പെരിയാറിൻ്റെ തീരം തൊട്ട് ഡാമുകൾ ചുറ്റിയോരു മൂന്നാർ യാത്ര #

Give your rating
Average: 4 (2 votes)
banner
Profile

Printo Augustine

Loyalty Points : 145

Total Trips: 4 | View All Trips

Post Date : 03 Jun 2025
7 views

യാത്രകളെ മനോഹരങ്ങളാക്കുന്നത് മുൻവിധികളില്ലാതെ , ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ കടന്ന് പോകുന്ന വഴികളും അതിലെ കാഴ്ചകളുമാണ് . ജോലി തിരക്കിനിടയിൽ , മനസ്സും ശരീരവും ഒന്നു തളരുന്ന  സമയങ്ങളിൽ റിലക്സ് ചെയ്യാനെടുക്കുന്ന കുറുക്കുവഴിയാണ് യാത്രകൾ. 

         ഇത്തവണയും പതിവുപോലെ മൂന്നാർ തന്നെയാണ് തെരഞ്ഞെടുത്തത് , നമ്മൾ ബോധപൂർവ്വം തെരഞ്ഞെടുക്കുന്നതല്ല മറിച്ച് മനസ്സ് എന്താണോ ആവശ്യപ്പെടുന്നത് അതിൻ്റെ പിന്നാലെ പോകുന്നതാണ്.

2012 മുതൽ എത്ര തവണ മൂന്നാറിൽ പോയി എന്നത് കണക്കില്ലെങ്കിലും  കഴിഞ്ഞ ഏട്ട് മാസത്തിനിടയിൽ  മൂന്നാം തവണയാണ് മൂന്നാറിലേക്ക് തിരിക്കുന്നതെന്ന് ഞങ്ങൾക്ക് തന്നെ അറിയാമായിരുന്നു.

  കൂട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നുമുളള കളിയാക്കലുകൾ പലതവണ കേട്ടാലും എന്തോ ഒരു മാജിക് ഞങ്ങളെ മൂന്നാറിലേക്ക് മാടി വിളിക്കും. മൂന്നാറിലെ തേയില തോട്ടങ്ങളും തണുത്ത കാറ്റും ചായയും തരുന്ന മാനസീക ഊർജ്ജം വേറേ ഒരു സ്ഥലവും തരുന്നില്ല എന്നതാണ് യഥാർത്ഥ്യം.

മൂന്നാറിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ തന്നെ ഉറപ്പിച്ചതായിരുന്നു ബ്ലോക്കും തിരക്കും നിറഞ്ഞ വഴികൾ ഒഴിവാക്കി  സ്വസ്ഥമായി യാത്ര ആസ്വദിച്ചു പോകാൻ പറ്റുന്ന റൂട്ട് തെരഞ്ഞെടുക്കാം എന്നത് .  അത് കൊണ്ട് തന്നെ പ്രത്യേകിച്ചൊന്നും പ്ലാൻ  ചെയ്യാതെ , രാവിലെ 5.45 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ  മലയാറ്റൂർ പാലത്തിൽ പുഴയെ നോക്കി ചായ ആസ്വദിച്ച്  നിന്നപ്പോഴാണ് പെരിയാറിനെ ചുറ്റി കണ്ട് മൂന്നാറിലേക്ക് പോയാലോയെന്ന  ചിന്തയുണർന്നത്.

          വളരെ നേർത്ത തണുപ്പിൽ മലയാറ്റൂരിൽ നിന്ന് വണ്ടിയെടുത്ത ഞങ്ങളുടെ മനസ്സിൽ നേര്യമംഗലം - ലോവർ പെരിയാർ ഡാം -  കല്ലാർകുട്ടി ഡാം - പൊൻമുടി ഡാം - ആനയിറങ്കൽ ഡാം കൂടി മൂന്നാറിലേക്ക് പോകുന്ന പാത അങ്ങനെ നീണ്ടു നിവർന്ന് കിടപ്പുണ്ടായിരുന്നു.

