കാട് കാണാം മുത്തങ്ങയിലൂടെ
വയനാട് വന്യജീവി സങ്കേതം എന്നും ബേക്കൂർ എന്നും മുത്തങ്ങ എന്നും അറിയപ്പെടുന്ന കാട്ടിലേക്ക് ഒരു ജീപ്പ് സഫാരി
#wayanaddiaries #Muthanga #മുത്തങ്ങ
#വയനാട്_വന്യജീവി_സങ്കേതം
പതിവ് പോലെ ഇന്നും ഒരുയാത്രയാണ് . കേരളത്തിന്റെ വടക്ക് ഏറ്റവും വലിയ വന്യജീവി സങ്കേതത്തിലെ കാഴ്ചകളിലേക്ക്.. മലയാളികൾ വയനാട് എന്നും മുത്തങ്ങ എന്നും ബേക്കൂർ എന്നും വിളിക്കപ്പെടുന്ന പശ്ചിമ ഘട്ട വനമേഖലയിലേക്ക്..
കോടമഞ്ഞിൽ കുളിച്ചുണർന്ന താമരശേരി ചുരം പിന്നിട്ട് വയനാടിന്റെ പ്രവേശന കവാടമായ ലക്കിടിയിൽ എത്തിച്ചേർന്നു.. കേരളത്തിൽ നിലവിൽ അത്യുഷ്ണം ആണ് അനുഭവപ്പെടുന്നത് എങ്കിലും ചുരം കയറി സഹ്യന്റെ ഉയരത്തിൽ എത്തിയതിനു ശേഷം തണുപ്പ് കൂടിവരുന്നു.. മഞ്ഞ് മൂടിയ വഴികൾ എന്റെ ദൂര കാഴ്ചയെ മറക്കുന്നുണ്ട്..
സുൽത്താൻ ബത്തേരിയിൽ നിന്നും 15 KM അകലെയുള്ള വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങ വന മേഖലയിലേ ക്കാണ് എന്റെ യാത്ര.
വയനാട് ജില്ലയിൽ മാനന്തവാടി , സുൽത്താൻ ബത്തേരി താലൂക്ക് കളിലായി വ്യാപിച്ചു കിടക്കുന്ന വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം സുൽത്താൻ ബത്തേരിയാണ്. അതിരാവിലെ തന്നെ മുത്തങ്ങയിൽ എത്തിയാൽ അവിടത്തെ വന വകുപ്പിന്റെ ജീപ് സഫാരി നടത്തി ധാരാളം വന്യജീവികളെ കാണാം എന്ന് ഞാൻ കേട്ടിട്ടുണ്ട്..
വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് മുത്തങ്ങ. സുൽത്താൻ ബത്തേരിയിൽ നിന്നും മൈസൂറിലേക്കുള്ള നാഷനൽ ഹൈവേ 212 ന് സമീപമാണ് മുത്തങ്ങ സ്ഥിതിചെയ്യുന്നത്.
വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. മാൻ, കാട്ടുപോത്ത്, മറ്റു ചെറുതരം ജീവികൾ ഒക്കെ ഇൗ വനപ്രദേശങ്ങളിലുണ്ട്.
മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി മരങ്ങളിൽ ഏറുമാടങ്ങളും ഒരുക്കിയിരിക്കുന്നു. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.
ഏകദേശം 8 മണിയോടെ മുത്തങ്ങയിൽ എത്തി.
അങ്ങകലെ മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ച് കാര്യാലയം ദൃശ്യമാകുന്നു. ജീപ്പ് സഫാരിക്കുള്ള ജീപ്പുകൾ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന കളർ കോടുമായി യാത്രക്കാരെയും കാത്തു നിരന്നു കിടക്കുന്നു.
