കിഴക്കിൻറെ വെനീസിലൂടെ..
ഇത്തവണ പുതുവർഷരാവ് ആലപ്പുഴയിലെ കായൽ കരയിലോ ബീച്ചിലോ ആഘോഷിക്കണം എന്ന ആഗ്രഹമായിരുന്നു ഡിസംബർ 31 ന് പുലർച്ചെ ഞങ്ങളെ എക്സിക്യൂട്ടിവ് എക്സ്പ്രസ്സിൽ കയറ്റിയത്.
നമ്മുടെ റെയിൽവേ കൃത്യ സമയം പാലിക്കുന്നതിനാൽ 1 .30 മണിക്കൂർ വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തി. റൂമിൽ കയറി ഫ്രഷായി ബോട്ടു ജെട്ടിയിൽ പോയി രാവിലെ കൊല്ലത്തേക്ക് ബോട്ടുണ്ടോ എന്ന് അന്വേഷിക്കണം. എന്നിട്ട് സർക്കാർ ബോട്ടിൽ ചെറു സവാരി , വൈകീട്ട് ബീച്ചിൽ ന്യൂ ഇയർ ആഘോഷം .. അതൊക്കെ ആയിരുന്നു പ്ലാൻ. പുതുവർഷം ആഘോഷിക്കാൻ ആലപ്പുഴ എന്ന ഈ കൊച്ചു പട്ടണം നിറയെ ആളുകൾ ആണെന്ന സത്യം ട്രെയിൻ ഇറങ്ങുമ്പോഴേ മനസ്സിലായി.
അടച്ചിട്ട ലെവൽ ക്രോസിന് അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ചേട്ടനോട് മന്ത്ര ഹെറിറ്റേജ് എന്ന ഹോം സ്റ്റേയുടെ പേര് പറഞ്ഞു. ആൾക്ക് പരിചയമില്ല മറ്റു രണ്ടു പേരോട് കൂടി ചോദിച്ചു. സൈറ്റിൽ കുള്ളൻ റോഡ് എന്നോ കല്ലൻ റോഡ് എന്നോ മറ്റോ എഴുതീട്ടുണ്ട്. ഇപ്പൊ ഒരു വീട് വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേ എന്ന് പേരും നൽകി ആളെ പറ്റിക്കുന്ന പരിപാടി ആലപ്പുഴയിൽ വ്യാപകമാണെന്ന് ഓട്ടോ ചേട്ടൻ പറഞ്ഞു.ഒടുവിൽ bokking.com ൽ കൊടുത്ത ഫോൺ നമ്പറിൽ വിളിച്ച് ഓട്ടോ ഡ്രൈവർക്ക് കൊടുത്തു.
മന്ത്ര ഹെറിറ്റേജ് എന്ന ചെറിയ ഒരു ബോർഡ് വെച്ച വീടാണ് സ്ഥലം. ഒരു കക്ഷി ഇറങ്ങി വന്ന് ബുക്ക് ചെയ്ത റൂമിൽ വാട്ടർ കണക്ഷൻ കംപ്ലയിന്റ് ആണ്. വേറെ ഒരു സ്ഥലത്ത് റൂം ഒപ്പിച്ചു തരാം എന്ന് പറഞ്ഞു. പക്ഷെ റേറ്റ് ഇരട്ടിയാകും അതായത് 1500 എന്നത് 3000 ആകും എന്ന്.എങ്കിൽ അത് ആദ്യമേ അറിയിക്കണ്ടേ എന്ന് ചോദിച്ചപ്പോ വിളിച്ചു കിട്ടീല എന്നും പറഞ്ഞു.
