മേട നെല്ലറ കാണാനൊരു യാത്ര
വിളക്കുമാടം നെല്ലറ കാണാം...
കളപ്പുര എന്ന് നമ്മൾ കേട്ടിട്ടുണ്ട് നെല്ലും വിത്തുകളും ഒക്കെ സംരക്ഷിക്കാൻ വേണ്ടി നിർമിച്ചിരുന്ന ധാന്യപ്പുരകൾ...
പണ്ട് കാലത്ത് ധാരാളം കാണപ്പെട്ടിരുന്ന ഇവ ഇപ്പൊൾ കാണാകാഴ്ചയാണ്.. ഇതുപോലുള്ള പുതിയ ധാന്യപ്പുരകൾ ഇപ്പൊൾ നിർമിക്കുന്നുണ്ടോ എന്നും അറിവിൽ ഇല്ല..
200 വർഷത്തിലധികം പഴക്കം ചെന്ന ഇതുപോലൊരു നെല്ലറ കാണാൻ ആണ് യാത്ര തിരിച്ചത്... കോട്ടയം ജില്ലയിൽ പൈക ക്കടുത് വിളക്കുമാടം ഗ്രാമത്തിലാണ് പഴമയുടെ പ്രൗഡിയോടെ നിൽക്കുന്ന ഈ അഭിമാന സ്തംഭമായ വിളക്കുമാടം മേട .. കോട്ടയത്ത് നിന്നും പുറപ്പെട്ട ഞാനും എന്റെ പ്രിയ കൂട്ടുകാരിയും പാലായിൽ ഇറങ്ങി അവിടെ നിന്നും പൈക എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. ബസ് ഇറങ്ങിയത് ശേഷം വിളക്കുമാടം നെല്ലറ യിലേക്ക് നടന്നു പോകാം എന്ന് ഞങൾ തീരുമാനിച്ചു. യാത്രയിൽ ഓരോ തമാശകൾ ഒക്കെ കാണിച്ചു എന്നെ രസിപ്പിക്കുന്നുണ്ട് എന്റെ സുഹൃത്ത്.
മനോഹരമായൊരു ഗ്രാമ പ്രദേശം.. വഴിയരികിൽ ചെറു അമ്പലവും പള്ളിയും പള്ളിക്കൂട വും.. ഒരു ഗ്രാമ ജീവിതത്തെ പറ്റി നമ്മുടെ മനസ്സിൽ വരുന്നത് എന്താണോ അതെല്ലാം ഇവിടുണ്ട്...
വയൽ വരമ്പിലൂടെ കുറച്ചു നടന്നാൽ മേടയിൽ എത്താം ... മുളയും കൂറ്റൻ മരങ്ങളും എല്ലാം കടന്നു പോകുമ്പോൾ ചെറിയൊരു കാട് പോലെ തോന്നുന്നു.. അവിടെ നിന്ന് നോക്കിയാൽ അങ്ങകലെ മേട കാണുകയായി.. മേടയുടെ മുകളിൽ വർണ്ണ വിസ്മയം തീർത്ത് മാനത്ത് മഴവില്ല് തെളിഞ്ഞു നിൽക്കുന്നു. ഇത് കണ്ട എന്റെ പ്രിയ സുഹൃത്ത് അതിന് പശ്ചാത്തലം ആയി ഫോട്ടോ എടുക്കുന്ന തിരക്കിലാണ് വിരുതൻ. പിന്നീട് നടത്തത്തിന് വേഗത കൂടുകയായി...
ഒറ്റക്കല്ലിൽ വെട്ടിയെടുത്ത ചെങ്കൽ തൂണുകൾ അതിൽ പലതും പലതായി ചെത്തി എടുത്ത കല്ലുകൾ , തടിയും ചെങ്കല്ലും ഉപയോഗിച്ചുകൊണ്ടുള്ള നിർമാണം എന്നിവ യെല്ലാം ഇതിന്റെ പ്രത്യേകതയാണ്..
മാളികയുടെ രൂപത്തിൽ നിർമിച്ചിരിക്കുന്നത് കൊണ്ടാണത്രേ ഇത് മേട എന്നറിയപ്പെടുന്ന ത്.
കള്ളിവേലിൽ എന്ന കുടുംബക്കാർ അവരുടെ കൃഷി ആവശ്യതിനായാണ് മേട നിർമിച്ചത്... എന്നാല് വേണ്ടത്ര പരിഗണന നൽകാത്തത് കൊണ്ട് ഇപ്പൊൾ ഇത് ശോചനിയ അവസ്ഥയിലാണ് ഇത്രയും നല്ലൊരു നിർമിതി സംരക്ഷിക്കപ്പെടേണ്ടത് തന്നെ.
വളരെ മനോഹരമായ കാഴ്ചയാണ് ഇവിടെ.. മേട വരാന്തയിൽ ഇരുന്നാൽ ചുറ്റും നെല്പാടവും പുറകിൽ ചെറിയൊരു അരുവിയും ചുറ്റും ഇത് വരെ കാണാത്ത ധാരാളം പക്ഷികളും .. പഴയ കാല കടകളും , നമ്മുടെ പൂർവികർ ഉപയോഗിച്ച ചുമട് താങ്ങിയും ഒക്കെ ഈ യാത്രയിൽ കാണാൻ സാധിക്കും...
ധാരാളം കടന്നൽ കൂട്ടവും ഇവിടെ യുണ്ട്.. ഞങളുടെ വരവ് അവർക്ക് അത്ര പിടിച്ചില്ല ന്ന് തോന്നുന്നു..
