വാഗമണ്ണിലെ മനോഹരമായ തേയില ഗ്രാമങ്ങള്‍

Give your rating
Average: 5 (2 votes)
banner
Profile

Muhammed Unais P

Loyalty Points : 225

Total Trips: 4 | View All Trips

Post Date : 23 Feb 2021
6 views

വാഗമണ്ണില്‍ എത്തിയതിന് ശേഷം നേരെ ഞങ്ങള്‍ പോയത് മൊട്ടക്കുന്നുകള്‍ കാണാനാണ്. മൊട്ടക്കുന്നുകള്‍ക്ക് മുകളില്‍ വെയില്‍ പടര്‍ന്നപ്പോള്‍ അവിടെ നിന്ന് ഇറങ്ങി, വന്ന വഴിയിലൂടെ കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി. ആ വഴിയരികിലാണ് പാലൊഴുകും പാറ എന്നൊരു വെള്ളച്ചാട്ടം. വെള്ളച്ചാട്ടവും കണ്ട് വീണ്ടും മുന്നോട്ട് പോയി ഒരു മല കയറി ഞങ്ങള്‍ എത്തിയ അതി സുന്ദരമായ തേയിലതോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു ഗ്രാമത്തിലാണ്. കാവുംകുളം എന്നാണ് ഈ ഗ്രാമത്തിന്റെ പേര്.

ഈ ഭാഗത്തുള്ള തേയില തോട്ടങ്ങളില്‍ ഭൂരിഭാഗവും മലങ്കര പ്ലാന്റേഷന്‍സിന്റെ അതീനധയിലുള്ള പെന്‍ഷേര്‍ട്ട് ഏസ്റ്റേറ്റിന്റെ ഭാഗമാണ്. ഇതുവരെയുള്ള യാത്രകളില്‍ പലയിടത്തായി ‍‍‍ഞങ്ങള്‍ തേയില തോട്ടങ്ങള്‍ കണ്ടിരുന്നു. പക്ഷെ, ഈ തോട്ടങ്ങള്‍ക്ക് എന്തോ ഒരു പ്രത്യേക ഭംഗി. പച്ച കളറിന്റെ പല ഷെയ്ഡുകളും തേയില നാമ്പുകളില്‍ പ്രതിഫലിക്കുന്നു. ഇവിടെ നിന്ന് നോക്കുമ്പോള്‍ ദൂരെയായി ഒരു തേയില കുന്ന് കാണാം. ചുറ്റുമുള്ള ഭാഗങ്ങളേക്കാള്‍ കുറച്ച് ഉയര്‍ന്നാണ് അത് നില്‍ക്കുന്നു. എന്തോ ഒരു പ്രത്യേക ഭംഗിയാണ് ഇവിടെ നിന്ന് നോക്കുമ്പോള്‍. ഈ കാഴ്ച്ചകള്‍ കണ്ട് ആ വഴിയില്‍ നില്‍ക്കമ്പോള്‍ തേടിയ വള്ളി കാലില്‍ ചുറ്റി എന്ന ചൊല്ല് പോലെ എസ്റ്റേറ്റിന്റെ മാനേജര്‍ ഞങ്ങള്‍ മുന്നില്‍. അവരോട് സംസാരിച്ച് നേരെ എസ്റ്റേറ്റിന്റെ ഓഫീസിലേക്ക് പോയി.

ഞങ്ങളുടെ ബാഗ് എല്ലാം ഓഫീസില്‍ വെച്ച് ആ തേയില കുന്ന് ലക്ഷ്യമാക്കി നീങ്ങി ഞങ്ങള്‍. അങ്ങോട്ടുള്ള വഴി മനസ്സിലാകുന്നില്ല. തേയില തോട്ടങ്ങളിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി ധാരാളം ചെറിയ വഴികള്‍ കാണാം. ആ കുന്നിനുമുകളിലായി ഒരു ചെറിയ വെള്ള ടാങ്കുണ്ടെന്ന് ഓഫീസില്‍ നിന്ന് പറഞ്ഞിരുന്നു. തോട്ടം പണിക്കാരോട് വെള്ള ടാങ്കിലോക്കുള്ള വഴി ചോദിച്ചാണ് മുന്നോട്ട് പോകുന്നുത്.