മുതിർന്നവർക്ക് 160 , കുട്ടികൾക്കും വിദ്യാർഥികൾക്കും 70 , വിദേശികൾക്ക് 370 എന്നിങ്ങനെ പോകുന്നു പ്രവേശന നിരക്ക്... കൂടാതെ jeep ചാർജ് ആയി 720 രൂപ കൂടെ അധികം നൽകണം. 7 പേർക്ക് ഈ വിലയിൽ ജീപ്പിൽ യാത്ര ചെയ്യാം. വനത്തെ പറ്റി ധാരാളം അറിവുകൾ ഉള്ളവരാണ് ഇവിടത്തെ ജീപ്പ് ഡ്രൈവർമാർ. മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ പ്രവേശന കവാടം കടന്ന് ഞങ്ങളുടെ വാഹനം മുൻപോട്ട് നീങ്ങി. ചെറിയ ചെറിയ കെട്ടിടങ്ങൾ രണ്ട് ഭാഗത്തും കാണാം എല്ലാം പച്ച നിറത്തിൽ പ്രകൃതിയോട് ഇണങ്ങും വിധം നിർമിച്ചവ.. പിന്നീട് വന മേഖലകൾ മാത്രമായുള്ള കാഴ്ചകൾ തന്നെ.. ദൂരേ കുറച്ച് ആന കൾ നടന്നു പോകുന്നത് കാണാം.. എന്നാല് അവ കാട്ടാനകൾ അല്ല.. പരിശീലനം കൊടുത്തു മാറ്റിയെടുത്ത കുംകിയാനകൾ ആണ് അത്.. ഇടക്ക് ചെറിയൊരു കുട്ടികൊമ്പനും അതിലൂടെ നടക്കുന്നു.. എല്ലാവരും തികഞ്ഞ ആഹ്ലാദത്തിൽ തന്നെ.. എന്നാല് പണ്ടത്തെ വലിയ പേരുകേട്ട വില്ലന്മാർ ഇവിടെയുണ്ട്.. പക്ഷേ അവരൊക്കെ ഇപ്പൊൾ ശാന്തരാണ് എന്ന് ഡ്രൈവർ സുഹൃത്ത് പറയുന്നു.. ഇപ്പൊൾ കാണുന്നത് സ്വാഭാവിക വന മേഖലകൾ ആണെങ്കിൽ പിന്നീട് അങ്ങോട്ടുള്ള കാഴ്ചകൾ മാറുന്നു.. അസ്വാഭാവിക വന മേഖലകൾ കടന്നു വരുന്നു.. രണ്ട് മൂന്ന് കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന യൂക്കാലി കൂട്ടങ്ങൾ ആണ് പിന്നെ.. കാടിനെ നശിപ്പിക്കുന്ന മരങ്ങളാണ് യൂക്കാലിപ്റ്റസ് ..ഏറ്റവും കൂടുതൽ വെള്ളം കുടിക്കുന്ന വൃക്ഷമാണ് ഇത്. പണ്ട് ഗ്വാളിയോർ റയോൺസ് ഫാക്റ്ററി പാട്ടത്തിനെടുത്ത് ഇവിടെ നട്ട യൂക്കാലി മരങ്ങൾ ആണ് ഇതെന്ന് എന്റെ ഡ്രൈവർ പറഞു.. കേരളത്തിലെ ഏറ്റവും മലിന മായ നദി എന്ന വിശേഷണം ചാലിയാറിന് കിട്ടാൻ കാരണവും ഗ്വാളിയോർ റയോൺസ് ഫാക്റ്ററി തന്നെ ... KA റഹ്മാന്റെ നേതൃത്വത്തിൽ നടന്ന ചാലിയാർ പ്രക്ഷോഭം ഇൗ കമ്പനി പൂർണമായും അടച്ചു പൂട്ടാൻ കാരണമായി..
