ദക്ഷിണേന്ത്യൻ ബൈക്ക് റൈഡ്

Give your rating
Average: 5 (2 votes)
banner
Profile

Shareef Chembirika

Loyalty Points : 300

Total Trips: 9 | View All Trips

Post Date : 19 Mar 2024
6 views

ശിവരാത്രി ലീവടക്കം മൂന്ന് ദിവസം തുടർച്ചയായി അവധി കിട്ടിയപ്പോൾ +1 പരീക്ഷക്കിടയിലെ ഇടവേളയിൽ ഒന്ന് വിട്ടാലോ , ഇനി ഒരു മാസം റമദാൻ വ്രതത്തിൻ്റെ നാളുകളാണ്

കനത്ത ചൂട് എങ്ങനെ ബാധിക്കുമെന്ന ആശങ്കക്കിടയിലും പോകാൻ തന്നെ തീരുമാനിച്ചു 

വെള്ളിയാഴ്ച്ച അതി രാവിലെ തന്നെ യാത്ര തിരിച്ചു , സുള്ള്യ റൂട്ടിൽ നല്ല തണുപ്പ് പ്രതീക്ഷിച്ചെങ്കിലും കാര്യമായ തണുപ്പൊന്നുമില്ല , സുള്ള്യയിൽ എന്നും കഴിക്കാറുള്ള ഹോട്ടലിൽ നിന്ന്  പ്രഭാത ഭക്ഷണം കഴിച്ച് മടിക്കേരി ലക്ഷ്യമാക്കി യാത്ര തുടർന്നു  , ജുമാ നിസ്കാരത്തിന് മൈസൂരിലെത്തണം , ടൈം മാനേജ്മെൻ്റ് നോക്കുന്നത് സനദ് ആയത് ഓവർ വിശ്രമം വേണ്ടെന്നാണ് അവൻ്റെ നിർദേശം , 

ബൈക്ക് റൈഡേർസിൻ്റെ ഇഷ്ട റൂട്ടാണ് സുള്ള്യ മുതൽ മൈസൂർ വരെ , റോഡരികിൽ സലാഡ് മുതൽ ചക്ക വരെയുള്ള നാടൻ വിഭവങ്ങളും ഇളനീർ കച്ചവടവും പൊടി പൊടിക്കുന്നു , ഇളനീർ 15 രൂപ മുതൽ 35 രൂപ വരെയാണ് വില  , പോകുന്ന വഴിയിൽ നിന്ന്  ഈ സീസണിൽ ആദ്യമായി ചക്ക കഴിച്ചു .  പ്രതീക്ഷിച്ച സമയത്ത് മൈസൂരിലെത്തി ആദ്യം സ്മാർട്ട് ബസാറിൽ കയറി ഒന്ന് തണുപ്പിച്ചു  , മൈസൂർ സ്മാർട്ട് ബസാറിലെ ഫാൻ മുംബൈ CST റെയിൽവെ സ്റ്റേഷനിലെ ഫാൻ പോലെ വലിയ ലീഫുള്ള ഫാനായിരുന്നു , വേറെ എവിടെയും ഇത്തരം ഫാനുകൾ ഞങ്ങൾ കണ്ടിരുന്നില്ല 

മൈസൂർ പാലസും മറ്റും ബൈകിലൂടെ കറങ്ങി കണ്ടു , മുമ്പ് 3 തവണ പോയതിനാൽ മൈസൂർ ലൊക്കേഷനുകളൊന്നും ഞങ്ങളുടെ ട്രിപ്പിലില്ല , 
മൈസൂർ പാലസിനടുത്തുള്ള പള്ളിയിൽ നിന്ന് ജുമാ നിസ്കരിച്ചു

മൈസൂരിലെത്തിയപ്പോൾ ചൂട് വീണ്ടും വർദ്ധിച്ചതായി തോന്നി , നേരെ ഗുണ്ടൽപേട്ടിലേക്ക് തിരിച്ചാലോ എന്ന സനദിൻ്റെ ചോദ്യം , പക്ഷെ ബാംഗ്ലൂരിലേക്കുള്ള ബൈക്ക് ട്രിപ്പ് അവന്റെ ഏറെ നാളത്തെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ തന്നെ തീരുമാനിച്ചു.

