കാണാക്കാഴ്ചകൾ തേടി.....
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ഗ്രാമീണ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടുള്ള ഒരു ചെറിയ ബൈക്ക് യാത്രയുടെ അനുഭവങ്ങളാണ് ഇ യാത്രാ വിവരണം.
ഒരു ശനിയാഴ്ച വൈകുന്നേരം ഓഫീസിൽ നിന്നും വീട്ടിലേക്കു പോകും വഴി ആണ് നാളെ നാഗർകോവിൽ തിരുനെൽവേലി, തെങ്കാശി വഴി ഒരു റൗണ്ട് ട്രിപ്പ് അടിച്ചാലോ എന്നൊരു ഐഡിയ തോന്നിയത് . പോകുന്ന വഴിയിൽ കാണാത്ത കാഴ്ചകൾ എന്തേലും ഉണ്ടോ എന്നറിയാനായി ഫോണിൽ മാപ്പ് സൂം ചെയ്തപ്പോൾ ആണ് ഇത് വരേം കേൾക്കാത്തതും കാണാത്തതുമായ രണ്ടു ലൊക്കേഷൻസ് മുന്നിലേക്ക് വരുന്നത്. പൊയ്‌ഗായ് ഡാമും കൊടുമുടിയാർ ഡാമും. ശെടാ പലവട്ടം ആ റൂട്ട് പോയിട്ടും നമ്മൾ ഇത് കണ്ടില്ലല്ലോ എന്ന് വിചാരിച്ചു കൊണ്ട് ചായയും കുടിച്ചു റൂട്ടും തീരുമാനിച്ചു നേരെ വീട്ടിലേക്കു. ഒറ്റയ്ക്ക് പോയി മടുത്തതിനാലും യാത്ര പ്രാന്ത് ഉള്ള ഒരുത്തൻ കുടുംബത്തിൽ തന്നെ ഉള്ളതിനാലും കസിൻ അഖിലിനെ വിളിച്ചു പ്ലാൻ പറഞ്ഞു, യാത്ര എന്ന് മുഴുവനും കേൾക്കും മുന്നേ അവൻ റെഡി. സൺഡേ രാവിലെ 7 മണിക് പോകാൻ തീരുമാനിച്ചു ഉറങ്ങാൻ കിടന്നു.
നമ്മള് പറഞ്ഞാൽ പറഞ്ഞ സമയത്തു പോയി ശീലിച്ചതുകൊണ്ട് എണീറ്റപ്പോൾ തന്നെ മണി 7 ആയി. പിന്നെ കുളിക്കണ്ട എന്ന് തീരുമാനിച്ചു, പ്രഭാത കർമങ്ങൾ കഴിഞ്ഞു കാപ്പിയും കുടിച്ചു കഴിഞ്ഞപ്പോൾ അഖിലും എത്തി. ബൈക്ക് സ്റ്റാർട്ട് ചെയ്തു യാത്ര തുടങ്ങി. ആര്യനാട്, വെള്ളറട, നെട്ട, നാഗർകോവിൽ വഴി തിരുനെൽവേലി പോയി അവിടുന്ന് തെങ്കാശി, ഷെങ്കോട്ട, തെന്മല, പാലോട് വഴി വീടെത്താൻ ആണ് തീരുമാനം. അതിനിടക്ക് ഇന്നലെ കണ്ടു പിടിച്ച ഡാമുകളും കാണണം. നെട്ട വഴി പോയാൽ രണ്ടുണ്ട് കാര്യങ്ങൾ, നയന മനോഹരമായ കാഴ്ചകളാണ് ഒന്നെങ്കിൽ മറ്റേതു സമാധാനവും വലിയ തിരക്കില്ലാത്തതുമായ വഴിയുമാണ്. ചുരുക്കി പറഞ്ഞാൽ സുഖായി വണ്ടി ഓടിക്കാം. കാഴ്ചകൾ കണ്ടു കളിയിലും തൃപ്പരപ്പും കഴിഞ്ഞു കുലശേഖരം എത്തി. നാഗർകോവിൽ വഴി പോയാൽ ട്രാഫിക് ബ്ലോക്ക് ആയതിനാലും ദൂരം കൂടുതൽ ആയതിനാലും