അതോടൊപ്പം തന്നെ വനത്തെ നശിപ്പിക്കുന്ന മറ്റൊരു സസ്യവും നമുക്കിവിടെ കാണാം.. മഞ്ഞ കൊന്ന എന്ന് വിളിക്കപ്പെടുന്ന സെന്ന എന്ന സസ്യമാണവ.. രൂപത്തിലും ഭാവത്തിലും എല്ലാം കൊന്നയുടെ സ്വഭാവം ഉണ്ട് ഇൗ ചെടിക്ക്.. മനോഹരമായ പൂവും, നിത്യ ഹരിത ഭംഗിയോടെ ഉയർന്നു പടർന്നു പന്തലിച്ചു കിടക്കുന്ന ഇവ കാണാൻ നല്ല ഭംഗി ഉണ്ടെങ്കിലും അപകടകാരി യാണ്.. മധ്യ അമേരിക്കൻ കാടുകളിലാണ് ഇവ കൂടുതൽ കാണപ്പെടുക.. അവിടത്തെ ഭൂപ്രകൃതിയും ആവാസവ്യവസ്ഥയും ഇതിനോട് ഇണങ്ങി നിൽക്കുന്നു.. സാമൂഹിക വന വൽകരനത്തിന്റെ ഭാഗമായി അറിവില്ലായ്മ കൊണ്ട് വെച്ച് പിടിപ്പിച്ചത് ആണ് ഇവ.. പെട്ടെന്ന് തന്നെ പടർന്നു പിടിക്കാൻ കഴിവുള്ള ഇൗ സത്യത്തിന് താഴെ വേറെ ഒരു സസ്യവും വളരുകയില്ല.. മൃഗങ്ങൾ ഭക്ഷണത്തിന് പോലും ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നില്ല കാരണം വിഷാംശം കലർന്ന ചെടിയാണ് ഇതെന്ന് പറയപ്പെടുന്നു.. വേരോടെ പിഴുത് മാറ്റിയാൽ മണ്ണിൽ അവശേഷിക്കുന്ന വേരിൽ നിന്നും ധാരാളം ചെടികൾ വീണ്ടും വളരും എന്നതാണ് മറ്റൊരു പ്രശ്നം.. അതിനാൽ ഫോറസ്റ്റ് ഡിപ്പാട്ട്മെന്റ് ഇവിടെ മുളകൾ വെച്ച് പിടിപ്പിക്കുന്നു.. അത് ഇൗ സസ്യത്തിന്റെ വളർച്ചയെ തടയും എന്നാണ് അവർ പറയുന്നത്...
കാഴ്ചകൾ കാണുന്നതിന് ഇടയിൽ കുറച്ചു സാഹസികാര മലയണ്ണാൻ മാരെ കാണാം.. യൂക്കാലി മര കൊമ്പുകൾക്ക് ഇടയിൽ ചാടിനടന്ന് സമയം കളയുകയാണ് ഇൗ വിരുതർ.. ഓരാൾ ഇതൊന്നും അറിയാതെ വേറൊരു മരത്തിൽ മറ്റെന്തോ ചിന്തയിൽ മുഴുകി ഇരിക്കുന്നു.. അവിടെ തന്നെ മൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്ന ഒരു ചെറിയ കുലമുണ്ട്.. ഒരു ആൺമയിൽ അവിടെ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്..
യൂക്കാലി മരങ്ങൾക്കിടയിലൂടെ തുളച്ചു കയറുന്ന പ്രഭാത സൂര്യ കിരണങ്ങൾ അതി മനോഹരമാണ്.. ആ കാഴ്ചകൾ പകർത്താൻ വേണ്ടി വാഹനം ഒരു ഭാഗത്തേക്ക് മാറ്റി നിർത്തി തരുന്നു എന്റെ ഡ്രൈവർ സുഹൃത്ത്. അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നു .. ധാരാളം അറിവുകൾ ഉള്ള വ്യക്തിയാണ് അദ്ദേഹം.
നേരെ പോകുന്ന പാതയിൽ നിന്നും വാഹനം ഇടത്തോട്ട് തിരിച്ചു .. ആനകൾ വന്നു പോയ ലക്ഷണമുള്ള ചതുപ്പ് നിലങ്ങൾ കാണാം.. ഇൗ പ്രദേശത്തിന് ചരിത്രപരമായ പ്രത്യേകത ഉണ്ടെന്ന് ഡ്രൈവർ പറയുന്നു.. ഇവിടെയാണ് CK ജാനുവിന്റെ നേതൃത്വത്തിൽ മുത്തങ്ങ സമരം നടന്നത്.. അവർ കുടിലു കെട്ടിയ ഭാഗങ്ങൾ ഒക്കെ എനിക്ക് കാണിച്ചു തരുന്നുണ്ട് അദ്ദേഹം..
