വാൽപ്പാറ-ആതിരപ്പള്ളി

Give your rating
Average: 4 (3 votes)
banner
Profile

Laveen

Loyalty Points : 160

Total Trips: 5 | View All Trips

Post Date : 22 May 2021
113 views

കുന്നുകളുടെ രാജ്ഞി ഊട്ടി രാജകുമാരൻ കൊടൈക്കനാൽ , യെർകാട് ഹിൽസ് ,പളനി ഹിൽസ് ,യേലഗിരി തുടങ്ങിയ തമിഴ്നാട്ടിലെ ഹിൽ സ്റ്റേഷനുകൾ ഒക്കെ ഏറെ മോഹിപ്പിക്കുന്നവയാണ്. അത് പോലെ മനോഹരമാണ് വാൽപാറയും. കോയമ്പത്തൂർ ജില്ലയിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലയിൽ സ്ഥിതിചെയ്യുന്ന വാൽപാറ സമുദ്ര നിരപ്പിൽ നിന്നും 3500 അടി മുകളിലാണ് .
രാവിലെ ഏഴ് മണിയോടെയാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. കോഴിക്കോട് - പാലക്കാട് -പൊള്ളാച്ചി വഴി ആയിരുന്നു യാത്ര. ഉച്ചയ്ക്ക് ആളിയാർ ഡാമിൽ എത്തി. ഡാമും കണ്ട് ഡാമിലെ മീൻ വറുത്തതും കൂട്ടി ഉച്ചയൂണും കഴിച്ചു. കുറച്ചു ദൂരം മുന്നോട്ടുപോയാൽ മങ്കി ഫാൾസ് എന്ന വെള്ളച്ചാട്ടം കാണാം. വാൽപ്പാറ ചുരം എത്തുന്നതിന് മുമ്പ് ആനമല ടൈഗർ റിസർവിന്റെ ചെക്ക് പോസ്റ്റിൽ നിന്ന് ടിക്കറ്റ് എടുത്തു. 40 ഹെയർപിൻ വളവുകളാണ് ഈ ചുരത്തിന്.പൊള്ളാച്ചിയിൽ നിന്ന് 67 കിലോമീറ്ററാണ് വാൽപ്പാറയ്ക്ക്. ചുരത്തിനു മുകളിൽ നിന്ന് ആളിയാർ ഡാമിന്റെ റിസർവോയർ കാഴ്ച മനോഹരമാണ്.
ചുരം കയറി എത്തുന്നത് തേയില എസ്റേറ്റുകളിലേക്കാണ്. 15 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിലാണ് ഇപ്പോൾ താപനില. ഏകദേശം മൂന്നാറിനെ അനുസ്മരിപ്പിക്കുന്ന ടൗണാണെങ്കിലും അത്ര തിരക്കും മലിനീകരണവും ഇല്ലാത്ത പ്രദേശമാണ് ഇവിടം. ഹോട്ടൽ ശരവണ ഗ്രാൻഡിൽ ആണ് റൂം ബുക്ക് ചെയ്തത്. നല്ല വൃത്തിയുള്ള റൂമുകളായിരുന്നു ഇവിടെ. ഈ ഹോട്ടലിനു മുകളിലെ ടെറസ്സിൽ നിന്നാൽ വാൽപ്പാറ ടൗണിൻറെയും തേയില തോട്ടത്തിന്റെയും മനോഹര ദൃശ്യം കാണാം.
വൈകുന്നേരം വെള്ളമലൈ ടണൽ കാണാൻ ഇറങ്ങി. ടീ എസ്റ്റേറ്റിന് ഇടയിലൂടെയാണ് റോഡ്. കുറച്ചു ദൂരെ ഒരു തോടിനു അടുത്തായി കുറെ കാട്ടു പോത്തുകൾ മേയുന്നത് കണ്ടു. മറ്റൊരുവശത്തു കണ്ട ആൾക്കൂട്ടത്തോട് ചോദിച്ചപ്പോൾ 7 ആനകൾ ഇപ്പോൾ കയറിപ്പോയി എന്ന് പറഞ്ഞു . കുറച്ചു കാത്തുനിന്നപ്പോൾ ആനക്കൂട്ടം വരി വരിയായി ഇറങ്ങി കാട്ടിലേക്ക് പോയി.തിരിച്ചു വന്ന് വാൽപ്പാറ ടൗണിൽ കുറച്ചു നേരം കറങ്ങി . ഷോപ്പിങ്ങും ഫുഡും ആസ്വദിച്ച് നടന്നു .രാത്രി കനത്തതോടെ തണുപ്പും കനത്തു.പിന്നെ അന്തിയുറക്കം .        