പരസ്പരം മിണ്ടിയും  കളിയാക്കിയും  സമയം പോയത് അറിയാതെ കോതമംഗലത്തെത്തി  അടുത്ത ചായയും അകത്താക്കി  ഞങ്ങളുടെ സ്ഥിരം ബ്രേക്ക്ഫാസ്റ്റ് ഡെസ്റ്റിനേഷനായ ക്ലൗഡ് ഓവനിലേക്ക്  പോകുന്ന വഴിയിൽ  ഹോട്ടലിന് എതിർ വശത്തുള്ള HP യുടെ പമ്പിൽ നിന്ന് ബുള്ളറ്റിനും പ്രാതൽ നൽകി. മൂന്നാറിലേക്ക്

പോകുമ്പോഴേല്ലാം പ്രഭാത ഭക്ഷണം കഴിക്കാൻ  ക്ലൗഡ് ഓവനാണ് തെരഞ്ഞെടുക്കുന്നത്.

            ഏകദേശം പണി പൂർത്തിയായ വിശാലമായ റോഡിലൂടെ ഊന്നുകൽ വരെ എത്തിയ ഞങ്ങൾ പിന്നീടുള്ള സ്ഥലങ്ങളിൽ റോഡു പണി നടക്കുന്നതിനാൽ അല്പം ശ്രദ്ധിച്ചാണ് വണ്ടിയോടിച്ചത് . നേര്യമംഗലം എത്തുന്നതിന് മുൻപ് വലത് ഭാഗത്തേക്ക് തിരിഞ്ഞ്  ഇടുക്കി റൂട്ടിലേക്ക്  കടന്നത്തോടെ മനസ്സും ശരീരവും പൂർണ്ണമായും യാത്രയ്ക്ക് ഒരുങ്ങി കഴിഞ്ഞിരുന്നു .

       ഇടുക്കി റൂട്ടിലേക്ക് കടന്ന് കുറച്ച് കഴിഞ്ഞതോടെ വേനലിൽ മെലിഞ്ഞുണങ്ങി ഉരുളൻകല്ലുകൾക്കിടയിലൂടെ പതിയെ ഒഴുകുന്ന പെരിയാറും ഞങ്ങളുടെ ഒപ്പം കൂടി .മറുകരയിലെ വലിയ മലനിരകൾ വേനലിൽ വരണ്ടുണങ്ങിയാണ് നിൽക്കുന്നതെങ്കിലും വേനൽ മഴയുടെ സമ്മാനമന്നോണം  മുകളിൽ നിന്ന് ഒളിച്ചിറങ്ങുന്ന ചെറിയ നീർച്ചാലുകൾ പെരിയാറിലേക്ക് ഒഴുകുന്നത് കാണാമായിരുന്നു. 

പെരിയാറും , അതിൻ്റെ  ഒരു വശത്ത് വലിയ മലനിരകളും മറുവശത്ത് വേനൽ മഴയുടെ കരുതലിൽ ശക്തിയാർജിച്ച് വരുന്ന പച്ചപ്പു നിറഞ്ഞ കാടും  മരങ്ങളും  , നേര്യമംഗലം - പൈനാവ് റൂട്ടിൽ കൂടിയുള്ള യാത്ര ശരിക്കും പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതായിരുന്നു. 

ഏപ്രിൽ മാസത്തെ ചൂടിൽ   തളർന്ന പുല്ലുകളുമായി നിൽക്കുന്ന മണിയൻപാറയും മെലിഞ്ഞുണങ്ങിയ  രമണൻ  വെള്ളച്ചാട്ടത്തെയും കൺകോണിൽ  ഒളിപ്പിച്ച് , നീണ്ടപ്പാറയും തോട്ടിയാർ ഹെഡ്രറൽ പദ്ധതിയും പിന്നിട്ട് കരിമണൽ എത്തിയപ്പോൾ സുഹൃത്ത് കെ. എസ് ഇ ബി യിൽ ജോലിയുള്ള അജിത്തിനെ വിളിച്ചെങ്കിലും അദ്ദേഹം നാട്ടിൽ ആയതിനാൽ കാണാൻ സാധിച്ചില്ല. റോഡിൽ നിന്നാൽ കാണാവുന്ന ഒരു പാട് ചെറിയ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ ഈ റൂട്ടിലൂടെയുള്ള യാത്ര മഴകാലത്ത് അതിമനോഹരമായിരിക്കും. 

