മഞ്ഞും, തണുപ്പും, പ്രകൃതി സൗന്ദര്യവും ഒരുമിക്കുന്ന കൂനൂരിന്റെ കാഴ്ചകളിലേക്ക്

Give your rating
Average: 4 (2 votes)
banner
Profile

Jasmin Nooruniza

Loyalty Points : 445

Total Trips: 12 | View All Trips

Post Date : 13 Dec 2021

ഊട്ടിയിലേക്ക് യാത്ര പോകാൻ തീരുമാനിച്ചപ്പോൾ, ലിസ്റ്റിൽ ഇല്ലാതിരുന്ന ഒരു സ്ഥലമാണ് കൂനൂർ. ഈ യാത്രയുടെ പ്രധാന ഉദ്ദേശം, ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയം വരെയുള്ള ടോയ് ട്രെയിൻ യാത്ര ആണ്. പക്ഷെ; മൂന്ന് ആഴ്ച്ച മുൻപേ, ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ തന്നെ, എല്ലാ ടിക്കറ്റും ബുക്കിങ് കഴിഞ്ഞിരുന്നു. അങ്ങനെയാണ്, രാവിലെ ഊട്ടിയിൽ നിന്ന് കൂനൂരിലേക്ക് ഒരു ട്രെയിനും, വൈകിട്ട് കൂനൂര് നിന്ന് മേട്ടുപ്പാളയത്തേക്ക് അടുത്ത ട്രെയിനും ബുക്ക് ചെയ്തത്. 

രണ്ട് ട്രെയിനിനും ഇടക്ക് ഏകദേശം 5 മണിക്കൂർ സമയം ഉണ്ട്. ഈ സമയം കൂനൂർ കാഴ്ച്ചകളിലേക്ക് പോകാം എന്ന് തീരുമാനിച്ചു. അങ്ങനെ യാത്രയുടെ അവസാന ദിവസം, രാവിലെ 8.30 ന് ഊട്ടി റെയിൽവേ സ്റ്റേഷനിൽ എത്തി. ഞായറാഴ്ച്ച ആയത് കൊണ്ട് സ്റ്റേഷനിലാകെ നല്ല തിരക്ക് ആണ്. 9.20 ന് ഊട്ടിയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ, ഏകദേശം 10.40 ന് കൂനൂർ സ്റ്റേഷനിലെത്തി.

കൂനൂർ റെയിൽവേ സ്റ്റേഷൻ വളരെ മനോഹരം ആണ്. ഇളം നീല നിറം ഉള്ള കെട്ടിടവും, പണ്ട് കാലത്തെ ട്രെയിൻ എൻജിനുകളും, പ്ലാറ്റ്ഫോമിൽ കിടക്കുന്ന ടോയ് ട്രെയിനും, ചുവന്ന പൂക്കൾ ഉള്ള മരങ്ങളും, അങ് ദൂരെ കാണുന്ന മലകളും, ഇടക്ക് വരുന്ന കോടമഞ്ഞും എല്ലാം സ്റ്റേഷനെ മനോഹരമാക്കുന്നു.

സ്റ്റേഷനിൽ തന്നെ ഉള്ള ചായക്കടയിൽ നിന്ന് ഒരു ചായയും, പരിപ്പുവടയും കഴിച്ചു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. സ്റ്റേഷന് പുറത്ത്‌ സഞ്ചാരികളെ കാത്ത്‌ ഒരുപാട് ടാക്സികൾ ഉണ്ട്. ടാക്സി ഡ്രൈവർമാരുടെ കയ്യിൽ 2 മണിക്കൂർ മുതലുള്ള പാക്കേജുകളുടെ ഡീറ്റെയിൽസ് ഉണ്ട്. അതിൽ നിന്ന് നമുക്ക് ആവശ്യം ഉള്ളത് തിരഞ്ഞെടുക്കാം. പക്ഷെ ടാക്സി ചാർജ് മിനിമം 1000 രൂപ ആണ്. ഞങ്ങൾ 1500 രൂപേടെ ഒരു പാക്കേജ് എടുത്തു. (സ്ഥലങ്ങൾ അറിയാമെങ്കിൽ ഓട്ടോ ആണ് നല്ലത്).

പാക്കേജിൽ നാല്‌ സ്ഥലങ്ങളാണ് ഉള്ളത്. ഒരു ടീ എസ്റ്റേറ്റ്, സിങ്കാര വ്യൂപോയിന്റ്, ലാംപ്സ് റോക്ക്, സിംസ് പാർക്ക്. ആദ്യം ടീ എസ്റ്റേറ്റിലേക്കാണ് പോയത്. പോകുന്ന വഴിയെല്ലാം മനോഹരമാണ്. അങ്ങനെ കുറച്ചു ദൂരം പിന്നിട്ട്, ടീ ഗാർഡനിലേക്ക് എത്തി. മൂന്നാർ കാണുന്ന പോലത്തെ വലിയ ടീ എസ്റ്റേറ്റ് അല്ല; പക്ഷെ ഫോട്ടോസ് എടുക്കാൻ പറ്റിയ സ്ഥലം. അവിടെ നിന്നപ്പോഴാണ് തേയില തോട്ടത്തിന് എതിരായിട്ട് കാണുന്ന ഒരു വ്യൂ പോയിന്റ് കാണിച്ചിട്ട്, അതാണ് സിങ്കാര വ്യൂ പോയിന്റ്, എന്ന് നമ്മുടെ ഡ്രൈവർ ചേട്ടൻ പറഞ്ഞത്. അപ്പഴാണ് അമളി പറ്റിയത് മനസിലായത്. ഒരു സ്ഥലത്ത്‌ തന്നെ ഉള്ള സ്ഥലങ്ങളാണ്, രണ്ട് സ്ഥലമായി പാക്കേജിൽ കാണിച്ചിരിക്കുന്നത്. പറ്റിയ അബദ്ധം പുറത്ത്‌ കാണിക്കാതെ, അടുത്തുള്ള കടയിൽ നിന്ന് ഒരു പാക്കറ്റ് തേയിലയും വാങ്ങി അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു.