നേരം പുലർന്നു വരുന്നതേ ഉള്ളൂ. വാൽപ്പാറയിലെ തേയില തോട്ടങ്ങൾ മഞ്ഞ് പുതച്ച് നിൽക്കുന്നു. ചന്ത ദിവസം ആയിരുന്നിട്ടു കൂടി ടൌൺ സജീവമായിട്ടില്ല. താമസിക്കുന്ന ഹോട്ടലിന്റെ മുകളിൽ കയറിയാൽ വാൽപ്പാറയുടെ പ്രഭാതം കാണാം. ഒരു ചായയും കുടിച്ച് ഹോട്ടലിനു മുകളിലേക്ക് കയറി കുറച്ച് നേരം സൂര്യോദയം നോക്കി നിന്നു.
8 മണിയോടെ ഞങ്ങൾ വാൽപ്പാറയിൽ നിന്നും തിരിച്ചു. മലക്കപ്പാറ - വാഴച്ചാൽ- ചാലക്കുടി -കോഴിക്കോട് വഴിയാണ് യാത്ര. വാൽപ്പാറയിൽ നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാൽ മലക്കപ്പാറ ചെക്പോസ്റ്റിൽ എത്താം. അതിനിടയിൽ അപ്പർ ഷോളയാർ ഡാമിന്റെ റിസർവോയർ കാഴ്ചയുണ്ട്. ചെക്ക് പോസ്റ്റിൽ പേരും വണ്ടി നമ്പറും ആളുകളുടെ എണ്ണവും കൊടുത്തു. അവിടെ നിന്നും കിട്ടുന്ന പാസിൽ വാഴച്ചാൽ ചെക് പോസ്റ്റിൽ എത്തേണ്ട സമയം കുറിച്ചിട്ടുണ്ടാകും. 47 കിലോമീറ്റർ സഞ്ചരിക്കാൻ 2 മണിക്കൂറാണ് അനുവദിക്കുക. 11 മണിക്കാണ് ഞങ്ങൾ വാഴച്ചാലിൽ എത്തേണ്ടത്.പ്ലാസ്റ്റിക് ബോട്ടിലും മറ്റും കാട്ടിൽ വലിച്ചെറിയരുത് പുറത്തിറങ്ങി ഫോട്ടോ എടുക്കരുത് എന്നൊക്കെ ചെക്ക് പോസ്റ്റിൽ നിന്ന് നിർദ്ദേശം ലഭിച്ചു.
ഫുഡ് കഴിക്കാൻ തൊട്ടടുത്തെ ചെറിയ ചായക്കടയിൽ കയറി അര മണിക്കൂർ സമയം കളഞ്ഞു. ഇടമലയാർ റിസർവ് ഫോറസ്റ്റിലൂടെയും ഷോളയാർ റിസർവ് ഫോറസ്റ്റിലൂടെയുമാണ് ഇനി യാത്ര. ഈ നിബിഡ വനം എലിഫന്റ് സോണാണ്‌. ഭാഗ്യമുണ്ടെങ്കിൽ ധാരാളം ആനകളെ കാണാം നിർഭാഗ്യമുണ്ടെൽ അവ ആക്രമിച്ചേക്കാം. കുണ്ടും കുഴിയുമുള്ള റോഡിലൂടെ പതുക്കെ ആണ് യാത്ര. ഇടയ്ക്ക് പെരിങ്ങൽകൂത്ത് ഡാം റിസർവോയർ കാണാം. പലരും ആനകളെ കണ്ടു ഞങ്ങൾ ആനപ്പിണ്ടവും. ഒടുവിൽ അര മണിക്കൂർ വൈകി 11.30 നു ഞങ്ങൾ വാഴച്ചാൽ ചെക്ക് പോസ്റ്റിൽ എത്തി. പാസ്സ് കാണിച്ചു. അവിടെയും ഡീറ്റെയിൽസ് നൽകി. ചെക്ക് പോസ്റ്റിനു തൊട്ടടുത്തെ വാഴച്ചാൽ വെള്ളച്ചാട്ടം കാണാൻ നിന്നില്ല.
വാഴച്ചാൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ ആതിരപ്പള്ളി വെള്ളച്ചാട്ടം എത്തും. പക്ഷെ ടിക്കറ്റ് കൗണ്ടർ 200 മീറ്റർ കൂടി ദൂരെ ആണ്. രണ്ടു വെള്ളച്ചാട്ടങ്ങൾ കാണാനും ഒരുമിച്ചാണ് ടിക്കറ്റ് കിട്ടുക. രണ്ടു ചെക്ക് പോസ്റ്റിനടുത്തും കൗണ്ടർ ഉണ്ട്. മുകളിൽ കുളിക്കാനും താഴെ ഇറങ്ങിയാൽ വെള്ളച്ചാട്ടം ആസ്വദിക്കാനും സൗകര്യം ഉണ്ട്. പാൽ നുര ചിതറുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം നയന മനോഹരമായ കാഴ്ചയാണ്. നിരവധി വന്യ മൃഗങ്ങളും ഈ മഴക്കാട്ടിൽ ഉണ്ട്. ഇതൊക്ക ഇനി എത്ര കാലം ഉണ്ടാകും എന്ന് ചോദിക്കരുത്. പരിസ്ഥിതി സംരക്ഷിക്കാൻ അല്ല വികസനമാണ് നമുക്കാവശ്യം എന്ന് പറഞ്ഞു നടക്കുന്നവർ പിന്നിലോട്ട് ഒന്ന് തിരിഞ്ഞു നോക്കിയാൽ കാണാം വനവും പുഴയും ഒക്കെ നശിപ്പിച്ചിട്ടും പൂർത്തീകരിക്കാത്ത നിരവധി പദ്ധതികൾ.അതിരപ്പള്ളിയിൽ നിന്ന് ചാലക്കുടി വഴി കോഴിക്കോടേക്ക് തിരിച്ചു. രാത്രി 10 മണിയോടെ രണ്ടു ദിവസത്തെ കറക്കത്തിനു പരിസമാപ്തിയായി.