മ്ലാമലയിലെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫാമിലി ടെന്റ് സ്റ്റേ

Give your rating
Average: 4 (2 votes)
banner
Profile

Bibin Sebastian

Loyalty Points : 250

Total Trips: 3 | View All Trips

Post Date : 06 Mar 2021
2 views

800 രൂപക്ക് ടെന്റ് സ്റ്റേ അതും രണ്ടു നേരത്തെ ഭക്ഷണമടക്കം. ആദ്യം കേട്ടപ്പോൾ എന്തെങ്കിലും തട്ടിക്കൂട്ടു പരിപാടിയാരിക്കുമെന്നാണ് കരുതിയത്, ഏതായാലും വിളിച്ചു വിവരങ്ങൾ അന്നേഷിച്ചു, ഫാമിലിയായിട്ടാണ് അതുകൊണ്ട്, ടെന്റ് പറ്റിയില്ലെങ്കിൽ റൂം ഉണ്ടെന്ന് കേട്ടപ്പോൾ ഒന്ന് ട്രൈ ചെയ്യാമെന്ന് കരുതി. അങ്ങനെ ഒട്ടും പ്ലാൻ ചെയ്യാതെ ഒരു യാത്ര (എന്റെ മിക്കവാറും യാത്രകൾ അധികം പ്ലാൻ ഒന്നുമില്ലാതെയാണ്), വാട്സാപ്പിൽ ലൊക്കേഷൻ കിട്ടി, നോക്കുമ്പോൾ കാക്കനാട് നിന്നും നാലര മണിക്കൂർ യാത്രയുണ്ട്, സ്ഥലം ഇടുക്കി ജില്ലയിലെ വണ്ടിപെരിയാറിനടുത്തു മ്ലാമല. ഏതായാലും തീരുമാനിച്ചു ഇനി പിന്നോട്ടില്ല.

രാവിലെ തുടങ്ങിയ യാത്ര, പാലാ കഴിഞ്ഞപ്പോൾ ബ്രേക്ക്‌ഫാസ്റ്റിനായി നിർത്തി, കോട്ടയം സ്റ്റൈൽ അപ്പവും ബീഫും കഴിച്ചു മനസും വയറും നിറച്ചു യാത്ര തുടർന്നു, കുട്ടികൾ മടുക്കാതിരിക്കാൻ ഇടയ്ക്കിടെ ബ്രേക്ക്‌ എടുത്താണ് യാത്ര. മുണ്ടക്കയം നിർത്തി വണ്ടിക്കു എണ്ണയടിച്ചു (ഇതാണ് ഇപ്പോൾ യാത്രയുടെ ഏറ്റവും ചെലവേറിയ ഭാഗം), കുട്ടിക്കാനം കഴിഞ്ഞപ്പോൾ ഗൂഗിൾ മാപ്പ് ഒരു വഴി കാണിച്ചു സംശയം തോന്നിയ ഞാൻ മെല്ലെ ടെന്റ് സ്റ്റേയുടെ ഓണർ തന്ന നമ്പറിൽ വിളിച്ചു വഴി ചോദിച്ചു, നേരെ പോരെ വണ്ടിപെരിയാർ വന്നു തിരിഞ്ഞാൽ മതിയെന്ന് പറഞ്ഞു, അങ്ങനെ വണ്ടിപെരിയാറിൽ നിന്നും ലെഫ്റ്റെടുത്തു, വഴിയിൽ ബോർഡു കണ്ടു മ്ലാമല വാട്ടർഫാൾസ് 9km. അങ്ങനെ ഉച്ചയായപ്പോളേക്കും ഞങ്ങൾ സ്ഥലത്തെത്തി.