ചുറ്റും ചബ്ദമുണ്ടാക്കി പാറി നടന്ന് ഒന്ന് വിരട്ടിനോക്കി പിന്നെ എന്തോ അവ അതിന്റെ പാട്ടിനു പോയി ..
അവരുടെ കൊട്ടാരം പോലെ അതങ്ങ് കിടക്കുന്നു..
മനോഹര മായി നിർമിച്ച വാതിലാണ് മേട യുടെ പ്രധാന ആകർഷണം. മനോഹര മായ ചെറു കൊത്തുപണികളും നടത്തിയിട്ടുണ്ട് ഇതിൽ. വാതിലിന്റെ പൂട്ട് ആകർഷകമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ശൂലത്തിന്റെ മാതൃകയിൽ ഉള്ള ഒരു ലോഹ നിർമിതി. അത് തുറക്കാൻ ഉള്ള ശ്രമം നടത്തുകയാണ് എന്റെ യാത്രാ പങ്കാളി. ആളൊരു കുറുംബി തന്നെ എല്ലാം നോക്കിയും കണ്ടും മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്.
മേടയുടെ അടിഭാഗം തറയിൽ നിന്ന് താഴെ കുട്ടികൾക്ക് കയറി പോകാൻ കഴിയുന്ന രീതിയിൽ ചതുരാകൃതിയിൽ ഒരു വിടവ് പോലെ നിർമിച്ചിരിക്കുന്നു.. ഇതിലൂടെ കയറിയാൽ മറുഭാഗത്ത് ആണ് അവസാനം , എന്താണ് ഇതിന്റെ ഉപയോഗം എന്ന് മനസ്സിലായില്ല..
പഴയ കൈ അക്ഷരത്തിൽ തന്നെ പരസ്യം പതിക്കരുത് എന്നൊരു ബോർഡും വെച്ചിട്ടുണ്ട്
വളരെ മോശം അവസ്ഥയിലുള്ള പരിസരം.. ചില മനുഷ്യരുടെ പൊതുവെ യുള്ള ശീലം ഇവിടെയും കാണാം ഭിത്തിയിലും കല്ലിലും തൂണിലുമെല്ലം കുത്തി വരകളും പേരുകളും മാത്രം ചുറ്റും സായാഹ്നം ചിലവിടാൻ വരുന്ന മദ്യപാനികൾ സമ്മാനിച്ച മദ്യകുപ്പികൾ...
മേടയുടെ ഓരോ മൂലയിലും കുഴിയാനകൾ നിർമിച്ച കുറെ കുഴികൾ കാണാം.. പണ്ട് തീരെ ചെറുപ്പത്തിൽ വീടിന് മൂലക്ക് കാണപ്പെട്ടിരുന്ന ഇവയെ ഇന്നാണ് വീണ്ടും കാണുന്നത്.. ചെറുപ്പത്തിലെ ക്ക് ഉള്ള യാത്ര എന്ന പോലെ കുറെ കുഴികളിൽ മാന്തി നോക്കിയെങ്കിലും അവ ശലഭങ്ങൾ ആയി മുമ്പെങ്ങോ പോയി കഴിഞ്ഞിരുന്നു.. അവസാനം ഒരെണ്ണം എന്റെ കയ്യിൽ വന്നു പെട്ടു. അവനെ എന്റെ സുഹൃത്തിന്റെ കയ്യിൽ വെച്ച് ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചു. കുഴിയാന അനക്കം ഇല്ലാതെ അഭിനയിക്കുന്നു പാവം ജീവിനില്ല എന്ന് പറഞ്ഞ് അവള് അതിനെ നിലത്ത് വെക്കേണ്ട താമസം അവൻ മണ്ണിന് ഇടയിലേക്ക് ചൂഴ്ന്നിറങ്ങി..
കുറച്ചു കൂടുതൽ നേരം വരാന്തയിൽ ഇരുന്ന് ചെറിയൊരു ബുക്ക് വായിക്കുന്ന സമയം മുറുക്കാനും തുപ്പി തലയിൽ ഒരു കെട്ടും ആയി പാതിയടഞ്ഞ കണ്ണുകളുമായി ഒരു അപ്പൂപ്പൻ വന്നു വിശേഷങ്ങൾ അറിയാൻ..
ധാരാളം സിനിമകൾ ഒക്കെ ഷൂട്ട് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം ജനിക്കുമ്പോൾ ഇത് ഇവിടെ ഉണ്ട് എന്നും തുടങ്ങി കൊറോണ മുതൽ ഇലക്ഷൻ കാര്യങ്ങൽ വരെ എന്നോട് പറഞ്ഞു.. ഇത് കാണാൻ വേണ്ടി മാത്രം വന്ന എന്നേകണ്ട അദ്ദേഹത്തിന് ചെറിയൊരു കൗതുകം...
അങ്ങനെ നല്ല കാഴ്ചയും അനുഭവവും പകർന്നു തന്ന യാത്ര അവസാനിപ്പിക്കാൻ നേരമായി ബാഗും പുറത്തിട്ട് മേടയുടെ കാഴ്ച മങ്ങുന്ന സ്ഥലത്ത് കുറച്ച് നേരം നിന്ന് യാത്ര പറഞ്ഞു.. വീണ്ടും ഒരിക്കൽ വരാം എന്ന പ്രതീക്ഷയോടെ..