....കാനന സൗന്ദര്യത്തിന്റെ അനുഭൂതിയിൽ അലിഞ്ഞ് ഇടപാളയം വാച്ച് ടവർ

Give your rating
Average: 4 (2 votes)
banner
Profile

Printo Augustine

Loyalty Points : 115

Total Trips: 3 | View All Trips

Post Date : 11 Jun 2022
18 views

പച്ചപ്പിന്റെ  കൊതിപ്പിക്കുന്ന കാടിന്റെ ഓരായിരം ഗന്ധങ്ങൾ ലയിപ്പിച്ച് ചേർത്ത ശുദ്ധ വായു ശ്വസിച്ച് , പ്രക്യതിയുടെ ലാളനയിൽ , പേരറിയാത്ത കിളികളുടെ കൂജനങ്ങൾ ആസ്വദിച്ച്, പുൽമേടുകളിലെ പച്ചപ്പിൽ ഒരു ശല്യവും തിടുക്കവും ഇല്ലാതെ മേഞ്ഞ് നടക്കുന്ന കാട്ടുപോത്തുകളെയും മ്ലാവുകളെയും കണ്ട്, തടാകത്തിലെ ജലം കുടിച്ച് പരസ്പരം കിന്നാരം പറഞ്ഞ് നമ്മെ വലം വച്ച് പോകുന്ന ഗജസൗന്ദര്യത്തിൽ മനം നിറഞ്ഞ് , രാത്രിയിൽ നമ്മൾ ഉറങ്ങിയോ എന്നറിയാൻ എത്തി നോക്കുന്ന മുള്ളൻപന്നികൾക്കിടയിൽ, പ്രഭാത സൂര്യന്റെ രശ്മികളേറ്റ് കാടിന്റെ നിശബ്ദതയിൽ കിളികളുടെ സംഗീതത്തിന്റെ അകമ്പടിയിൽ കട്ടൻ ചായയുടെ രുചിയിൽ ലയിച്ചിരിക്കുമ്പോൾ ഇങ്ങോട്ട് വന്ന് സലാം പറയുന്ന കാട്ടുപന്നികളെ കണ്ടും ..... ഫോട്ടോകൾക്ക് പിടി തരാതെ മരങ്ങൾക്കിടയിലൂടെ ദർശനം തന്ന് അനുഗ്രഹിച്ച കരടികളുടെ ദയവായിപ്പും അനുഭവിച്ച് വിവാഹവാർഷികദിനമായി ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ ഒരു ദിവസം ഞങ്ങൾക്ക് സമ്മാനിച്ച ഇടപാളയം വാച്ച് ടവർ.

 

       ഇടപാളയം വാച്ച് ടവർ - ഇതിന് നാം നന്ദി പറയേണ്ടത് തിരുവിതാംകൂർ രാജകുടുംബത്തിനാണ്. കേരളത്തിലങ്ങോളമിങ്ങോളം വേനൽക്കാല വസതികളായി രാജകുടുംബം പണിത സുന്ദര കൊട്ടാരങ്ങളിൽ ഒന്ന് ഇടപാളയം എന്ന സ്ഥലത്ത് പണി കഴിപ്പിച്ച ലേക്ക് പാലസ് ആയിരുന്നു.ഏകദേശം1927ൽ ആണ് 'ഇടപ്പാളയം' കൊട്ടാരം എന്നറിയപ്പെടുന്ന ഈ വേനൽക്കാല വസതി രാജകുടുംബം പണിതത്. മൈനറായ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ റീജന്റ് സേതുലക്ഷ്മി ബായ് തമ്പുരാട്ടിയുടെ കീഴിൽ മഹാരാജാവായി വാണരുളും കാലത്ത്, കൊട്ടാരത്തിൽ താമസിക്കാൻ വരുമ്പോൾ കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിർമ്മിച്ചതാണ് ഈ വാച്ച്ടവർ എന്ന് കരുതുന്നു. പിന്നീട് മുഴുവനായും മരം കൊണ്ട് , രണ്ട് പേർക്ക് താമസിക്കാവുന്ന രീതിയിൽ , പുൽമേടുകളുടെ ഭംഗി ആസ്വദിക്കാൻ വേണ്ടി ബാൽക്കണിയോട് പുതുക്കി പണിയുകയായിരുന്നു.മുല്ലപെരിയാർ അണക്കെട്ട് പണിയുന്ന സമയത്ത് വാച്ച്ടവർ നിൽക്കുന്ന സ്ഥലത്തിന് മുമ്പിൽ കൂടിയാണ് പണി സാധനങ്ങൾ കൊണ്ട് പോയതെന്ന് പറയപ്പെടുന്നു.