കാടിൻ്റെ പച്ചപ്പിൽ , ചീവിടിൻ്റെയും ,പേരറിയാത്ത കിളികളുടെ ശബ്ദങ്ങളും നിറഞ്ഞ വഴിയിലൂടെ കുതിച്ച ഞങ്ങൾ പ്ലാംബ അണകെട്ടിന് അടുത്ത് വണ്ടി നിറുത്തി.

പ്ലാംബ ഡാം

ലോവർ പെരിയാർ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ അണക്കെട്ട് ലോവർ പെരിയാർ അണക്കെട്ടെന്നും അറിയപ്പെടുന്നു . മുതിരപുഴ  പെരിയാറുമായി കൂടി ചേർന്ന സ്ഥലത്ത് നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ താഴെയായി കഞ്ഞികുഴി പഞ്ചായത്തിലാണ് ഇത് സ്ഥതി ചെയ്യുന്നത് ഏകദേശം 32.5 മീറ്റർ ഉയരമുള്ള അണക്കെട്ടാണിത്.

റോഡിൽ നിന്ന് അണക്കെട്ട് കണ്ടാസ്വദിച്ച് ഞങ്ങൾ പനംകുട്ടി പാലം കടന്ന്  കല്ലാർകുട്ടി ഡാം ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി.  പനംകുട്ടി വൈദ്യുത പദ്ധതിയുടെ കെട്ടിടങ്ങളുടെ പശ്ചാലത്തലത്തിൽ  ചെറിയ വെയിലേറ്റ് കിടക്കുന്ന മണൽ തരികൾക്കിടയിലൂടെ ശാന്തമായി ഒഴുകുന്ന പെരിയാറിൻ്റെ പാലത്തിൽ നിന്നുള്ള വ്യൂ മനോഹരമായിരുന്നു.

ഡാമുകളെ പറ്റിയും കേരളത്തിലെ ജല വൈദ്യുത പദ്ധതികളെയും 2018 ലെ പ്രളയത്തേയും പറ്റിയുള്ള ചർച്ചക്കിടയിൽ പെരിയാറിൻ്റെ നടുവിൽ മണലും  പാറകെട്ടുകളും നിറഞ്ഞ മനോഹരമായ  സ്ഥലം കണ്ടപ്പോൾ  വണ്ടി നിറുത്തി കുറച്ച് നേരം അവിടെ സമയം ചെലവഴിച്ച ശേഷം മുന്നോട്ട് നീങ്ങി.

 സൂര്യൻ്റെ കിരണങ്ങൾ പതിച്ച് തിളങ്ങി നിൽക്കുന്ന ജലാശയത്തിൻ്റെ മനോഹരിതയിൽ നിൽക്കുന്ന കല്ലാർകുട്ടി ഡാമിൽ എത്തുമ്പോഴെക്കും സമയം 10 മണി കഴിഞ്ഞിരുന്നു. 

കല്ലാർകുട്ടി ഡാം -

പെരിയാറിന്റെ പ്രധാനകൈവഴിയായ മുതിരപ്പുഴയിലാണ് കല്ലാർകുട്ടി ഡാം നിർമ്മിച്ചിരിക്കുന്നത്.43 മീറ്റർ ഉയരമുള്ള ഈ ഡാം വെള്ളത്തൂവൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. മുതിര പുഴയിലേയും ചെങ്കുളം പവർ ഹൗസിൽ നിന്നുള്ള ജലവും ശേഖരിക്കുന്ന ഡാം ആണ് കല്ലാർകുട്ടി '1962 ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ഡാമിൽ ബോട്ടിംഗ് നടത്താൻ കഴിയുന്നതാണ്.

