വാഗമണ്‍ മെഡോസ് 😍

Give your rating
Average: 4 (2 votes)
banner
Profile

Muhammed Unais P

Loyalty Points : 225

Total Trips: 4 | View All Trips

Post Date : 24 Feb 2021
4 views

ഇടുക്കി റൈഡിന്റെ അവസാനത്തെ ദിവസം. കട്ടപ്പനയില്‍ നിന്ന് വാഗമണ്ണിലൂടെ തിരിച്ച് നാട്ടിലേക്ക് പോവാനാണ് ഇന്നത്തെ പ്ലാന്‍. കട്ടപ്പനയില്‍ നിന്ന് 38 KM അകലെയാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്. മനോഹരമായ ദൃശ്യ ഭംഗിയുള്ള കാഴ്ച്ചകളാണ് വഴിയോരങ്ങളില്‍. കുന്നുകളും മലകളും പാറക്കൂട്ടങ്ങളും വഴിയില്‍ നിന്ന് ധാരാളം കാണാം. ഞങ്ങളെ യാത്ര അയക്കാനായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് ഇന്ന് ആകാശം. നല്ല തെളിഞ്ഞ നീലാകാശം. ആ നീലാകശത്തിലൂടെ മേഘ കൂട്ടങ്ങള്‍ താഴ്ന്നു പറക്കുന്നു. അത് കൊണ്ട് തന്നെ ഇന്ന് പ്രകൃതിക്ക് എന്തോ ഒരു പ്രത്യേക ഭംഗി. ഇടുക്കിയോട് യാത്ര പറയാന്‍ തോന്നുന്നില്ല. അത്രയും മനോഹരമാണ് ഇന്നത്തെ കാഴ്ച്ചകള്‍.

ധാരാളം തെയില തോട്ടങ്ങളുണ്ട് ഈ റൂട്ടില്‍. ഇവിടെ നിന്ന് നോക്കുമ്പോള്‍ എല്ലാം ചെറിയ ചെറിയ തോട്ടങ്ങളാണ്. വാഗമണ്‍ എത്തിയാല്‍ ഇതിലും മനോഹരമായ തോട്ടങ്ങള്‍ നമുക്ക് കാണാം എന്നതാണ് പ്രതീക്ഷ. തേയില തോട്ടങ്ങള്‍ക്ക് അതിരിട്ട് ചെറിയ മൊട്ടക്കുന്നുകളും ഗ്രാമങ്ങളും. പ്രഭാത കിരണങ്ങളില്‍ വെട്ടിത്തിളങ്ങുകയാണ് മൊട്ടക്കുന്നുകളും തോട്ടങ്ങളും. നീലയുടെയും പച്ചയുടെയും വ്യത്യസ്ത ഷെയ്ഡുകളില്‍ വിരിഞ്ഞ ഒരു കാന്‍വാസ് പോലെയാണ് ഇന്നത്തെ കാഴ്ച്ചകള്‍. എത് സഞ്ചാരിയുടെ മനം കവരുന്ന ദൃശ്യ വിരുന്ന്.

11മണിയോടെ വാഗമണ്ണിലെത്തി ഞങ്ങള്‍. മൊട്ടക്കുന്നുകള്‍ കാണാനാണ് ആദ്യം പോകുന്നത്. വഴിയരികിലായി ദൂരെ ധാരാളം മൊട്ടക്കുന്നുകള്‍ കാണാം. അത് തന്നെയാണല്ലോ വാഗമണ്ണിലെ പ്രധാന ആകര്‍ഷണം. അവിടേക്കുള്ള വഴിയൊന്നും അറിയില്ല. ഗൂഗിള്‍ അമ്മായിയോട് ചോദിച്ചപ്പോള്‍ കോലാഹലമേടിന് അടുത്തുള്ള മൊട്ടക്കുന്നുകളിലേക്ക് വഴി കാണിച്ചു തന്നു. പോകുന്ന വഴിയില്‍ ഇടതു ഭാഗത്തായി തങ്ങള്‍ പാറ കാണാം. കോവിഡ് കാരണം അങ്ങോട്ട് പ്രവേശനമില്ല സഞ്ചാരികള്‍ക്ക്.

 

മൊട്ടക്കുന്നിലേക്കും വാഗമണ്‍ മോഡോസിലോക്കും ഉള്ള വഴിയില്‍ ധാരാളം കടകളും ചെറിയ ഷെ‍ഡുകളും കാണാം. അടഞ്ഞു കിടക്കുകയാണ് എല്ലാം. കോവിഡിന് മുമ്പ് സഞ്ചാരികള്‍ നിറഞ്ഞ പാതയോരങ്ങള്‍. കോവിഡ് മഹാമാരി ടൂറിസം മേഘലക്ക് നല്‍കിയ ആകാതങ്ങള്‍ ഇവിടെ നിന്ന് മനസ്സിലാക്കാം.