ഫോണിൽ വഴി പറഞ്ഞു തന്നപ്പോൾ തന്നെ പറഞ്ഞിരുന്നു റോഡരികിൽ വെയിറ്റ് ചെയ്യാമെന്ന്, പണി പകുതിയായ രണ്ടു കെട്ടിടങ്ങളാരുന്നു അടയാളം. (അവിടെ പുതുതായി പണിയുന്ന റിസോർട്ട് ബിൽഡിംഗ്‌ ആണ്, നമ്മുടെ ടെന്റ് ഓണറുടെ തന്നെ). റോഡരുകിൽ തന്നെയാണ് നമ്മുടെ വർഗീസ് ചേട്ടന്റെയും ലിസി ചേച്ചിയുടെയും വീട്, ഇവരാണ് അവിടുത്തെ കാര്യങ്ങളൊക്കെ നോക്കുന്നത്. ടെന്റ് കെട്ടുന്നതും ഫുഡ്‌ ഉണ്ടാക്കുന്നതും ക്യാമ്പ് ഫയർ ഇടുന്നതും ബാർബിക്യു ചെയ്തു തരുന്നതും,കാണാനുള്ള സ്ഥലങ്ങളിലൊക്കെ ഗൈഡ് ആയി വരുന്നതും എല്ലാം. ടെന്റ് സ്റ്റേ വയ്യാത്തവർക്ക് താമസിക്കാൻ മുൻപ് പറഞ്ഞ റൂം ഉള്ളതും ഇവരുടെ വീട്ടിൽ തന്നെയാണ്.

ചെന്നപ്പോൾ തന്നെ വർഗീസ് ചേട്ടൻ വീടും പരിസരവുമൊക്കെ കാണിച്ചു തന്നു, നാല് ഏക്കർ സ്ഥലത്തു ഓറഞ്ചും നാരങ്ങയും കൊക്കോയും കാപ്പിയുമൊക്കെയാണ് കൃഷി, അതിന്റെ സൈഡിലൊരു വീടും, എപ്പോഴും കാട്ടുകോഴികളുടെയും പക്ഷികളുടെയും ശബ്ദം കേൾക്കാം. മൊത്തത്തിൽ ശാന്ത സുന്ദരമായ ഒരു മലയോര പ്രദേശം. കൊല്ലത്തു താമസിക്കുന്ന ആലപ്പുഴക്കാരനായ റഷീദിക്ക ആണിതിന്റെ ഓണർ. പുള്ളിയെ വിളിച്ചാണ് ഞാൻ ബുക്ക്‌ ചെയ്തത്. വർഗീസ് ചേട്ടൻ പ്ലാനൊക്കെ പറഞ്ഞു, ഒന്ന് ഫ്രഷ് ആയ ശേഷം പരുന്തും പാറ കാണാൻ പോകാം (ലഞ്ച് നേരത്തെ പറഞ്ഞിട്ടില്ലാരുന്നു അതുകൊണ്ട് പുറത്ത് പോകുമ്പോൾ കഴിക്കണം, നേരത്തെ പറഞ്ഞാൽ എന്ത് ഭക്ഷണം വേണമെങ്കിലും ലിസി ചേച്ചി ഉണ്ടാക്കി വെക്കും). വൈകിട്ടു വന്നു ടെന്റ് കെട്ടി, ക്യാമ്പ് ഫയർ ഡിന്നർ, രാവിലെ എണീറ്റു കുരിശു മല കയറ്റം, പിന്നെ ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞു മ്ലാമല വെള്ളച്ചാട്ടം കാണാൻ പോണം, ഇതാരുന്നു വർഗീസ് ചേട്ടന്റെ പ്ലാൻ.

അങ്ങനെ ഞങ്ങൾ സമയം കളയാതെ ഇറങ്ങി പരുന്തുംപാറക്ക് പോന്നു, വേണമെങ്കിൽ സത്രവും പോകാം (അവിടെ മുൻപ് പോയിട്ടുള്ളതിനാലും ആ വഴി ഇത്തിരി മോശമാണോന്നുള്ള ഡൌട്ട് ഉള്ളതിനാലും സത്രം പോയില്ല), പരുന്തും പാറ പലവട്ടം പോയിട്ടുണ്ടെങ്കിലും ഓരോ തവണയും ഓരോ രൂപവും ഭാവവും, ചിലപ്പോ മഞ്ഞും തണുപ്പും, ചിലപ്പോൾ മഴ, ചിലപ്പോ ഒന്നും കാണാത്ത കനത്ത കോട, ചിലപ്പോ നല്ല ദൂരക്കഴ്ചകൾ കിട്ടുന്ന തെളിഞ്ഞ കാലാവസ്ഥ. അങ്ങനെ തെളിഞ്ഞു കിടക്കുന്ന പരുന്തുംപാറയിൽ കാഴ്ചകളും കണ്ട് ഐസ്ക്രീമും കഴിച്ചു കുറച്ചു സമയം ചെലവഴിച്ചു ഒരു ഇൻസ്റ്റന്റ് ഫാമിലി ഫോട്ടോയും പ്രിന്റ് ചെയ്തു വാങ്ങിച്ചു തിരിച്ചു പോന്നു.

