മല കയറി മേഘങ്ങളെ തൊട്ട് വരാം

Give your rating
Average: 4.3 (3 votes)
banner
Profile

Shan Raj

Loyalty Points : 190

Total Trips: 5 | View All Trips

Post Date : 05 Sep 2021
38 views

മേഘമല എന്ന് കേട്ടിട്ടുണ്ടോ. സാധ്യത കുറവാണ്. സാധാരണ സഞ്ചാരികളുടെ ഹിറ്റ്ലിസ്റ്റിൽ ഈയൊരു ഡസ്റ്റിനേഷൻ ഉണ്ടാകാൻ വഴിയില്ല. അകലെയൊന്നുമല്ല കേട്ടോ, നമ്മുടെ കുമളിയിൽ നിന്നും 80 കിലോമീറ്റർ മാറി തമിഴ്നാട് തേനി ജില്ലയിലെ ഒരു ഹിൽ സ്റ്റേഷനാണ് മേഘമല. സഞ്ചാരികളുടെ തിരക്ക് അധികമില്ലാതെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഒരു ഡ്രൈവ് ഇഷ്ടമുള്ളവരാണ് നിങ്ങൾ എങ്കിൽ മാത്രം അങ്ങോട്ട് പോയാൽ മതി. കാരണം അട്രാക്ടീവ് ആയ സ്പോട്ടുകൾ ഒന്നും തന്നെ പറയത്തക്കതായി ഇല്ല എന്നത് തന്നെ. അതുകൊണ്ട് തന്നെ സഞ്ചാരികൾ വളരെക്കുറവാണ്. പഞ്ചായത്തിൻറെ ഒരു ഗസ്റ്റ് ഹൌസ് മാത്രമാണ് താമസസൌകര്യം. പ്രകൃതിയോട് ഇണങ്ങിചേർന്ന് ഒരു ഡ്രൈവ് ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് വന്നാൽ വ്യത്യസ്തമായൊരു യാത്രാനുഭവവുമായി മടങ്ങാം.

കുമളിയിൽ നിന്നും ലോവർസേറ്റേഷൻ ഇറങ്ങി കമ്പം വഴി തേനി റൂട്ടിൽ ഉത്തമപാളയം എന്ന ചെറിയ പട്ടണത്തിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാണ് മേഘമലയിലേക്ക് പോകേണ്ടത്. ഇവിടത്തുകാർക്ക് മേഘമല എന്നത് ഹൈവേ മൌണ്ടൻ ആണ്. ആ പേരിലാണ് തദ്ദേശവാസികൾ മേഘമലയെ വിളിക്കുന്നത്. ഈ യാത്രയിൽ ഉത്തമപാളയം എന്ന സ്ഥലത്തിന് വളരെ പ്രാധാന്യമുണ്ട്. എന്താന്നു വച്ചാൽ, മേഘമലയിലേക്കുള്ള കയറ്റം തുടങ്ങുന്നതിന് മുമ്പുള്ള അവസാനത്തെ പട്ടണമാണിത്. അതായത് മുകളിൽ ചെന്നിട്ട് തൊണ്ട നനയ്ക്കണമെങ്കിലോ വിശപ്പകറ്റണമെങ്കിലോ ഉത്തമപാളയത്തു നിന്ന് വേണ്ടത് വാങ്ങിക്കൊള്ളണം. ഇല്ലേൽ പണി പാളും. ഇത് നേരത്തേ അറിഞ്ഞതുകൊണ്ട് അവിടെ നിന്ന് കുറേ പഴങ്ങളും ബ്രഡും ആവശ്യത്തിന് വെള്ളവും വാങ്ങി വണ്ടി നിറച്ചു യാത്ര തുടർന്നു. അവിടെ നിന്നും കുറേ ദൂരം പിന്നേയും നിരപ്പായ സ്ഥലത്തുകൂടെയുള്ള സ്ട്രെയിറ്റ് റോഡാണ്. ഇരുവശവും നല്ല കിടിലൻ കാഴ്ചകൾ. ചെറിയ തോട്ടങ്ങളും കുറ്റി കാടുകളും. മറ്റൊരിടത്തും കാണാത്ത വ്യത്യസ്തമായ ഒരു അനുഭവം. റോഡിൻറെ കാര്യവും എടുത്തുപറയേണ്ടതാണ്. നല്ല സൂപ്പർ റോഡ്. കുറേ ദൂരം പിന്നിടുമ്പോൾ ഫോറസ്റ്റ് ചെക്ക്പോസ്റ്റ്. അവിടെ വാഹനത്തിൻറേയും യാത്രികരുടേയും വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി അന്ന് മുകളിൽ സ്റ്റേ  ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയിട്ടേ പോകാൻ അനുവദിക്കൂ. സ്റ്റേ ഇല്ലെങ്കിൽ 6 മണിക്കു മുമ്പ് ചെക്ക് പോസ്റ്റ് തിരികെ കടന്നിരിക്കണം. പകൽ മാത്രമേ യാത്രാനുമതിയുള്ളൂ.

