കല്ലിന്നുള്ളിലെ വിസ്മയം : കല്ലിൽ ഗുഹാ ക്ഷേത്രം

Give your rating
Average: 4.6 (5 votes)
banner
Profile

Muhammed sahad salih

Loyalty Points : 440

Total Trips: 12 | View All Trips

Post Date : 13 Apr 2024
70 views

ജൈന മത ചരിത്രമുറങ്ങുന്ന സുൽത്താൻ ബത്തേരി ജൈന ക്ഷേത്രത്തെ പറ്റി പഠിക്കുമ്പോളാണ് എറണാകുളം ജില്ലയിയിലുള്ള കുന്നത്തുനാട് താലൂക്കില്‍ ആശമന്നൂര്‍ വില്ലേജിലെ മേതലയിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ട് വരെ പഴക്കം കണക്കാക്കുന്ന കല്ലില്‍ ക്ഷേത്രതെ പറ്റി അറിയുന്നത് ..1965 മുതൽ കേരള പുരാവസ്തു വകുപ്പിൻ്റെ കീഴിലെ സംരക്ഷിത നിർമിതിയാണ് ഈ ക്ഷേത്രം. ചരിത്രവും പ്രകൃതി ഭംഗിയും വിശ്വാസവും രൂപഭംഗിയും എല്ലാം കോർത്തിണങ്ങിയ ഒരു പുരാതന നിർമിതി.. ക്ഷേത്രം കാണാൻ യാത്ര തിരിച്ചു. പെരുമ്പാവൂർ ല് നിന്നും കല്ലിൽ ക്ഷേത്രം വഴി പോകുന്ന ബസ്സുകൾ ലഭിക്കും . നഗര ഹൃദയത്തിൽ നിന്നും ബസ്സിൽ യാത്ര തുടർന്നു .. 

ക്ഷേത്ര കവാടത്തിന് മുൻപിൽ വാഹനം നിർത്തി.. കുത്തനെയുള്ള കയറ്റമാണ്.. ചുറ്റും നിബിഡ വനം , ഇരുട്ട് മൂടിയ അന്തരീക്ഷം . വനത്തിന് ഇടയിൽ പേരറിയാത്ത പക്ഷികൂട്ടങ്ങളുടെ കുശലങ്ങൾ മാത്രം. തിങ്ങി നിറഞ്ഞ കാടിനെ രണ്ടായി ഭാഗിച്ചു കൊണ്ട് കൽ പടവുകൾ നിർമിച്ചിരിക്കുന്നു..

 

 പ്രധാന റോഡിൽ നിന്നും ക്ഷേത്ര പടവുകൾ വരെ കല്ല് പാകിയും പടികൾ നിർമിച്ചും മനോഹരമാക്കിയ നിലയിലയിലാണ്. പടികൾ സ്പോൺസർ ചെയ്ത ആളുകളുടെ പേരുകൾ ആണെന്ന് തോന്നുന്നു ഓരോ പടികളിലും എഴുതി വെച്ചിട്ടുണ്ട്.

 

28 ഏക്കറോളം വരുന്ന വന മേഖലക്ക് നടുവിൽ ഒരു കുന്നിൽ മുകളിൽ പാറ കെട്ടുകൾക്കിടയി ലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് . പക്ഷി കളുടെയും ഇഴ ജന്തുക്കളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഈ പ്രദേശം. ചുറ്റും നിശബ്ദമായ അന്തരീക്ഷവും തണുത്ത കാറ്റും വീശിയടിക്കുന്നു. കാറ്റിൽ മരച്ചില്ലകൾ സംഗീതം തീർക്കുന്ന തിരക്കിലാണ്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗുഹാ ക്ഷേത്രങ്ങളിൽ ഒന്നാണിത്. പുരാതന ജൈന ക്ഷേത്രമാണ് കല്ലിൽ അമ്പലം എന്നറിയപ്പെടുന്ന കല്ലിൽ ഭഗവതി ക്ഷേത്രം . ജൈന മത വിശ്വാസ പ്രകാരമുള്ള വർധമാന മഹാവീരനും , പാർശ്വ നാഥനും ജൈന മതത്തിലെ യക്ഷിയായ പത്മാവതി യുമായിരുന്നു ഇവിടത്തെ പ്രതിഷ്ഠ. ജൈന ക്ഷേത്രം പിന്നീട് ബ്രാഹ്മണാധിപത്യതോടെ സങ്കല്പങ്ങളും പ്രതിഷ്ഠയും ബ്രാഹ്മണി കരിക്കപ്പെട്ടുവത്രെ. അങ്ങനെ ജൈന ബസ്തി പിന്നീട് ഭഗവതി ക്ഷേത്രമായി എന്ന് പറയപ്പെടുന്നു . 

