മാടമ്പള്ളിയിലെ തമിഴത്തിയെ കാണാൻ..!
എറണാകുളം ജില്ലയിലെ തൃപ്പുണിത്തറയിൽ സ്ഥിതി ചെയ്യുന്ന കുന്നിന്മേൽ കൊട്ടാരത്തിലേക്ക് (ഹിൽ പാലസ്) ഒരു യാത്ര ...
സമയം ഉച്ചയോട് അടുത്തിരുന്നു.. ഞങ്ങൾക്ക് നന്നായി വിശക്കുന്നുണ്ട്. അടുത്തു കണ്ട ഒരു ഭക്ഷണശാലയിൽ കയറി ഉച്ച ഭക്ഷണം കഴിക്കുക ആണ്. രാവിലെ 10.30 AM ആയപ്പോൾ ഞങ്ങൾ തിരുവല്ലയിൽ നിന്നും ട്രെയിൻ കയറിയതാണ്. 12 .30 PM കഴിഞ്ഞപ്പോഴാണ് തീവണ്ടി തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെത്തിയത്. അപ്പോഴേക്കും അരമണിക്കൂറിലധികം വൈകിയിരുന്നു. ഇന്ത്യൻ റെയിൽവേയുടെ ഈ 'സമയകൃത്യതയിൽ' എനിക്ക് തെല്ലും അതിശയം തോന്നിയില്ല.
കേരളത്തിലെ പുരാവസ്തുവകുപ്പിനു കീഴിലുള്ള ഏറ്റവും വലിയ പുരാവസ്തുമ്യൂസിയത്തിന് സമീപമാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്. പ്രവേശനകവാടത്തിൽ ഹിൽ പാലസ് മ്യൂസിയം എന്ന് കമാനാകൃതിയിൽ എഴുതിവെച്ചിരിക്കുന്നു. ഞാനും അമ്മയും ഉള്ളിലേക്ക് നടന്നു. പഴയ കൊച്ചി രാജാവിൻറെ ആസ്ഥാനമായിരുന്നു കുന്നിമേൽ കൊട്ടാരം എന്നറിയപ്പെടുന്ന ഹിൽപാലസ്.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. ഒരാൾക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക്. സ്റ്റിൽ ക്യാമറ ഉപയോഗിക്കാൻ 50 രൂപ അധികമായി നൽകിയിരുന്നു. 9.00am മുതൽ 5.00 pm വരെയാണ് മ്യൂസിയം കോമ്പൗണ്ടിലേക്ക് ഉള്ള പ്രവേശനസമയം. എന്നാൽ ഗ്യാലറിയിലേക്ക് പ്രവേശിക്കാനുള്ള സമയം 9 .30 am മുതൽ 12 30 pm , 2.00 പി എം മുതൽ 4 .30 പി എം എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു.
കുറെയധികം പടികൾ നടന്നു വേണം കൊട്ടാരത്തിന് സമീപം എത്താൻ. സാവകാശം പടികൾ കയറി മുകളിലേക്ക്..... പടികളെ ചുറ്റി കൊട്ടാരത്തിന് അടുത്ത് വരെ റോഡ് നിർമ്മിച്ചിരിക്കുന്നത് കാണാം. ഞങ്ങൾ പടികൾ കയറി മുകളിൽ ചെന്നപ്പോഴേക്കും അല്പം ക്ഷീണിച്ചിരുന്നു. കുറച്ചു സമയം വിശ്രമിക്കാൻ ഇരുന്നു. മ്യൂസിയം തുറക്കാൻ ഇനിയും സമയമുണ്ട്. കോമ്പൗണ്ടിനുള്ളിൽ ഒന്ന് ചുറ്റിയടിച്ചു കാണാം എന്ന് തീരുമാനിച്ചു ഞങ്ങൾ നടന്നു തുടങ്ങി. കൊട്ടാര സമുച്ചയത്തിലെ പ്രധാനവാതിലിൽ വിളക്കേന്തിയ രണ്ട് സുന്ദരിശില്പങ്ങൾ കാണാം. 'മണിച്ചിത്രത്താഴ്' സിനിമയുടെ ആരംഭ ഭാഗത്ത് ചിത്രത്തിലെ അമ്മാവനായ ഇന്നസെൻറ് ഈ പ്രതിമയുടെ കയ്യിലെ വിളക്കിൽ ആണല്ലോ കുട തൂക്കി ഇടുന്നത് എന്ന് ഞാൻ ഓർത്തു.