പക്ഷെ ഓട്ടോ ചേട്ടൻ പറഞ്ഞത് തന്നെ ആയിരുന്നു സത്യം . വിദേശികളെ പറ്റിക്കാൻ വേണ്ടി ഉള്ള കള്ളക്കളി ആയിരുന്നു അത്. ഹോം സ്റ്റേ കണ്ടപ്പോഴേ അവിടെ താമസിക്കുന്നില്ല എന്ന് ഉറപ്പാക്കിയിരുന്നു. booking.com ആയതുകൊണ്ട് പൈസയും മുൻകൂട്ടി അടച്ചിട്ടില്ല. വിദേശികൾക്ക് മാത്രമേ റൂം കൊടുക്കു , മാരിയേജ് സർട്ടിഫിക്കറ്റുണ്ടോ എന്നൊക്കെ ആയി പിന്നീട്. ഇത്തരം കൂതറ ഹോം സ്റ്റേ സൈറ്റിൽ ഉൾപ്പെടുത്തിയ booking . com ന്റെ അണ്ണാക്കിൽ ഒരു പിടി ഡീഗ്രേയ്‌ഡ് വാരിയിട്ട് ഒരു ഓട്ടോയിൽ കയറി ആലപ്പുഴ ബസ് സ്റ്റാൻഡിനടുത്ത് ഇറങ്ങി.
അപ്പോഴേക്കും ഉച്ചയ്ക്ക് 2 മണി കഴിഞ്ഞിരുന്നു. ഹോട്ടലുകളിൽ ഒന്നും റൂമില്ല. അടുത്ത ബസിനു കൊല്ലത്തേക്ക് പോയാലോ എന്ന് ആലോചിച്ചു എങ്കിലും ഇത്രടം വരെ വന്നിട്ട് ചുമ്മാ അങ്ങ് പോവണ്ട എന്ന് കരുതി ബോട്ടുകൾ നിർത്തിയ സ്ഥലത്തേക്ക് നീങ്ങി. മണിക്കൂറിനാണ് റേറ്റ്. സഞ്ചാരികളെ വലവീശി പിടിക്കാൻ ബോട്ട് ഡ്രൈവർമാർ സജീവമാണ് .ഒരാൾ 1000 പറഞ്ഞു ഒരാൾ 900 പക്ഷെ കുറഞ്ഞത് മൂന്നു മണിക്കൂർ എങ്കിലും വേണം.
അവസാനം 800 രൂപയ്ക്ക് ഒരു മണിക്കൂർ പോകാൻ ആളെ കിട്ടി , തിലകരാജ് അല്ലേൽ തിലകൻ ചേട്ടൻ. കോഴിക്കോട് 12 വർഷം ഉണ്ടായിരുന്നു . ഫുഡ് വേണേൽ കായലോരത്തെ കടയിൽ അടുപ്പിക്കാം നല്ല ഫ്രഷ് മീൻ ഉണ്ട് എന്നൊക്കെ പറഞ്ഞെങ്കിലും വ്രതമായിരുന്നതിനാൽ അതൊക്കെ ഒഴിവാക്കി.
6 പേർക്ക് സുഖമായി യാത്ര ചെയാൻ കഴിയുന്ന ചെറിയ ബോട്ട്. ആലപ്പുഴയുടെ കായലോളങ്ങളെ വകഞ്ഞു മാറ്റി യാത്ര തുടങ്ങി. ഒപ്പം തിലകൻ ചേട്ടന്റെ വിവരണങ്ങളും. നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന ട്രാക്കും വിവാദമായ ലേക്ക് റിസോട്ടും നിരവധി സിനിമാ ലൊക്കേഷനുകളും പുള്ളി കാണിച്ച് തന്നു. പിന്നെ ഇന്നത്തെ പ്രത്യേകത കൊണ്ട് കായൽ ഹൌസ് ബോട്ടുകൾ കൊണ്ട് നിറഞ്ഞതും.
കായലിൽ ബോട്ടുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധം തിരക്കാണ്, പുതുവർഷം ആഘോഷിക്കുന്ന സ്വദേശികളും വിദേശികളും ഗ്രൂപ്പുകളായി കായലിൽ ബോട്ട് യാത്ര നടത്തുന്നു. ഒരു മണിക്കൂറിൽ കൂടുതൽ കഥകളുമായി തിലകൻ ചേട്ടന്റെ ബോട്ട് ആലപ്പുഴ കായൽ ചുറ്റി. ഒടുവിൽ ഇനി വരുമ്പോഴോ കൂട്ടുകാരുമായി വരുമ്പോഴോ വിളിക്കണം എന്ന് പറഞ്ഞു കുറെ ഓഫറുകളും തന്നു.