ഗവി ..ഒരു മിടുമിടുക്കി

Give your rating
Average: 4 (5 votes)
banner
Profile

Sreehari Kadapra

Loyalty Points : 210

Total Trips: 4 | View All Trips

Post Date : 08 Jun 2021
4 views

നാടാകെ 'കൊറോണം' ആണത്രേ.. എത്രയെത്ര യാത്രകൾ ആണ് ഒരു ചിന്ന വൈറസ് കാരണം നഷ്ടമായത്..കൊറോണ ഒരൽപം കുറഞ്ഞപ്പോൾ ആണ് ഞങ്ങളും ഇറങ്ങി തിരിക്കുന്നത്.. കൊറേ കാലമായി സർക്കാർ ബസിൽ കയറിയിട്ട്..ഇന്നത്തെ യാത്ര ഗവിയിലേക്ക് ആണ്..നമ്മുടെ പത്തനംതിട്ടക്കാരുടെ സ്വന്തം ഗവിയിലേക്ക് ..

കേരളത്തിൽ ഒക്കെയും യാത്ര ചെയ്തപ്പോൾ എനിക്ക് ഏറ്റവും നല്ല ഭക്ഷണം ലഭിച്ചത് പാലക്കാട് നിന്നും, ഏറ്റവും സ്നേഹമുള്ള ആളുകളെ കണ്ടത് കണ്ണൂരിലും, ചരിത്രം കണ്ടത് തിരുവന്തപുരത്തും തുരുത്തും കായലും കണ്ടത് കൊല്ലത്തും, ഷാപ്പും താറാവ്കറിയും കടൽവിഭവങ്ങളും കിട്ടിയത് ആലപ്പുഴയിലും, പ്രകൃതിയെ കണ്ടത് ഇടുക്കിയിലും വികസനം അറിഞ്ഞത് എറണാകുളത്തും, ഭാഷ ഇഷ്ടപ്പെട്ടത് തൃശ്ശൂരിലെയും, എന്നെ മയക്കിയത് വയനാടും ആണ്..അങ്ങനെയൊക്കെ ആണെങ്കിലും ജീവിക്കാൻ ഇഷ്ടം നമ്മുടെ പത്തനംതിട്ട തന്നെയാണ്..

കഥ തുടങ്ങുന്നത് 2012ൽ ആണ്.. മലയാളത്തിൽ ഒരു സിനിമ ഇറങ്ങുന്നു.." ഓർഡിനറി".. പത്തനംതിട്ട ജില്ലയിലെ നിത്യഹരിത വനമായ ഗവിയും അവിടേക്കുള്ള ഒരു സര്ക്കാര് ബസ് സർവീസും ആണ് സിനിമയുടെ പ്രമേയം..അതൊരു വഴിത്തിരിവ് ആയിരുന്നു. ഗവി എന്ന നിത്യ ഹരിത സുന്ദരിയെ തേടി പുറംലോകമെത്തിയ വഴിത്തിരിവ് !!!!!

പക്ഷെ എനിക്ക് നിങ്ങളോട് ഒരു അഭ്യർഥന ഉണ്ട്. ഓർഡിനറി സിനിമയും കണ്ടിട്ട് ഗവിയും കാണാൻ ഇറങ്ങിയിട്ട് 'ചെ... അവിടെ എന്താണിത്ര കാണാൻ ഇരിക്കുന്നത്' എന്ന സ്ഥിരം പല്ലവിയുമായി വരുന്ന അന്ധന്മാരുടെ വാക്കുകൾ കേൾക്കരുത്..സിനിമയുടെ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഗവിയിൽ ഷൂട്ട് ചെയ്തിട്ടുള്ളു എന്ന സത്യം മനസിലാക്കുക..എന്നിട്ട് വേണം ഗവി കാണാൻ ഇറങ്ങാൻ..