അങ്ങനെ അവസാനം ആ കുന്നിനു മുകളിലെത്തി ഞങ്ങള്‍. അതി മനോഹരമായ കാഴ്ച്ചയാണ് ഇതിന്റെ മുകളില്‍ നിന്ന്. ഈ കുന്നിനു മുകളില്‍ ഒരു തണല്‍ മരം പോലും ഇല്ല എന്നതാണ് മറ്റൊരു ആകര്‍ഷണം.
ഈ ഭാഗത്തുള്ള തേയില തൈകള്‍ വരി വരിയായാണ് നട്ടിട്ടുള്ളത്. ഇങ്ങനെ പ്രത്യേക ആകൃതിയില്‍ കാണുന്നത് കൊണ്ടാണ് ഈ തോട്ടങ്ങള്‍ക്ക് ഇത്രയും ഭംഗി. മഷീനിന്‍റെ സഹായത്തോടെ തേയില നാമ്പുകള്‍ നുള്ളതിന് വേണ്ടിയാണ് ഇങ്ങനെ വരി വരിയായി തേയില നടുന്നത്.
 

പണ്ട് ബ്രിട്ടീഷ് കാരാണ് ഇവിടെ തേയില തോട്ടങ്ങള്‍ വെച്ച് പിടിപ്പിച്ചത്. പിന്നീട് അത് മലങ്കര പ്ലാന്റേഷന്‍സിന്റെ അതീനധയില്‍ വന്നു.
നൂറ് വര്‍ഷമാണ് സാധാരണ തേയില ചെടികളുടെ ആയുസ്. അത് കഴിഞ്ഞാല്‍ അത് പറിച്ച് കളഞ്ഞ് പുതിയ തൈകള്‍ വെക്കും. പണ്ട് ബ്രീട്ടീഷ്കാര്‍ വെച്ച തൈകളുടെ ആയുസ്സ് കഴിഞ്ഞപ്പോള്‍ വെച്ച് പുതിയ തൈകളാണ് ഇങ്ങനെ വരി വരിയായി നില്‍ക്കുന്നത്.

ഏലപ്പാറക്ക് അടുത്താണ് ഈ സ്ഥലം സ്ഥിതിചെയ്യന്നത്. ഇവിടെ നിന്ന് 5 KM ദൂരം മാത്രമേയുള്ളു ഏലപ്പാറയിലേക്ക്. പെന്‍ഷേര്‍ട്ട് ഏസ്റ്റേറ്റില്‍ നിന്നുള്ള കാഴ്ച്ചകളെല്ലാം കണ്ട് അവിടെ നിന്ന് കുറച്ച് തേയിലയും വാങ്ങിയാണ് യാത്ര തുടര്‍ന്നത്. പോകുന്ന വഴിയിലെ മറ്റൊരു കാഴ്ച്ചയാണ് തേയില തോട്ടങ്ങള്‍ക്ക് ഇടയിലെ ഈന്തു മരങ്ങള്‍. ആദ്യാമായാണ് തണലിനായി തേയില തോട്ടത്തില്‍ ഈന്ത് വളര്‍ത്തുന്നത് കാണുന്നത്. തേയില തോട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ വിജിനമായ സ്ഥലത്തുകൂടെയായി യാത്ര. വഴിയരികല്‍ ചെറിയ മൊട്ടക്കുന്നുകളും പുല്‍മേടുകളും കാണാം. ഏലപ്പാറ-വാഗമണ്‍ റൂട്ടിലൂടെയാണ് ഞങ്ങള്‍ തിരിച്ച് വന്നത്.

തിരിച്ച് വാഗമണ്‍ എത്തിയതിന് ശേഷം തൊട്ടടുത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണവും കഴിച്ച് നേരെ ടീ ലൈക്കിലേക്ക് പോയി. മനോഹരമായ ചുറ്റുപാടുകളും പച്ചപ്പും നിറഞ്ഞ വാഗമണ്‍ Tea Garden Lake എന്നറിയപ്പെടുന്ന ഈ തടാകം ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വാഗമണ്ണിലെ ഒരു പ്രധാന കേന്ദ്രമാണ്‌. സമുദ്ര നിരപ്പില്‍ നിന്ന് 3900 അടി ഉയരത്തിലാണ് ഈ തടാകം സ്ഥിതിചെയ്യന്നുത്. ചുറ്റിലുമായി കാണുന്ന മലകള്‍ തടാകത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. കണ്ണീരു പോലെ തെളിഞ്ഞ വെള്ളവും ചെത്തിയൊതുക്കിയതു പോലുള്ള പുല്‍മേടുകളും ചേരുമ്പോള്‍ തടാകത്തില്‍ നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. അതിമനോഹരമായ ഈ തടാകത്തിലൂടെ ബോട്ടിങ് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പെഡൽ ബോട്ടുകൾ, റോയിംഗ് ബോട്ടുകൾ, കയാക്ക് പോലുള്ള വിവിധ തരം ബോട്ടുകൾ ഇവിടെ ലഭ്യമാണ്.