ഈയിടെ തുറന്ന മൈസൂർ - ബാംഗ്ലൂർ അതിവേഗ പാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല , തൊട്ടടുത്തായുള്ള സർവീസ് റോഡ് തന്നെ ശരണം . റോഡ് ഒക്കെ കൊള്ളാം പക്ഷെ ഹമ്പുകൾ കൊണ്ടുള്ള കളിയാണ് സർവീസ് റോഡിൽ , ചൂട് വളരെ കൂടുതലായതിനാൽ വിശ്രമ സമയം കൂടുതലെടുക്കേണ്ടി വന്നു

  അതിവേഗ പാത യു എ ഇ യിലെ എമിറേറ്റ്സ് റോഡിൻ്റെ പ്രതീതി , വാഹനങ്ങൾ പലതും ടോൾ വെട്ടിച്ച് പകുതി വഴിയിൽ കയറുന്നതും ഇറങ്ങുന്നതും കാണാം 

ഇന്ത്യയുടെ ഐ ടി നഗരത്തിലേക്കെത്താറാകുമ്പോൾ ആശങ്ക മുഴുവൻ താമസിക്കാനുള്ള റൂമിനെ കുറിച്ച് ആയി , 

മെട്രോ സിറ്റിയിലെ ആദ്യ സ്പോട്ട് ലുലു മാൾ തന്നെ ആവട്ടെ എന്ന് തീരുമാനിച്ചു. മറ്റു ലുലു മാളുകളെ അപേക്ഷിച്ച് വലിയ തിരക്കില്ല , രാത്രി  ഭക്ഷണം ലുലുവിൽ നിന്നും വാങ്ങി പാർക്കിംഗിൽ നിന്ന് ബൈക്ക് എടുക്കുമ്പോൾ അവർ നീട്ടിയ ബില്ല് കണ്ടൊന്ന് ഞെട്ടി , ഇരു ചക്ര വാഹങ്ങൾക്ക് കുറഞ്ഞ ചാർജ് 40 രൂപ , ഞാൻ പോയതിൽ വെച്ച് ഏറ്റവും കൂടിയ പാർക്കിംഗ് നിരക്ക് ബാംഗ്ലൂർ ലുലു മാളിൽ തന്നെ , 

പിന്നെ ബാംഗ്ലൂരിൻ്റെ രാത്രി കാഴ്ച്ചകൾ ആസ്വദിക്കുമ്പോഴും ഗതാഗത കുരുക്ക് അൽപ്പം അസ്വസ്ഥമാക്കി , 
ഓൺലൈനിൽ റൂം ബുക്ക് ചെയ്ത് അവിടെയെത്തുമ്പോൾ ഇരട്ടി റേറ്റ് പറയുന്ന അവസ്ഥ കോയമ്പത്തൂർ പോലെ ഇവിടെയും വ്യാപകം , ഒരുപാട് അന്വേഷണങ്ങൾക്കൊടുവിൽ കെ എസ് ആർ റെയിൽവെ സ്റ്റേഷൻ്റെ അടുത്തായി റൂം കിട്ടി. 

രാത്രി വാട്ട്സ്അപ്പ് ഒന്ന് കണ്ണോടിച്ചപ്പോൾ മൈസൂരിൽ ഒരു കൊലപാതകം നടന്ന വാർത്ത കാണാനിടയായി ,  ഇന്ന് ജുമാ നമസ്കാരം ഞങ്ങൾ നിർവഹിച്ച സ്ഥലത്തിനടുത്താണ് സംഭവം , തിരിച്ചുള്ള യാത്ര ഗുണ്ടൽപേട്ടിലൂടെ മുത്തങ്ങ വഴി പോകാനായിരുന്നു തീരുമാനിച്ചത് . ബാംഗ്ലൂർ - മണ്ഡ്യ റൂട്ടിൽ മഡ്ഡൂർ ൽ നിന്ന് മൈസൂർ പോകാതെ കർണാടകയുടെ ഗ്രാമങ്ങളിലൂടെ  ഗുണ്ടൽപേട്ടിലേക്കുള്ള യാത്ര പ്ളാൻ ഗൂഗിൾ മാപ്പ് നോക്കി തയ്യാറാക്കി

ശനിയാഴ്ച്ച രാവിലെ റും ഒഴിവാക്കി ഞങ്ങളുടെ യാത്ര തുടങ്ങിയത് ബാംഗ്ലൂർ വിദാൻ സഭയിലേക്കായിരുന്നു  

അടുത്ത ലക്ഷ്യം പ്രഭാത ഭക്ഷണം , ബാംഗ്ലൂരിലെ അൺലിമിറ്റട് വെജ് പ്രഭാത ഭക്ഷണം ലഭിക്കുന്ന ഡെസി മസാലയിൽ 125 രൂപക്ക് വയറ് നിറയെ കഴിക്കാം , ഉഴുന്ന് വടയും സീറയും ഇഡലിയും പൂരിയും ദോശയും ചായയും കാപ്പിയും എത്ര വേണമെങ്കിലും കഴിക്കാം . നല്ല വൃത്തി , നല്ല ടേസ്റ്റ് , സ്റ്റാഫുകളുടെ നല്ല പെരുമാറ്റം . 