ഒരു കൊച്ചുവെളുപ്പാൻ കാലത്ത് ഞാനും Gopi Krishnan കൂടെ അന്തവും കുന്തവും ഇല്ലാതെ ഇറങ്ങി തിരിക്കുന്നു.. ഗവിയിലേക്ക്..രാവിലെ 06:30 ന് പത്തനംതിട്ടയിൽ ഗവിയിലേക്ക് സർക്കാർ ബസുണ്ട് .. അതിൽ കയറിപ്പറ്റുക എന്നൊരു ഉദ്ദേശ്യം മാത്രമേ അപ്പോഴുള്ളൂ.. ബാക്കിയെല്ലാം വഴിയേ വന്നോളും. നല്ല തണുപ്പുള്ള ആ പ്രഭാതത്തിൽ ഞാനും ഗോപിയും പത്തനംതിട്ട ബസ് സ്റ്റാൻഡിലെ കുമളി വണ്ടിയുടെ പ്ലാറ്റുഫോമിൽ നിൽക്കുകയാണ്.. "വടശ്ശേരിക്കര, പുതുക്കട, ചിറ്റാർ, ആങ്ങമൂഴി, പച്ചകാനം, ഗവി വഴി കുമളിക്ക് പോകുന്ന വണ്ടി ഉടനെ സ്റ്റാൻഡ് പിടിക്കുന്നതാണ്"... അറിയിപ്പ് വരുന്നതും കാത്ത് ഇരിക്കുന്ന രണ്ട് ചെറുപ്പക്കാരെ നിർദ്ദയമായി കബളിപ്പിച്ചു കൊണ്ട് ഒരു മുന്നറിയിപ്പും ഇല്ലാതെ ഗവി വണ്ടി, തിരുവല്ലയുടെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചു..ഞങൾ ഓടിച്ചെന്നപ്പോഴേക്കും സീറ്റ് എല്ലാം നിറഞ്ഞു കഴിഞ്ഞിരുന്നു..അങ്ങനെ ഞങ്ങൾ തുടക്കത്തിൽ തന്നെ 'പോസ്റ്റ്' ആയി എന്ന് ഓർമ്മിപ്പിക്കുന്നു..

ഡ്രൈവർ വരുന്നു..വണ്ടി എടുക്കുന്നു.. എല്ലാം പട പടേന്ന്..!! അങ്ങനെ പത്തനംതിട്ട ഡിപ്പോയുടെ RAC 496 ഒറ്റക്കൊമ്പൻ ഗവിക്കുള്ള യാത്ര തുടങ്ങി..നമ്മുടെ ജില്ലയിൽ മലയോര ഹൈവേ വികസനം നടക്കുന്ന സമയം ആണ്. റോഡോ അതോ തോടോ എന്നൊരു തീരുമാനത്തിൽ എത്താനാവാതെ വിധത്തിൽ പരിതാപകരം..ഞാൻ പതിയെ ബോണറ്റിൽ( എൻജിൻ ഭാഗം ) സീറ്റ് പിടിച്ചു..ഇരുപ്പ് അത്ര സുഖകരമല്ലെങ്കിലും കാഴ്ചകൾ കാണാൻ ഇതിലും പറ്റിയ സ്ഥലം വേറെയില്ല..പ്രേതേകിച്ചും നമ്മൾ പോകുന്നത് ഗവിയിലേക്ക് ആയത് കൊണ്ട് ഏറ്റവും മികച്ച ഇരിപ്പിടം ഇത് തന്നെയാണ് . വല്ല ആനയോ വല്ലോം വന്നാൽ ആദ്യം കാണാമല്ലോ..ആനയെ കാണാം എന്ന് കരുതി ആരും ബാക്കി വായിച്ചു വരണ്ട ..നിർഭാഗ്യവശാൽ ആ യാത്രയിൽ ആനയെ കണ്ടില്ല..

ഡ്രൈവർ സാറിനെ കുറിച്ച് പറയാതെ പോയാൽ അത് ഒരു അഭംഗി ആകും എന്ന കാര്യം ഉറപ്പാണ്. രാജു സർ .. നേവിയിൽ ആയിരുന്നു..അവിടുന്ന് വിരമിച്ച ശേഷം കെ എസ് ആർ ടി സി യിൽ കയറി..ഇപ്പോൾ അഞ്ച് വർഷമായി ഗവി വണ്ടിയുടെ സാരഥി ആണ്..ഒറ്റ വാക്കിൽ പറഞ്ഞാൽ പത്തനംതിട്ടക്കാരൻ ഇരട്ടചങ്കൻ !! അല്ലെങ്കിലും ഇത്രയധികം വന്യമൃഗങ്ങൾ വിഹരിക്കുന്ന ഗവിയുടെ വന്യതയിലേക്ക് അൻപത് ആളിനെയും കയറ്റി ആ വണ്ടി ഓടിച്ചു പോകാൻ ഇരട്ടചങ്ക് തന്നെ വേണം..അദ്ദേഹം ഈ കഴിഞ്ഞ ആഴ്ച സർവീസിൽ നിന്നും വിരമിക്കുകയുണ്ടായി..