പൊയ്‌ഗായ് ഡാമിലേക്കുള്ള എളുപ്പ വഴി ആയി ഗൂഗിൾ കാണിച്ച അഴകിയപാണ്ടിപുരം ഭൂതപ്പാണ്ടി വഴി പോകാൻ ഇന്നലെയെ തീരുമാനിച്ചതിനാൽ, ആ റോഡിലേക്ക് തിരിഞ്ഞു. വഴിയുടെ രണ്ടു സൈഡിലും വയലുകൾ നിറയെ നെല്ലുമായി നിൽക്കുന്ന കാഴ്ചകൾ കണ്ടു കൊണ്ട് വണ്ടി ഓടിച്ചു കൊണ്ടിരുന്നു. കണ്ണെത്താ ദൂരത്തോളം വയലുകൾ പരന്നു കിടക്കുന്ന ഒരു സ്ഥലം എത്തിയപ്പോൾ ബൈക്ക് നിർത്താതെ ഇരിക്കാൻ തോന്നിയില്ല. അത് അല്ലേലും ഇ വയലും നെല്ലുമെല്ലാം നമ്മൾ മലയാളികൾ എത്ര വേണ്ടാന്നു വെച്ചാലും നമ്മടെ മനസിന്ന് പോകത്തില്ല. മതിയാവോളം വയല് കണ്ടു ഒരുപാട് ഫോട്ടോസും എടുത്തു വീണ്ടും യാത്ര തുടങ്ങി. വഴി നീളെ വയലുകൾ പച്ച പട്ടുടുത്തു നിൽക്കുന്ന കാഴ്ചകളും കണ്ടു പൊയ്‌ഗായ് ഡാമിലെത്തി.
ചെറുതാണെലും വളരെ നയന മനോഹരമായ ഡാമാണ് പൊയ്‌ഗായ് ഡാം. മലമ്പുഴ ഡാമൊക്കെ കണ്ടിട്ടുള്ള നമുക്കിതൊരു തടയണ മാത്രമാണെന്ന് തോന്നും അത്രയേ ഉള്ളു. 2000 ഇൽ പണി കഴിപ്പിച്ച ഡാം ആണിത്. ആരൽവയ്‌മൊഴി, ചെമ്പകരാമൻപുത്തൂർ, പഴവൂർ, തോവാള തുടങ്ങിയ തമിഴ് ഗ്രാമങ്ങളിലെ ഏകദേശം 242 ഏക്കറോളം കൃഷിക്ക് ജലമെത്തിക്കൽ ആണ് ഡാമിന്റെ നിർമ്മാണോദ്ദേശം. 42 അടി ആണ് ഉയർന്ന ജല സംഭരണ ശേഷി. ഡാമിന്റെ മുന്നിൽ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്. വലിയ മലനിരകൾക് അടിയിലായി ഭംഗിയുള്ള ഒരു ചെറിയ ഡാം. ഡാമിലേ വെള്ളത്തിനു ചന്ദനം കലക്കിയ നിറമായിരുന്നു. എന്താ അതിനു കാരണം എന്ന് എനിക്ക് മനസിലായില്ല, ചോദിക്കാൻ ആണേൽ അവിടെങ്ങും ആരേം കാണാനും ഇല്ല. ഡാമിന് അടുത്തായി ഒരുപാട് കാറ്റാടികൾ ഉണ്ട്. ഡാമും കണ്ടു ഫോട്ടോ സെഷനും കഴിഞ്ഞു അടുത്ത സ്ഥലമായ കൊടുമുടിയാർ ഡാമിലേക്. മെയിൻ റോഡിലേക്ക് വീണ്ടും എത്തുമ്പോൾ കാഴ്ചകൾ നേരത്തെ കണ്ടതുതന്നെ ആണ്. തമിഴ്നാട്ടുകാർ കൃഷിയെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് ഇ കാഴ്ചകൾ കണ്ടാൽ മനസിലാകും. ആര് കണ്ടാലും നോക്കി നിന്നു പോകുന്ന അത്ര പച്ചപ്പാണ് വയലുകളിൽ. ആരൽവായ്മൊഴിയിലെയും പനകുടിയിലെയും കാഴ്ചകളും കണ്ടു വള്ളിയോർ എത്തി.