 

      കാടും മലകളും , പച്ചപ്പുകളും , വെള്ളചാട്ടങ്ങളും ഇഷ്ടപ്പെടുന്ന ഞങ്ങൾ ഈ വിവാഹ വാർഷികവും ആഘോഷിക്കാൻ രണ്ട് മാസം മുമ്പേ മെയ് 10ാം തിയതിക്ക് ബുക്ക് ചെയ്ത് കാത്തിരുന്നതായിരുന്നു ഇട പാളയം വാച്ച്ടവർ.

 

     മഴയുടെ സംഗീതം കൂടുതലാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ പതിവിന് വിപരീതമായി ബുള്ളറ്റിന് പകരം കാറിലാണ് യാത്ര തിരിച്ചത്. രാവിലെ ആറ് മണിയോട് കൂടി ഇറങ്ങിയ ഞങ്ങൾ തൊടുപുഴയിൽ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ച് ചാറ്റൽ മഴയുടെ അകമ്പടിയോടെ കുളമാവ് ഡാം കടന്ന് - കോടമഞ്ഞിന്റെ വലയത്തിലമർന്ന് - ഇടുക്കി ഡാമിനോട് സ്വകാര്യം പറഞ്ഞ് , കട്ടപ്പനയിലെ ഏലത്തിന്റെയും പുളിയാൻ മലയിലെ കാപ്പിയുടെയും ഗന്ധം ആസ്വദിച്ചു തേക്കടിയിലെത്തി. തേക്കടിയിലെ ഓഫീസിൽ എത്തി രജിസ്ടേഷൻ ഫോർമലിറ്റിസ് എല്ലാം തീർത്ത് ഗാർഡുമാരായ ബിജു, അജിത്ത് എന്നിവരുടെ കൂടെ കാറിൽ തന്നെ ബോട്ടിംഗ് യാർഡിലേക്ക് തിരിച്ചു. കാർ അവിടെ പാർക്ക് ചെയ്ത് ബിറ്റ് ഫോറസ്റ്റ് ഓഫീസർ റമീസും കൂടെ ചേർന്നതോടെ ഇടപാളയം വാച്ച് ടവറിലേക്കുള്ള യാത്ര ആരംഭിച്ചു. 1.45 ന് ഉള്ള ബോട്ടിൽ കയറി ,തേക്കടിയുടെ മനോഹാരിതയിൽ ലയിച്ച് തേക്കടി തടാകത്തിന്റെ പ്രത്യേകതയായ മരകുറ്റികളിൽ വിശ്രമിക്കുന്ന പക്ഷികളെ കണ്ടും , മരകുറ്റികൾ കുറഞ്ഞ് വരുന്നതിനെ പറ്റി ചർച്ച ചെയ്തും , തടാക കരയിലെ മ്ലാവിൻ കൂട്ടത്തെ കണ്ടാസ്വദിച്ചും ഇറങ്ങേണ്ട സ്ഥലമായ ലേക്ക് പാലസ് ഹോട്ടലിന്റെ ബോട്ട് ലാൻഡിംഗ് ഏരിയയിൽ എത്തി.  