തിരിച്ചെത്തിയപ്പോൾ ലിസി ചേച്ചി ചായയിട്ട് തന്നു, ഇരുട്ട് വീഴുന്നതിനു മുൻപ് ടെന്റ് കെട്ടാനിറങ്ങി. ടെന്റ് കെട്ടുന്നത് റിസോർട്ട് പണി നടക്കുന്നതിന് അടുത്ത് തന്നെയാണ്, ടെന്റ് കെട്ടി തീർന്നു തിരിച്ചു വന്നപ്പോൾ വർഗീസ് ചേട്ടൻ ഹോം തീയറ്ററിൽ മ്യൂസിക് ഇട്ടു തന്നു, മൈക്കും ഉണ്ട്, ഗാങ് ആയി വന്നാൽ പാട്ടും മേളവുമായി പൊളിക്കാം. ഞങ്ങൾ കുളിച്ചു ഫ്രഷായി വന്നപ്പോളേക്കും മുറ്റത്തു ക്യാമ്പ് ഫയർ റെഡി, അപ്പോഴേക്കും തണുപ്പായി തുടങ്ങി. തീ കാഞ്ഞു കൊണ്ടിരുന്നപ്പോളേക്കും ലിസി ചേച്ചി ഡിന്നറെടുത്തു വച്ചു. ചിക്കൻ ഫ്രൈ, ചിക്കൻ കറി,സാമ്പാർ, തോരൻ, ചോറ്, പൊറോട്ട അങ്ങനെ അത്യാവശ്യം വിഭവങ്ങളോട് കൂടിയ നല്ല നാടൻ ഡിന്നർ, മതി വരുവോളം കഴിക്കാം. ആവശ്യക്കാർക്ക് ബാർബിക്യു ചെയ്യാം നേരത്തെ പറഞ്ഞാൽ ചിക്കൻ മേടിച്ചു മാരിനേറ്റു ചെയ്തു വെക്കും.

ഡിന്നർ കഴിഞ്ഞു ടെന്റിലെത്തി, ഇതുവരെ ടെൻറ്റിൽ താമസിച്ചിട്ടില്ല ഒരു കൈ നോക്കാമെന്നു കരുതി, വൈഫിനും കുട്ടികൾക്കും പറ്റില്ലയെങ്കിൽ റൂമിൽ പോകാം അതാരുന്നു പ്ലാൻ. എന്നാൽ എന്നെക്കാളും അവർക്കാണ് ടെന്റ് ഇഷ്ടമായത്, ഈതൻ ഭയങ്കര exited ആരുന്നു ടെൻറ്റിൽ താമസിക്കാൻ, ഒരു കിങ് സൈസ് ബെഡിൽ കിടക്കുന്ന അത്രയും സ്ഥലമുണ്ട് അകത്തു. എല്ലാർക്കും സുഖമായി കിടക്കാം, പുറത്തു നല്ല തണുപ്പായി, പക്ഷേ ടെൻടിനുള്ളിൽ കുഴപ്പമില്ല. കാടൊന്നും അടുത്തില്ലാത്തത്കൊണ്ട് ടെൻഷനടിക്കാതെ കിടക്കാം, അങ്ങനെ സുഖമായി കിടന്നുറങ്ങി.

