ദസറയിൽ അണിഞ്ഞൊരുങ്ങിയ മൈസൂരൂ.
സ്കൂൾ വിനോദയാത്രക്കാരുടെ സ്ഥിരം വേട്ടമൃഗമാണ് മൈസൂരു എന്ന മൈസൂർ.
കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്ന് പെട്ടന്ന് എത്തിച്ചെരാൻ കഴിയുന്നതും ധാരാളം ടൂറിസ്റ്റ് അട്രാക്ഷൻ ഉള്ളതും മാത്രമല്ല മൈസൂർ ഒരു ടൂറിസ്റ്റ് ഫ്രണ്ട്‌ലി ഡെസ്റ്റിനേഷൻ കൂടി ആണ്. കൊട്ടാരങ്ങളും മൃഗശാലയും ഉദ്യാനങ്ങളും ചാമുണ്ഡി ഹിൽസുമൊക്കെയായി രണ്ടു ദിവസം ചിലവഴിക്കാൻ മൈസൂർ ധാരാളം.
വളരെ കാലത്തെ ആഗ്രഹമായിരുന്നു മൈസൂർ ദസറ കാണണം എന്നത്. പക്ഷെ ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞവർഷം ദസറ കഴിഞ്ഞ് അധിക ദിവസങ്ങൾ ആകുന്നതിനു മുമ്പ് മൈസൂര് എത്തി.വൃന്ദാവൻ ഗാർഡനിൽ കുറെ നേരം ഇരുന്ന് സന്ധ്യ ആയപ്പോഴാണ് മൈസൂർ പാലസിൽ എത്തിയത്. അതിനു തൊട്ടടുത്തുതന്നെ ഒരു വലിയ വിപണന കേന്ദ്രം ദസറയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. നല്ല ഒരു ഷോപ്പിംഗ് അനുഭവം ആയിരുന്നു അത്.
പാലസിൽ വൈദ്യത വിളക്കുകൾ എല്ലാം തെളിയിച്ചിട്ടുണ്ട്. കൂടെ പുഷ്‌പോത്സവവും. പൂക്കൾകൊണ്ട് വിവിധ മോഡലുകൾ ഉണ്ടാക്കി അവയ്ക്ക് വൈദ്യതഅലങ്കാരങ്ങളും നൽകിയിട്ടുണ്ട്. ദസറയ്ക്ക് അണിഞ്ഞൊരുങ്ങിയ കന്നഡ സുന്ദരിയായി മൈസൂരു ആരെയും ഭ്രമിപ്പിക്കും.
മഞ്ഞു പുതച്ച് നിൽക്കുന്ന ചാമുണ്ഡി ഹിൽസിലേക്കാണ് പിറ്റേദിവസം രാവിലെ പോയത്. ക്ഷേത്ര ദർശനവും കുന്നിനു മുകളിൽ നിന്നുള്ള കാഴ്ചകളും ഷോപ്പിംഗുകളുമൊക്കെയായി കുറെ സമയം ഇവിടെ കറങ്ങി നടന്നു . പിന്നീട് മൃഗശാല കണ്ട് മടങ്ങി.