ഒരു മൂന്നാർ കാന്തല്ലൂര് യാത്ര (ഒന്നാം ഭാഗം)- മൂന്നാർ അറിയേണ്ടതെല്ലാം

Give your rating
Average: 4 (2 votes)
banner
Profile

Sreehari Kadapra

Loyalty Points : 210

Total Trips: 4 | View All Trips

Post Date : 18 Jul 2021
133 views

  2019 സെപ്റ്റംബർ മാസത്തിൽ ആണെന്നാണ് ഓര്മ..ഞാനും  ഒരു സുഹൃത്തും HARI MOOTHEEDAM  ദീർഘമായ  ഒരു  ആലോചനയിൽ ആണ്..കാന്തല്ലൂരിലേക്ക് പോകണം..പോകാമെന്നുറപ്പിച്ചു കൈകൊടുത്തുപിരിഞ്ഞ ആ സുഹൃത്തുക്കൾ പോകാൻ ഉള്ള ദിവസം തീരുമാനിക്കുന്നത് 2020 മാർച്ച് മാസത്തിലും..പക്ഷെ നിർഭാഗ്യവശാൽ അന്ന് ഞങ്ങളുടെ ജില്ലയിൽ നാലുപേർക്ക് കോവിഡ് പിടിപെടുന്നു ..അതിനെന്താ നാലുപേർക്കല്ലേ ഉള്ളു എന്ന് പറയുന്നതിന് മുന്നേ അന്നത്തെ സാഹചര്യം ആലോചിക്കുക..ഒരാൾക്ക് പോസിറ്റീവ് ആയാൽ പത്രങ്ങളുടെ മുൻപേജിൽ വാർത്ത വരുന്ന കാലം..ചാനലുകാർ ഒരാഴ്ച സംവദിച്ചിരുന്ന കാലം.. എന്നിട്ടും ഞങ്ങൾക്ക് പ്രതീക്ഷ ഉണ്ടായിരുന്നു...ആ പ്രതീക്ഷ തകർത്തത് മറ്റൊരു വാർത്തയാണ്. " മൂന്നാറിലെത്തിയ  ഒരു സായിപ്പ് കോവിഡ് പോസിറ്റീവ് ആയത്രേ ..!!

ഒരു തീരുമാനം ആയി..വളരെ വിഷമത്തോടെ ആ കാന്തല്ലൂർ യാത്ര വേണ്ടെന്ന് ഞങ്ങൾ തീരുമാനിക്കുന്നു. പക്ഷെ എന്റെ മനസിൽ അതിങ്ങനെ കിടന്നു..പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല കാര്യങ്ങൾ..കൊറോണ രോഗികൾ വല്ലാതെ കൂടി.. അധികം വൈകാതെ  രാജ്യം ലോക്കഡൗണിലേക്ക്..പുറത്ത് ഇറങ്ങാതെ മാസങ്ങൾ കടന്നു പോയി..

 അങ്ങനെ 2021 ജനുവരി വന്നെത്തി..പുതുവര്ഷത്തിന് ഒട്ടും നിറമില്ലായിരുന്നു..കൊറോണ വൈറസിന്റെ അതിപ്രസരം.. എങ്കിലും ആ ജനുവരി 26 ശനിയാഴ്ച പുലർച്ചെ ഞങൾ ഇറങ്ങി തിരിക്കുക ആണ്..ഒപ്പം നമ്മുടെ സുഹൃത്ത് ആയ Sudheesh Kumar ഉം ഉണ്ട്..ഞാൻ പതിവിലധികം സന്തോഷത്തിൽ ആണ്..കൊറേ കാലമായി ഉള്ള ആഗ്രഹം ആണ്  ഇന്ന് നടക്കാൻ പോകുന്നത്..

   പാലായിൽ നിന്നും ഊന്നുകല്ലിനുള്ള ആ ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ട് പോകുന്നു.. നേരം വെളുക്കുന്നതെ ഉള്ളു..ഊന്നുകല്ലിൽ എത്തിയപ്പോൾ വണ്ടി നിർത്തി..സുധീഷ് ചേട്ടൻ ചായ ഒക്കെ ഫ്ലാസ്കിൽ ആക്കി ആണ് വന്നിരിക്കുന്നത്..ഓരോ ചായ പിടിപ്പിച്ചു..വീണ്ടും മുന്നോട്ട്..

  അടുത്ത പ്രാധാനപ്പെട്ട പട്ടണം നേര്യമംഗലം ആണ്.ഇവിടെയാണ് പെരിയാറിനു കുറുകെ  സേതു ലക്ഷ്മി ഭായി പണികഴിപ്പിച്ച പാലം ഉള്ളത്..എറണാകുളം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നത് ഈ നേര്യമംഗലം പാലം ആണ്.സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച ഈ പാലം 1935 മാർച്ച് 2-നാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.ഇടുക്കി ഹൈറേഞ്ചിന്റെ വികസനത്തിനും കുടിയേറ്റത്തിനും പ്രധാന പങ്ക് വഹിച്ചത് നേര്യമംഗലം പാലം ആണ്..