ചിന്ന സ്വാമി , കണ്ടീരവ സ്റ്റേഡിയങ്ങളും ബാംഗ്ലൂർ മെട്രോ നഗരത്തിൻ്റെ പ്രഭാത കാഴ്ച്ചകളും കണ്ട് ഞങ്ങളുടെ യാത്ര തുടർന്നു 

പതിനൊന്ന് മണിയോടെ തന്നെ നല്ല ചൂട് തുടങ്ങി , 20 രൂപക്കൊക്കെ നല്ല ഇളനീർ ലഭിക്കുന്നതാണ് വലിയ ആശ്വാസം 

കർണ്ണാടകയുടെ ഗ്രാമങ്ങളിലെത്തിയതോടെ ചൂടിന് അൽപ്പം കുറവുണ്ടായി , ഗ്രാമപ്രദേശങ്ങളിലെ ആളൊഴിഞ്ഞ ബസ് സ്റ്റാൻഡുകൾ ഞങ്ങളുടെ വിശ്രമ കേന്ദ്രങ്ങളായി , 

ചില നാടൻ പഴങ്ങൾ വളരെ വില കുറവിൽ ലഭ്യമാണെങ്കിലും ദൂരയാത്രയിൽ സൂക്ഷിക്കാനിടമില്ലാത്തതിനാൽ എൻ്റെ ഏറെ ഇഷ്ടപ്പെട്ട മുള്ളൻ ചക്ക (മുള്ളാത്ത ) കിലോ വെറും 50 രൂപക്ക് ലഭിച്ചതിനാൽ രണ്ട് കിലോ മാത്രം വാങ്ങി . 

മലവല്ലി - ബലക്കവാടി - കൊല്ലങ്കേല കഴിഞ്ഞതോടെ വീണ്ടും ദേശീയ പാതയിലെത്തി ,  റോഡരികിൽ കിലോ 10 രൂപ നിരക്കിൽ തണ്ണിമത്തൻ സുലഭമാണ്  

ഹിമവദ് ഗോപാലസ്വാമി ഹിൽ പോകണമെന്നുണ്ടായിരുന്നു പക്ഷെ ഞങ്ങളെത്തുമ്പോഴേക്കും സമയം വൈകിയതിനാൽ ഗേറ്റ് വരെ പോയി തിരിച്ച് വന്നു , ദൂര കാഴ്ച്ച തന്നെ നല്ല ഭംഗി ,  സൂര്യകാന്തി പൂ പാടങ്ങൾ ആയി വരുന്നതേയുള്ളു , അവിടെ നിന്ന് യാത്ര പ്ളാൻ മാറ്റി , ഇവിടെം വരെയെത്തി ബന്ദീപൂരും മുതുമലൈ യും പോയില്ലെങ്കിൽ വലിയൊരു നഷ്ടമായിരിക്കും 

സമയം ഇരുട്ടാറായി , വന്യ ജീവി സങ്കേതത്തിലൂടെയുള്ള ഈ സമയത്തെ യാത്ര ചെറിയ ടെൻഷനുണ്ടെങ്കിലും സനദ് നൽകിയ ധൈര്യത്തിൽ ആഗ്രഹിച്ച പോലെ തന്നെ യാത്ര ബന്ദീപൂർ വഴി മുതുമലൈ കയറി ഗൂഡല്ലൂരിലേക്ക് 

ബന്ദിപൂരിലേത്തിയതോടെ മാനുകളും കുരങ്ങുകളും കണ്ട് തുടങ്ങി , പച്ചപ്പുകൾ നിറഞ്ഞ കാനന പാതയായിരുന്നു മുമ്പത്തെ യാത്രയെങ്കിൽ ഇന്ന് കരിഞ്ഞുണങ്ങിയ മരങ്ങൾ മാത്രമെയുള്ളു , അസ്തമിക്കാൻ കുതിക്കുന്ന സൂര്യനെ മരങ്ങൾക്കിടയിലൂടെ കാണാൻ എന്ത് ഭംഗി 