അങ്ങനെ വണ്ടി പുതുക്കട ചിറ്റാർ വഴി ആങ്ങാമൂഴിയിൽ എത്തി..ഇതാണ് അവസാനത്തെ ഗ്രാമം..ഇനി മനുഷ്യവാസം ഉള്ളത് ഗവിയുടെ അടുത്ത് കൊച്ചുപമ്പ ഭാഗത്ത് ഒക്കെയാണ്..ആങ്ങാമൂഴിയിൽ വണ്ടി നിർത്തി.. പ്രഭാത ഭക്ഷണം കഴിക്കാൻ വേണ്ടിയാണ്..സമയം 8 മണി ആകാറായിട്ടുണ്ട്..കൊറോണ കാരണം പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്ന ഒരു സാഹസത്തിന് ഞങ്ങൾ മുതിർന്നില്ല..പട്ടിണി ഇരിക്കുന്നു എന്ന്!!!

ആങ്ങമൂഴിയിൽ വണ്ടി എടുത്ത് നേരെ ചെല്ലുന്നത് പച്ചക്കാനം ചെക്‌പോസ്റ്റിലേക്ക് ആണ്.. ബസിൽ പോകുന്നത് കൊണ്ട് നമുക്ക് ഇവിടെ കാര്യം ബോധിപ്പിക്കേണ്ടി വരുന്നില്ല..സ്വകാര്യവാഹങ്ങളിൽ എത്തുന്നവർ ചെക്‌പോസ്റ്റിൽ നിന്നും പാസ് എടുത്തു മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു..നിയന്ത്രണാടിസ്ഥാനത്തിൽ പത്ത് മുതൽ മുപ്പത് വണ്ടികളെ ആണ് ഒരു ദിവസം കടത്തി വിടുന്നത്..

ചെക്‌പോസ്റ്റ് ഉയർന്നു..രാജാവിനെന്ത് ക്യൂ എന്നൊരു ഭാവത്തിൽ നമ്മൾ മുന്നോട്ട്..ആദ്യം കുറെ ദൂരം റോഡിനിരുവശവും ഈറക്കാടുകൾ ആണ്..കഷ്ടിച്ച് നമ്മുടെ വണ്ടിക്ക് മാത്രം പോകാൻ വീതിയുള്ള ടാർ റോഡ്.. ഇടക്ക് അവിടിവിടെയായി റോഡ് ഇളകി കിടക്കുന്നു.. വനപാതയിൽ ടാർ ചെയ്താലും അധികം വൈകാതെ നാശം സംഭവിക്കുന്നു.. നിരന്തരമായ മഴ ആണ് അതിനൊരു കാരണം.ആ ദുർഘടമായ മലഞ്ചെരിവിലൂടെ ഒരു മാരുതി കാർ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ രാജു സാർ നമ്മുടെ ആനവണ്ടിയെ നിയന്ത്രിക്കുന്നു..കടന്ന് പോകുന്ന ഓരോ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പറഞ്ഞു തരുന്നുണ്ടായിരുന്നു..അദ്ദേഹത്തിന് ആ റൂട്ടിൽ പറയാൻ ഒരുപാട് കഥകൾ ഉണ്ട്..കണ്ടതും അനുഭവിച്ചതും ആയ കാര്യങ്ങൾ..കാട് കയറും തോറും ഞങ്ങളെക്കാൾ ആവേശം അദ്ദേഹത്തിനായിരുന്നു..

ആദ്യത്തെ ഡാം മൂഴിയാർ ആണ്.സുരക്ഷാകാരണങ്ങളാൽ ഫോട്ടോ എടുക്കാനോ വീഡിയോ എടുക്കാനോ അനുവാദം ഇല്ല..വീണ്ടും മുന്നോട്ട്.. അടുത്തത് കാക്കി ഡാം ആണ് ..പത്തനംതിട്ടയുടെ ടൂറിസം സാധ്യതകൾക്ക് വലിയ ഉത്തേജനം നല്കാൻ ശേഷിയുള്ള മനോഹാരിത ആണ് പ്രകൃതിക്കിവിടെ..കക്കി ഡാമിൽ നിന്ന്നോക്കിയാൽ പൊന്നമ്പലമേട് കാണാം എന്ന് രാജു സാർ പറയുന്നുണ്ടാരുന്നു..മനോഹരമായ സ്ഥലം..കണ്ട് കൊതിതീരും മുന്നേ പോകേണ്ടി വന്നു..