വഴിയരികില്‍ കണ്ട ഒരു ചെറിയ മൊട്ടക്കുന്നിനു മുകളിലേക്ക് കയറി ഞങ്ങള്‍. Microsoft Windows 98ലെ പഴയ ആ പഴയ വാള്‍പേപ്പറര്‍ ആണ് ആദ്യം മനസ്സിലേക്ക് ഓടിവന്നത്. അതിനു സമാനമായ കാഴ്ച്ചയാണ് മുകളിലേക്ക് കയറുമ്പോള്‍. ചുറ്റും പച്ച പുല്ല നിറഞ്ഞ മൊട്ടക്കുന്നുകള്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. അതിനെ തലോടി പാറക്കളിക്കുന്ന മേഘക്കൂട്ടങ്ങള്‍.

വര്‍ഷം മുഴുവനും സഞ്ചാരികള്‍ എത്തുന്ന ഒരു സ്ഥലമാണ് വാഗമണ്‍. മൊട്ടക്കുന്നുകളിലൂടെയുള്ള ട്രെക്കിങ്ങും പൈന്‍ മരങ്ങള്‍ക്ക് മുകളിലൂടെയുള്ള പാരാഗ്ലൈഡിങ്ങും വാഗമണ്‍ തടാകത്തിലെ ബോട്ടിങ്ങും സഞ്ചാരികളെ വാഗമണ്ണിലേക്ക് ആകര്‍ഷിക്കുന്നു. മഞ്ഞുമൂടിയ തണുത്ത കാലാവസ്ഥ കാരണം ഈ ഹിൽ സ്റ്റേഷനെ ‘കേരളത്തിന്റെ സ്വിറ്റ്സർലൻഡ്’ എന്നും വിളിക്കുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർ ഉയരത്തിലാണ് വാഗമണ്‍ മൊട്ടക്കുന്നുകള്‍ സ്ഥിതിചെയ്യുന്നത്. വാണിജ്യവത്ക്കരണത്തിന് ഇപ്പോഴും തൊട്ടുകൂടാത്ത മനോഹരമായ താഴ്‌വാരങ്ങളും ഈ പച്ചപ്പുല്‍മേടുകളും വാഗമണ്ണിലെ പ്രത്യേകതയാണ്.

പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ് വാഗമൺ. തെക്ക് പടിഞ്ഞാറ് കുട്ടിക്കനം വരെയും വടക്ക് കിഴക്ക് മൂലമറ്റം വരെയും ഉള്ള വാഗമണ്ണിന്റെ ഇരുവശങ്ങളും കുത്തനെയുള്ളതും എത്തിപ്പെടാന്‍ പറ്റാത്തതുമായ ചരിവുകളാണ്. ഈ ഭാഗത്തെ മലയോര പാതകളിലൂടെയുള്ള യാത്രകള്‍ ആഴത്തിലുള്ള താഴ്‌വരകളും ചുറ്റുമുള്ള മനോഹരമായ കാഴ്ചകളും ലഭിക്കുന്ന ഒരു നവ്യാനുഭവമായിരിക്കും. അങ്ങനത്തെ വഴികളിലൂടെയാണ് ഇന്ന് ഞങ്ങള്‍ക്ക് തിരിച്ച് പോവാനുള്ളത്.

 

വംഗമണ്ണിലെ പ്രധാന 3 കുന്നുകളാണ് തങ്ങള്‍ പാറയും കുരിശുമലയും മുരുകൻ മലയും. ഈ മൂന്ന് കുന്നുകളും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും പ്രാധാനമുള്ളതാണ്. വാഗമണ്ണില്‍ നിന്ന് 5 KM അകലെയാണ് തങ്ങള്‍ പാറ നില്‍ക്കുന്നക്. ഇസ്ലാം മത വിശ്വാസികളുടെ ഒരു തീര്‍ത്ഥാടന കേന്ദ്രമാ ണ് ഈ തങ്ങള്‍ പാറ. ഇതിന്റെ മുകളിലാണ് 'ഷെയ്ഖ് ഫരീദുദ്ദീന്റെ തങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം അതിമനോഹരമായ സൗന്ദര്യത്താൽ അനുഗ്രഹീതമാണ്.