മുത്തങ്ങ സമരം
_____________
വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ 1960ലും യൂക്കാലിപ്റ്റസ് പ്ലാന്റേഷന്‍ ആരംഭിക്കാനായി 1980ലും ആദിവാസികളെ മുത്തങ്ങ വനത്തില്‍ നിന്നും കുടിയിറക്കിയതാണ്. അതോടെ തങ്ങളുടെ സാമൂഹിക പരിതസ്ഥിതികളില്‍ നിന്നും വിഭിന്നമായ ഇടങ്ങളില്‍ ജീവിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. കാടും കാട്ടിനുള്ളിലെ വിഭവങ്ങളും ഉപജീവനമാക്കി മാറ്റിയ ആദിവാസികളെ തങ്ങളുടെ സാമൂഹികാവസ്ഥയിലുണ്ടായ മാറ്റം കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കുമാണ് തള്ളിയിട്ടത്.
നിരവധി ആദിവാസികള്‍ പട്ടിണി മൂലം മരിച്ചതോടെ 2001ലാണ് ആദിവാസികള്‍ സ്വന്തമായി ഭൂമിയെന്ന ആവശ്യം ഉന്നയിച്ച് സമരപ്രഖ്യാപനവുമായി രംഗത്തെത്തിയത്.
അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ വീടിന് മുന്നില്‍ ആദിവാസികള്‍ നടത്തിയ കുടില്‍കെട്ടി സമരത്തോടെയായിരുന്നു സമരം ആരംഭിച്ചത്. 48 ദിവസമാണ് ഈ സമരം നീണ്ടുനിന്നത്. ഇതോടെ കേരളത്തിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കാമെന്നും മറ്റ് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കാമെന്നും സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനം ചെയ്യേണ്ടി വന്നു.
അതേസമയം നാളുകള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് വന്നതോടെ 2002 അവസാനത്തോടെ ആദിവാസികള്‍ തങ്ങളുടെ സമരം തുടരാന്‍ നിര്‍ബന്ധിതരായി. ആദിവാസി ഗോത്രമഹാസഭയുടെ കീഴില്‍ അണിനിരന്ന ആദിവാസികള്‍ മുത്തങ്ങ വനത്തില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മുത്തങ്ങയില്‍ തങ്ങളുടെ ഊര് പുനസ്ഥാപിക്കുകയായിരുന്നു ആദിവാസികളുടെ ലക്ഷ്യം. ഈയൊരു ലക്ഷ്യബോധത്തിലേക്ക് അവരെ എത്തിക്കുന്നതില്‍ ആദിവാസികളില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്ന നേതാവായ സികെ ജാനുവിനും എം ഗീതാനന്ദനും സാധിച്ചു. എന്നാല്‍ ഏത് വിധേനയും ആദിവാസികളെ മുത്തങ്ങയില്‍ നിന്നും പുറത്താക്കുകയെന്നതായിരുന്നു വനംവകുപ്പിന്റെ നിലപാട്. അതിനായി അവര്‍ ആദിവാസികള്‍ കെട്ടിയ കുടിലിന് തീവയ്ക്കുകയും ഇണങ്ങിയ ആനകളെ മദ്യം നല്‍കി ഊരുകളിലേക്ക് ഇറക്കിവിടുകയും ചെയ്തു. 2003 ഫെബ്രുവരി 17ന് ആദിവാസി കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന കുടിലിന് സമീപം തീപിടിത്തമുണ്ടായതോടെ മുത്തങ്ങ സമരത്തിന്റെ സ്വഭാവം മാറുകയായിരുന്നു. തീകത്തിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് ആദിവാസികള്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി.
ജില്ലാ കളക്ടര്‍ നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ ബന്ദികളെ മോചിപ്പിച്ചെങ്കിലും സമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നും പുറത്താക്കാന്‍ പോലീസ് തീരുമാനിച്ചതോടെ മുത്തങ്ങ കൂടുതല്‍ സംഘര്‍ഷഭരിതമായി. ഫെബ്രുവരി 19ന് അന്നത്തെ കല്‍പ്പറ്റ ഡിവൈഎസ്പി ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് കാട് വളഞ്ഞു. പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പോലീസ് ആദിവാസികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും കുടിലുകള്‍ കത്തിക്കുകയും ചെയ്തതോടെ ആദിവാസികള്‍ ഉള്‍വനങ്ങളിലേക്ക് പിന്‍വലിഞ്ഞു.