വെയിലിൻ്റെ കാഠിന്യം അല്പം കൂടിയെങ്കിലും ഹൈറേഞ്ചിൻ്റെ മനോഹരിതയും  കണ്ണ് നിറക്കുന്ന കാഴ്ചകളും ആസ്വദിച്ച് ഞങ്ങൾ പന്നിയാർ കുടി വഴി അടുത്ത പോയിൻ്റായ പൊൻമുടി ഡാമിലേക്ക് തിരിച്ചു. പന്നിയാർകുടിയിലെ കള്ള് ഷാപ്പ് കണ്ടപ്പോൾ ഫുഡ് അവിടെ നിന്നാക്കിയാലോ എന്ന് ചിന്തിച്ചെങ്കിലും കുറച്ച് കഴിഞ്ഞ് കഴിക്കാം ധാരണയിൽ  ഒഴിവാക്കി. പൊൻമുടി ഡാമെത്തുന്നതിന് മുമ്പ് വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്ററോളം  സഞ്ചരിച്ചാൽ പച്ചവിരിച്ച മരങ്ങൾക്കിടയിൽ  പന്നിയാർ പുഴക്ക് കുറുകയായി തലയുയർത്തി നിൽക്കുന്ന തൂക്കുപാലം കാണാൻ കഴിയും. പന്നിയാർ പുഴക്ക്    ഇടയിലുള്ള മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം ഏകദേശം 100 അടിയോളം ഉയരത്തിലാണ് നിൽക്കുന്നത്. പാലത്തിൽ നിന്ന് പന്നിയാറിലേക്ക് ഉള്ള കാഴ്ചകൾ പ്രേത്യേകിച് മഴ കാലങ്ങളിൽ  ആരേയും മോഹിപ്പിക്കും. തൂക്കുപാലത്തിൽ നിന്ന് ഫോട്ടോ എടുത്ത് സോഡ സർബത്തും കുടിച്ച് ഞങ്ങൾ പൊൻമുടി ഡാമിൽ എത്തി.

പൊൻമുടി ഡാം -

വളരെ മനോഹരമായ ഈ ഡാമിൻ്റെ മുകളിൽ നിന്ന് കാച്ച് മൻ്റ് ഏരിയലേക്കുള്ള വ്യൂ ആരേയും ആകർഷിക്കുന്നതാണ്  പന്നിയാർ പുഴക്ക് കുറുകെ രണ്ട് മലകളെ കൂട്ടിയിണക്കി പണിത ഈ ഡാം 1964 ൽ ആണ് കമ്മീഷൻ ചെയ്തത്.  195 അടി ഉയരവും 965 അടി നീളവുമുള്ള ഈ ഡാമിന് മുകളിലൂടെ രാജക്കാട്ടിൽ നിന്നും അടിമാലി ഭാഗത്തേക്കുള്ള വാഹനങ്ങൾ  കടന്ന് പോകുന്നതും കാണാമായിരുന്നു. ഡാമിൻ്റെ ബോട്ടിംഗ് ഏരിയയുടെ അടുത്തുള്ള മരത്തിൻ്റെ തണലിൽ പരസ്പരം വർത്തമാനം പറഞ്ഞും അടുത്തുള്ള കടയിൽ നിന്ന് ചായ കുടിച്ചും ഞങ്ങൾ ക്ഷീണമകറ്റി .

വിശപ്പിൻ്റെ അലയോലികൾ പതിയേ ഞങ്ങളിലേക്ക് വീശി തുടങ്ങിയെങ്കിലും  ലഞ്ച് പൂപ്പറയിൽ വച്ച് കഴിക്കാമെന്ന് തീരുമാനിച്ച്  രണ്ട് വശങ്ങളിലും നിറഞ്ഞ് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഞങ്ങൾ രാജകുമാരി വഴി പൂപ്പാറയിലേക്ക് തിരിച്ചു. വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡുകളിലെ വശങ്ങളിലുള്ള വീടുകളിലെ തോട്ടങ്ങളിലെ  മനോഹരങ്ങളായ  പൂക്കൾ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

