തമിഴ്നാട്ടിൻ്റെ സ്വന്തം മരുഭൂമി "തെരിക്കാട് "
കളുഗുമലയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇതുവരെ ആരും പറഞ്ഞു കേൾക്കാത്ത തമിഴ്നാടിൻറെ വ്യത്യസ്തമായ ഒരു ഭൂപ്രകൃതി കാണാനിടയായത്. ആ കാഴ്ചയുടെ വിശേഷങ്ങൾ ........
തെക്കേന്ത്യക്കാർക്ക് മരുഭൂമി എന്ന് കേൾക്കുമ്പോൾ ഒർമ്മ വരുന്നത് രാജസ്ഥാൻ ആയിരിക്കും. നമുക്ക് മരുഭൂമി കാണണമെങ്കിൽ അങ്ങ് രാജസ്ഥാനിൽ പോകണം. എന്നാൽ തമിഴ്നാട്ടിൽ ഒരു മരുഭൂമിയുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ ? എന്നാൽ ഉണ്ട്. തൂത്തുക്കുടി ജില്ലയിൽ തിരുച്ചെന്തൂരിനടുത്ത് കുതിരൈമോഴി മുതൽ സാത്താൻകുളം റിസർവ്വ് വനം വരെ ഏതാണ്ട് 50 കി.മി. വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന തെരിക്കാട് (Theri Red Forest) എന്ന തമിഴ്നാടിൻ്റെ ചുവന്ന മരുഭൂമി. തമിഴിൽ തെരി എന്നാൽ ചുവന്ന മണൽക്കൂന എന്നാണ്. ബംഗാൾ ഉൾക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ മണലിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സംപുഷ്ടമായ ധാതുക്കൾക്ക് (Iron rich minerals) ഇവിടുത്തെ അർദ്ധ-ശുഷ്കമായ കാലാവസ്ഥയിൽ ഓക്സിഡൈസിങ് സംഭവിക്കുന്നതു വഴിയാണ് ചുവന്ന നിറം ലഭിക്കുന്നത്.
കന്യാകുമാരി – തിരുനെൽവേലി റൂട്ടിൽ (NH-44) വല്ലിയൂർ നിന്ന് വലത്തേക്ക് തിരിഞ്ഞ് സാത്താൻകുളം - കുതിരൈമൊഴി വഴി തെരിക്കാട് എത്താം. തിരുവനന്തപുരത്തു നിന്ന് പോകുമ്പോൾ NH-44 ലേക്ക് പ്രവേശിക്കുന്ന കാവൽകിണറിൽ നിന്ന് 65 കി.മീ. ദൂരമാണ് തെരിക്കാടിലേക്ക്. കുതിരൈമൊഴി ഒരു ഗ്രാമമാണ്. ഇവിടേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ചുവന്ന മണൽക്കുനകൾ കണ്ടു തുടങ്ങും. പോകുന്ന വഴിയിൽ ഒരിടത്ത് മണലിൽ കാറോടിച്ചതിൻ്റെ പാടുകൾ കണ്ടപ്പോൾ വണ്ടിയോടിച്ചിരുന്ന എനിക്കൊരു പൂതി, കൂടെയുള്ള ഒരാളുടെ പ്രോത്സാഹനം കൂടിയായപ്പോൾ വാടകയ്ക്കെടുത്ത ഇന്നോവ ഞാൻ പതിയെ തെരിയിലേക്ക് ഒന്നിറക്കി നോക്കി. അധികമൊന്നും പോകേണ്ടിവന്നില്ല, ഇറങ്ങിയയിടത്തു തന്നെ പുറകിലെ ടയർ ഏതാണ്ട് മുക്കാൽ ഭാഗവും മണലിൽ പൂണ്ടു. പത്തിരരുപതു മിനിട്ടോളം എന്തൊക്കെയോ കാട്ടിക്കൂട്ടി നോക്കി. നോ രക്ഷ. അതുവഴിയാണേൽ മറ്റാരും വരുന്നുമില്ല. “ഹേ പ്രഭു, യേ ക്യാ ഹുവാ” എന്ന് കരുതി