വള്ളം കളിയുടെയും, കരിമീൻ പൊള്ളിച്ച ഗന്ധമുള്ള ആലപ്പുഴക്ക്...
ചൂട് പാറുന്ന ചായയും, പറന്നുല്ലസിക്കുന്ന കിളികളുടെ സംഗീതം കാത്തോർക്കുന്ന മറ്റൊരു യാത്ര.
ആലപ്പുഴ എന്ന് കേക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം തുഴഞ്ഞെത്തുന്നത്
കായലും ബീച്ചും കെട്ടുവള്ളങ്ങളും കരകൗശല വസ്തുക്കൾ തുടങ്ങി വെള്ളത്താൽ ചുറ്റപ്പെട്ട ആലപ്പുഴയുടെ വലിയൊരു മനോഹാരിത തന്നെയാണ്. അങ്ങോട്ടേക്ക് തന്നെ പോകണമെന്ന് തോന്നി. അതിനു മുന്നേ ആലപ്പുഴയെ കുറിച്ചു എനിക്കറിയേണ്ടതെല്ലാം ഞാൻ ഇന്റർനെറ്റിൽ അരിച്ചു പെറുക്കി. സഞ്ചരികളുടെ ഇടയിൽ ഏറെ പ്രശസ്തി നേടിയ പ്രദേശമാണ് ആലപ്പുഴ. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫിസ് തുടങ്ങിയത് ഇവിടെയാണ്. കിഴക്കിന്റെ വെനീസെന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്രെ. അത്രക്ക് മനോഹരമാണ് അവിടുത്തെ കായലുകളും തോടുകളും നെല്‍പ്പാടങ്ങളും താറാവിന്റെ കൂട്ടവും തെങ്ങിന്‍ത്തോപ്പുകളും.
ഒരു പ്രാവശ്യമെങ്കിലും അവിടെ എത്തണമെന്ന് ചിന്തിക്കാത്ത ആരുമുണ്ടാവില്ല. എന്നാൽ പിന്നെ അങ്ങോട്ട് തന്നെ.
ആദ്യം തന്നെ കെട്ടുവള്ളങ്ങൾ....
ഇവിടുത്തെ പതിവുകാഴ്ചയാണ് വിനോദസഞ്ചാരികളുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. എങ്കിൽ ഒന്ന് ചലിക്കാമെന്നു തോന്നി. ചെന്നത് വെറുതെയായില്ല. ഒരെണ്ണത്തിൽ ഞാനും കയറി. വിവിധ തരത്തിലും വലിപ്പത്തിലുമുള്ള ഹൗസ്ബോട്ടുകൾ നമ്മുക്ക് ഇവിടെ കാണാൻ സാധിക്കും. മരപ്പലകകള്‍ കയറുപയോഗിച്ച് വരിഞ്ഞു കെട്ടി നിര്‍മ്മിചിരിക്കുന്നവയാണ് ഇവയിൽ എല്ലാം. അതിൽ തന്നെ വേണമെങ്കിൽ രാത്രി സ്റ്റേയും ഉണ്ട്. മറ്റൊരു പ്രേത്യേകത കായലില്‍ നിന്നും ചൂണ്ടയിട്ട് കിട്ടിയതിനെ അതപ്പോൾ തന്നെ പിടിച്ചു പാകം ചെയ്യുന്ന വിഭവങ്ങളും കപ്പയും എന്നുവേണ്ട വായില്‍ കൊതിയൂറുന്ന വ്യത്യസ്ഥമായ നാടൻ രുചികളും ഈ കെട്ടുവള്ളങ്ങളില്‍ ലഭിക്കുന്നുണ്ട്.
അടുത്തത് പ്രസിദ്ധമായആലപ്പുഴ ബീച്ച്.