ശേഷം പ്രതിഷ്ഠകൾ ശിവ പ്രതിഷ്ഠയും ദുർഗ പ്രതിഷ്ഠയും ആയി മാറി . ഇത് കൂടാതെ വിഷ്ണു ഭഗവാൻ്റെയും , അയ്യപ്പ സ്വാമിയുടെയും , വിഗ്നേഷ്വരൻ്റെയും പ്രതിഷ്ഠയും ഇവിടെ ഉണ്ട്. ത്രിമൂർത്തി മാരുടെ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. യക്ഷി , കരിനാഗ യക്ഷി എന്നിങ്ങനെയാണ് ക്ഷേത്രത്തിലെ ഉപ പ്രതിഷ്ഠകൾ.

കല്ലിൽ പിഷാരോടിയുടെ ജൈനമത പിന്മുറക്കാരായ ഒല്ലി സമുദായാംഗങ്ങൾ ജൈന ദേവന്മാരായ പാർശ്വനാഥൻ, മഹാവീരൻ, പത്മാവതി ദേവി എന്നിവരെ ഇവിടെ ഇന്നും ആരാധിക്കുന്നുണ്ട്.

 

വനത്തിന് നടുവിലൂടെ സഞ്ചരിച്ചാൽ കുന്നിന് മുകളിൽ നിൽക്കുന്ന ക്ഷേത്രം കാണാം . 120 കൽ പടികൾ കയറി വേണം ക്ഷേത്രത്തിൽ എത്താൻ.പടികൾ കയറി മുകളിൽ എത്തിയാൽ ഉയരം കൂടിയ നാല് ഒറ്റ കരിങ്കൽ തൂണുകൾ, അവക്ക് മുകളിൽ മേൽക്കൂരയുമായി ആന പന്തൽ നിർമിച്ചിരിക്കുന്നു. പന്തലിന് തൊട്ട് നേരെ ശ്രീകോവിൽ . ശ്രീ കോവിലിൻ്റെ തൊട്ട് മുൻപിൽ ബലിക്കല്ല് , നമസ്കാര മണ്ഡപവും കല്ലിൽ തന്നെ നിർമിച്ചിരിക്കുന്നു. ക്ഷേത്ര പരിസരവും നടപ്പാതയും എല്ലാം കല്ലിൽ നിർമിച്ചതാണ്. ശിലാവശിഷ്ടങ്ങൾ ചുറ്റും ചിതറി കിടക്കുന്നു. ക്ഷേത്രത്തിന് അഭിമുഖമായി കൂറ്റൻ മാവും അതിന് പുറകിൽ വലിയൊരു ആൽ മരവും കാണാം.. 

ശ്രീകോവിലിന് ഉള്ളിലെ തൂക്കു വിളക്കിൽ തിരി തെളിയിച്ചിട്ടുണ്ട് , കാറ്റിൻ്റെ ദിശക്കനുസരിച്ച് അതങ്ങനെ താളം പിടിക്കുന്നു. 

ക്ഷേത്ര പരിസരം മുഴുവൻ മാവിലകളാൽ മൂടപ്പെട്ടിരിക്കുന്നു. അതിലൂടെ നടക്കുമ്പോൾ കരിയിലകൾക്കിടയിലൂടെ ഒരു പാമ്പ് ശരവേഗം ഇഴഞ്ഞു നീങ്ങുന്നുണ്ട്. അല്പം പേടിപ്പെടുതി എങ്കിലും അവൻ കാട്ടിൽ എവിടെയോ പോയി മറഞ്ഞു .. 