മ്യൂസിയം കോമ്പൗണ്ടിനുള്ളിൽ, കൊട്ടാര പരിസരത്തുനിന്നും കുളം വരെ നീളുന്ന ഒരു വലിയ ഇടനാഴി കാണാമായിരുന്നു. അത് അരമതിൽ കെട്ടി ഓടിട്ട് നിർമിച്ചിരിക്കുന്നത് കൗതുകകരമാണ്. ഞങ്ങൾ അതിനുള്ളിലൂടെ നടക്കാൻ ആരംഭിച്ചു. മണിച്ചിത്രത്താഴ് സിനിമയിൽ ഗംഗയും അല്ലിയും കളി പറഞ്ഞ് ഓടിക്കുന്നത് ഈ ഇടനാഴിക്കുള്ളിലൂടെ ആണ്. വഴി അവസാനിക്കുന്നത് മനോഹരമായ ഒരു കുളമാണ്. എന്നാൽ കുളത്തിലേക്ക് ഇറങ്ങാൻ ആവാത്ത വിധം അത് വേലികെട്ടി മറച്ചിരിക്കുന്നു. കുളത്തിനു സമീപത്തായി ഒരു ചെറിയ കാവും ഒപ്പം തന്നെ ഒരു ചെറിയ പ്രതിഷ്ഠയും കാണാം. ഞങ്ങളെല്ലാം ഒന്ന് കണ്ണോടിച്ച ശേഷം തിരികെ നടക്കാൻ ആരംഭിച്ചു.
കൊട്ടാര പരിസരത്ത് മനോഹരമായ രീതിയിൽ ഒരു മാൻപാർക്ക് ക്രമീകരിച്ചിരിക്കുന്നതും കൗതുകകരം തന്നെ. അവിടെ ചെറുതും വലുതുമായ ഒരുപാട് മാനുകളെ നമുക്ക് കാണാൻ കഴിയും. അമ്മ അവിടെ നിന്നും കുറച്ച് പുല്ല് പറിച്ച് മാനുകൾക്ക് കൊടുത്തു. അവറ്റകൾ വളരെ വളരെ ആർത്തിയോടെ അത് കഴിക്കുന്നു. ഞാൻ നോക്കിയപ്പോൾ അവയുടെ കൂടിനുള്ളിൽ കുറച്ച് ഉണക്ക പുല്ലുകൾ മാത്രമാണ് കാണാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ എന്നെ പുല്ലു പറിച്ചു കൊടുക്കുന്നത് കണ്ടപ്പോൾ കൂടുതൽ മാനുകൾ ഓടി വന്നു എങ്കിലും എല്ലാവരുടെയും വിശപ്പടക്കാനുള്ള സമയം ഞങ്ങൾക്ക് ഇല്ലാത്തതിനാൽ ഞങ്ങൾ അവിടെനിന്നും വീണ്ടും നടന്നു തുടങ്ങി.