 

          ചരിത്രമുറങ്ങുന്ന ലേക്ക് പാലസിന്റെ ഇടത് വശത്ത് കൂടിയുള്ള ചെറിയവഴിയിലൂടെ മുന്നോട്ട് നടന്ന് ഫോറസ്റ്റിന്റെ ഐ.ബിയിൽ എത്തി . അവിടെ വെച്ചാണ് നമ്മുക്ക് ലീച്ച് സോക്സ് തരുന്നത്. നമ്മുക്ക് പോകാനുള്ള കാടിന് ഉള്ളിലൂടെയുള്ള വഴികളിൽ അട്ട ശല്യം ഉള്ളതിനാലാണ് ലീച്ച് സോക്സ് തരുന്നത്. കൈയിലിരുന്ന തോക്ക് ലോഡ് ചെയ്ത് റമീസും പിന്നെ ഞങ്ങളും മുന്നോട്ട് നീങ്ങി. കാട്ടിലെ മരങ്ങൾക്കിടയിലൂടെയും , തടാകത്തിന്റെ കരയിലൂടേയും 20 മിനിറ്റോളം നടന്നപ്പോഴക്കും അകലെ ഇടക്ക് കിട്ടിയ മഴയുടെ കരുത്തിൽ പച്ചപ്പ് തിരിച്ച് പിടിച്ച് സുന്ദരിയായി നിൽക്കുന്ന കാടിന് നടുവിലായി ,പുൽമേടുകളെ നോക്കി നിൽക്കുന്ന വാച്ച്ടവർ നമ്മുടെ ദൃശ്യമണ്ഡലത്തിലേക് കടന്ന് വന്നു. കാടിന്റെ സൗന്ദര്യത്തിൽ മയങ്ങി നടന്ന ഞങ്ങളെ സ്വാഗതം ചെയ്യാൻ ടവറിന്റെ മുന്നിൽ നിന്നിരുന്ന മ്ലാവിനേയും , വശങ്ങളിലായി നിലയുറപ്പിച്ച കാട്ട് പോത്തിൻ കൂട്ടത്തേയും ,അകലെ നിന്ന് തന്നെ ഞങ്ങൾ കണ്ടാസ്വദിച്ചു. അടുത്ത് എത്തിയപ്പോഴേക്കും കാടിന് ഉള്ളിലേക്ക് കയറി പോയ കാട്ട് പോത്തിന് കൂട്ടത്തിനായി പരതിയ ഞങ്ങൾ അജിത്ത് കൊണ്ടുവന്ന വെൽകം ഡ്രിങ്ക്സ് കഴിച്ച് ടവറിന് ചുറ്റുമുള്ള ട്രഞ്ചിന് സൈഡിൽ കൂടി നടന്നു. 

 

ആനയും പോത്തും പോലെയുളള വലിയ മൃഗങ്ങൾ കയറി നശിപ്പിക്കാതിരിക്കാൻ ഒരു വലിയ ട്രഞ്ചിന് ഉള്ളിലാണ് നമ്മുടെ വാച്ച്ടവർ. അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്നതിനായി ചെറിയ മര തടികൾ വെയ്ച്ചിട്ടുണ്ട്. ഗൈഡായി വരുന്നവർക്കും ഫോറസ്റ്റ് ഓഫീസർക്കും താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും താഴെയും സന്ദർശകർക്ക് മുകളിലും ആയിട്ടാണ് താമസം. വൃത്തിയായി സൂക്ഷികുന്ന ബാത്ത് റൂം താഴെയായി ഉണ്ട് .വെള്ളത്തിനായി ചെറിയ കിണറും ട്രഞ്ചിന് ഉള്ളിൽ തന്നെ കാണാം.

  

     ശല്യങ്ങൾ ഒന്നും തന്നെ ഇല്ലാതെ , മൊബൈൽ റെഞ്ചിനപ്പുറത്ത് കാട്ടിന്റെ സംഗീതമാസ്വദിച്ച് ,അകലെ താടകത്തിന്റെ കരയിൽ മേഞ്ഞ് നടക്കുന്ന മ്ലാവുകളെ നോക്കിയും , ഏതെങ്കിലും മൃഗങ്ങൾ ഇപ്പോൾ അടുത്ത് വരാൻ സാധ്യതയുണ്ടോ എന്നരാഞ്ഞും, പരസ്പരം തമാശകൾ പറഞ്ഞും റൂമിന് വെളിയിലെ ബാൽകണിയിൽ ഞങ്ങൾ പുൽമേടുകളിലേക്ക് നോക്കി കാത്തിരുന്നു.