 

ക്ഷേത്ര മുറ്റത്തിന് മുൻപിൽ നിൽക്കുന്ന കൂറ്റൻ മാവ് പടർന്നു പന്തലിച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. നിലത്ത് സ്പർശിക്കാത്ത 15 അടി ഉയരവും 50 അടി നീളവും 25 അടി വിസ്തീർണമുള്ള വലിയൊരു പാറയാണ് ക്ഷേത്രത്തിൻ്റെ മേൽക്കൂര. 

ക്ഷേത്രത്തെ പറ്റി ഒരു ഐതീഹ്യം നിലവിലുണ്ട് . പണ്ട് നിബിഡ വനമായിരുന്നു ഇവിടം. വന വിഭവങ്ങൾ ശേഖരിക്കാൻ വന്ന ആളുകൾ ദേവീ ചൈതന്യമുളള ഒരു സ്ത്രീയെ കണ്ടുവത്രെ . കല്ലുകൾ കൊണ്ട് അമ്മാനമാടി രസിച്ച സ്ത്രീ പെട്ടെന്ന് അപ്രതക്ഷ്യയായി. അവർ കല്ലിൽ ഭഗവതി ആയിരുന്നു എന്നാണ് വിശ്വാസം. ദേവി അമ്മാനമാടി രസിച്ചപ്പോൾ മുകളിലേക്ക് എറിഞ്ഞ കല്ലാണ് ക്ഷേത്ര മേൽക്കൂരയായി മാറിയത്. നിലം തൊടാതെ നിൽക്കുന്ന ക്ഷേത്രത്തിൻ്റെ മേൽക്കൂരയായി മാറിയ കല്ല് 15 ആനകൾ ഒരുമിച്ച് വലിച്ചാൽ പോലും അനക്കം സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നു. ദേവി എറിഞ്ഞ കല്ലിൽ താഴെ വീണ കല്ല് ഇരിപ്പിടമായി എന്നും വിശ്വാസം. കല്ലിനുള്ളിലെ ക്ഷേത്രമായതിനാൽസാധാരണ ക്ഷേത്രങ്ങളിലേതു പോലെ ഇവിടെ ശ്രീകോവിലിനു പിന്നിലൂടെ പ്രദക്ഷിണം നടത്തുവാൻ സാധിക്കില്ല. അതുകൊണ്ട് ഭഗവതിയെ പ്രദക്ഷിണം ചെയ്യുമ്പോൾ ക്ഷേത്രത്തിന് ചുറ്റുമുള്ള കല്ലുകൾക്ക് ഇടയിലൂടെ അല്പം ശ്രമകരമായി നടന്ന് നിലത്ത് സ്പർശിക്കാത്ത വലിയ കല്ലിനെയും വണങ്ങിയാണ് പ്രദക്ഷിണം പൂർത്തിയാക്കാറുള്ളത്.കല്ലിന് ഇടയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാൽ ഇവിടത്തെ ദേവിയെ കല്ലിൽ അരുളുന്ന ദേവിയെന്നും വിളിക്കപ്പെടുന്നു.ശ്രീകോവിൽ കണ്ടതിനു ശേഷം ക്ഷേത്രത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകൾ കാണാൻ ഞങൾ മുകളിലേക്ക് കയറി. മേൽക്കൂര യായി നിൽക്കുന്ന കൂറ്റൻ പാറ കെട്ടിന് താഴെ അൽപനേരം വിശ്രമിക്കുകയാണ് ഞാൻ. 