സമയം രണ്ടു മണി ആയതോടെ മ്യൂസിയം തുറക്കുമെന്ന് മനസ്സിലാക്കി ഞങ്ങൾ മ്യൂസിയത്തിലേക്ക് കയറാനായി ചെന്നു. ഞങ്ങളുടെ കയ്യിലുള്ള ബാഗും ചെരിപ്പും, മറ്റ് ഇലക്ട്രോണിക് വസ്തുക്കളും അവിടെയുള്ള ക്ലോക്ക് റൂമിൽ ഏൽപ്പിക്കാൻ അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരിൽ ഒരാൾ ഞങ്ങളോട് ആവശ്യപ്പെട്ടു. ക്യാമറയും മൊബൈലും ഉൾപ്പെടെയുള്ളവ ക്ലോക്ക്റൂമിൽ ഏൽപ്പിച്ച ശേഷം ഞങ്ങൾ മ്യൂസിയത്തിലേക്ക് കയറാനായി ചെന്നു. പ്രവേശനകവാടത്തിൽ ടിക്കറ്റ് പരിശോധിച്ചശേഷം മെറ്റൽ ഡിക്ടര്മെഷീൻ ഉള്ളിലൂടെയാണ് അകത്തേക്ക് കയറേണ്ടത്. ഉള്ളിൽ വിശാലമായ പുരാവസ്തു ശേഖരമാണ്. ചിത്രങ്ങൾ പകർത്താൻ ഒരുതരത്തിലും അനുവദിക്കുകയില്ല എന്ന് അവർ ഉറച്ചു തീരുമാനിച്ചിരിക്കുക ആണ്. കൊച്ചി രാജകുടുംബത്തിന്റെ ആഭരണങ്ങളും രാജകുടുംബാംഗങ്ങൾക്ക് സമ്മാനമായി കിട്ടിയ കൗതുക വസ്തുക്കളും രാജകുടുംബാംഗങ്ങൾ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഉൾപ്പെടെ ഒരു വലിയ ശേഖരം തന്നെയാണ് കൊട്ടാരത്തിനുള്ളിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരിക്കുന്നത്.
അതെല്ലാം കണ്ടു മുന്നോട്ടു നടക്കുമ്പോഴും ക്യാമറ എടുക്കാൻ സാധിച്ചില്ലല്ലോ എന്നുള്ള ഒരു വിഷമത്തിലായിരുന്നു ഞാൻ. കൊച്ചിരാജാവ് ഉപയോഗിച്ചിരുന്ന വിവിധതരത്തിലുള്ള ആഭരണങ്ങളും ഒപ്പം ഒരു ഫുൾസ്ലീവ് കോട്ടും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അവിടെയുണ്ടായിരുന്ന അധികമാളുകളും അതിൻറെ പഴക്കവും ഭംഗിയും ഒക്കെ ചർച്ച ചെയ്യുമ്പോൾ, ഞാൻ ഇതെല്ലാം ധരിച്ച് ആഭരണ വിഭൂഷിതനായ രാജാവിനെ മനസ്സിൽ കാണുകയായിരുന്നു..!
കൊട്ടാരത്തിനുള്ളിൽ അക്കാലത്തുണ്ടായിരുന്ന രാജസദസ് അതേപടി നിലനിർത്തിയിരിക്കുന്നത് സന്ദർശകർക്ക് ഏറെ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. രാജസദസ്സിൽ രാജാവിൻറെ സിംഹാസനവും മറ്റ് രാജകീയ ഇരിപ്പിടങ്ങളും അക്കാലത്തെ അതുപോലെതന്നെ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു .വശങ്ങളിൽ വാളേന്തിയ രണ്ട് പടയാളി ശിൽപങ്ങൾ നമുക്ക് കാണാം. അക്കാലത്തെ ശ്രേഷ്ഠമായ രാജസദസ് സങ്കൽപ്പിക്കാൻ ഒരു സന്ദർശകന് ഇത്രയും അടയാളങ്ങൾ തന്നെ ധാരാളം.
വിദേശനിർമ്മിത കൗതുകവസ്തുക്കൾ മുതൽ ശിലായുഗ കാലത്തെ ലിഖിതങ്ങൾ വരെ പ്രത്യേകം പ്രത്യേകം തരംതിരിച്ച് വെച്ചിരിക്കുന്നു. രണ്ടാമത്തെ നിലയിൽ ഒരു മട്ടുപ്പാവ് ഉണ്ട്. ഞാൻ നടന്ന് മട്ടുപ്പാവിലേക്ക് ചെന്നു. അവിടെ നിന്ന് നോക്കിയാൽ, ഒരുപക്ഷേ അന്ന് കൊച്ചി നഗരം മുഴുവൻ ദൃശ്യമായിരുന്നിരിക്കാം. എന്നാൽ ഇന്ന് ആ കാഴ്ചയെ നഗരത്തിൽ തലയുയർത്തിനിൽക്കുന്ന ബഹുനില ഫ്ലാറ്റുകൾ മറച്ചിരിക്കുന്നു. ഞാൻ ആ മട്ടുപ്പാവിലെ കെട്ടിൽ കൈഉറപ്പിച്ച് താഴേക്ക് നോക്കി നിൽക്കുകയാണ്.കൊച്ചി രാജാവിനെ പോലെ..!