പുലികളും ആനകളും വസിക്കുന്ന മുതുമലൈ കാട്ടിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു , റോഡിൽ ഇടക്കിടെയുള്ള വാഹനങ്ങൾ മാത്രം . ചെറിയൊരു ഭയം ഇല്ലാതില്ല , ഇതൊക്കെയല്ലെ ത്രില്ല് എന്നും പറഞ്ഞ് സനദ് ധൈര്യം നൽകി
പ്രതീക്ഷിച്ചതിലും നേരത്തെ ഗൂഡല്ലൂരിലെത്തി , 500 രൂപക്ക് അത്യാവശ്യം നല്ല റൂം കിട്ടി , നല്ല യാത്ര ക്ഷീണമുണ്ട് , ഭക്ഷണം കഴിക്കണം . ബാഗ്ലൂരിൽ നിന്ന് വിട്ട ശേഷം ഇളനീരും തണ്ണിമത്തനും മാത്രമായിരുന്നു കഴിച്ചത് , 

ഞായാറാഴ്ച്ച രാവിലെ ആദ്യം ഒരു രൂപക്ക് ഇഡലി ലഭിക്കുന്ന "അമ്മ ഉനവഗം " ൽ പോയി പ്രഭാത ഭക്ഷണം കഴിച്ചു , രണ്ട് പേർക്കും കൂടി ആറ് രൂപ ചിലവ് 

ഗൂഡല്ലൂരിൽ നിന്ന് നേരെ ബത്തേരിക്ക് വിടാമെന്നായിരുന്നു സനദ് പറഞ്ഞത് , രാവിലെ മുതുമലൈ ഫോറസ്റ്റിൽ കൂടുതൽ വന്യ മൃഗങ്ങളെ കാണാമെന്ന പ്രതീക്ഷയിൽ യാത്ര മുതുമലൈ , മസിനഗുഡി , ബന്ദീപൂർ വഴിയാക്കി 

റോഡിലും റോഡിനിരുവശങ്ങളിലും യഥേഷ്ടം മാനുകളുണ്ടായിരുന്നു , കുട്ടികളെയും കൂട്ടി പ്രഭാത സവാരിക്കിറങ്ങിയ ആന കൂട്ടങ്ങളെയും കണ്ടു .

ഇപ്പോഴത്തെ ട്രെൻഡ് മസിനഗുഡിയാണല്ലോ . പോകുന്ന വഴിയിൽ നിന്ന് 6 കിലോ മീറ്റർ അകലെ മസിനഗുഡി , ഒ എം അസ്ലം ജനങ്ങളെ മൊത്തം മസിനഗുഡി വഴി ഊട്ടിയിലേക്ക് തിരിച്ച ആ തിരക്കൊന്നും കാണാനില്ല , എല്ലാവരും മഞ്ഞുമ്മൽ ബോയ്സിലെ ഗുണാകവിലേക്ക് പോയെന്ന് തോന്നുന്നു 

മസിനഗുഡിയിൽ നിന്ന് തിരിച്ച് ബന്ദീപുരും കടന്ന്  ഹിമവദ് ഗോപാലസ്വാമി റോഡിലൂടെ കടന്ന് ഗ്രാമങ്ങളിലൂടെ മുത്തങ്ങ വഴി സുൽത്താൻ ബത്തേരിയിലേക്ക് 

ബത്തേരിയിലെത്തിയാൽ ജൂബിലി ഹോട്ടലിൽ നിന്ന് ബിരിയാണി കഴിക്കാതെ പോകരുതെന്ന  ഉപദേശങ്ങൾ തള്ളികളയാനാവില്ലല്ലോ ... കഴിഞ്ഞ തവണ കുഴി മന്തി യായിരുന്നു കഴിച്ചത് , ബിരിയാണി അത്രത്തോളം ഞങ്ങൾക്കിഷ്ടപ്പെട്ടില്ല 
എന്തായാലും പാരഗണിൻ്റെ ഏഴയലത്ത് പോലും എത്തില്ലെന്നാണ് എൻ്റെ അഭിപ്രായം 

ബത്തേരിയിൽ നിന്ന് കണ്ണൂർ വഴി വീട്ടിലേക്ക് , പാലക്കുന്ന് ക്ഷേത്രത്തിൽ ഭരണി ഉൽസവം നടക്കുന്നതിനാൽ റോഡ് ബ്ളോക്കായിരുന്നു , ഒരു മണിക്കൂറിലേറെ കുരുക്കിൽ പെട്ട് രാത്രി 11 മണിക്ക് വീട്ടിലെത്തി

March 8 6 am to March 10 11 pm

1100 km covered 
vehicle : Discover 125 , 2016

 

ശരീഫ് ചെമ്പിരിക്ക 

7559984490