ചെക്ക് പോസ്റ്റ് കടന്നാൽ പിന്നെ കയറ്റമായി. നമ്മുടെ പൊന്മുടിയോ വാഗമണോ, കൊടൈക്കനാലോ പോലെ വന്യമായ ഒരു സൌന്ദര്യമല്ല ഈ ഹൈറേഞ്ച് യാത്രക്ക്. വളരെ വ്യത്യസ്തമായ ഒരു ഭൂപ്രകൃതി. തികച്ചും പുതിയ ഒരനുഭവം. കാടിൻറെ ഹൃദ്യമായ വേറിട്ടോരു ഭംഗി. ഈ യാത്രയുടെ മുമ്പും അതിന് ശേഷവും പല ഹിൽസ്റ്റേഷനിലേക്കും ഡ്രൈവ് ചെയ്തിട്ടുണ്ട്. പക്ഷെ അതിലൊന്നും കാണാത്ത വേറിട്ടൊരു യാത്രനുഭവമായിരുന്നു ഇത്. കുത്തനെയുള്ള കയറ്റമല്ല. പേടിപ്പിക്കുന്ന ഗർത്തങ്ങളില്ല, പതിയെ പതിയെ പ്രകൃതിയിലലിഞ്ഞ്, നനുത്ത കാറ്റേറ്റ്  മുകളിലേക്ക് കയറിച്ചെല്ലുന്ന നല്ല വീതിയേറിയ റോഡ്. സഞ്ചാരികൾ നന്നേ കുറവായത് കൊണ്ട് അധികം വാഹനങ്ങളുമില്ല. ഒരു വശത്ത് തേനി ജില്ലയുടെ പനോരമിക് വ്യൂ. 

മുകളിലെത്തിയാൽ പിന്നെ കാണുന്നത് തേയിലതോട്ടങ്ങളും ഏലതോട്ടങ്ങളുമാണ്. ചിലയിടത്ത് തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ലാവണങ്ങളും കാണാം. തോട്ടം തൊഴിലാളികൾ മാത്രമാണ് മേഘമലയിലെ താമസക്കാർ. ഒരു ഓണംകേറാമൂല തന്നെ. അവിടെയുള്ള വളരെ കുറച്ച് താമസക്കാർക്ക് വേണ്ടിയുള്ള തനി നാടൻ രീതിയിലുള്ള വളരെ ചെറിയ രണ്ട് ഹോട്ടലുകൾ (ഹോട്ടൽ എന്ന് അതിനെ പറയാമോ ആവോ) മാത്രമാണ് അവിടെ ആകെ കണ്ടത്. സഞ്ചാരികളെ ഉദ്ദേശിച്ച് ഒരു മണ്ണാംകട്ടയും അവിടില്ല. ഇതൊക്കെ തന്നെയാണ് ഈ യാത്രയുടെ ത്രില്ലും. ആദ്യമായാണ് ഇങ്ങനെയൊരു സ്ഥലത്ത്. നമ്മളെ പ്രതീക്ഷിച്ച് ഇരിക്കുന്ന, നമ്മളെ വരവേൽക്കുന്ന സ്ഥലങ്ങളിലേക്കാണ് ഇതുവരെ പോയിട്ടുള്ളത്. ആ സ്ഥലങ്ങളൊക്കെ നമ്മളെ അങ്ങോട്ട് കൊണ്ടു പോകുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടം ഞങ്ങൾ തേടിപ്പിടിച്ച് എത്തുകയായിരുന്നു. സഞ്ചാരികളെ പ്രതീക്ഷിക്കുന്നതോ ആകർഷിക്കുന്നതോ ആയ ഒന്നും തന്നെ ഇവിടില്ല. അതാണ് ശരിക്കുമുള്ള യാത്ര എന്നു തോന്നുന്നു, ഇവിടെ നിൽക്കുമ്പോൾ.