പോലീസ് ഉള്‍ക്കാടുകളില്‍ നടത്തിയ തിരച്ചിലില്‍ ആദിവാസികളുടെ ഷെഡ് കണ്ടെത്തിയെങ്കിലും തിരച്ചിലിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ വിനോദിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദികളാക്കി ആദിവാസികള്‍ പ്രതിരോധം തീര്‍ത്തു. അതോടെ പോലീസ് സേന 200 മീറ്റര്‍ പിന്‍വാങ്ങി നിലയുറപ്പിച്ചു. പരിക്കേറ്റ ആദിവാസികള്‍ക്കും ചികിത്സ ലഭ്യമാക്കിയാല്‍ ബന്ദികളായ ഉദ്യോഗസ്ഥര്‍ക്കും ചികിത്സ അനുവദിക്കാമെന്ന് ആദിവാസികള്‍ നിലപാടെടുത്തു. എന്നാല്‍ ഉദ്യോഗസ്ഥരെ നിരുപാധികം വിട്ടുതരണമെന്നാണ് പോലീസും തഹസീല്‍ദാരും ആവശ്യപ്പെട്ടത്.
സന്ധിസംഭാഷണങ്ങള്‍ തുടരുന്നതിനിടെ കൂടുതല്‍ സായുധ പോലീസ് വനത്തിലെത്തുകയും മിന്നല്‍ വേഗത്തില്‍ സമരപ്പന്തല്‍ വളയുകയും ചെയ്തു. തീപ്പന്തവുമായി സമരപ്പന്തലിന് കാവല്‍ നിന്ന ജോഗിയെ വെടിവച്ച് വീഴ്ത്തിയാണ് അവര്‍ സമരപ്പന്തലില്‍ പ്രവേശിച്ചത്. പതിനെട്ട് റൗണ്ടാണ് പോലീസ് വെടിവച്ചത്. വെടിവയ്പ്പ് തുടങ്ങിയതോടെ ആദിവാസികള്‍ ചിതറിയോടി. ഇതിനിടെ രക്തം വാര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിനോദ് മരിക്കുകയും ചെയ്തു.
സംഭവത്തില്‍ ഏഴ് പോലീസ് കേസുകളും ആറ് വനംവകുപ്പ് കേസുകളും രജിസ്റ്റര്‍ ചെയ്തു. വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദനും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജാനുവുമായിരുന്നു ഒന്നാം പ്രതികള്‍. ഫെബ്രുവരി 21ന് സുല്‍ത്താന്‍ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയില്‍ നിന്നും ഇരുവരും അറസ്റ്റിലാകുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 132 പേരെയാണ് കേസില്‍ റിമാന്‍ഡ് ചെയ്തത്.
തന്റേതായ ഇടമുണ്ടെങ്കില്‍ മാത്രമേ തന്റേടമുണ്ടാകൂവെന്ന തിരിച്ചറിവാണ് ആദിവാസി ഗോത്രമഹാസഭയെ ഭൂമിയ്ക്ക് വേണ്ടിയുള്ള സമരത്തിലേക്ക് നയിച്ചത്. മുത്തങ്ങ സമരം കേരളത്തിലെ ആദിവാസികളെ സംബന്ധിച്ച് ഒരു തുടക്കമായിരുന്നു. നീതിക്ക് വേണ്ടി പോരാടാനുള്ള തുടക്കം. കേരളത്തിലെ ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തില്‍ രക്തക്കറ പുരണ്ട ഏടായിരുന്നു മുത്തങ്ങ സമരം. ഈ സമരം ആദിവാസികളുടെ ശബ്ദമുയര്‍ത്തുന്ന കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ഭയന്ന് സര്‍ക്കാര്‍ പൊളിച്ചുകളഞ്ഞെങ്കിലും ആദിവാസികളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു സ്ഥിതിവിശേഷമാണ് പിന്നീടുണ്ടായത്.