വഴിയരികിൽ ഒരുപാട് കാഴ്ചകൾ ഉണ്ട്..മാനും മലയണ്ണാനും കാട്ടുപോത്തും ശബരിഗിരിയുടെ പെൻസ്റ്റോക്ക് പൈപ്പുകളും ഇക്കോപാറയും എന്നുവേണ്ട യാത്രയിൽ മുഴുവൻ കണ്ടുതീർക്കാൻ പറ്റാത്തത്ര കാഴ്ച്ചകൾ...

ഇനി വഴി വളരെ മോശം ആണ്..പലയിടത്തും റോഡ് ഇല്ല..2018 ലെ പ്രളയത്തിൽ റോഡ് കുറെ ഭാഗം ഒലിച്ചു പോയിരുന്നു..ഏകദേശം 15 കിലോമീറ്ററോളം വളരെ മോശം റോഡ് ആണ്..ചെറിയ വണ്ടികൾ ആണെങ്കിൽ ഉറപ്പായും പണി കിട്ടും.. അങ്ങനെ ഏകദേശം നൂറോളം കിലോമീറ്ററുകൾ പിന്നിട്ട് ഞങ്ങൾ ഗവിയിൽ എത്താറായിട്ടുണ്ട്..

ഗവി ഒരു ചെറിയ ഗ്രാമമാണ്..തോട്ടം തൊഴിലാളികളുടെ നാട്..ശ്രീലങ്കൻ വംശജരായ കുറച്ചു സാധു മനുഷ്യർ. അവർക്ക് പുറംലോകവും ആയി ഉള്ള ആകെ ബന്ധം ഈ ബസ് ആണ്. ഒരു പോസ്റ്റ്ഓഫീസ് , ട്രൈബൽ സ്കൂൾ, കുടിലുകളും കാന്നാലികളും കുറച്ചു മനുഷ്യരും..ഇതൊക്കെയാണ് ഗവി. ഇത് വരെ കണ്ടു വന്ന കാഴ്ചകളുടെ അത്ര നിറമുള്ള കാഴ്ചകൾ ആയിരുന്നില്ല അവിടെ. റോഡിരികിൽ നിൽക്കുന്ന ആളുകളിൽ പലരും രാജു സാറിനെ കൈ വീശി കാണിക്കുന്നുണ്ട്.. അദ്ദേഹം ജനകീയൻ ആണ്..തിരിച്ചും സലാം പറയുന്നുണ്ട്..ഞാൻ ഇതൊക്കെ കണ്ട് കൊണ്ട് ബോണറ്റിൽ ഇരിക്കുക ആണ്.. ''പാവങ്ങളാ.. സ്നേഹം ഉള്ളവരാ.." രാജു സർ എന്നോട് പറഞ്ഞു..ഞാൻ വെറുതെ ഒന്ന് ചിരിച്ചതെയുള്ളൂ.ഒരിക്കലെങ്കിലും ഇങ്ങനെയുള്ള അധഃസ്ഥിതരായ ആളുകളുടെ ജീവിത സാഹചര്യങ്ങൾ കാണാൻ ഇടയാകുമ്പോൾ നിങ്ങൾക്ക് എന്റെ ആ പുഞ്ചിരിയുടെ അർത്ഥം മനസിലാകും എന്ന് കരുതുന്നു..!!!!

