തേക്കടിയുടെ ഹൃദയം തേടി...

Give your rating
Average: 4.5 (2 votes)
banner
Profile

Bibin Sebastian

Loyalty Points : 250

Total Trips: 3 | View All Trips

Post Date : 23 Feb 2021

ലോക്ക്ഡൗണിനു ശേഷം തേക്കടിയിൽ നിന്നുള്ള ആദ്യത്തെ ട്രിപ്പ് എന്റെയാണെന്നു കേട്ടപ്പോൾ ഞാൻ വല്ലാതെ എക്സൈറ്റഡ് ആരുന്നു, അഞ്ചാറ് മാസം കൂടിയാണ്, ആനയും പുലിയും കടുവയും കാട്ടുപോത്തും കരടിയുമൊക്കെയുള്ള പെരിയാർ ടൈഗർ റിസർവിൽ ആള് പോകുന്നത്, ചെറിയൊരു പേടിയും ഇല്ലാതില്ല കാരണം കൂടെ ഒരു ഗൈഡ് മാത്രം അതും വെറും കയ്യോടെ.

 

തേക്കടിയിലെ നേച്ചർ വോക്കിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ബോട്ടിങ് സ്റ്റാർട്ട്‌ ചെയ്യുന്ന സ്ഥലത്തു നിന്നു തന്നെയാണ് നേച്ചർ വാക്കും ആരംഭിക്കുന്നത്. ചെല്ലുമ്പോളെ ഗൈഡ് നിർദേശങ്ങളൊക്കെ തരും. ആദ്യം തന്നെ ഒരു ചങ്ങാടത്തിൽ കയറി ലേക്ക് ക്രോസ് ചെയ്തു വേണം കാട്ടിൽ കയറാൻ. കാട്ടിൽ കയറിയ പാടെ വഴി തടസപ്പെടുത്തി ഒരു വലിയ പന്നിക്കൂട്ടം അവ പോകാൻ കാത്തു നിന്ന ശേഷം ഞങ്ങൾ മുന്നോട്ടു നീങ്ങി. ഗൈഡ് ചേട്ടൻ കാടിനെകുറിച് ഓരോ അറിവുകൾ പകർന്നു തന്നുകൊണ്ടിരുന്നു. പലതും പുതിയ കാര്യങ്ങളാരുന്നു. മുന്നോട്ടു പോകുന്തോറും അട്ട ശല്യം കൂടിക്കൂടി വന്നു.

 

കുറേ ദൂരം ഉള്ളിലേക്ക് ചെന്നപ്പോൾ കുറച്ചു ആളുകൾ ഉൾക്കാട്ടിൽ നിന്ന് വരുന്നത് കണ്ടു, അവര് കാട്ടിൽ മീൻ പിടിക്കാനും തേൻ ശേഖരിക്കാനുമൊക്കെയായി പോയിട്ട് വരുന്നതായിരുന്നു. അവര് പറഞ്ഞു കുറച്ചു ദൂരെ ഒരു ആനയെ കടുവ പിടിച്ചു കുറേ തിന്നിട്ട് ഇട്ടിരിക്കുന്നു എന്ന്, ആനയെ കടുവ തിന്നും എന്നുള്ളത് എനിക്കൊരു പുതിയ അറിവായിരുന്നു. അവിടെ പോയി കണ്ടാൽ കൊള്ളാമെന്നുണ്ടാരുന്നു പക്ഷേ ആ സ്ഥലം നമുക്ക് അനുവദിച്ച ട്രെക്കിങ്ങ് ദൂരത്തിനും അപ്പുറത്താരുന്നു.

 

ഒടുവിൽ ഞങ്ങൾ ഒരു പുൽമേട് പോലത്തെ സ്ഥലത്തെത്തി. അവിടെ ചെറിയ അരുവിയുണ്ട്, അവയിൽ ആനയുടെ കാൽപ്പാടുകൾ, വെള്ളം കലക്കിയിട്ടിരിക്കുന്നു നല്ല ആനചൂരും തൊട്ടടുത്തു എവിടെയോ ആനയുണ്ട് പക്ഷേ കാണാൻ പറ്റിയില്ല. അരുവിയിൽ നിന്നു മതി വരുവോളം വെള്ളം കോരിക്കുടിച്ചു, ആനയെ കാണാൻ പറ്റാത്തതിന്റെ നിരാശയിൽ മുന്നോട്ടു നടക്കുമ്പോളാണ് കുറച്ചു ദൂരത്തായി ഒരു ചെറിയ കാട്ടുപോത്തും കൂട്ടം, ഒരു മലഞ്ചെരുവിൽ പുല്ലു മേയുന്നു, ദൂരത്തു നിന്നായതുകൊണ്ട് പേടികൂടാതെ കുറേ നേരം കണ്ടാസ്വദിച്ചു.

 

അങ്ങനെ നടപ്പ് തുടർന്നു, ഈ ട്രെക്കിംഗ് തീരാതെ പോവട്ടെ എന്നാഗ്രഹിച്ചാരുന്നു നടത്തം, ക്യാമറ, ബാഗ്, ട്രൈപോഡ് ഒക്കെ ചുമന്നാണ് നടത്തമെങ്കിലും ഒട്ടും മടുപ്പ് തോന്നിയില്ല. വഴി സൈഡിൽ ഒരു തലയോട്ടി കണ്ടു, കാട്ടുപോത്തിന്റെതാണ്. കുറച്ചു കാലം മുൻപ് കടുവ പിടിച്ചിട്ടു ഇട്ടതാണെന്നു ജീവൻ ചേട്ടൻ പറഞ്ഞു. പോകുന്ന വഴികളിലൊക്കെ കൂറ്റൻ മരങ്ങളും പുൽമേടുകളും ചെറിയ അരുവികളും, പല തരത്തിലുള്ള പക്ഷികളും, മലയണ്ണാനും കാട്ടു പന്നികളുമൊക്കെയായി ഓരോ നിമിഷവും പ്രകൃതി കാഴ്ചയുടെ വിസ്മയം ഒരുക്കികൊണ്ടിരുന്നു.

 

ഒടുവിൽ നേച്ചർ വാക്കിന് അനുവദിച്ച അതിർത്തിയിൽ ഞങ്ങളെത്തി, എനിക്കു ഇനിയും പോകണമെന്നുണ്ടാരുന്നു പക്ഷെ എന്ത് ചെയ്യാൻ. മനസ്സില്ലാ മനസോടെ തിരികെ യാത്ര ആരംഭിച്ചു.

ഈ യാത്രയുടെ ഫുൾ വീഡിയോ ഞങ്ങളുടെ DotGreen യൂട്യൂബ് ചാനലിൽ ലഭ്യമാണ്.