_________________
കുറച്ചു മുൻപോട്ട് നീങ്ങിയപ്പോൾ തന്നെ അസ്വാഭാവിക വന മേഖലയുടെ കാഴ്ചകൾ മാറി യഥാർത്ഥ വന മേഖലകൾ കടന്നു വരുന്നു.. കടുത്ത വേനലിന്റെ അടയാളങ്ങൾ ഇവിടെ വ്യക്തമാകുന്നു .. കരിഞ്ഞുണങ്ങിയ പുൽമേടുകളും പച്ചപ്പ് കുറഞ്ഞ സസ്യലധാതികളും ആണ് കാഴ്ചയിൽ..
ഞങ്ങളെ കാണിക്കാൻ കാട് മുഴുവൻ പരതി നോക്കുന്നുണ്ട് എന്റെ സുഹൃത്ത്.. എന്നാല് ഒരു മൃഗത്തെ പോലും കാണുന്നില്ല .
1973 ലാണ് വയനാട് വന്യജീവി സങ്കേതം നിലവിൽ വരുന്നത്. കര്‍ണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിന്റെ അതിര്‍ത്തിയില്‍ രണ്ടു ഭാഗങ്ങളിലായി ചിതറികിടക്കുന്ന വന്യജീവി സങ്കേതമാണ് വയനാട് സങ്കേതം. വടക്കു കിഴക്കായി തോല്‍പ്പെട്ടി, കുറിച്യാട് റേഞ്ചുകളിലും, തെക്കു കിഴക്കായി സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ റേഞ്ചുകളിലുമായി 344.44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനപ്രദേശം. കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സംരക്ഷിതപ്രദേശം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. സംരക്ഷിത മൃഗം ആനയാണ് ഇവിടെ.
1992 ല് പ്രൊജക്റ്റ് എലിഫന്റ് ന്റെ കീഴിലും ഉൾപെടുത്തി ഈ വന മേഖലയെ.. പെരിയാർ , ആനമുടി , നിലമ്പൂർ എന്നിവയാണ് കേരളത്തിൽ പ്രോജക്റ്റ് എലിഫന്റ് ല് വരുന്ന മറ്റു കേന്ദ്രങ്ങൾ..
തമിഴ്നാടിന്റെ യും കർണാടകയിലെയും നിരീക്ഷണ ഉദ്യോഗസ്ഥരെയും അവരുടെ കാര്യാലയങ്ങളും, ഏർ മാടവും ഇൗ വനത്തിനുള്ളിൽ ഉണ്ട്..
വ്യത്യസ്ത നിറത്തിലുള്ള മരങ്ങളും അവയുടെ ഇലകളും കാണാം.. എന്നാല് അവയുടെ പേര് എന്താണ് എന്ന് വ്യക്തം അല്ല.
ധാരാളം ചിതൽപുറ്റ് കളുടെ നീണ്ട നിര കടന്നു വരുന്നു.. കരടികൾ ഇവ പൊട്ടിച്ചു ഇര പിടിക്കാൻ വരും എന്ന് ഡ്രൈവർ പറയുന്നു.. അങ്ങനെ പൊട്ടിയ പുറ്റുകൾ പാമ്പിന്റെ ആവാസ കേന്ദ്രമായി മാറുകയും ചെയ്യും. jeep സഫാരി ഏകദേശം 8 കിലോമീറ്റർ ആണ് ഉണ്ടാവുക .. മുത്തങ്ങ റേഞ്ചിൽ നിന്നും തുടങ്ങി കർണാടക അതിർത്തിയിൽ എത്തി നാഷനൽ ഹൈവേ വഴി തിരികെ മുത്തങ്ങ റെയിഞ്ച് വരെയാണ് സഞ്ചാര പാത..ഇതിനിടയിൽ ജീപ്പ് നിർത്തി തരുകയും വേഗത കുറക്കുകയും ചെയ്യും എന്നാല് വാഹനത്തിന് പുറത്ത് ഇറങ്ങാൻ സാധിക്കില്ല..
യാത്രയിൽ ധാരാളം മാനുകൾ കൂട്ടം കൂടി നിൽക്കുന്നതും കുശലം പറയുന്നതും ഒക്കെ കാണുന്നു..