ഇവിടെ നിന്നും ഇടതേക് തിരിഞ്ഞു രാജപുത്തൂർ വഴിയാണ് കൊടുമുടിയാർ ഡാമിലേക് പോകേണ്ടത്. പൊയ്‌ഗായ് ഡാമിനെക്കാൾ ഭംഗി ഉള്ളതും വലുതുമാണ് കൊടുമുടിയാർ ഡാം. വന്യമായ ഒരു ഭംഗി ആണ് കൊടുമുടിയാറിനും പരിസരങ്ങൾക്കും. അധികം ആരും എത്താത്ത മനോഹരമായ ഒരു സ്ഥലം. ഡാമിൽ വെള്ളം കുറവായിരുന്നു എന്നാലും ഭംഗിക് ഒരു കുറവും ഇല്ല. ഡാമിനെ പറ്റിയുള്ള വിവരങ്ങൾ ചോദിക്കാൻ ആരേം കിട്ടിയില്ല ഗൂഗിളിൽ ആണേൽ ഒരു വരി പോലും ഇല്ല. ഗൂഗിളിൽ ഇല്ലാത്ത സ്ഥലവും ഉണ്ടെന്നു മനസിലായി. അവിടെ നിന്നും ഇറങ്ങി ഭക്ഷണവും കഴിച്ചു തിരുനെൽവേലിയിലേക്കുള്ള യാത്രയിൽ ആണ് അഖിൽ ഓർമിപ്പിച്ചത് കൂന്തൻകുളം പക്ഷി സങ്കേതം ഞങ്ങൾ പോകുന്ന റൂട്ടിൽ ആണല്ലോ എന്ന്. ശരിയാണ് ഞാനും അത് അപ്പോളാണ് ഓർത്തത്. മുൻപ് പലവട്ടം ഞങ്ങൾ പോയതാണേലും വീണ്ടും അതിനടുത്തു കൂടി പോകുമ്പോൾ കയറാതെ പോകുന്നത് മോശമല്ലേ. അത് പിന്നെ ഓരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോൾ മാറ്റാനും പറ്റില്ല. സിംഗനേരി അരിയാകുളം വഴി വണ്ടി നേരെ കൂന്തൻകുളതെക്കു.
തിരുനെൽവേലി ജില്ലയിലെ നാങ്കുനേരി താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം ആണ് കൂന്തൻകുളം. ഇവിടെയാണ് ജല പക്ഷികളുടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.ചെന്ന് കണ്ടാലോ പോകുന്ന വഴിക്കോ ഇ പറഞ്ഞ അലങ്കാരം ഉള്ള സ്ഥലത്തേക്കാണ് നമ്മൾ പോകുന്നതെന്നു ഒരിക്കലും തോന്നില്ല. 1994 ആണ് കൂന്തൻകുളം ഒരു പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്. നാട്ടുകാരും കൂന്തൻകുളം വില്ലേജും ചേർന്നാണ് സങ്കേതം സംരക്ഷിക്കുന്നത്. ആരും പക്ഷികളെ ഉപദ്രവിക്കാറില്ല സഹായിക്കുകയെ ചെയ്യാറുള്ളു എന്ന് മുത്തുസ്വാമി എന്ന അണ്ണൻ പറഞ്ഞു. പക്ഷികളെ ഉപദ്രവിക്കുന്നവരെ തല മൊട്ട അടിച്ചു കഴുത പുറത്തു കൊണ്ട് പോകുന്നതാണ് ശിക്ഷ നടപടി. തമിഴ്നാട്ടിലെ വലിയ ആഘോഷമായ ദീപാവലി കൂന്തകുളത് ആഘോഷിക്കാറില്ല. പടക്കത്തിന്റെ ശബ്ദം കേട്ടു ദേശാടന പക്ഷികൾ പേടിച്ചു പറന്നു പോകാതിരിക്കാൻ വേണ്ടിയാണു ആഘോഷം വേണ്ടാന്നു വച്ചിരിക്കുന്നത് .