മനോഹരമായി വെട്ടിയോരുക്കി പച്ച പുതച്ച് നിൽക്കുന്ന തേയില തോട്ടങ്ങളും  ഉച്ചനേരത്തും നമ്മളെ ആശ്വസിപ്പിക്കുന്ന തണുത്ത കാറ്റുമായാണ് ഞങ്ങളെ  പൂപ്പാറ സ്വാഗതം ചെയ്ത് . പൂപ്പാറ ടൗൺ ഒഴിവാക്കി ഫുഡ് കഴിക്കാനായി ശാന്തൻ പാറ റൂട്ടിലേക്ക് നീങ്ങി വഴിയരികിൽ കണ്ട ക്ലാസ്സിക് കഫേ ഹോട്ടലിൽ വണ്ടി നിറുത്തി കഴിച്ച ഉച്ചയൂണിൻ്റെ സ്വാദ് ഒരിക്കലും മറക്കാൻ കഴിയില്ല.

ഉച്ചയൂണിന് ശേഷം അല്പം നേരം വിശ്രമിച്ച് നേരേ ഞങ്ങൾ ഗ്യാപ് റോഡിലേക്ക് തിരിച്ചു. രണ്ട് വശങ്ങളിലും നിറഞ്ഞ് നിൽക്കുന്ന ഏല തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള വിശാലമായ റോഡിൻ്റെ ഭംഗിയും , ചുറ്റി വരിഞ്ഞ് പോകുന്ന ചെറിയ കാറ്റും  ഞങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കി.

ഉച്ച കഴിഞ്ഞ സമയമായതിനാൽ വെയിൽ കുറഞ്ഞതിന് ശേഷം ആനയിറങ്കൽ ഡാം സന്ദർശിക്കാം എന്ന തീരുമാനത്തിൽ ഞങ്ങൾ നേരേ ബുക്ക് ചെയ്തിരുന്ന ഗ്രേറ്റ് എസ്കേപ്പ് റിസോർട്ടിൽ ചെക്ക് ഇൻ ചെയ്തു.  അല്പ നേരത്തെ ഉച്ചയുറക്കത്തിന് ശേഷം നേരേ ആനയിറങ്കൽ ഡാമിലേക്ക് തിരിച്ചു.

ആനയിറങ്കൽ ഡാം.

ഒരു വശം വനമേഖലയാലും മറുവശം തേയില തോട്ടങ്ങളാലും ചുറ്റപ്പെട്ട ആനയിറങ്കൽ ഡാമാണ് മൂന്നാറിലേ ഏറ്റവും മനോഹരമായ കാഴ്ചയായി എനിക്ക് തോന്നിയിട്ടുള്ളത്. 112 അടി ഉയരവും 859 അടി നീളവുമുള്ള ഈ ഡാം പന്നിയാർ പുഴയിൽ മൂന്നാറിൽ നിന്നും ഏകദേശം 22 കിലോമീറ്റർ അകലെയായി ചിന്നക്കാനലിൽ ആണ് സ്ഥിതി ചെയ്യുന്നത്. കുമളി - മൂന്നാർ പാതയിലെ പ്രധാന ആകർഷണമാണ് ആനയിറങ്കൽ ഡാം. ഡാമിൻ്റെ ഒരു സൈഡിൽ വനപ്രദേശമായതിനാൽ ആനകളുടെ സാന്നിദ്ധ്യം ഡാമിൻ്റെ പ്രദേശത്ത് ധാരാളം കാണാൻ കഴിയും

ഏകദേശം അഞ്ച് മണിയോടെ ഡാമിലേക്ക് എത്തിയ ഞങ്ങൾ  , ഡാമിന് മുകളിലൂടെ നടന്ന് മറുവശത്ത് എത്തി. തിരക്ക് അധികം ഉണ്ടാകാഞ്ഞതിനാൽ കൂടുതൽ സമയം അസ്തമയ സൂര്യൻ്റെ രശ്മികൾ ഏറ്റ് തിളങ്ങുന്ന ജലാശയത്തിലേക്ക് നോക്കി കഥകൾ പറഞ്ഞു കൂടുതൽ നേരം അവിടെ ചെലവിടാൻ സാധിച്ചു. വൈകുന്നേരങ്ങളിൽ എതിർവശത്തെ കാട്ടിൽ നിന്ന് ആനകളിറങ്ങാൻ സാധ്യത ഉണ്ടെന്ന് ചേട്ടൻമാർ പറഞ്ഞതോടെ ഏകദേശം 6 മണിയോട് കൂടി ഡാമിൽ തിരിക്കുമ്പോഴും ഡാം കാണാൻ ഒരുപാട് ആളുകൾ എത്തുന്നുണ്ടായിരുന്നു.