രാവിലെ അലാറം വച്ചെഴുന്നേറ്റു, വെയില് വീഴുന്നതിനു മുൻപ് കുരിശുമല കയറി ഇറങ്ങണം, മല കയറാൻ ഞാൻ മാത്രമേ പോകുന്നുള്ളൂ, ഒരു കട്ടൻകാപ്പിയൊക്കെ കുടിച്ച് മല കയറി (നല്ല മഞ്ഞും കിടിലൻ കാഴ്ചകളുമായി കുരിശുമല കയറ്റം അടിപൊളിയാരുന്നു, ഇതിന്റെ വിവരണം ഞാൻ കഴിഞ്ഞ ആഴ്ച്ച വേറെ പോസ്റ്റ്‌ ചെയ്തിരുന്നു). മലയിറങ്ങി തിരിച്ചെത്തിയപ്പോളേക്കും ചേച്ചി ബ്രേക്ക്‌ഫാസ്റ്റ് റെഡിയാക്കി വച്ചിട്ടുണ്ടാരുന്നു, പുട്ടും പഴവും ഫ്രൂട്ട്സും പിന്നെ വേണമെങ്കിൽ തലേന്നത്തെ ചിക്കൻ കറിയുമുണ്ട്. പുട്ട് മുൻപ് കണ്ടിട്ടില്ലാത്ത മട്ടിൽ വെച്ച് കീച്ചി. ഇനി മ്ലാമല വെള്ളച്ചാട്ടം അതാണടുത്ത പരിപാടി.

ടെന്റ് ഇട്ട സ്ഥലത്തു നിന്നും ഒരു രണ്ടു കിലോമീറ്റർ പോണം വെള്ളച്ചാട്ടത്തിലേക്ക്, വണ്ടിയിൽ തന്നെ പോകാം, വണ്ടി പാർക്ക്‌ ചെയ്തു ഒരു നൂറു മീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിലെത്താം. വേനലായത് കൊണ്ട് വെള്ളം കുറവാണു എന്നാലും ചാട്ടം നിലച്ചിട്ടില്ല, താഴെയും മുകളിലും കുഴികളിൽ ഇഷ്ടംപോലെ വെള്ളമുണ്ട്, എത്ര നേരം വേണമെങ്കിലും വെള്ളത്തിൽ കുത്തിമറിയാം ചെറിയ തോതിൽ നീന്തലുമാകാം. ഞങ്ങളെക്കാൾ കുട്ടികളാണ് തോട്ടിൽ ചാട്ടം എൻജോയ് ചെയ്തത്. അങ്ങനെ വെള്ളച്ചാട്ടത്തിൽ കുളിച്ചു കയറി തിരിച്ചു എത്തിയപ്പോളേക്കും ഏകദേശം പന്ത്രണ്ടു മണിയായി.

ഞാൻ ആദ്യം പറഞ്ഞപോലെ ഒരു തട്ടിക്കൂട്ട് പരിപാടി പ്രതീക്ഷിച്ചു വന്ന എനിക്ക് ഒരുത്സവം കഴിഞ്ഞ പ്രതീതിയാരുന്നു, ഇത്രക്കൊന്നും പ്രതീക്ഷിക്കാത്തത് കൊണ്ടാണോ അതോ ഇത് അത്രക്കും കിടിലമായതു കൊണ്ടാണോ ഏതായാലും ഒരാൾക്ക് 800 രൂപക്ക് ഇത്രയും സൂപ്പർ ഒരു പ്രോഗ്രാം വേറെ എവിടെയും കിട്ടാൻ സാധ്യതയില്ല. അവിടുന്നു തിരിച്ചിറങ്ങുമ്പോൾ ഞാൻ വർഗീസ് ചേട്ടനോട് പറഞ്ഞു ഇതൊരു സാമ്പിൾ മാത്രമാണ് ശെരിക്കും ഒരു വെടിക്കെട്ടിനുള്ള ആളെയും കൂട്ടി ഞാൻ വരുന്നുണ്ടെന്നു.

ഇതിന്റെ വീഡിയോ ഞങ്ങളുടെ DotGreen യൂട്യൂബ് ചാനലിൽ ഉണ്ട്, കാണുക ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക.
Mlamala Tent Stay