5 Places to Visit in Thekkady

Give your rating
Average: 4 (2 votes)
banner
Profile

Bibin Sebastian

Loyalty Points : 250

Total Trips: 3 | View All Trips

Post Date : 22 Dec 2020
63 views

ഇതിനുള്ള ഉത്തരം റിസോർട്ടിലെ ചേട്ടന്മാരും ഗൂഗിളും ചേർന്ന് പറഞ്ഞു തന്നു. പലതവണ കേട്ടിട്ടുള്ളതും പോകാൻ ആഗ്രഹിച്ചിട്ടുള്ളതുമായ ചില സ്ഥലങ്ങൾ കണ്ണിലുടക്കി. ചെല്ലാർകോവിൽ, തേക്കടി നേച്ചർ വാക്ക്, രാമക്കൽമേട്, അഞ്ചുരുളി, അയ്യപ്പൻകോവിൽ ഇവയാണ് ഒടുവിൽ ഞാൻ തിരഞ്ഞെടുത്തത്. കുമിളിയിൽ തന്നെയുള്ള ശാന്ത സുന്ദരമായ ഒരു കുഞ്ഞു റിസോർട്ടാരുന്നു ഞാൻ ബുക്ക്‌ ചെയ്തത്. ഞങ്ങളവിടെയെത്തി ഒന്ന് ഫ്രഷായി നേരെ ചെല്ലാർകോവിൽ വച്ചുപിടിച്ചു, കുമിളിയിൽനിന്നു 16km ആണ് അങ്ങോട്ടുള്ള ദൂരം. സൂര്യാസ്തമയത്തിനു തൊട്ടു മുൻപ് ഞങ്ങൾ സ്ഥലത്തെത്തി, ഒരടിപൊളി വ്യൂ പോയിന്റാണ് അവിടെ കാണാനുള്ളത്. അത് കണ്ട് തിരികെഎത്തുമ്പോളേക്കും രാത്രിയായി.

കാട് പണ്ട് മുതലേ ഇഷ്ടമായതുകൊണ്ട് കാട്ടിൽ കേറാനുള്ള അവസരമാണ് അടുത്ത ദിവസം ആദ്യം നോക്കിയത്, അങ്ങനെയാണ് തേക്കടി നേച്ചർ വാക്ക് (പെരിയാർ കടുവ സാങ്കേതത്തിൽ കൂടെ ഒരു 3  മണിക്കൂർ ഗൈഡഡ് ട്രെക്കിങ്ങ് ) എടുത്തത്. തേക്കടി ബോട്ടിങ്  ബുക്ക്‌ ചെയ്യുന്ന സ്ഥലത്ത് നിന്നു തന്നെ ഇതും ബുക്ക്‌ ചെയ്യാം. അതൊരു കിടിലൻ ട്രെക്കിങ് ആരുന്നു.  കാട്ടുപോത്തും കാട്ടു പന്നിക്കൂട്ടവും മലയാണ്ണാനയെമൊക്കെ കണ്ട് മനസ് നിറഞ്ഞു തിരിച്ചെത്തുമ്പോളും എന്റെ മനസ് കാട്ടിൽ തന്നെയ്യാരുന്നു.

നേച്ചർ വാക്കിനു ശേഷം ഉച്ചതിരിഞ്ഞു രാമക്കൽമേട് പിടിച്ചു, ഇതാണ് ഈ ലിസ്റ്റിൽ ഏറ്റവും ദൂരം കൂടതലുള്ളത്, കുമിളിയിൽ നിന്നു 40km. പ്രകൃതി രമണീയമായ ഒരു സ്ഥലം, വലിയ കുറവനും കുറത്തിയും പ്രതിമയാണ് ആദ്യം നമ്മളെ സ്വീകരിക്കുക. എപ്പോഴും നല്ല തണുത്ത കാറ്റാണ് അവിടെ. ആ തണുപ്പത്തിരുന്നു ഒരു കട്ടനൊക്കെ കുടിച്ചു കുറച്ചു സമയം പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു തിരികെ റിസോർട്ടിലേക്കു പോന്നപ്പോൾ മനസും തണുത്തിരുന്നു.

പിറ്റേന്ന് രാവിലെ റിസോർട്ടിൽ നിന്നു ചെക്ക് ഔട്ട്‌ ചെയ്തിറങ്ങി. അഞ്ചുരുളിയും അയ്യപ്പൻകോവിലും കറങ്ങി വാഗമൺ വഴി എറണാകുളം അതാണ് പ്ലാൻ. അഞ്ചുരുളി കുമിളിയിൽ നിന്നും 30km ദൂരെയാണ്. ഇരട്ടയാറിൽനിന്നും വെള്ളം കൊണ്ടുവരാൻ പണിത കൂറ്റൻ ടണലാണ് അഞ്ചുരുളി ടണൽ. ഇടുക്കി ഡാമിൽ നിന്നും കേറികിടക്കുന്ന വെള്ളം ഒന്ന് കാണേണ്ടത് തന്നെയാണ്. അതിനോടൊപ്പം ഒറ്റപ്പാറയിൽ തുരന്ന, 24 അടി വ്യാസവും അഞ്ചര കിലോമീറ്റർ നീളവുമുള്ള കൂറ്റൻ അഞ്ചുരുളി ടണലും കൂടെയാകുമ്പോൾ കിടിലൻ. 

അഞ്ചുരുളിയിൽ നിന്നും നേരെ അയ്യപ്പൻകോവിൽ വച്ച് പിടിച്ചു, മനോഹരമായ ഒരു തൂക്കുപാലം അതാണ് ആദ്യം കാണുക, പിന്നെ വെള്ളത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള അയ്യപ്പൻ ക്ഷേത്രം,  അവിടേക്കു പോകാൻ കടത്തു വള്ളം റെഡിയായി കിടക്കുന്നു.

തൂക്കുപാലത്തിൽ കൂടെ നടന്നു കാഴചകളൊക്കെ കണ്ട്, കടത്തു വള്ളത്തിൽ ഒരു റൗണ്ടടിച്ചു ഞങ്ങൾ തിരികെ യാത്ര ആരംഭിച്ചു വാഗമൺ റൂട്ടിൽ. വാഗമൺ അടുക്കുംതോറും പ്രകൃതിയുടെ സൗന്ദര്യം കൂടി വന്നു, ഇടയ്ക്കു ഒന്ന് രണ്ടു സ്ഥലത്ത് വണ്ടി നിറുത്തി ഇറങ്ങാതിരിക്കാൻ കഴിഞ്ഞില്ല. കോട മഞ്ഞു കേറികിടക്കുന്ന വാഗമണ്ണിലൂടെ എറണാകുളം ലക്ഷ്യമാക്കി നീങ്ങുമ്പോൾ മനസിൽ നിറയെ സന്തോഷം, പക്ഷേ ഇടുക്കി വീണ്ടും വിളിക്കുന്നു 😍
ഈ യാത്രയുടെ ഫുൾ വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിൽ കാണാം