സമയം 11 30 ആയപ്പോഴേക്കും ഞങ്ങൾ ഗവിയിൽ ഇറങ്ങി..ഇവിടെ പ്രതേകിച്ചു കാഴ്ചകൾ ഒന്നുമില്ല..ഷട്ടർ ഇല്ലാത്ത ഒരു ചെറിയ ഡാമും റിസര്വോയറിൽ ബോട്ടിംഗ്ൻ ഉള്ള സൗകര്യവും ഉണ്ട്‌..ബോട്ടിംങ്നായി മുൻകൂട്ടി പാക്കേജ്‌ എടുക്കേണ്ടതായി ഉണ്ട്..കയ്യിൽ ഉള്ള ബിസ്കറ്റും കഴിച്ചിട്ട് ഞങ്ങൾ റോഡിരികിൽ ഇരിക്കുക ആണ്..എന്ത് ചെയ്യാനാണ് ഇനി..ഒന്നും ചെയ്യാൻ ഇല്ല. കുമളിക്ക് പോയ ബസ് തിരിച്ചു വരുമ്പോ ഉച്ച കഴിഞ്ഞു 3.00 മണി ആകും..അത് വരെ ഈ ഇരിപ്പ് തന്നെ ശരണം..കാര്യം മനസ്സിലായോ.. ഗവിയിൽ ചെന്നിറങ്ങിയാൽ 12 മണി മുതൽ 3.00 മണി വരെ കട്ട പോസ്റ്റ് ആയി നിൽക്കേണ്ടി വരും..അത് തന്നെ..

ആ സമയമത്രയും നിരാശരായ ഒരുപാട് മുഖങ്ങൾ ഞങ്ങൾക്ക് കാണേണ്ടി വന്നു..ഗവി എന്തോ വലിയ സംഭവം ആണെന്ന് കരുതി വഴിയിലെ കാഴ്ചകൾ ഒന്നും ആസ്വദിക്കാതെ ഗവിയിൽ വന്നിറങ്ങി നിരാശയും ദേഷ്യവും പ്രകടിപ്പിക്കുന്നവർ..നാളെ നിങ്ങൾ അതിൽ ഒരാളായി മാറരുത് എന്നതുകൊണ്ടാണ് ഇതിപ്പോ ഇവിടെ കുറിക്കുന്നത്..ഗവിയിൽ അല്ല കാഴ്ച..ആ യാത്രയിലാണ് കാഴ്ചകൾ.. മടുപ്പിക്കാത്ത കാഴ്ചകൾ

അതിനിടയിലാണ് കൊല്ലംകാരൻ ആയ ഒരു ഡ്രൈവർ ഞങ്ങളുടെ അടുത്തേക്ക് വന്നത്.കക്ഷിയും നിരാശയിൽ ആണ്..ഗവി കാണാൻ വന്നിട്ട് ഇവിടെ ഇവിടെ എന്തിരിക്കുന്നു എന്നൊരു ഭാഷ്യം..!! വണ്ടിയിൽ ഒരു ചെമ്പ് ബിരിയാണി ഇരിപ്പുണ്ടത്രേ.. ദം പൊട്ടിച്ചില്ല..ഞങ്ങളോട് എന്നല്ല അവിടെ നിൽക്കുന്ന മുഴുവൻ ആളുകളോടും അത് പറഞ്ഞു നടക്കുകയാണ്..ഗവിയിൽ ഒന്നും ഇല്ലാത്തത് ആണോ അതോ ബിരിയാണിയുടെ ദം പൊട്ടിക്കാത്തതിൽ ആണോ അയാൾക്ക് വിഷമം എന്ന് സ്വാഭാവികമായും ഞങ്ങൾക്ക് തോന്നിപ്പോയി..

 

ഉച്ചതിരിഞ്ഞു 3.00 ആയപ്പോഴേക്കും വണ്ടി ഗവിയിൽ എത്തി.ഞങ്ങൾ കയറുക ആണ്..തിരികെ ഉള്ള യാത്ര.നേരം ഇരുട്ടി തുടങ്ങുന്നു..ഉണർന്നിരിക്കുന്നതിക്കും ഭീകരം ആണ് ഉറങ്ങുന്ന കാട്.. വന്യത..ജനലിലൂടെ തണുത്ത കാറ്റ് അരിച്ചിറങ്ങുന്നു..എല്ലായിടവും നിശബ്ദം..കാതടിപ്പിക്കുന്ന ഇരമ്പൻ ശബ്ദതത്തോടെ ആ സർക്കാർ ശകടം കുതിക്കുകയാണ്..!!!!!!

 

ശ്രീഹരി കടപ്ര 9656651561

പത്തനംതിട്ടയില്‍ നിന്നുമുളള ഗവി-കുമളി KSRTC ബസിൻെറ  സമയവിവരം..
പത്തനംതിട്ട :- 6:30 am
ഉച്ചക്ക് 12.30

ടിക്കറ്റ് നിരക്ക്
പത്തനംതിട്ട- ഗവി  ₹140