ഡാമിൽ നിന്ന് ഗ്യാപ് റോഡിലെ  ആനിയിറങ്കൽ ഡാം വ്യൂ പോയിൻ്റിൽ എത്തി ഓരോ ചായയും കുടിച്ചിരിക്കുമ്പോൾ മൂന്നാറിലെ പ്രസിദ്ധമായ ഡബിൾ ഡെക്കർ ബസ്സ് ഞങ്ങളെ കടന്ന് പോയി.

കോട നിറഞ്ഞ വഴിയിലൂടെ  ഏപ്രിൽ മാസത്തെ വെയിലിൽ ശോഷിച്ച ചിന്നക്കാനൽ വെളളച്ചാട്ടം പിന്നിട്ട് ഞങ്ങൾ റിസോർട്ടിലേക്ക് വണ്ടിയോടിക്കുൾ ഇരുൾ വീണ മലമുകളിൽ നിന്നുള്ള തണുത്ത കാറ്റ് ഞങ്ങളെ പൊതിയുണ്ടായിരുന്നു.

പീന്നിട്ടുള്ള രണ്ട് ദിവസം റിസോർട്ടിൽ ബുക്കുകൾ വായിച്ചും, സായാഹ്നങ്ങളിലെ അന്തിവെയിലിൽ തിളങ്ങി നിൽക്കുന്ന മലനിരകളെ നോക്കി തെയില തോട്ടങ്ങൾക്കിടയിലൂടെ വണ്ടിയോടിച്ചും , പരന്ന് കിടക്കുന്ന ആനയിറങ്കൽ ഡാമിനെ സാക്ഷിയാക്കി  വഴിയരികിലെ  തട്ടുകടകളിൽ നിന്ന് ചായ കുടിച്ചും ചെലവഴിച്ചു. 

കോടയിൽ മുങ്ങുന്ന വൈകുന്നേരങ്ങളിൽ ,പ്രകൃതി കനിഞ്ഞ് നൽകിയ ഹൃദയഹാരിയായ തേയിലതോട്ടങ്ങൾക്കിടയിലൂടെ  ഓളങ്ങളിലാതെ തെന്നിയൊഴുക്കുന്ന ചെറിയ പുഴയെ പോലെ  ശാന്തമായി കിടക്കുന്ന റോഡിൽ ബുള്ളറ്റിൽ പതിഞ്ഞ വേഗതയിൽ കൊടമഞ്ഞിനെ വകഞ്ഞ് മാറ്റി  പോകുമ്പോൾ  തണുപ്പത്ത് നമ്മളറിയാതെ വിറക്കുന്ന വിരലുകൾക്കും ശരീരത്തിനും ചൂടു നൽകാൻ വഴിവക്കിലെ കെട്ടിലിരുന്നു ചൂടുചായ കുടിച്ച്  ,നമ്മളോട് കിന്നാരം മൂളുന്ന തണുത്ത കാറ്റുമാസ്വദിച്ച്  പരസ്പരം കളി തമാശകൾ ഒരു പാത്രത്തിൽ നിന്ന് ബ്രഡ് ഓംലെറ്റ്  പങ്കിട്ട് കഴിമ്പോൾ കിട്ടുന്ന  കിക്കാണ്  ജീവിത യാത്രയിൽ ഓർമ്മചെപ്പിലടച്ച് സൂക്ഷിക്കുന്നത്.