നമ്മുടെ പാക്കേജിൽ നിന്ന് രണ്ട് സ്ഥലങ്ങൾ ഇപ്പോൾ തന്നെ കഴിഞ്ഞു. ഇനി പോകേണ്ടത് ലാംപ്സ് റോക്കിലേക്കാണ്. പോകുന്ന വഴി എല്ലാം നേരത്തെ കണ്ടതിനേക്കാൾ മനോഹരം‌. റോഡിന് ഇരുവശവും, മലക്കപ്പാറ പോകുന്ന വഴിയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കാടാണ്. കുറച്ചു ദൂരം പിന്നിട്ട് ലാംപ്സ് ലോക്കിന്റെ റ്റിക്കറ്റ് കൗണ്ടറിന് അടുത്തെത്തി. ടിക്കറ്റ് എടുത്തിട്ട് അര കിലോമീറ്ററോളം കാട്ടിലൂടെ നടക്കാൻ ഉണ്ട്.

പോകുന്ന വഴിയിൽ പാറ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട്. അതിരപ്പിള്ളിയിൽ, വെള്ളച്ചാട്ടത്തിലേക്ക് നടന്ന് ഇറങ്ങുന്ന പോലത്തെ വഴിയാണ്. കൂടെ നല്ല തണുപ്പും, കോടമഞ്ഞും. കുറച്ചു നേരം നടന്നപ്പോ ആദ്യ വ്യൂ പോയിന്റിലെത്തി. പക്ഷെ കോടമഞ് കാരണം ഒന്നും കാണാൻ പറ്റിയില്ല. അവിടെ നിന്ന് പാറക്കെട്ടിലൂടെ കുറച്ചു കൂടി മുന്നിലേക്ക് പോയാൽ, ലാംപ്സ് റോക്കിന്റെ പ്രധാന വ്യൂ പോയിന്റ് എത്തും. അവിടെ ഒരു പ്ലാറ്റ്‌ഫോം ഉണ്ട്. അതിൽ നിന്നാൽ ലാംപ്സ് റോക്കിന്റെ മനോഹരമായ വ്യൂ കാണാം. കോടമഞ്‌ വന്ന്‌ മൂടും, പിന്നെ വീണ്ടും തെളിയും. എത്ര നേരം വേണമെങ്കിലും ആ തണുപ്പത്ത്‌ അവിടെ അങ്ങനെ നിൽക്കാൻ തോന്നും. കുറച്ചു നേരം അവിടെ നിന്നിട്ട് താഴേക്ക് ഇറങ്ങി. 

ഇനി പോകുന്നത് സിംസ് പാർക്കിലേക്കാണ്. സിംസ് പാർക്കിൽ ഞങ്ങളെ ഇറക്കി ഡ്രൈവർ ചേട്ടൻ പോയി. അപ്പഴേക്കും ഏകദേശം പാക്കേജിന്റെ സമയം കഴിഞ്ഞിരുന്നു. ഇനി സിംസ് പാർക്കിലെ കാഴ്ച്ചകൾ കണ്ട് കഴിഞ്, ബസ്സിൽ കൂനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാം. 

പാർക്കിലേക്ക് കയറുമ്പോൾ തന്നെ നല്ല പച്ച നിറത്തിൽ പുൽത്തകിടി കാണാം. ബൊട്ടാണിക്കൽ ഗാർഡനേക്കാൾ ഇവിടെ തിരക്ക് കുറവാണ്. 1874 ല്‍ മദ്രാസ് സെക്രട്ടറിയായിരുന്ന ജെ.ഡി സിമ്മിന്‍റെ പേരാണ് ഈ പാര്‍ക്കിന്. 12 ഹെക്ടറിലായി 1000 ല്‍ പരം അപൂര്‍വ്വയിനം സസ്യങ്ങളെ ഇവിടെ
സംരക്ഷിക്കുന്നു. സിംസ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം വര്‍ഷം തോറും ഇവിടെ നടക്കുന്ന പഴം-പച്ചക്കറി പ്രദര്‍ശനമാണ്. ഈ സമയത്ത് കാര്‍ഷിക, പുഷ്പ ഇനങ്ങളുടെ വന്‍ശേഖരം പ്രദര്‍ശനത്തിനുണ്ടാകും.

കുറച്ചു നേരം അവിടുത്തെ കാഴ്ച്ചകൾ കണ്ട് സിംസ് പാർക്കിന് മുന്നിലുള്ള ബസ് സ്റ്റാൻഡിൽ നിന്ന്, ബസ് കയറി കൂനൂർ സ്റ്റേഷനിലെത്തി. ഇനി ഊട്ടി ടോയ് ട്രെയിനിൽ മേട്ടുപ്പാളയത്തേക്ക്. ( തുടരും)

ഈ യാത്രയുടെ വിശദമായ വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ (Jasmin Nooruniza) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.