ഇഞ്ചത്തൊട്ടി തൂക്കുപാലം [INJATHOTTI HANGING BRIDGE]
The Scenery of a beautiful hanging bridge and a river along with green hills
വള്ളിപ്പടർപ്പുകളും ചെടികളും അതിരിട്ടുനിൽക്കുന്ന മനോഹരമായൊരു തടാകം.പന്തലിച്ചു നിൽക്കുന്ന മരങ്ങളും, ആകാശം വെള്ളത്തിലേക്ക് ഇറങ്ങി വന്നപോലുള്ള മനോഹരമായ കാഴ്ചകളും..എവിടെയാണെന്നറിയണ്ടേ..'ഇഞ്ചത്തൊട്ടി'. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം എന്ന് പറയപ്പെടുന്ന ഇഞ്ചത്തൊട്ടി തൂക്കുപാലം.അവിടേക്കായിരുന്നു ഞങ്ങളുടെ യാത്ര.
തൂക്കുപാലത്തിനടുത്തേക്ക് അടുക്കുമ്പോൾ തന്നെ വാഹനങ്ങളുടെ ഒരു നീണ്ട നിര കാണാം.സഞ്ചാരികളുടേതാണതെല്ലാം.മനോഹരമായതും സാഹസികമായതുമായ കാഴ്ചകളുണ്ടിവിടെ.അത് കാണാനും ആസ്വദിക്കാനുമാണ് ഞങ്ങളുമിവിടെ എത്തിയത്.തൂക്കുപാലം ആസ്വദിക്കുക മാത്രമല്ല ഇവിടെ.കയാക്കിങ്ങും പെഡൽ ബോട്ടിങ്ങും ഉണ്ട് . വെറുമൊരു തൂക്കുപാലം എങ്ങനെയാണ് അനേകം പേർക്ക് ജീവിതോപാധിയായത് എന്നതിന്റെ ഒരു നല്ല ഉദാഹരണം കൂടിയാണിത്.കയാക്കിങ്ങും ബോട്ടിങ്ങും മാത്രമല്ല ജീവിതോപാധിയായി ഉള്ളത്.അനേകം പേർ ചായ,ശീതളപാനിയം,ഐസ് ക്രീം തുടങ്ങിയവ വിൽക്കുന്നുണ്ടിവിടെ.
അതിഗംഭീരമായൊരു തൂക്കുപാലം തന്നെയാണിത്.നല്ലനീളമുണ്ട്.പെരിയാർ നദിക്ക് കുറുകെയാണ് ഈ പാലം നിർമ്മിച്ചിട്ടുള്ളത്.അതിനുമുകളിൽ നിന്നും പുഴയുടെ മനോഹര ദൃശ്യം കാണാം.താഴെ പെഡൽ ബോട്ടുകളിൽ ആളുകൾ സവാരി ചെയ്യുന്നത് കാണാമായിരുന്നു.
നേര്യമംഗലം,തട്ടേക്കാട്,കോതമംഗലം എന്നീ സ്ഥലങ്ങൾക്ക് അടുത്ത് കിടക്കുന്ന ഒരു ഗ്രാമമാണ് ഇഞ്ചത്തൊട്ടി.ഈ തൂക്കുപാലത്തിന്റെ പേരിലാണ് ഇവിടം പ്രശസ്തമായത്.
ഇവിടം ഒറ്റനോട്ടത്തിൽ പ്രകൃതി ദൃശ്യത്തിന്റെ ഛായാചിത്രം പോലെ തോന്നും.പച്ചയുടെ നിറഭേദങ്ങൾ പടർന്ന പുൽത്തകിടുകൾ,നടുവിലൂടെ പുഴ,മെല്ലെ നീങ്ങുന്ന ചെറു വള്ളങ്ങൾ,പശ്ചാത്തലമായി മലനിരകൾ,പിന്നെ പുഴക്ക് കുറുകെ ഒരു തൂക്കുപാലവും.ആൾ
ബഹളവും വാഹന തിരക്കും കുറഞ്ഞ ഒരു ഗ്രാമം.ഭൂതത്താൻകെട്ടും തട്ടേക്കാടും കാണാനെത്തുന്നവരുടെ ഒരു ഇടത്താവളമായി ഇത് മാറിയിരിക്കുന്നു.