 

രണ്ട് ദിവസത്തെ താമസത്തിന് ശേഷം 11 മണിയോടെ ചെക്ക്ഔട്ട് ചെയ്തിറങ്ങിയ ഞങ്ങൾ ഗ്യാപ് റോഡിൽ കൂടി വരുന്ന വഴിയിൽ ഗവൺമെൻ്റ് ബോട്ടാണിക്കൽ ഗാർഡനിലും കയറി മൂന്നാറിലെത്തി, കണ്ണൻ ദേവൻ്റെ  ചായ് ബസാറിൽ നിന്ന് ചായപൊടിയും മേടിച്ചതിന് ശേഷം ഒരു ചായ കുടിച്ച് അല്പംനേരം  അവിടെ ചെലവഴിച്ചതിന് ശേഷം  ആനച്ചാൽ വഴി ചെങ്കുളം ഡാം വഴി വീട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു.

കാലം കഴിയാറായി പൊഴിയാൻ വെമ്പി നിൽക്കുന്ന ജക്രാന്ത പൂക്കൾ നിറഞ്ഞ മരങ്ങൾ നിറഞ്ഞ ആനച്ചാൽ റൂട്ട് ഞങ്ങൾക്ക് നൽകിയ സന്തോഷം വലുതായിരുന്നു. തേയില തോട്ടങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ജക്രാന്തപൂക്കൾ നിറഞ്ഞ മരങ്ങൾ ആസ്വദിച്ച് മുന്നോട്ട് നീങ്ങുമ്പോഴും  ഉച്ചയൂണിനായി നല്ല ഹോട്ടൽ തേടി കണ്ണുകൾ ചുറ്റും പരുതുന്നുണ്ടായിരുന്നു. ജക്രാന്ത പൂക്കളെ പറ്റിയും തേയിലത്തോട്ടങ്ങളുടെ ഭംഗിയെ പറ്റിയും സംസാരിച്ചു വരുമ്പോഴാണ് കെ സ് ഇ ബി  കാൻ്റീൻ എന്ന ബോർഡ് കണ്ടത്. കെഎസ്ഇബി കാൻ്റീനായത് കൊണ്ട് ഊണ് മോശമാകില്ല എന്ന ഉറപ്പിൽ വണ്ടി അങ്ങോട്ട് തിരിച്ചു.

ഏകദേശം രണ്ടു മണിയായതിനാൽ ഊണ് ഉണ്ടാകുമോ എന്ന സംശയത്തിലാണ് ഞങ്ങൾ അകത്തുകടന്നത് . ചൂട് അല്പം കുറവാണെങ്കിലും കാളനും ഉപ്പേരിയും പിന്നെ കൊഴുവ വറുത്തതും കൂട്ടിയുള്ള  സ്വാദിഷ്ടമായ  ഊണും കഴിച്ച് ആനച്ചാൽ ലക്ഷ്യമാക്കി നീങ്ങി. ആനച്ചാലിൽ നിന്ന് വെള്ളത്തൂവൽ പോകുന്ന വഴിയിലാണ് ചെങ്കുളം ഡാം സ്ഥിതി ചെയ്യുന്നത്

ചെങ്കുളം ഡാം -

1957 ൽ മുതിരയാറിൻ്റെ  പോഷകനദിയായ ആനച്ചാൽ പുഴയുടെ കുറുകെ 88 അടി ഉയരത്തിൽ നിർമ്മിക്കപ്പെട്താണ് ഈ ഡാം . വെള്ളത്തൂവൽ പഞ്ചായത്തിൽ നിലകൊള്ളുന്ന ചെങ്കുളം ഡാം വൈദ്യുത പദ്ധതിക്കായിട്ടാണ്  നിർമ്മിച്ചത്.

ഡാമിന് മുകളിലുടെ  കടന്നയുടനെ വലത് ഭാഗത്തേക്ക് തിരിഞ്ഞ് ശല്യാംപാറ കടന്ന്  കല്ലാർകുട്ടിയിലെത്തിയ ഞങ്ങൾ നേര്യമംഗലം  വഴി കൂടി വീട്ടിലേക്ക് തിരിക്കുമ്പോൾ മനസ്സും ശരീരവും ഒരുപോലെ നിറഞ്ഞിരുന്നു.

 ❤️❤️❤️