സിറ്റിയുടെ തൊട്ടടുത്തു തന്നെയാണ് ഈ ബീച്ച്. ഇതിനടുത്തായി കടൽപ്പാലവും, ലൈറ്റ്ഹൗസും സഞ്ചരികളെ ആകർഷിക്കുന്നുണ്ട്. കൂടാതെ, കരയെ തഴുകി മുന്നോട്ട് വരുന്ന തിരമാലകളിലൂടെ തീരത്തടിയുന്ന ശംഖുകളുടെ തിളക്കവും തിരമാലകളെ തലോടി വീശുന്ന കാറ്റും കടലിന്റെ സൗന്ദര്യം ഇരട്ടിയാക്കുന്നു. കാറ്റിന്റ ദിശയിൽ എന്റെ നസികയിൽ തുളച്ചു കയറിയ ബജ്ജിയുടെയും ചന മസാലയുടെയും ഗന്ധം എന്റെ വായിൽ കപ്പലൊടിക്കുന്ന വെള്ളം നിറഞ്ഞു വന്നെങ്കിലും കുഞ്ഞുനാളിൽ അമ്മ പഠിപ്പിച്ച ക്ഷമാശീലം എന്നെ അടക്കി നിർത്തി. വീണ്ടും ഉപ്പിൽ കുത്തിനിറച്ചിരിക്കുന്ന ഭരണി കുപ്പികളിലെ നെല്ലിക്കയും മാങ്ങയും മുതൽ പലതും കണ് മുന്നിലൂടെ മിന്നിമറഞ്ഞെങ്കിലും അവ എന്നെ മാടിവിളിച്ചു കൊണ്ടിരുന്നു. സഞ്ചരികളുടെ തിരക്ക് കുറവായതിനാൽ അസ്തമയ കാഴ്ചകൾ മതിവരുവോളം ഞാൻ കണ്ടു തീർത്തു.
ലൈറ്റ്ഹൗസിലേക്ക്.
വിളക്കുമാടം എന്നൊരു പേര് കൂടി ഇതിനുണ്ട്. ഇവിടെ കയറാൻ 10rs. ആണ് ഫീസ്. പതിനഞ്ചുസെക്കന്റിൽ രണ്ടുപ്രാവശ്യം വച്ച് വെള്ള പ്രകാശം ഇവിടെ തെളിയും എന്നാണ് പറയപ്പെടുന്നത്.
അടുത്ത യാത്ര പാതിരാമണലിലക്കായിരുന്നു.
വേമ്പനാട്ടുകായൽക്കരയിലെ ഒരു പാതി പകൽ ചെലവിടാൻ ഒരുപാടൊന്നും തിരയേണ്ടി വന്നില്ല, പാതിരാമണൽ എന്നുറപ്പിച്ചു യാത്ര മുന്നോട്ട്.
പലവർണങ്ങള്‍ നിറഞ്ഞ നൂറുകണക്കിന് ദേശാടന പക്ഷികളുടെ പ്രധാന വാസസ്ഥലമാണ് പാതിരമണൽ. ആലപ്പുഴ ടൗണിൽ നിന്നുംഅവിടേക്ക് അരമണിക്കൂർ ബോട്ടിൽ. തിരികെ ഇങ്ങോട്ടും എത്തിക്കാൻ 450 രൂപ ആവും. കാണക്ക് പറഞ്ഞ് ക്യാഷ് മേടിച്ചു. അവരെ കുറ്റം പറയാനാവില്ല, ഇത് അവരുടെ ഉപജീവനമാർഗമാണ്. എന്നാലും വില പേശി നോക്കി. ഒരു രക്ഷയുമില്ല. അങ്ങനെ ഒടുവിൽ അവിടെയെത്തി. ദ്വീപ് എന്നു വിളിക്കണോ കാട് എന്നു വിളിക്കണോ എന്നാദ്യം സംശയിച്ചു. അത്രത്തോളം മരങ്ങൾ, തിങ്ങി നിൽക്കുന്ന കായലിനാൽ ചുറ്റപ്പെട്ട ഒരിടം. മുഹമ്മ എന്ന ചെറിയ ഗ്രാമത്തിലെ കൊച്ചു ദ്വീപാണ് ഈ പാതിരാമണൽ. ഇവിടെ ആൾതാമസമില്ലാത്ത പ്രേദേശമാണ്. പക്ഷെ, അതിന്റേതയാ ഒരു ലക്ഷണവും അവിടെയില്ലാട്ടോ. കൂടാതെ, കായലിൽ ദ്വീപിനെ ചുറ്റി സൂര്യാസ്തമയം കാണാമെങ്കിൽ അതിന് ചാര്‍ജ് വേറെയുണ്ട്. വെള്ളാരം കല്ലുകൾ പരന്ന വഴികളിലൂടെ കാടിനെ ആസ്വദിച്ചു മുന്നോട്ട് നടന്ന് കണ്ടൽ ചെടികളോടും അപ്പുപ്പൻ താടികളോടും കാട്ട് വള്ളികളോടും കഥ പറഞ്ഞ് നിൽക്കുന്ന കാഴ്ചയുടെ മനോഹാരിത ആസ്വദിച്ചു തന്നെ പച്ചതുരുത്തിലേക്ക് കടന്നു ചെല്ലാൻ നമ്മുക്ക് സാധിക്കും. അങ്ങ് അകലെ താഴാൻ തുടങ്ങുന്ന സൂര്യന്‍റെ ചുവന്ന ശോഭയിൽ ദ്വീപിനാണോ വേമ്പനാട്ട് കായലിനാണോ അതോ ചുറ്റുമുള്ള കരയ്ക്കണോ ഇത്ര ഭംഗി എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത തരത്തിൽ അതിമനോഹരമായ ഒരു സായാഹ്നം പാതിരാമണൽ എനിക്ക് സമ്മാനിച്ചു.