നിറയെ പേരക്കയുമായി ഒരു പേര മരം നിൽക്കുന്നു . മുഴുവൻ ഭാഗവും കരിയിലകൾ കൊണ്ട് മൂട പെട്ടിരിക്കുന്നു. നിലം തൊടാത്ത കല്ലിന് ഇടയിൽ ആളുകൾ ചെറിയ കൽപാളികൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെക്കുന്നുണ്ട് . ഓരോ ചെറിയ കൽപാളികൾക്കിടയിൽ നാണയ തുട്ടും വെച്ചിട്ടുണ്ട് . പത്തു രൂപ നോട്ടുകളും അങ്ങിങ്ങായി കല്ലുകൾക്ക് ഇടയിൽ ഇരിക്കുന്നതും ഞാൻ ശ്രദ്ധിച്ചു. കറുത്തിരുണ്ട കല്ലുകൾക്ക് ഇടയിൽ കൂട്ടമായി നാണയങ്ങൾ കിടക്കുന്നത് കാണാൻ പ്രത്യേക ചന്തമാണ്.. വെയിലത്ത് നാണയങ്ങൾ കറുത്ത ശിലകൾക്ക് മുകളിൽ വെട്ടി തിളങ്ങുന്നു. എന്തെങ്കിലും ഒക്കെ വഴിപാടുകൾ ആവാം അത്.. മേൽക്കൂര യായി നിൽക്കുന്ന കല്ലിൽ നിന്നും പണ്ട് അടർന്നു വീണ ഒരു ഭാഗം മറ്റൊരു വലിയ കല്ലിൻ്റെ ഇടയിൽ വീണ് രണ്ടു ശിലകൾക്കും മധ്യത്തിൽ സ്ഥിതി ചെയ്യുന്നു. ആ വലിയ കരിങ്കൽ കടന്നു വേണം മുൻപോട്ട് നടക്കാൻ. ഇടുങ്ങിയ ഉയരം കുറഞ്ഞ ആ കല്ലിൻ്റെ വിടവിലൂടെ താഴെ ഇറങ്ങിയാൽ ക്ഷേത്രത്തിന് പിന്നിൽ എത്തി. അവിടെ നിന്ന് നോക്കിയാൽ മാത്രമേ മേൽക്കൂര യായി നിലകൊള്ളുന്ന , നിലം തൊടാത്ത ശിലയുടെ വലിപ്പം മനസിലാകു. കൂറ്റൻ ശിലയുടെ പാശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുന്ന തിരക്കിലാണ് എൻ്റെ സുഹൃത്തുക്കൾ. തിങ്ങി നിറഞ്ഞ വനത്തിനുള്ളിൽ പ്രകൃതിയും വിശ്വാസങ്ങളും ഒത്തു ചേരുമ്പോൾ പ്രത്യേക സന്തോഷമാണ്. കല്ലിൽ ബ്രഹ്മാവിൻ്റെ രൂപം കൊതിവച്ചിട്ടുണ്ട്. ഇത് കൂടാതെ ആനയുടെ രൂപവും ഒരു ഭാഗത്ത് കൊത്തിവച്ചിരിക്കുന്നു.

 

ക്ഷേത്രത്തിന് തൊട്ട് മുൻപിൽ വലതു ഭാഗത്ത് മറ്റൊരു കൽപ്പടവുകൾ കാണാം . അത് കയറി മുകളിൽ ഏർത്തിയാൽ ഒരു പാറയിൽ കോലം വരക്കുന്ന മാതൃകയിൽ ഒരു ചിത്രം വരച്ചിട്ടുണ്ട്. അതിന് സമീപത്ത് എന്തോ ഭാക്ഷയിൽ ഒരു എഴുത്തും പാറയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചുറ്റും കല്ലുകൾ കൊണ്ടും തിങ്ങി നിറഞ്ഞ കാടുകൾ കൊണ്ടും വിസ്മയം തീർത്തിരിക്കുന്ന ക്ഷേത്രമാണ് ഇത്.. ക്ഷേത്ര ഭൂപടത്തിൽ പെരുമ്പാവൂർ ന് ഇത് നേടിക്കൊടുത്ത സ്ഥാനവും അത്രമേൽ വലുത് തന്നെ..

വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് ഉത്സവത്തിൻ്റെ കൊടിയേറ്റ്. 120 പടികളും കടന്നു ദേവിയുടെ എഴുന്നള്ളത്ത് പിടിയാന പുറത്താണ് എന്നതാണ് മറ്റൊരു പ്രത്യേകത ,7 ദിവസം നീണ്ടു നിൽക്കുന്നു ഇവിടത്തെ ഉത്സവം..

ഇതിനെല്ലാം പുറമെ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ 2 നേർച്ചകളാണ്.. ചൂൽ നേർച്ചയും , കല്ല് നേർച്ചയും.. സ്ത്രീകൾക്ക് മുടി തഴച്ചു വളരാൻ വേണ്ടിയാണ് ചൂൽ നേർച്ച നടത്തുന്നത്, പുരുഷൻ മാർക്ക് കുടുംബ അസ്വസ്ഥതകൾ മാറുന്നതിനും ചൂല് നേർച്ച നടത്തുന്നു..

 

 വീട് പണി പൂർത്തിയാക്കാൻ വേണ്ടിയാണ് കല്ല് നേർച്ച. ഇതിന് വേണ്ടി പണി നടക്കുന്ന വീട്ടിൽ നിന്നും 2,3 കല്ല് കൊണ്ടുവന്നു ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചാൽ വീട് പണി പൂർത്തിയാകും എന്ന് വിശ്വാസം..

ക്ഷേത്രത്തിൽ “ഇടിതൊഴൽ“ എന്നൊരു വഴിപാടുമുണ്ട്. വ്രതം അനുഷ്ഠിച്ച മാരാർ വാദ്യമേളങ്ങളോടെ ഉണക്കലരി, വെറ്റില, പാക്ക്, ചുണ്ണാമ്പ്, മഞ്ഞള് എന്നീ സാധനങ്ങൾ ഉരലിൽ ഇട്ട് ഇടിച്ച് ഉണ്ടാക്കുന്ന കൂട്ട് ദേവിക്ക് സമർപ്പിച്ച് ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ഇത് വർഷത്തിലൊരിക്കൽ വൃശ്ചികമാസത്തിലെ കാർത്തികനാളിൽ മാത്രമേ പതിവുള്ളു.

ക്ഷേത്രത്തിന് ചുറ്റുമുള്ള വന മേഖലയിൽ ധാരാളം സസ്യങ്ങളും വൃക്ഷങ്ങളും തിങ്ങി പാർക്കുന്നു. ക്ഷേത്രത്തിന് മുന്നിൽ ഉപ പ്രതിഷ്ഠ കൾക്ക് അടുത്ത് cannon ball tree അഥവാ നാഗ ലിംഗ വൃക്ഷമുണ്ട്. അതിൻ്റെ പൂവ് നിലത്ത് മുഴുവൻ വീണു കിടക്കുന്നു.. പീരങ്കി ഉണ്ടകൾ പോലെ മരത്തിൻ്റെ കായ് കള് കാണാം.. ക്ഷേത്രത്തിന് പുറമെ വലിയൊരു ആവാസ കേന്ദ്രം കൂടിയാണ് ഇവിടം..

 

 പ്രകൃതി ഭംഗി ആസ്വദിച്ചും ക്ഷേത്ര ഭംഗി കണ്ടും സമയം കടന്നു പോയത് അറിഞ്ഞില്ല . ഞാൻ തിരികെ യാത്രയായി.. നിബിഡ വനത്തിനുള്ളിൽ അങ്ങനെ കല്ലുകൾ കിടയിൽ ദേവി വസിക്കുന്നു .. കാടും കടന്നു ദേവിയെ ദർശിക്കാൻ ദിനംപ്രതി ധാരാളം ആളുകൾ കടന്നുവരുന്നു.. ചരിത്രവും പ്രകൃതി ഭംഗിയും വിശ്വാസവുമായി കല്ലിൽ ഭഗവതി ക്ഷേത്രം പഴമയുടെ പ്രൗഡിയിൽ നിലകൊള്ളുന്നു എന്നത് അഭിമാനം തന്നെ .