വലിയൊരു വാച്ച് ടവർ ആണ് കൂന്തൻകുളത്തെ പ്രധാന ആകർഷണം. ഇതിൽ കയറി നിന്നാൽ വലിയൊരു കുളം പോലെ വെള്ളം കെട്ടി നിൽക്കുന്ന ഇടക്ക് മരങ്ങൾ ഒക്കെ ഉള്ള മനോഹരമായ ഒരു പ്രദേശമാണ് കാണാൻ കഴിയുക. അവിടെയാണ് പക്ഷികൾ കൂടു കൂട്ടുന്നതും പ്രജനനം നടത്തുന്നതും. എല്ലാ സമയത്തും പക്ഷികൾ ഉണ്ടാകുമെങ്കിലും, ദേശാടന പക്ഷികൾ വന്നു തുടങ്ങുന്നത് ഡിസംബറിൽ ആണ്. 43 തരം വിദേശികളും സ്വദേശികളുമായ ഒരു ലക്ഷത്തിലധികം ജല പക്ഷികൾ എത്തുന്നു എന്നാണ് ഏകദേശ കണക്കുകൾ. പ്രജനനം കഴിഞ്ഞു കുഞ്ഞുങ്ങൾ പറക്കാറാകുമ്പോൾ ജൂൺ ജൂലൈ ആകും, അപ്പോൾ അവ തിരികെ പോകുകയും ചെയ്യും. സൈബീരിയ, സെൻട്രൽ ഏഷ്യ, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ പക്ഷികൾ എത്തുന്നത്. കുട്ടികളുടെ പാർക്കും ഒരു ഇന്റെർപ്രെറ്റേഷൻ സെന്ററും ഇവിടെ ഉണ്ട്. പക്ഷി നിരീക്ഷകരുടേം ഫോട്ടോഗ്രാഫേഴ്സിന്റെയും ഒരു ഇഷ്ട ലൊക്കേഷൻ ആണ് കൂന്തക്കുളം. അധികം വീടുകളോ കടകളോ ഇല്ലാത്ത ഏരിയ ആയതു കൊണ്ട് വരുന്നവർ വെള്ളം കൊണ്ട് വരുന്നത് നല്ലതായിരിക്കും. പലവട്ടം വന്നതിനാൽ കാഴ്ചകൾ ഒന്നും പുതുമ ഉള്ളതായിരുന്നില്ല അത്കൊണ്ട് തന്നെ മുത്തു അണ്ണനോട് സംസാരിച്ചിരുന്നു. സമയം രണ്ടു മണി ആയിരിക്കുന്നു ഒടുക്കത്തെ ചൂടും. വെള്ളം വാങ്ങാൻ മറന്നിരിക്കുന്നു. മുത്തു അണ്ണനോട് യാത്ര പറഞ്ഞു ഇറങ്ങി നേരെ തിരുനെൽവേലിയിലേക്. പോകുന്ന വഴി വെള്ളവും കുടിച്ചു യാത്ര തുടർന്നു.