ചീയപ്പാറ വെള്ളച്ചാട്ടം

  ഇനി അങ്ങോട്ട് ഇടുക്കി ജില്ല ആണ്.കാഴ്ചകൾ തുടങ്ങുന്നതും ഇവിടെ നിന്നാണ്..നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ റോഡരികിൽ ആണ് ചീയപ്പാറ വെള്ളച്ചാട്ടം..ചീയപ്പാറയിൽ എത്തിയപ്പോഴേക്കും സമയം 8 മണി ആയിരുന്നു.. ഞങ്ങൾ വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങി..മഴക്കാലത്ത് ജലസമൃദ്ധമാണ് ഈ വെള്ളച്ചാട്ടം.ജനുവരി മാസം ആയത് കൊണ്ട് വെള്ളം കുറവാണ്. മുകളിൽ നിന്നും ഏഴു തട്ടുകളിലായി ജലം താഴേക്ക് പതിക്കുന്നു..ഞങൾ കുറച്ചു സമയം അവിടെ നിന്നു..വീണ്ടും മുന്നോട്ട്..

        അധികം വൈകാതെ അടിമാലിയിൽ എത്തി..നല്ല വിശപ്പ് ആയിട്ടുണ്ട് ..ടൗണിലെ ഒരു ഹോട്ടലിനു സമീപം വണ്ടി നിർത്തി. രാവിലത്തെ ഭക്ഷണം പാസ്സാക്കി.പിന്നീട് കുറെ ദൂരം റോഡിന് വീതി കുറവാണ്..കൊറോണ ആയത് കൊണ്ട് വലിയ ഒരു വാഹനത്തിരക്ക് ഒന്നും റോഡിൽ ഇല്ല. 

 

മൂന്നാറിൽ  നിന്ന്  മാട്ടുപ്പെട്ടിയിലേക്ക് 

                               ഏകദേശം 10 മണി ആയപ്പോഴേക്കും ഞങ്ങൾ മൂന്നാർ ടൗണിൽ എത്തി..ആദ്യം മാട്ടുപ്പെട്ടിയിലേക്ക് പോകുകയാണ്..മുന്നാറിൽ നിന്നും 11 കിലോമീറ്റർ അകലെയാണ് മാട്ടുപ്പെട്ടി..മാട്ടുപ്പെട്ടി ഡാമും  പള്ളിവാസൽ ജലവൈദ്യുതപദ്ധതിയുടെ റിസർവോയറും ആണ് അവിടുത്തെ പ്രധാന ആകർഷണം..പോകുന്ന വഴിക്ക് മുഴുവനും വിശാലമായ തേയിലത്തോട്ടങ്ങൾ ആണ്..വഴിയരികിൽ ധാരാളം കച്ചവടക്കാരും കുതിര സവാരിക്കാരും ഉണ്ട്..ആളുകളെ ആകർഷിച്ചു സവാരിക്കാരി നിൽക്കുന്ന ജീപ്പ് ഡ്രൈവർമാരും അവിടെയുണ്ട്..ഞങൾ മുന്നോട്ട് തന്നെ.. വഴി വളരെ മോശവും വീതികുറഞ്ഞതും ആണ്. പോകുന്ന വഴിക്ക് വലുതും ചെറുതുമായ തേയില ഫാക്ടറികൾ കാണാൻ കഴിയും.. ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച തേയില ഫാക്ടറികൾ ഒക്കെ മുന്നാറിൽ ഉണ്ട് എന്നത് മാറ്റൊരു കാര്യം..

ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ ചിത്തിരപുരം ഗ്രാമത്തിൽ ആണ് മാട്ടുപ്പെട്ടി അണക്കെട്ട്  സ്ഥിതി ചെയ്യുന്നത്.പള്ളിവാസൻ ജലവൈദുത പദ്ധതിയുടെ ഭാഗമായി മുതിരമ്പുഴ നദിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.ഡാമിന്റെ ആകർഷണവും പ്രകൃതി സൗന്ദര്യവും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു..ഞങൾ ഡാമിന്റെ മുകളിലൂടെയുള്ള വഴിയിലൂടെ കുറച്ചു ദൂരം കൂടെ മുന്നോട്ട് പോയി..ഇത് വട്ടവടയ്ക്ക് ഉള്ള വഴിയാണ്..ഞങളുടെ ഈ യാത്രയിൽ വട്ടവട ഇല്ലാത്ത കൊണ്ട് വഴിയിൽ നിർത്തി ഒരു ചായയും കുടിച്ച് വണ്ടി തിരിച്ചു..   

