കാന്തല്ലൂർ

Give your rating
Average: 4 (2 votes)
banner
Profile

Shareena P

Loyalty Points : 85

Total Trips: 2 | View All Trips

Post Date : 01 Jun 2021
66 views

*കാന്തം പോലെ കാന്തല്ലൂർ* 


ഒരു യാത്രാ വിവരണം എഴുതണം എന്ന് ഓരോ യാത്ര പോകുമ്പോഴും കരുതും...എന്നാൽ യാത്ര കഴിഞ്ഞാൽ പിന്നെ തിരക്കായി....പണിയായി....മടിയായി...അങ്ങനെയങ്ങനെ അത് ഒഴിവാകും. എന്നാൽ കാന്തല്ലൂർ കണ്ടപ്പോൾ തന്നെ എല്ലാ തിരക്കും മാറ്റി വെച്ചിട്ടേയുള്ളൂ എന്ന് തീരുമാനിച്ചു..

ആദ്യമായി എനിക്ക് ഇത്തരത്തിൽ ഒരു യാത്രാ വിവരണം എഴുതുന്നതിന് പ്രചോദനമായവരെ കുറിച്ച്.... യാത്രാ ഗ്രൂപ്പിന്റെ അമരക്കാരൻ ഷാ സിറാജ് (ഏതൊരു യാത്ര കഴിഞ്ഞാലും അതിനെ പറ്റി എഴുതുകയും എല്ലാവരോടും എഴുതാൻ പറയുകയും ചെയ്യും), യാത്രാ ഗ്രൂപ്പ് മെമ്പർ കൂടിയായ ദീപേഷ് ദേവി (യാത്രകളെ കുറിച്ചു മാത്രമല്ല സമകാലിക സംഭവങ്ങളെ കുറിച്ചെല്ലാം നവമാധ്യമങ്ങളിൽ തന്റെ അഭിപ്രായം വ്യക്തമായി രേഖപെടുത്തും), മുൻ യാത്രാ ഗ്രൂപ്പ് മെമ്പർ ദീപ ഗംഗേഷ് (സഞ്ചാരിയിലെ എഴുത്തുകാരി കൂടിയാണ്) , ജിബിൻ മാഷ് (അധികം എഴുതിയില്ലെങ്കിലും എഴുതിയത് അതി മനോഹരം) പിന്നെ പേരുകൾ ഓർക്കാത്ത സഞ്ചാരി ഗ്രൂപ്പിലെ കുറച്ചു പേരും.....

കോവിഡ് മഹാമാരിയിൽ പെട്ട് എങ്ങോട്ടും പോകാൻ വയ്യാതെ ശ്വാസം മുട്ടി നിൽക്കുമ്പോൾ ഗൂഗിൾ മീറ്റ് വഴി ഒരു ഒത്തുചേരൽ സംഘടിപ്പിച്ചെങ്കിലും യാത്ര ചെയ്യാനുള്ള ത്വര അതിൽ ഒതുങ്ങില്ല എന്ന് തിരിച്ചറിയാൻ പെട്ടന്ന് തന്നെ പറ്റി. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഓരോന്നായി തുറന്ന് കൊടുത്തപ്പോൾ തന്നെ യാത്രാ ഗ്രൂപ്പ് എക്സിക്യൂട്ടീവ് യോഗത്തിൽ കാന്തല്ലൂരിൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഒരു മീറ്റിന് തീരുമാനമായി. ഒന്നാമതായി  പേര് രജിസ്റ്റർ ചെയ്തപ്പോഴും പോകാൻ പറ്റുന്ന കാര്യത്തിൽ യാതൊരു ഉറപ്പും (ഞങ്ങളെ പോലെ തന്നെ ആർക്കും)  ഉണ്ടായിരുന്നില്ല..