 

     ചായ കുടിക്കാൻ താഴേക്ക് ഇറങ്ങുമ്പോൾ അജിത്താണ് പറഞ്ഞത് അകലെ മേയുന്ന കാട്ടുപോത്തുകൾ അടുത്ത് വരുമെന്നും രാത്രിയിൽ മിക്കവാറും പോത്തുകൾ മുമ്പിൽ തന്നെയുള്ള പുൽമേടുകളിൽ കിടക്കുമെന്നും . ചായ കുടിച്ച് കുറച്ച് നേരം ട്രഞ്ചിന് വെളിയിൽ ഇറങ്ങി പുൽമേട്ടിൽ ഇരുന്ന് വർത്തമാനം പറഞ്ഞും ട്രഞ്ചിന് അടുത്തുള്ള കാട്ടിലും ചുറ്റി കറങ്ങി തിരിച്ച് വന്ന് എല്ലാവരോടും സോറ പറഞ്ഞിരിക്കുമ്പോഴാണ് ,അപ്പുറത്ത് നിന്ന് ആന വരുന്നുണ്ടെന്ന് ....പുറത്ത് മൃഗങ്ങൾ ഉണ്ടോ എന്ന് നോക്കാൻ പോയ അജിത്ത് ഓടി വന്ന് പറയുന്നത്. അജിത്തിന്റെ പിന്നാലെ കുറച്ച് നടന്ന് മരങ്ങൾക്കിടയിൽ പതുങ്ങി നിന്ന് തലയും ചെവിയും കുലുക്കി കിന്നാരം പറഞ്ഞ് നടക്കുന്ന രണ്ട് ആനകളെ കണ്ട് മനം കുളിർപ്പിച്ചു. ആന ട്രഞ്ചിന്റെ അടുത്ത് കൂടി വന്ന് പുൽ മേടിലൂടെ കാട്ടിലേക്ക് കേറുമെന്നും , പക്ഷേ അവിടെ നിന്നാൽ മണം പിടിച്ച് മാറി പോകും എന്നും കേട്ടതോടെ ഞങ്ങൾ തിരിച്ച് വാച്ച് ടവറിന് താഴെ വന്ന് കാത്തിരുന്നു

 

    കുലുങ്ങി - കുലുങ്ങി വരുന്ന ആനയെ നോക്കി ട്രഞ്ചിന് അരികിൽ നിൽക്കുമ്പോഴാണ് അങ്ങോട്ട് നോക്കിയേ എന്ന് പറഞ്ഞു അജിത്ത് ചൂണ്ടികാണിച്ചത് . 10 മിനിറ്റിന് മുമ്പ് ആനയെ കാണാൻ നിന്ന മരങ്ങൾക്ക് സൈഡിൽ കൂടി കരടി നടന്ന് പോകുന്ന കാഴ്ച്ച സന്തോഷത്തോടോപ്പം മനസ്സിനെ ഒന്ന് പേടിപ്പിക്കുകയും ചെയ്തു. സന്ധ്യ മയങ്ങാൻ തുടങ്ങിയതോടെ കാട്ട് പോത്തുകൾ പുൽമേടുകളിലേക്ക് ഇറങ്ങി തുടങ്ങി. കരടിയെ കണ്ടതോടെ ബാൽകണിയിലേക്ക് കയറിയ ഞങ്ങൾ അവിടെയിരുന്ന് പുൽമേടിലേ കാഴ്ചകൾ ആസ്വദിച്ചു. ഇരുട്ടിന് കനം വെച്ച് തുടങ്ങിയെങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന ഞങ്ങളുടെ അടുത്തേക്ക് ആനകൾ വരുന്നതും ശരീരം മരത്തിൽ ഉരക്കുന്നതും ഇരുട്ടിന്റെ മറവിൽ അവ്യക്തമായി കണ്ടു. സോളാർ കംപ്ലയന്റ് ആയതിനാൽ നമ്മൾ കൊണ്ട് പോയ എമർജൻസി ലാബിന്റേയും തിരിയുടെയും വെളിച്ചത്തിൽ ചെറിയ ചാറ്റൽ മഴയുടെ അകമ്പടിയിൽ കാടിന്റെ നിശബ്ദമായ വന്യത ഞങ്ങളാഘോഷിക്കുകയായിരുന്നു. എട്ട് മണിയോട് കൂടി അത്താഴത്തിനായി താഴേക്ക് ഇറങ്ങിയ ഞങ്ങളെ കാത്തിരുന്നത് രുചികരമായ ചിക്കൻ വറുത്തതും ,കറിയും സാലഡും , ചപ്പാത്തിയുമായിരുന്നു.

ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ തിന്നാൻ ചിലപ്പോൾ മുള്ളൻപന്നി വരാറുണ്ട് എന്ന ബിജുവിന്റെ വാക്കിൽ ടോർച്ചും പിടിച്ച് കാത്തിരുന്ന ഞങ്ങൾ ഉച്ചക്ക് കണ്ട രണ്ട് മുള്ളൻ പന്നികളെ ടോർച്ചിന്റെ വെളിച്ചത്തിൽ വീണ്ടും കണ്ട സന്തോഷത്തിൽ ഉറങ്ങാൻ തീരുമാനിച്ചു.

വെറുതെ മുട്ട് കേട്ടാലും ആരുടെയെങ്കിലും സൗണ്ട് കേൾക്കാതെ വാതിൽ തുറക്കരുതെന്ന റമീസിന്റെ ഉപദേശം ശിരസാ വഹിച്ച് കിടന്ന ഞങ്ങൾ രാവിലെ 5.30 നേ അലാം വെച്ച് എഴുന്നേറ്റ് കാത്തിരിപ്പായി. 6.15 - 630 ആയപ്പോഴേക്കും രാത്രിയിലേപ്പോഴോ കാട് കയറിയ കാട്ട് പോത്തുകൾ വീണ്ടും പുൽ മേടുകളിലേക്ക് ഇറങ്ങി.

പുറത്ത് കോഫി കുടിച്ച് നിന്ന ഞങ്ങൾക്ക് തലേ ദിവസം കരടിയെ കണ്ട അതേ സ്ഥലത്ത് വീണ്ടും തള്ള കരടിയേയും കുഞ്ഞിനേയും കാണാൻ കഴിഞ്ഞത് ഇരട്ടിമധുരമായി.

 

   രാവിലെ ഉണ്ടായ ചെറിയ ചാറ്റൽ മഴയിൽ ട്രക്കിംഗ് ഒഴിവാക്കേണ്ടി വരുമോ എന്ന് ഭയന്നെങ്കിലും ബ്രേക്ക്ഫാസ്റ്റിന് ശേഷം മഴ മാറിയപ്പോൾ ലീച്ച് സോക്സും ധരിച്ച് ഞങ്ങൾ ട്രാക്കിംഗിന് തയ്യാറായി . ഇനിയെന്തിനാ ട്രക്കിംഗ് കടുവയെ ഒഴിച്ച് ബാക്കിയെല്ലാം കൺമുമ്പിൽ കണ്ടല്ലോഎന്ന് ചിരിയോടെ പറഞ്ഞ് ബിജുവും റമീസും ഞങ്ങൾക്ക് മുമ്പേ നടന്ന് തുടങ്ങി.

 

ചെവി വട്ടം പിടിച്ച് ഓരോ ചുവടും ശ്രദ്ധിച്ച് നടക്കുന്ന ബിജുവിന് പിന്നാലെ അട്ട പേടിക്കാതെ ഞങ്ങളും മുന്നോട്ട് നീങ്ങി ഞങ്ങളുടെ ബാക്കിലായി തോക്കുമായി റമീസും ഉണ്ടായിരുന്നു. ഓരോ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്ന് മുന്നോട്ട് നീങ്ങുമ്പോഴും കൈയിലെ കമ്പുകൊണ്ട് ഷൂവിൽ പിടിക്കുന്ന അട്ടകളെ ഞങ്ങൾ തോണ്ടി കളഞ്ഞു കൊണ്ടിരുന്നു.