 കുന്നിൻ ചെരുവുകളിൽ ധാരാളം ലയങ്ങൾ കാണാമായിരുന്നു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ ആണ് അതൊക്കെ..അവരുടെ ആരാധനാലയങ്ങളും വഴിയരികിൽ കാണാം.. അവിടെ കൂടുതലും തമിഴ്വംശജരായ ആളുകൾ ആണ്. മൂന്നാറിന്റെ ചന്തം ഈ വഴിയിൽ നമുക്ക് കാണാൻ കഴിയും.തെക്കിന്റെ കശ്മീർ എന്ന പേര് ഒട്ടും അഭംഗി അല്ലെന്ന് മനസിലാക്കാൻ ഈ താഴ്വര്കളുടെ ഭംഗി തന്നെ ധാരാളം.

ഇരവികുളം ദേശീയോദ്യാനം- രാജമല
 
 
          തിരിച്ചു മൂന്നാർ ടൗണിലേക്ക് എത്തി.ഇവിടെ നിന്നും ചിന്നാർ റൂട്ടിൽ ആണ് മറയൂർ..മറയൂർ ടൗണിൽ നിന്നും കാന്തല്ലൂരിലേക്കും പോകാം..വാഹനത്തിരക്ക് ആയി തുടങ്ങിയിരുന്നു..നിരങ്ങിയും ഇഴഞ്ഞും ഒരുവിധം ടൌൺ കടന്നു കിട്ടി. ധാരാളം റിസോർട്ടുകൾ കൊണ്ട് സമ്പന്നമാണ് മൂന്നാർ ടൌൺ..സഞ്ചാരികളെ ആകർഷിക്കാൻ തക്ക കൗതുകവസ്തുക്കളും വിവിധങ്ങളായ ഭക്ഷണങ്ങളും ഒക്കെയായി ടൌൺ ഉണർന്നിരിക്കുക ആണ്.
             മൂന്നാറിൽ നിന്നും മറയൂരിലേക്ക്  ഏകദേശം 45 കിലോമീറ്റർ ദൂരം ഉണ്ട്.ഇരവികുളം ദേശീയോദ്യാനവും ചന്ദനക്കാടുകളും ഒക്കെ ഈ വഴിയിൽ ആണ്..ഏകദേശം 15 കിലോമീറ്റർ ദൂരം പോയാൽ രാജമലയിൽ എത്താം.ഇവിടെയാണ് ഇരവികുളം ദേശീയോദ്യാനം.  വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണിത്.കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി ( 2695 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്.തല്ക്കാലം ഞങ്ങള് ഇവിടെ കയറുന്നില്ല. മറയൂര് തേടി മുന്നോട്ട്.
മറയൂരിലേക്ക്  
 
 റോഡിനിരുവശത്തും മഹോരങ്ങളായ മനംമയക്കുന്ന കാഴ്ചകള് ആണ്. മറയൂരിലേക്ക് ഇനി അധിക ദൂരമില്ല. മറയൂര് എന്നു കേൾക്കുമ്പോള് തന്നെ മനസിലേക്ക് വരുന്നത് ചന്ദനനക്കാടുകള് ആണെങ്കിലും മറ്റൊരു പ്രത്യേകത കൂടി ആ നാടിന് ഉണ്ട്. അത് നമ്മുടെ നാടൻ മധുരത്തിന്റെ നാടാണ്.മറയൂര് ശർക്കരയുടെ നാട്. 
                               കേരളത്തിൽ വളരുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും  മറയൂരിൽ തന്നെയാണ്. റോഡിനിരുവശവും വേലികെട്ടി തിരിച്ച നിലയിൽ വിശാലമായ ചന്ദനക്കാടുകൾ നമുക്ക് കാണാൻ കഴിയും. കുരങ്ങ്, കാട്ടുപോത്ത് തുടങ്ങി അനേകം ജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ ചന്ദനക്കാടുകൾ നമുക്ക് കാണാൻ കഴിയും..ഇരുമ്പുവേലിക്ക് അപ്പുറത്ത് ശാന്തമായി മേയുന്ന കാട്ടുപോത്തുകളെ ഞങ്ങൾക്ക് കാണാമായിരുന്നു.

ഇനിയും മുന്നോട്ട് പോകുമ്പോൾ ആണ് മറയൂർ ടൗൺ.ആകെ തിരക്ക് ആണ്.ധാരാളം പഴങ്ങളും പച്ചക്കറികളും വില്പനയ്ക്കായി വെച്ചിരിക്കുന്നു.ഞങ്ങൾ കാന്തല്ലൂർ റൂട്ടിലേക്ക് തിരിഞ്ഞു..കാഴ്ചകൾ ഒരുപാട് കാണാനുണ്ട്..

(തുടരും )

ശ്രീഹരി എം നായർ കടപ്ര 

SREEHARI M NAIR KADAPRA