നിൽക്കുമ്പോഴാണ് രണ്ടുപേർ ആതാ ബൈക്കിൽ വരുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ ശ്രീമതികൾ മൂന്ന് പേരും കൂടി നടുറോഡിൽ കയറി നിന്ന് അവന്മാരെ തടഞ്ഞു നിർത്തി. തൊട്ടുപുറകെ ഒരു കാറിൽ ഒരു ഫാമിലിയും. അവരേയും തടഞ്ഞുനിർത്തി വെളിയിലിറക്കി. അവസാനം എല്ലാരും കൂടി ടയറൊക്കെ തോണ്ടി പുറത്തെടുത്ത് തള്ളി കരക്കെത്തിച്ചു തന്നു. അല്ലേലും ഈ തമിഴ്നാട്ടുകാർ വളരെ സ്ലേഹമുള്ളവരാണ്. പിന്നീടാണത് ശ്രദ്ധിച്ചത്, ഇതുപോലെ മണതിൽ പൂണ്ട വാഹനങ്ങൾ വലിച്ചു കരയിൽ കയറ്റിയതിൻറെ അടയാളങ്ങൾ തൊട്ടപ്പുറത്തും ഇപ്പുറത്തുമെല്ലാമുണ്ടായിരുന്നു. എന്തായാലും സഹായിച്ചവർക്ക് നൻട്രിയൊക്കെ പറഞ്ഞ് പിരിഞ്ഞു ഞങ്ങളവിടെ എത്തുമ്പോൾ 11 മണിയായിട്ടുണ്ടായിരുന്നു. വെയിൽ ഒട്ടും മോശമല്ലാതെ ഉച്ചിയിൽ അടിക്കുന്നുണ്ടായിരുന്നെങ്കിലും നല്ല കാറ്റും മരങ്ങളുടെ തണലും ഉള്ളതുകൊണ്ട് അത് സഹിക്കാവുന്നതായി തോന്നി. എങ്കിലും രാവിലെ വെയിൽ കടുക്കുന്നതിനു മുന്നെയോ വൈകിട്ടോ ഇവിടെ എത്തുന്നതായിരിക്കും കുറേക്കുടി നല്ലത്.
മരുഭൂമിയെന്നാണ് പേരെങ്കിലും വെറും മണൽത്തിട്ടകൾ മാത്രമല്ല, ഇടയ്ക്കൊക്കെ നല്ല പടർന്നു പന്തലിച്ച മരങ്ങളും ഇടതൂർന്ന കുറ്റിക്കാടുകളുമൊക്കെയുണ്ട്. തെരിക്കാടിൻ്റെ മദ്ധ്യത്തായി ഒരു ക്ഷേത്രമുണ്ട്, അരുൾമികു കറുകുവേൽ അയ്യനാർ കോവിൽ. തദ്ദേശീയരും അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവരും കുടുംബത്തോടെ കൂട്ടമായി എത്തി അയ്യനെ തൊഴുതും വഴിപാടുകൾ നടത്തിയും മണൽതിട്ടകളിലെ മരത്തണലിൽ ആഹാരം പാകം ചെയ്ത് ഉണ്ടും ഉറങ്ങിയും വിശ്രമിച്ചും അവിടെ കൂടുന്ന പതിവുണ്ട്. അത്തരം നിരവധി ഗ്രൂപ്പുകളെ അവിടെ കാണാൻ കഴിഞ്ഞു. ചിലർ ആടിനെ കൊണ്ട് വന്ന് അയ്യനാർക്ക് നേർച്ചയായി സമർപ്പിച്ച് ബലി കൊടുത്ത് അവിടെ വച്ച് തന്നെ അതിനെ പാകം ചെയ്തു ഭക്ഷിക്കുന്നുമുണ്ട്. ക്യാമറകളും ട്രൈപ്പോടും റീൽസ് ഷൂട്ടിങ്ങുമൊക്കെയായി ഞങ്ങളെ കണ്ടിട്ട് പച്ചപരിഷ്കാരികളെ കണ്ട കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു ആ നിഷ്കളങ്കരായ മനുഷ്യർ. വൈകുന്നേരം വരെ അവിടെ നിൽക്കുവാൻ തോന്നിയെങ്കിലും അടുത്ത് കളുഗുമലയിലേക്ക് പോകേണ്ടതുള്ളതിനാൽ ഒന്നര മണിയോടുകൂടി അവിടുന്നു പുറപ്പെട്ടു, തിരുനെൽവേലി വഴി കളുഗുമലയിലേക്ക്.