വാഗമണ്ണില്‍ നിന്ന് 10 കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ 'കുരിഷുമല' സ്ഥിതിചെയ്യുന്നത്. ഇതിനു മുകളിലായി ഒരു പള്ളിയും 'കുരിഷുമല ആശ്രമം' എന്നറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ സന്യാസ മഠവും കാണാം. ഇവിടെ സന്ദർശിക്കുന്ന ആളുകൾ, ക്രിസ്തുമതം, ഇന്ത്യൻ ആചാരങ്ങൾ, ഗാന്ധിയൻ തത്ത്വങ്ങൾ എന്നിവയിൽ വിശ്വസിക്കുന്നവരാണ്. ഏത് സമയവും കോട മഞ്ഞിനാല്‍ മൂടുന്ന ഈ കുന്നിലേക്കുള്ള ട്രെക്കിങ്ങ് സഞാരികള്‍ക്ക് ആവേശമാണ്.

വാഗമണ്ണിലെ മറ്റൊരു ആകര്‍ഷണമാണ് മുരുകന്‍ കുന്ന്. ഇതിനു മുകളിൽ പാറയിൽ കൊത്തിയെടുത്ത ഒരു മുരുകൻ ക്ഷേത്രം കാണാം. ഹിന്ദു ദൈവമായ ശിവന്റെയും പാര്‍വതിയുടെയും മകനായ മുരുകന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. കുരിശു മലയുടെ കിഴക്കു ഭാഗത്താണ് ഈ മുരുകന്‍ മല സ്ഥിതിചെയ്യുന്നത്. മനോഹരമായ കാഴ്ചയും ശാന്തതയും ആസ്വദിക്കുാന്‍ പറ്റിയ ഒരിടം കൂടയാണ് മുരുകന്‍ കുന്ന്.

മൊട്ടക്കുന്നിനു മുകളില്‍ നല്ല വെയില്‍ വന്നപ്പോള്‍ അവിടെ നിന്ന് തിരിച്ചിറങ്ങി ഞങ്ങള്‍. ഇനി എങ്ങോട്ട് പോകണം എന്ന് ഒരും പ്ലാനും ഇല്ല. കോവിഡ് കാരണം എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും അടഞ്ഞ് കിടക്കുയാണ്. മൊട്ടക്കുന്നിലേക്ക് വന്ന ആ വഴിയിലൂടെ കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി ‍ഞങ്ങള്‍. പാതയോരത്ത് ഇടത് ഭാഗത്തായി ധാരാളം പുല്‍മേടുകള്‍ കാണാം. അതിനു മുകളിലായി ചെറിയ വീടുകളും റിസോര്‍ട്ടുകളും.

കുറച്ച് ദൂരം കൂടി മുന്നോട്ട് പോയപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു. പാലൊഴുകും പാറയിലേക്ക് 5 km എന്ന്. എന്നാല്‍ അതും കണ്ട് തിരിച്ച് പോരാം എന്ന് ഉദ്ദേശവും മുന്നോട്ട് തന്നെ വീണ്ടും യാത്ര തുടര്‍ന്നു.

വഴിയില്‍ നിന്ന് തന്നെ വാഗമണ്ണിലെ പൈന്‍ മര തോട്ടങ്ങള്‍ കാണാം. മൊട്ടക്കുന്നുകളുടെ ചരുവുകളിലായി പരന്നു കിടക്കുകയാണ് പൈന്‍മര കാടുകള്‍. നീലാകാശവും മൊട്ടക്കുന്നുകളും പൈന്‍മര തോട്ടങ്ങളും മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചിരിക്കുന്നു. പ്രകൃതി ഞങ്ങള്‍ക്ക് വേണ്ടി അണി‍ഞ്ഞൊരുങ്ങിയ ദിവസം. ഈ കാഴ്ച്ചകളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല.

കുറച്ച് ദൂരം കൂടി മുന്നോട്ട് പോയപ്പോള്‍ വഴിയുടെ ഇടതു ഭാഗത്തായി പാലൊഴുകും പാറ വെള്ളച്ചാട്ടം. അടുത്തേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. വഴിയില്‍ നിന്ന് വെള്ളച്ചാട്ടം കണ്ട് കുറച്ച് ദൂരം കൂടി മുന്നോട്ട് പോയപ്പോള്‍ ഞങ്ങള്‍ എത്തിയത് അതിമനോഹരമായ ഒരു തേയില തോട്ടങ്ങളാല്‍ ചുറ്റുപ്പെട്ട കാവുംകുളം ഗ്രാമത്തില്‍. കാവും കുളം ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച്ചകളും വാഗമണ്‍ ടീ ലൈക്കിന്റെ കാഴ്ച്ചകള്‍ അടുത്ത പാര്‍ട്ടില്‍....