പണ്ടുകാലങ്ങളിൽ രാജാവ് ഇവിടെ നിന്നാവണം പ്രജകളെ മുഖം കാണിച്ചിരുന്നത്. അവിടെ നിൽക്കുമ്പോൾ ഏതൊരു സാധാരണക്കാരനും ഒരു രാജകീയ ഭാവം കൈവരുന്നു എന്നും ഞാൻ ശ്രെദ്ധിച്ചു. വിശാലമായ ലോഹശില്പങ്ങളുടെ ശേഖരവും ആനക്കൊമ്പിൽ തീർത്ത കൗതുകകരമായ ശില്പങ്ങളുടെ ശേഖരവും മറ്റും രണ്ടാമത്തെ നിലയിൽ കാണാൻ സാധിക്കും. മൂന്നാമത്തെ നിലയിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. ഞങ്ങൾ താഴേക്കിറങ്ങി. കൊട്ടാര സമുച്ചയത്തിലെ എല്ലാ ഭാഗത്തേക്കും സഞ്ചാരികൾക്ക് പ്രവേശിക്കാൻ അനുവാദം ഇല്ലാത്തതുകൊണ്ട് മണിച്ചിത്രത്താഴ് സിനിമയുടെ ഷൂട്ടിംഗ് നടന്ന എല്ലാ ഭാഗങ്ങളും ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല.
കൊട്ടാരത്തിനുള്ളിൽ മുറികളിലൂടെ നടക്കുമ്പോൾ ഞാൻ കാതോർത്ത് വല്ല ചിലങ്ക ശബ്ദവും കേൾക്കുന്നുണ്ടോ എന്ന് ശ്രെദ്ധിക്കുക ആയിരുന്നു.സന്ദർശകരോക്കെയും അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന പ്രദർശന വസ്തുക്കളുടെ പഴക്കവും ചരിത്രവും ചർച്ചചെയ്തു നടക്കുമ്പോൾ, നാഗവല്ലിയുടെ രാഗവും മൂളി കയ്യും വീശി നടന്നത് ഒരു പക്ഷേ ഞാൻ മാത്രമായിരിക്കണം. മണിച്ചിത്രത്താഴ് സിനിമയെ അത്രമേൽ നെഞ്ചോട് ചേർത്ത ഒരു ശരാശരി മലയാളിയുടെ പ്രതിനിധിയായി, കൊട്ടാരത്തിനുള്ളിലെ കാഴ്ചകളൊക്കെ കണ്ടു കഴിഞ്ഞ് പഴയ യൂറോപ്യൻ മാതൃകയിൽ നിർമ്മിച്ച ആ കൊട്ടാരസമുച്ചയത്തിന് പുറത്തേക്ക് ഞങ്ങളിറങ്ങി.
ക്ലോക്ക് റൂമിൽ ഏൽപ്പിച്ച ക്യാമറയും മറ്റ് സാധനങ്ങളും തിരികെ എടുത്തശേഷം കുന്നിൻമേൽ ഞങ്ങൾ കൊട്ടാരത്തിന്റെ പടവുകൾ ഇറങ്ങി തുടങ്ങി. ഞാൻ മനപ്പൂർവ്വം ഒന്ന് തിരിഞ്ഞു നോക്കുകയാണ്. ഡോക്ടർ സണ്ണിയെ യാത്രയാക്കാൻ ചെമ്പൻകോട്ടെ ശ്രീദേവി വന്നു നിന്ന ആ രണ്ടാം നിലയിലേക്ക് തന്നെ. അവിടെ രണ്ട് കണ്ണുകൾ രൂക്ഷമായി ഞങ്ങളെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നിൽക്കുന്നു. അതാരാണ് രാമനാഥൻ പഴയ തമിഴത്തി ആണോ. ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. യഥാർത്ഥത്തിൽ അവിടെ ആരുമുണ്ടായിരുന്നില്ല. ജനലുകൾ അടച്ചു ഭദ്രമായി പൂട്ടിയിട്ടിരിക്കുന്നു.!!!
ശ്രീഹരി എം നായർ കടപ്ര
SREEHARI M NAIR KADAPRA