ആദ്യം കണ്ട കടയിൽ ഉച്ഛഭക്ഷണം കഴിഞ്ഞിരുന്നു. കൈയിൽ പഴവും ബ്രഡുമൊക്കെ ഉണ്ടെങ്കിലും ഊണ് കിട്ടിയാൽ കഴിക്കാനൊരു മോഹം.  അവിടെ വണ്ടിയിട്ട് കുറച്ച് നടന്ന് അടുത്ത കടയിലേക്ക് പോയി. അവിടത്തെ അമ്പലത്തിൽ അന്ന് എന്തോ ഉത്സവമാണത്രേ. അതുകൊണ്ടാകാം രണ്ടാമത്തെ കടയിൽ ഭക്ഷണമുണ്ടായിരുന്നു. അമ്പലത്തിലെ ഉത്സവമെന്നു പറഞ്ഞാൽ, ശരിക്കും കണ്ടപ്പോൾ ചിത്രം സിനിമയിലെ മോഹൻലാലും രഞ്ജിനിയും പിന്നെ അച്ഛൻ കഥാപാത്രവും നെടുമുടി വേണുവും കൂടിയുള്ള രാത്രിയിലെ ആദിവാസി ഉത്സവത്തിൻറെ പശ്ചാത്തലത്തിലുള്ള ഒരു ഗാനരംഗമുണ്ടല്ലോ, അതാണ് ഓർമ്മ വന്നത്. ശരിക്കും അത്തരത്തിലുള്ള ഒരു സെറ്റപ്പ്. ഇതിന് തൊട്ടടുത്താണ് താമസത്തിനുള്ള ഏക ആശ്രയമായ പഞ്ചായത്തിൻറെ ഗസ്റ്റ് ഹൌസ്. ഏതാനും റൂമുകളേ ഉള്ളൂ. നേരത്തേ ഫോണിലൂടെ വിളിച്ച് ബുക്ക് ചെയ്താൽ മാത്രമേ അവിടെ റൂം കിട്ടൂ.

കുറച്ചപ്പുറത്ത് ഒരു ഡാമുണ്ട്. പക്ഷെ പിന്നീടങ്ങോട്ടുള്ള റോഡിൻറെ മോശമായ അവസ്ഥ കാരണം അങ്ങോട്ടേക്കുള്ള ഡ്രൈവ് വേണ്ട എന്നു വച്ചു. ഭക്ഷണം കഴിഞ്ഞ് തേയിലതോട്ടങ്ങളുടെ ഇടയിലൂടെയും വറ്റി വരണ്ടു കിടക്കുന്ന റിസർവോയറിൻറെ ഓരത്തുള്ള പുൽത്തകിടിയിൽ കൂടെയുമുള്ള നടത്തം, ഇടക്ക് പുൽത്തകിടിയിൽ വിശ്രമം... ആഹാ....ഓർക്കുമ്പോൾ ഒന്നുകൂടി പോകാൻ തോന്നുന്നു. ചുരുക്കിപ്പറഞ്ഞാൽ പ്രകൃതിയോടിണങ്ങി ഒരു ഡ്രൈവ്, തണുത്ത മലമുകളിൽ ശുദ്ധവായു ശ്വസിച്ച് ഇത്തിരിനേരം, പറ്റിയാൽ ആ തണുപ്പിൽ തേയിലതോട്ടങ്ങളുടെ നടുവിൽ ഒരു രാത്രി മൂടിപ്പുതച്ച് ഉറക്കം...കൂടുതലോന്നും ഇല്ല, ഇത്രയോക്കേ ഉള്ളൂ ഇവിടെ. ഇതിന് ഇത്ര ദൂരം പോകേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരമില്ല. ചില യാത്രകൾ അങ്ങിനെയാണ്, യാത്ര ചെയ്യാൻ വേണ്ടി ഒരു യാത്ര. ഇങ്ങനെയൊരു യാത്ര ഇഷ്ടപ്പെടുന്നവർക്ക് മേഖമല ഒരു സ്വർഗ്ഗമാണ്. ഒറ്റ കാര്യം മാത്രം തിന്നാനും കൂടിക്കാനുമുള്ളത് കൂടെ കൈയിൽ കരുതിക്കൊള്ളണം. നിങ്ങളെ ശ്രദ്ധിക്കുന്നതോ പ്രതീക്ഷിക്കുന്നതോ ആയ ഒറ്റ കണ്ണുകളും നിങ്ങൾക്കിവിടെ കാണാൻ കഴിയില്ല. പ്രകൃതിയും നിങ്ങളും മേഘങ്ങളും മാത്രം....

അതാണ് മേഘമല.