2021 ജനുവരി 9 ന് അതിരാവിലെ തന്നെ ഞങ്ങൾ  കോഴിക്കോട് നിന്നും പുറപ്പെട്ടു. . മലപ്പുറം, പെരിന്തൽമണ്ണ വഴി പാലക്കാടിന്റെ മനോഹാരിത ആസ്വദിച്ചു കൊണ്ട് പൊള്ളാച്ചി, ഉദുമൽ പേട്ട വഴി ചിന്നാർ കടന്ന് മറയൂർ അവസാനം കാന്തല്ലൂർ. 

മറയൂർ ആയിരുന്നു ഞങ്ങളുടെ മീറ്റിങ് പോയിന്റ.  ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ  മറയൂർ ചന്ദന ഡിപ്പോ സന്ദർശനം ആയിരുന്നു. ആ പ്രദേശമാകെയുള്ള ചന്ദന സുഗന്ധം മാസ്‌ക് ഇടക്ക് പൊക്കി ആസ്വദിച്ചു.. ചന്ദന വിശേഷങ്ങൾ അത്ഭുതത്തോടെയാണ് കേട്ടത്. ഇതിന് മുൻപൊരിക്കൽ അതുവഴി പോയെങ്കിലും സന്ദർശനാനുമതി ഇല്ലാത്തതിനാൽ കയറാൻ പറ്റാഞ്ഞ വിഷമം മാറി കിട്ടി.. അതിനു ശേഷം sandal casa (സ്റ്റേ ഒരുക്കിയ റിസോർട്ട്) ലക്ഷ്യമാക്കി പോകുമ്പോൾ മഞ്ഞിൽ പൊതിഞ്ഞ  കാഴ്ചയാകണേ എന്ന പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ. വരുന്ന വഴിയിൽ തന്നെ കോട ഇറങ്ങുന്നുണ്ടായിരുന്നു. കോടയിൽ പൊതിഞ്ഞ് sandal casa സുന്ദരിയായി
എതിരേറ്റപ്പോൾ മനസ്സിൽ കുളിർ മഴ പെയ്തു..

ക്യാപ്റ്റൻ ജിബുവിനെ  ആയിരുന്നു ഈ മീറ്റിന്റെ ഒരുക്കങ്ങൾക്കായി നിയോഗിച്ചത്. Ex മിലിട്ടറി ആണെങ്കിലും പട്ടാളക്കാരന്റെ യാതൊരു മസിൽ പിടുത്തവുമില്ലാത്ത ആളായത് കൊണ്ടും എല്ലാത്തിനേയും തമാശ രൂപത്തിൽ മാത്രം കാണുന്ന ആളായതിനാലും കക്ഷി ഔട്ടിങ്ങിന് പ്രത്യേക സംവിധാനങ്ങൾ ഒന്നും ഒരുക്കി കാണില്ലെന്നും  2 ദിവസം പുറത്തിറങ്ങാതെ റിസോർട്ടിൽ താമസിച്ച് തിങ്കളാഴ്ച രാവിലെ തിരികെ പോരേണ്ടി വരും എന്നൊക്കെ കണക്കാക്കിയാണ് യാത്ര തുടങ്ങിയത്. (അങ്ങനെ ആയിരുന്നുവെങ്കിൽ പോലും അതൊരു നഷ്ടം ആകില്ലായിരുന്നു എന്ന് അവിടെ എത്തിയപ്പോൾ തിരിച്ചറിഞ്ഞു ) എന്നാൽ സ്ഥലം SI യും ഗ്രൂപ്പ് മെമ്പർ കൂടിയായ ഷമീർ സാറിന്റെ സ്വാധീനവും ജിബുവിന്റെ പ്ലാനിങും കാന്തല്ലൂരിനെ അടുത്തറിയാൻ സഹായിച്ചു..മറയൂർ ശർക്കര നിർമാണവും,  പഴമ നിലനിർത്തിയ കുട്ടേട്ടന്റെ ചായക്കടയും, വൃന്ദാവൻ മിസ്റ്റിലെ പാതിരാ വിസിറ്റും, മുനിയറയും, ഭ്രമരം പോയിന്റും, ഏറുമാടവും, ഓഫ് റോഡ് യാത്രയും, കരടിപ്പാറ വെള്ളച്ചാട്ടവും, എല്ലാം മഞ്ഞിൽ പൊതിഞ്ഞ കാന്തല്ലൂർ പോലെ മനസ്സിൽ ഒരു മഞ്ഞു കണംപോലെ ഇന്നും നിൽക്കുന്നു. കാന്തല്ലൂരിനെ ഓർക്കുമ്പോൾ sandal casa മുതലാളി ജോപ്പി സാറിനെയും (സതീഷ് സാറിന്റെ കൂട്ടുകാരൻ കൂടിയാണ്), മാനേജർ ജയറാമിനൊപ്പം സയീദ്, മറിയന്ന, സീനു എന്നിവരെയും  ഓർക്കാതെ വയ്യ.  എല്ലാറ്റിലുമുപരിയായി രവി ശങ്കർ ക്യാമറയിൽ പകർത്തിയ അതി മനോഹര ചിത്രങ്ങൾ കാന്തല്ലൂർ യാത്രയുടെ ഓർമകൾക്ക് സുഗന്ധം കൂട്ടുന്നു😍