തിരുനെൽവേലി അംബാസമുദ്രം റോഡ് സൈഡിൽ ഗുണ്ടൽപേട്ടിലെ ജമന്തിപ്പാടങ്ങളെ ഓർമിപ്പിച്ച ഒരു ചെറിയ ജമന്തി തോട്ടം കണ്ടാണ് വണ്ടി നിർത്തിയത്. മനോഹരമായ ഒരു കാഴ്ച. കർഷകനോട് അനുവാദം വാങ്ങി പാടത്തു ഇറങ്ങി ഒത്തിരി ഫോട്ടോ എടുത്തു. പുള്ളിക്കും സന്തോഷം നമുക്കും സന്തോഷം. ചാട്ടം കണ്ടപ്പോൾ തന്നെ പുള്ളി ചോദിച്ചു കേരളത്തിന്നു ആണല്ലെന്നു. അറിയുന്നതും അറിയാത്തതുമായ തമിഴ് വാക്കുകൾ നിരത്തി അഖിൽ പുള്ളിയോട് സംസാരിക്കുന്നുണ്ടാരുന്നു. മക്കൾക്ക് കൃഷിയിൽ താല്പര്യം ഇല്ല. മകൻ ചെന്നൈയിൽ എഞ്ചിനീയർ ആണ്, ഇദ്ദേഹത്തെയും അങ്ങോട്ട് വിളിച്ചിട്ടുണ്ട്. കൃഷി കളഞ്ഞിട്ടു പുള്ളി പോകാൻ റെഡി അല്ല. ഇ തലമുറ കഴിഞ്ഞാൽ തമിഴ്നാടും കേരളം പോലെ ആകുമോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. അംബാസമുദ്രം, അൽവാർകുറിച്ചി, കുറ്റാലം വഴി ചെങ്കോട്ട എത്തി. ഇ റൂട്ട് വന്നാൽ തെങ്കാശിയിലെ തിരക്ക് ഒഴിവാവാക്കാം അതുമല്ല നല്ല ഗ്രാമീണ കാഴ്ചകളുമാണ്. എല്ലാം കണ്ടും കേട്ടും പുളിയറയും കഴിഞ്ഞു കേരള തമിഴ്നാട് അതിർത്തിയിൽ ഉള്ള സ്ഥിരം ചായ കടയിൽ എത്തി. ചായ കുടിക്കും വിശ്രമത്തിനും ശേഷം, ഇനി വരുമ്പോൾ കാണാം എന്ന് ചായ കടയിലെ ചേട്ടനോട് പറഞ്ഞു യാത്ര തുടർന്നു. ആര്യങ്കാവ് ചുരം കയറി തെന്മല എത്തി. നല്ല മഴ ആയിരുന്നതിനാൽ ചുരത്തിൽ സാമാന്യം നല്ല തണുപ്പുണ്ട്. എന്നാൽ താഴെ തമിഴ്നാട്ടിൽ മഴയുടെ യാതൊരു ലക്ഷണവും ഇല്ല. തെന്മല നിന്നും വീണ്ടും ഒരു ചായ കുടിച്ചു. വീട്ടിൽ ഇരുന്നു വെറുതെ പോകുമായിരുന്ന ഒരു ദിവസം കൂടി യാത്രയിലൂടെ സുന്ദരമായ സന്തോഷത്തോടെ മഴയും നനഞ്ഞു വീട്ടിലേക്കു.
ചെറുതായാലും വലുതായാലും യാത്രകൾ എല്ലാർക്കും ഇഷ്ടമാണ്. ഓരോ യാത്രയും ഓരോ അനുഭവങ്ങളും.
ഞാൻ പോയ റൂട്ട്
vithura - aryanad - kuttichal - kallikkad - kulasekharam - boothapandi - poigai dam -arulvaimozhi - panakudi - kesavaneri - kodumudiyar dam - vallioor - singaneri - ariyakulam - koonthakulam - thirunelveli - Ambasamudram - alwarkurichi - kadayam - kuttalam - puliyarai - aryankav - thenmala - palod - vithura.
NB : ഞാൻ ഇതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ റെഗുലർ ടൂറിസ്റ്റ് സ്പോട്ടുകൾ അല്ല. എല്ലാ സ്ഥലങ്ങളും ഗ്രാമങ്ങളിൽ ആണ്. അത്കൊണ്ട് പോകുമ്പോൾ കഴിക്കാനും കുടിക്കാനും എന്തേലും കരുതുക.