 

കനത്ത ശബ്ദതയിൽ ഇടത്തൂർന്ന മരങ്ങൾക്കിടയിൽ ഇടക്ക് ഇടക്ക് കേൾക്കുന്ന ആനകളുടെ ചിന്നംവിളിയുടെയും കുരങ്ങുകളുടെയും ശബ്ദവും അല്പം പരിഭ്രമം സൃഷ്ടിങ്ങുമെങ്കിലും കാടിനുള്ളിലൂടെ നടക്കുമ്പോൾ പ്രക്യതി തരുന്ന ഫീൽ അതിനുമപ്പുറത്തായിരിക്കും. നാലു കിലോമീറ്ററോളം പിന്നിട്ട് അഞ്ചുരുളി മേടിൽ എത്തുമ്പോഴേക്കും കരിങ്കുരങ്ങ്, ആന , മലമുഴക്കി വേഴാമ്പൽ എന്നിവയെ കണ്ടാസ്വദിക്കാൻ കഴിഞ്ഞ സന്തോഷം മനസ്സിൽ അലയടിക്കുകയായിരുന്നു.

 

അഞ്ചുരുളിമേടിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ,നമ്മുക്ക് പ്രക്യതിയായി ഒരുക്കി വെച്ചരിക്കുന്ന സൗന്ദര്യം കണ്ണിലൂടെ മനസ്സിലേക്ക് പൂർണ്ണമായും ആവാഹിച്ച് ചുറ്റും കണ്ണോടിക്കുമ്പോൾ കിട്ടുന്ന സന്തോഷം ശരീരത്തിന്റെ ക്ഷീണത്തെ നാമറിയാതെ അലിയിച്ചു കളയും , മുല്ലപെരിയാറിന്റെ റിസർവോയറിന്റ 80 % നമ്മുടെ കണ്ണുകളിൽ നിറയുമ്പോൾ , തേക്കടിയിലെ ബോട്ടുകൾ നിരനിരയായി പോകുന്ന കാണുമ്പോൾ, ഇടതൂർന്ന മരങ്ങൾ തീർത്ത വനങ്ങൾക്കിടയിൽ പടർന്ന് കിടക്കുന്ന നീലാശയവും , മലമുകളിലെ മഞ്ഞ് പുതഞ്ഞ കോടയും ഒരു സ്വർഗ്ഗീയ അനുഭൂതി സമ്മാനിക്കുന്നു.ട്രക്കിംഗ് കഴിഞ്ഞ് തിരിച്ച് എത്തിയപ്പോഴേക്കും അജിത്ത് ഞങൾക്കായി നല്ല ഊണ് തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു.

കാലിൽ കേറിയ കൂടിയ അട്ടയെ തട്ടികളഞ്ഞ് കുളിച്ച് പ്രഷായി ഉച്ചത്തെ രുചികരമായ ഭക്ഷണവും കഴിച്ച് കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ കാടിന്റെ മന്ത്രിക സൗന്ദര്യത്തിൽ നിന്ന് വിട്ടു പോരുന്നതിന്റെ നിരാശ ബോധം വിഷമം മനസ്സിൽ അലയടിച്ചു കൺ കോണിൽ നിന്ന് മറയുന്നതിന് മുമ്പ് ..... യാതോരു ടെൻഷനുമില്ലാതെ , ഒരു തിരക്കുകളുമില്ലാതെ ഒരു ദിവസം പൂർണ്ണമായും ഞങ്ങൾക്കായി മാറ്റി വെച്ചു ആസ്വദിക്കാൻ അവസരം തന്ന വാച്ച് ടവറിനെ , ഒരിക്കൽ കൂടി കണ്ണിനുള്ളിൽ ആവാഹിച്ച് ഇനിയും മനസ്സിൽ വരുമെന്നുറപ്പിച്ച് 2.30 Pm ന്റെ ബോട്ട് യക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ട് നീങ്ങി. ലേക്ക് പാലസിന്റെ അടുത്ത് നിന്ന് ബോട്ടിൽ കയറി തേക്കടി ലാന്റിംഗ് ഏരിയയിൽ റമീസിനോട് നന്ദി പറഞ്ഞ് ബിജുവും അജിത്തുമായി തേക്കടി ഓഫീസിലേക്ക് എത്തുമ്പോൾ സമയം ഏകദേശം 4 മണിയോട് അടുത്തിരുന്നു

 

 

 

Booking:

 

https://www.periyartigerreserve.org/Program/60b3a659b842f834e9b1468f

 

Rate : 8000(including food)

 

Enquiry:+91 85476 03066