കടുവകളുടെയും പുള്ളിപ്പുലികളുടെയും ആവാസ കേന്ദ്രമാണ് ഇവിടം. കാട്ടുപോത്ത്, പുള്ളിമാന്‍, മ്ലാവ് എന്നിവയും കാണാം. ആര്‍ദ്ര ഇലപൊഴിയും കാടുകളും നിത്യഹരിത വിഭാഗങ്ങളിലും പെട്ട കാടുകള്‍ ഉള്ളതിനാല്‍ പക്ഷികള്‍, ചിത്രശലഭങ്ങള്‍, മറ്റു ഉരഗങ്ങള്‍, സസ്തനികള്‍ എന്നിവയും ധാരാളമുണ്ട് ഇൗ വനത്തിൽ.. എന്നാല് അവയെ ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ കാണാൻ കഴിയൂ.. ഇന്നലെ പോയ ഒരു ജീപ്പ് സംഘത്തിന് പുലിയെയും കടുവയെയും കാട്ടാനകൂട്ടതെയും കാണാൻ പറ്റി എന്ന് ഡ്രൈവർ പറയുന്നു.. ഒരിക്കൽ കാട്ടാന കൂട്ടം കാരണം യാത്ര പൂർത്തിയാക്കാതെ തിരികെ പോയ ദിവസവും ഉണ്ടെന്നും അദ്ദേഹം പറയുന്നു.
വനത്തിലൂടെ യുള്ള യാത്രകൾ പൂർത്തിയാക്കി പ്രധാന പാതയിലേക്ക് വാഹനമിറങ്ങി..വലത് ഭാഗത്ത് കർണാടക അതിർത്തി കാണാം..
സുൽത്താൻ ബത്തേരി യില് നിന്നും ഗുണ്ടൽ പേട്ട് പോകുന്ന KSRTC യില് കയറിയാൽ നമുക്ക് വനത്തിലൂടെ യുള്ള ഇൗ കാഴ്‌കൾ മനോഹരമായി കുറഞ്ഞ ചിലവിൽ കാണാം.. നിരന്തരം സർവീസ് നടത്തുന്നുണ്ട് KSRTC. കൂടാതെ കർണാടക ബസ്സുകളും ഇതിലൂടെ സർവീസ് നടത്തുന്നു..
ആദിവാസി കുടികൾ ആണ് വനത്തിന്റെ പല ഭാഗത്തും.. ഇവിടെ ഫോട്ടോ എടുക്കാനോ വണ്ടി നിർത്താനോ പുറത്ത് ഇറങ്ങി കാഴ്ചകൾ കാണാനോ സാധിക്കില്ല... ഫോറസ്റ്റ് ഉദ്യോഗസ്ഥരും CCTV പരിശോധനയും ഒക്കെ ഉണ്ട് ഇവിടെ.. രാത്രികാലങ്ങളിൽ ഇത് വഴിയുള്ള സഞ്ചാരം കർണാടക സർക്കാർ പൂർണമായും നിരോധിച്ചതാണ്.. വന്യജീവികളുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് ഇത്..
മുൻപോട്ട് പോകുന്തോറും ഗ്രാമീണ കാഴ്ചകൾ കടന്നു വരുന്നു.. നെൽ പാടങ്ങൾ ദൃശ്യമാകുന്നു.. എന്തൊക്കെയോ കായിക വിനോദങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ബാല്യങ്ങൾ കാണാം..
തിരികെ പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി.. ആളുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കയ്യിലുള്ള പലഹാര പൊതികൾ തട്ടി എടുക്കാൻ ശ്രമിക്കുന്ന കുരങ്ങന്മാരുടെ കൂട്ടം.. ഇൗ ഒരു യാത്രയിൽ കാട്ടാന കളുടെയും മറ്റു വന്യമൃഗങ്ങളുടേയും കാഴ്ചകൾ കാണാൻ സാധിച്ചില്ല എന്ന ദുഖം എന്റെ മനസ്സിലുണ്ട് .. വയനാടിന്റെ മറ്റു കാഴ്ചകളിലേക്ക് യാത്ര തിരിച്ചു...