേ കണ്ടത് ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു കിടു കാഴ്ചയാണ്. തൊട്ടുമുന്നിൽ താഴെയായി പഞ്ഞിമെത്ത വിരിച്ചിട്ട പോലെ കണ്ണെത്താ ദൂരത്തോളം മേഘങ്ങൾ. അതിനുള്ളിൽ നിന്നും ഉദിച്ചു പൊന്തി വരുന്ന ചുവന്ന സൂര്യൻ.

വലത് വശത്ത് മീശപുലിമലയും കൊളുക്കുമലയും ഇപ്പൊ അധികം ഉയർത്തിലല്ലാതെ വളരെ അടുത്ത് നന്നായി കാണാം. ഇടതുവശത്തു കുറേ താഴെയായി മൂന്നാർ ടോപ് സ്റ്റേഷൻ കാണാം. ഞങ്ങൾ അതിനും വളരെ മുകളിലാണ്. ഞങ്ങൾക്ക് തൊട്ട് മുകളിൽ  മീശപുലിമലയും കൊളുക്കുമലയും മാത്രമേ ഉള്ളൂ. പറഞ്ഞറിയിക്കാൻ കഴിയാത്ത സൗന്ദര്യം. അത്ര മനോഹരം. ഇത്ര മനോഹരമായ ഒരു സൂര്യോദയം ജീവിതത്തിൽ ആദ്യമായി കാണുകയാണ്. നടന്നു കയറിയ ക്ഷീണമൊക്കെ എങ്ങോട്ടോ പോയപോലെ. ആ ഊർജ്ജത്തിൽ തിരിച്ചു വീണ്ടും ക്യാമ്പിലേക്ക്. അപ്പോഴേക്കും തണുപ്പൊക്കെ മാറി നല്ല വെയിൽ ആയിതുടങ്ങിയിരുന്നു. പൂരിയും മസാലയും ടൊമാറ്റോ റൈസും പുഴുങ്ങിയ മുട്ടയും ചിക്കൻ കറിയും അടങ്ങിയ സമൃദ്ധമായ പ്രാതൽ കഴിഞ്ഞ് 10 മണിയോടെ തിരിച്ച് യെല്ലപ്പെട്ടിയിലേക്ക്....

Property details 
Name:Wild Sherpas Tenting And Camping
Syam:+919447879933;
Arun Dev:9495233052;