A Must watch Historical place in Tamilnadu | Chitharal Jain Temple, Kanyakumari, Tamilnadu |
Chitharal Rock Temple
ചരിത്ര തിരുശേഷിപ്പുകൾ ഉറങ്ങുന്ന മണ്ണിലേക്ക് യാത്ര ചെയ്യുമ്പോൾ നാം അറിയാതെ ആ കാലഘട്ടത്തിലേക്ക് ഊളിയിടാറില്ലേ? ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ജൈന ക്ഷേത്രമാണ് ചിതറാലിലേത്. ഞാൻ കണ്ടിട്ടുള്ള ജൈന ക്ഷേത്രങ്ങളെല്ലാം ഒരു കാടിനു നടുവിൽ വലിയ പാറക്കൂട്ടങ്ങൾക്ക് മുകളിൽ ആയി നിർമ്മിച്ചവയാണ്. ഇവിടെയും ക്ഷേത്രം നിമ്മിച്ചിരിക്കുന്നത് അത്തരം ഒരു സ്ഥലത്താണ്. മറ്റാരുടേയും ശല്യമില്ലാതെ ജൈന സന്യാസിമാർക്ക് തപസനുഷ്ഠിക്കാനും മറ്റുമായി അവർ കണ്ടുപിടിച്ച അതി മനോഹരമായ പ്രശാന്ത സുന്ദരമായ സ്ഥലങ്ങൾ. കന്യാകുമാരി ജില്ലയിലാണ് ചിതറാൽ ജൈന ക്ഷേത്രം ഉള്ളത്. ഇന്ന് ഇത് ഇന്ത്യൻ ആർക്കിയോളജി ഡിപ്പാർട്ട്മെന്റാണ് സംരക്ഷിക്കുന്നത്. ഗ്രാമവാസികൾ മലൈ ക്കോവിൽ എന്നാണ് ഈ ക്ഷേത്രത്തെ വിളിക്കുന്നത്.
തിരുവനന്തപുരം വഴിയാണ് ചിതറാലിലേക്ക് പോകുന്നതെങ്കിൽ കന്യാകുമാരി റൂട്ടിൽ പോകണം. കുഴിത്തുറ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഒരു 9 കിലോമീറ്റർ സഞ്ചരിച്ചാൽ ചിതറാൽ ജൈനക്ഷേത്രത്തിൽ എത്താം. ആരും ഗൂഗിൾ മാപ് ഉപയോഗിക്കരുത്..വഴിതെറ്റും . അതുപോലെ പരിസരവാസികളോട് ജൈൻ ടെമ്പിൾ എന്നൊന്നും ചോദിക്കരുത്. മലൈക്കോവിൽ അങ്ങനെയെ അവർക്ക് അറിയൂ. ഒരുപാട് വഴികാണിക്കൽ ബോർഡുകളും പ്രതീക്ഷിക്കണ്ട!