ഊട്ടി യാത്രയുടെ രണ്ടാം ദിനം - ബൊട്ടാണിക്കൽ ഗാർഡൻ

Give your rating
Average: 4 (2 votes)
banner
Profile

Jasmin Nooruniza

Loyalty Points : 445

Total Trips: 12 | View All Trips

Post Date : 14 Nov 2021
1 view

രാവിലെ എഴുന്നേറ്റ് ഫ്രഷ് ആയി ഹോട്ടലിന് പുറത്തുറങ്ങി. നല്ല തണുപ്പ് ഉണ്ട്. ഹോട്ടൽ ബുക്ക് ചെയ്തത്, ടോഡ്ഡബേട്ടാ പീക്കിന് അടുത്തായത് കൊണ്ട്, ആദ്യം അവിടേക്ക് തന്നെ പോകാം എന്ന് കരുതി. പൈൻ മരങ്ങൾ അതിരിടുന്ന റോഡിലൂടെ നടന്ന്, ദൊഡ്ഡബേട്ട പീക്കിലേക്കുള്ള കവാടത്തിൽ എത്തി. അപ്പോഴാണ്, റോഡ് പൊളിഞ്ഞത് കാരണം ഒരാഴ്ച്ചയായി അവിടേക്കുള്ള പ്രവേശനം നിർത്തി വെച്ചിരിക്കുന്ന കാര്യം അറിഞ്ഞത്. 

ലിസ്റ്റിൽ ഉള്ള അടുത്ത സ്ഥലം ബൊട്ടാണിക്കൽ ഗാർഡൻ ആണ്. ബസ് സ്റ്റോപ്പ് അവിടെ തന്നെ ആയത് കൊണ്ട് കാഴ്ചകളും കണ്ട്, ബസ് വരുന്നതും നോക്കി‌ നിന്നു. ലോക്കൽ ട്രാൻസ്‌പോർട്ട് ആശ്രയിച്ചാണ് ഈ യാത്ര മുഴുവനും നടത്തുന്നത്. അത് കൊണ്ട് തന്നെ കാഴ്ചകളും കണ്ട്, അവിടുത്തെ ആളുകളുടെ ജീവിതവും കണ്ട് യാത്ര ചെയ്യാം. അധികം താമസിയാതെ ബസ് വന്നു. 7 രൂപയാണ് ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള ബസ്‌ ചാർജ്. 

ബസിൽ ഇരിക്കുമ്പോൾ വേറെ ഒരു ഫീൽ ആണ്. ഒരുപാട് പഴക്കം ഉള്ള ബസുകൾ ആണ് അധികവും. യാത്രക്കാർ കൂടുതലും നാട്ടുകാരാണ്. തൊപ്പിയും, ജാക്കറ്റും ധരിച്ചു ജോലിക്ക് പോകുന്നവർ. എല്ലാ ബസിലും പഴയ കാല തമിഴ് പാട്ടുകൾ ഉച്ചത്തിൽ വെച്ചിട്ടുണ്ടാകും. അതും; എല്ലാം ഇളയരാജയുടെ പാട്ടുകൾ. വേറെ ഒരു മ്യൂസിക് ഡിറക്ടറിനെയും ഇവർക്ക് ഉൾകൊള്ളാൻ പറ്റില്ലെന്ന് എനിക്ക് തോന്നി. ആ പാട്ടും കേട്ട് കാഴ്ചകളും കണ്ട് എത്ര നേരം വേണമെങ്കിലും ഇരിക്കാം. 

ബൊട്ടാണിക്കൽ ഗാർഡന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി ഗാർഡൻ ലക്ഷ്യമാക്കി നടന്നു. രാവിലെ ആയത് കൊണ്ട് അധികം തിരക്ക് ഇല്ല. ടിക്കറ്റ് എടുത്ത് അകത്ത്‌ കയറി. വിശാലമായി പരന്ന് കിടക്കുന്ന പുൽമേടും, പൂന്തോട്ടവും. കയറുമ്പോൾ തന്നെ ഇടത് വശത്തു ഭംഗി ഉള്ള, ചെറിയ ആമ്പൽ കുളം. അതിന് ചുറ്റും ഭംഗിയുള്ള മരങ്ങൾ. കുളത്തിന് ഒരു വശത്തായി തടി കൊണ്ടുള്ള ഒരു നടപ്പാത ഉണ്ട്. നടപ്പാതക്ക് ഒരു വശത്ത്‌ വയലറ്റ് കളറിലുള്ള പൂച്ചെടികൾ. ആ സ്ഥലത്തിന് ഇവ കൊടുക്കുന്ന ഭംഗി, ഒന്ന് വേറെ തന്നെയാണ്. മുന്നിലേക്ക് ചെല്ലുമ്പോൾ ഒരു വശത്ത്‌ നിറയെ പൂക്കൾ കൊണ്ട് വസന്തം തീർത്തിരിക്കുന്നു. പല കളറിലുള്ള പൂച്ചെടികൾ. എത്ര നേരം വേണമെങ്കിലും, കണ്ണെടുക്കാതെ നോക്കി നിന്ന് പോകും. എവിടെ നോക്കിയാലും ഭംഗിയുള്ള ഫ്രെയിമുകൾ.

ബൊട്ടാണിക്കൽ ഗാർഡൻ ഏകദേശം 55 ഏക്കർ ആണ് ഉള്ളത്. പല ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഉദ്യാനം, ദോഡ്ഡബേട്ട കൊടുമുടിയുടെ താഴ്ന്ന ചരിവുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ വിരളമായ പുല്ലുകളും ചെടികളും വളരെ ശ്രദ്ധയോടെ ഇവിടെ പരിപാലിക്കുന്നു. കോർക്കുമരം, കുരങ്ങനു കയറാനാവാത്ത മങ്കി പസ്സിൽ മരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവയും ഇവിടെയുണ്ട്. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ഫേർ ഹൌസ്, ഓർക്കിഡുകൾ, കാക്ടസുകൾ എന്നിവയും ഉണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇംഗ്ലീഷുകാര്‍ക്ക് മാത്രമേ ഈ ഉദ്യാനത്തില്‍ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളു. ഇതില്‍ അംഗത്വമെടുക്കുകയും മാസം തോറും 3 രൂപ വീതം വരിസംഖ്യ അടക്കുകയും ചെയ്യണമായിരുന്നു. എല്ലാ വർഷവും മെയ് മാസത്തിൽ ഇവിടെ പുഷ്പ മേള നടക്കുന്നുണ്ട്. ഈ ഗാർഡൻ സംരക്ഷിക്കുന്നത് തമിഴ്‌നാട്ടിലെ ഹോർട്ടികൾച്ചർ വിഭാഗം ആണ്.

ബൊട്ടാണിക്കൽ ഗാർഡനിലെ കാഴ്ചകൾ കണ്ട്, ഇനി പോകുന്നത് ഊട്ടി തടാകത്തിലേക്കാണ്.(തുടരും)

ഈ യാത്രയുടെ വിശദമായ വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ (Jasmin Nooruniza) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.