കാന്തല്ലൂർ യാത്രയിൽ എന്നെ ആകർഷിച്ചത് കോടമൂടിയ ...മഴപെയ്യാൻ വിതുമ്പി നിൽക്കുന്ന...... മഴയാണോ മഞ്ഞാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ആ അവസ്‌ഥ  തന്നെയാണ്..പലപ്പോഴും വയനാട് യാത്രയിൽ ഒൻപതാം വളവ് തുടങ്ങുന്ന ഭാഗത്ത് കോട ഇറങ്ങി വരുന്നതും നിമിഷ നേരം കൊണ്ട് മാഞ്ഞു പോകുന്നതും കണ്ടിട്ടുണ്ട്.. എന്നാൽ ഒരു പ്രദേശമാകെ മുഴുവൻ സമയവും ആ അവസ്ഥ നിലനിക്കുന്നു എന്ന് പറഞ്ഞറിയുന്നതിലും അത് അനുഭവിച്ചറിയണം എന്നേ ഞാൻ പറയൂ. കാരണം അതൊരു ഫീൽ ആണ്....... വാക്കുകൾക്കതീതമായ,  ഒരു ജന്മം മുഴുവൻ നനുത്തൊരോർമ്മയായി താലോലിക്കാൻ  പാകത്തിലൊരു അനുഭവം. എല്ലാ കാലത്തും ഈ ഒരു അവസ്ഥയിലാണോ കാന്തല്ലൂർ എന്നെനിക്കറിയില്ല.....ഞങ്ങൾ പോയപ്പോൾ  (ജനുവരിയിൽ ) ഇതാണ് കാലാവസ്ഥ..
ശനിയാഴ്ച വൈകീട്ടോടെയാണ് ഞങ്ങൾ താമസസ്ഥലത്ത് എത്തിയത്. ഞായറാഴ്ച രാവിലെ തന്നെ മുനിയറ കാണാനായി പോയവഴി കുട്ടേട്ടന്റെ ചായക്കട യിൽ നിന്നും കുടിച്ച ചൂട് ചായക്ക് കോടമഞ്ഞിന്റെ തണുപ്പകറ്റാൻ കഴിഞ്ഞില്ലെങ്കിലും ആ ആമ്പിയൻസ് അത് കിടിലം ആയിരുന്നു.. ചായയുടെ ഓരോ സിപ്പിലും ഞങ്ങൾ കാന്തല്ലൂരിലേക്ക് അലിഞ്ഞു ചേരുകയായിരുന്നു....ജാഡയില്ലാത്ത ആ നാടിന്റെ ഭാഗമായി തീരുകയായിരുന്നു....

Shareena Anil