 

സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി തടാകത്തിന്റെ ഒരു കരയില്‍ ചെറിയൊരു പാര്‍ക്ക് സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കില്‍ നിന്ന് തടാകത്തിന്റെ മറുകരയിലേക്ക് ഒരു നടപ്പാലം കാണാം. ഇതാണ് ടീ ലൈക്കിലെ പ്രധാന ആകര്‍ഷണം.

രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ് തടാകത്തിലേക്കുള്ള പ്രവേശനം. തടാകത്തിലേക്കുള്ള പ്രവേശനത്തിന് 10 രൂപയും വാഹനങ്ങളുടെ പാർക്കിങ്ങിന് 10 രൂപയും ഈടാക്കുന്നുണ്ട്. പെഡൽ ബോട്ടിനു ഒരാൾക്കു 50 രൂപയും, ഒരു റോയിങ് ബോട്ട് (6 പേർ വരെ) 250 രൂപ നിരക്കിലും ലഭ്യമാണ്. ചെറിയ കുട്ടികളുടെ പാർക്ക്, തേയില ത്തോട്ടത്തിനുള്ളിലൂടെ മൗണ്ടൈൻ ബൈക്കിംഗ് എന്നിവയും ഇവിടെയുണ്ട്. ബ്രീട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന ഒരു പഴയ ട്രാക്ടറും ഇവിടെ സൂക്ഷിച്ചിരിക്കുന്നതു കാണാം.

മൊട്ടക്കുന്നുകളും പൈന്‍മരക്കാടുകളും മാത്രം കണ്ട് വാഗമണില്‍ നിന്ന് തിരികെ പോകുന്നവരുണ്ട്. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ ഈ തടാകം കാണാന്‍ വിട്ടുപോയാല്‍ അത് നഷ്ടമായിരിക്കും..

വാഗമണ്ണിലെ കാഴ്ച്ചകള്‍ക്ക് ശേഷം ഇടുക്കിയോട് യാത്ര പറയാന്‍ സമയമായിരിക്കുന്നു. ഒരു പാട് കാഴ്ച്ചകളും ഒരുപിടി ഓര്‍മ്മകളുമായി ഇടുക്കിയിലൂടെ 5 ദിവസം. 5 ദിവസം എന്നല്ല 5 ആഴ്ച്ച എടുത്താലും കണ്ടു തീര്‍ക്കാന്‍ പറ്റാത്ത കാഴ്ച്ചകളുണ്ട് ഇടുക്കിയില്‍. സത്യം പറഞ്ഞാല്‍ ഇവിടെ നിന്ന് മടങ്ങാന്‍ തോന്നുന്നില്ല. അത്രയും മനോഹരമായിരുന്നു ഇന്നത്തെ കാഴ്ച്ചകള്‍.
പ്രകൃതി ഞങ്ങള്‍ക്കായി അണിഞ്ഞോരുങ്ങിയ ദിവസം. ഒരു തുള്ളി മഴപോലും പെയ്യാതെ, ചിത്രീകരണത്തിന് തടസ്സമാകുന്ന രീതിയില്‍ കോടമഞ്ഞിറഞ്ഞാതെ പ്രകൃതി ഞങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച ദിവസം.

ഞങ്ങളെ യാത്ര അയക്കാനെന്ന മട്ടില്‍ ആകെ കോടമൂടിയിരിക്കുന്നു വഴികളില്‍. മറക്കാനാകാത്ത അനുഭവമാണ് ഈ കോട നിറഞ്ഞ വഴികളിലൂടെ ഈ മടക്കയാത്ര. ഇടുക്കി കാഴ്ച്ചള്‍ ഇവിടെ അവസാനിക്കുകയാണ്. നിങ്ങള്‍ എല്ലാവരും സപ്പോര്‍ട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ ചുരമിറങ്ങുന്നു ഞങ്ങള്‍. ഈ യാത്രക്കായി പലരും സഹായിച്ചിട്ടുണ്ട്, കൂടെ വന്ന സഹചാരി, കൂടുതല്‍ ആളുകള്‍ അറിയപ്പെടാത്ത ഇടുക്കിയുടെ മനോഹാരിതകളിലേക്ക് ഞങ്ങളെ കൊണ്ടുപോയ അനീഷേട്ടന്‍, അങ്ങനെ പലരും.

എല്ലാവര്‍ക്കും നന്ദിയോടെ,
The Indian Trails 🎬