കയർ വ്യവസായം......
ടൗണിൽ നിന്നു 4km അകലത്തിൽ കുറച്ച് ഉള്ളിലേക്കയാണ് വ്യവസായത്തിന് വേണ്ടി തിരഞ്ഞെടുത്ത സ്ഥലം. 80ൽ അധികം രാജ്യങ്ങളിലേക്കാണ് ഇവിടത്തെ കയറുകൾ കയറ്റുമതി ചെയ്യുന്നത്.
ഇവിടത്തെ തീര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മികച്ച ഇനം തേങ്ങ ചേരികൾ ഉപയോഗിച്ചാണ് കയർ നിർമ്മിക്കുന്നത്. തേങ്ങയുടെ പുറംതോടിലെ പാകപ്പെടുത്തി കൈകൊണ്ടോ യന്ത്രസഹായത്താലോ പിരിച്ചാണ് കയർ ഉണ്ടാക്കുന്നത്.കയർ കാർപ്പെറ്റുകൾ, കയർ നൂൽ, കയർ പായ ഇവയെല്ലാം ഇവിടെ നിർമ്മിക്കുവയാണ്.
ശേഷം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലക്കായിരുന്നു എന്റെ അടുത്ത യാത്ര. അമ്പലപ്പുഴ ഉണ്ണികണ്ണനെ കാണാൻ ഒരുപാട് ഭക്തർ ഇന്നും അവിടെയെത്തുന്നു. പ്രസിദ്ധമായ അമ്പലപ്പുഴ പാൽ പായസം ആണ് ഇവിടുത്തെ ഇഷ്ട വിഭവം. കൂടെ ഉണ്ണിയപ്പവും. കലാസാംസ്‌കാരികരമായും ചരിത്രപരമായും നിരവധി സംഭവങ്ങൾക്കു സാക്ഷ്യംവഹിച്ച ക്ഷേത്രമാണിത്. അധിക നേരം അവിടെ ചിലവഴിക്കാതെ ഞാൻ മുന്നോട്ട് പോയി.
അടുത്തത് കൃഷ്ണപുരം കൊട്ടാരം....
പുരാവസ്തു ശില്‍പ്പങ്ങളും ചുമര്‍ ചിത്രങ്ങളും പഴയകാല ആയുധങ്ങളും നാണയങ്ങളുമൊക്കെയായി നിറഞ്ഞു സമ്പുഷ്ടമാണ് ഈ കൊട്ടാരം. സംസ്ഥാന പുരാവസ്തു ഗവേഷണ വകുപ്പാണ് ഇന്ന് ഈ കൊട്ടാരം കൈകാര്യം ചെയ്യുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളുടെ വലിയൊരു ശേഖരം ഇവിടെയുണ്ട്.കേരളീയ വസ്തു ശില്പ രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ളതാണ് ഈ കൊട്ടാരത്തിന്റെ മറ്റൊരു പ്രതേകത.
എല്ലാം കഴിഞ്ഞു തിരിച്ചു നാട്ടിലേക്...