ആഴിമലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ | Azhimala Siva Temple | Tallest Siva Statue Kerala | Trivandrum|
58-ft-tall statue of Lord Shiva in Azhimala attracts many tourists | Sajitha Saawariya's Vlog
കോവളം മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന കടൽ തീരത്തോട് ചേർന്ന് ഒരു ക്ഷേത്രം. തിരുവനന്തപുരത്തെ ഏറ്റവും പുരാതന ക്ഷേത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ക്ഷേത്രമാണ് ഇതെങ്കിലും ആഴിമല ശിവ ക്ഷേത്രം കേരളക്കരയിൽ ഉള്ളവരുടെ എങ്കിലും അറിവിലേക്കെത്തിയത് ഈ അടുത്തകാലത്താണ്.
ഇന്ന് ആഴിമല ശിവക്ഷേത്രം വിദേശികളുടെ വരെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. അതിനു കാരണമായത് അവിടെ ഉയർന്ന ഗംഗാധേശ്വര ശിൽപ്പമായിരുന്നു. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മഹാദേവ ശില്പ്പം. മറ്റെങ്ങും ഇല്ലാത്ത ഡിസൈൻ.. 3ഡി എഫക്റ്റ്.. 58 അടിയാണ് ഗംഗാധരേശ്വര ശില്പ്പത്തിന്റെ ഉയരം. ശിൽപ്പത്തിനു തൊട്ടു താഴെ കാണുന്ന കടൽ തീരത്തെ പാറക്കൂട്ടങ്ങളുടെ മുകളിലായാണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. ഈ പാറക്കൂട്ടങ്ങൾക്ക് മാത്രം 20 അടിയോളം ഉയരമുണ്ട്. ഗംഗാദേവിയെ ശിരസിലേറ്റിയ മഹാദേവൻ ജഡയഴിച്ചിട്ടിരിക്കുന്നത് കാണാൻ തന്നെ വളരെ മനോഹരമാണ്. ഒരു പക്ഷേ പരമേശ്വരന്റെ ഇത്രയും സൗന്ദര്യമുള്ള ഒരു ശില്പ്പം വേറെ ഉണ്ടോ എന്ന് സംശയമാണ്. ആഴിയും മലയും ചേരുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഇവിടം ആഴിമലയായത്. ഇന്ന് ആഴിമല ശിവക്ഷേത്രത്തിൽ ഭക്തജനത്തിരക്കാണ്. കൂടുതൽ പേരും വരുന്നത് ഗംഗാധേശ്വര ശില്പ്പം കാണാനും ബീച്ചിലിറങ്ങി ഒന്നുല്ലസിക്കാനുമാണ്. വളരെ മനോഹരമായ നീലകളറിലുള്ള ബീച്ചാണ് ഇവിടെയുള്ളത്. നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന ബീച്ച് ഇടക്ക് സംഹാരരുദ്രയാകാറുമുണ്ട്. തിരുവനന്തപുരത്തിന്റെ പല ബീച്ചുകളും അങ്ങനെ ആണല്ലോ!
3500 അടി വലുപ്പത്തിലുള്ള ഒരു ധ്യാന മണ്ഡപത്തിന്റെ പണി നടക്കുന്നുണ്ട് ഇപ്പോൾ ക്ഷേത്രത്തിൽ. ഗംഗാധരേശ്വര ശിൽപ്പത്തിന്റെ താഴെകൂടി അകത്തേക്ക് കയറാവുന്ന രീതിയിൽ ഒരു ഗുഹയ്ക്ക് സമാനമായ ധ്യാനമണ്ഡപം. അതിന്റെ നിർമ്മിതിയിലേക്കായി ഉദാരമായി സംഭാവന നല്കാം താല്പ്പര്യമുള്ളവർക്ക്.ഗംഗാധരേശ്വര ശിൽപ്പവും ആഴിമലയിലെ ബീച്ചും മാത്രമല്ല അവിടുത്തെ ക്ഷേത്രത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഐതിഹ്യം കൂടിയുണ്ട്. ക്ഷേത്രത്തിനു തൊട്ടടുത്തായി പാണ്ഡവ തീർത്ഥം അഥവാ കിണ്ണീക്കുഴി എന്നറിയപ്പെടുന്ന ഒരു ജലശ്രോതസ്സുണ്ട്. പണ്ട് വനവാസക്കാലത്ത് പാണ്ഡവർ ഇവിടെ എത്തുകയും ഭീമൻ ഇവിടെ ഒരു ശിവലിംഗ പ്രതിഷ്ഠ നടത്തുകയും ചെയ്തു. ശിവലിംഗത്തിൽ ധാര നടത്താനായി വെള്ളം അന്വേഷിച്ച ഭീമൻ തൊട്ടടുത്തെങ്ങും ശുദ്ധജലം ലഭ്യമല്ലെന്ന് തിരിച്ചറിഞ്ഞ് തന്റെ കൈമുട്ടുകൊണ്ട് പാറയിൽ ഇടിച്ചു . അത് പിളർന്ന് അതിൽ കൂടി വെള്ളം ഒഴുകാൻ തുടങ്ങി. ആ വെള്ളം ഒഴുകി വരുന്നത് ശേഖരിക്കാനായി തന്റെ കാൽ മുട്ടുകൾ ഊന്നി ഇരുന്നപ്പോൾ അവിടം കുഴിയുകയും അവിടെ ജലം വന്ന് നിറയുകയും ചെയ്തു. ആ സ്ഥലമാണ് കിണ്ണീക്കുഴി എന്ന് അവിടുത്തുകാർ വിളിക്കുന്നത്.
ഇന്നും അതിൽ വന്നു നിറയുന്നത് ശുദ്ധജലമാണെന്നുള്ളതാണ് അത്ഭുദപ്പെടുത്തുന്നത്. തൊട്ടടുത്ത് തന്നെ ഒരു ചെറിയ ഗുഹയും കാണാം. ഏറ്റവും രസകരമായ കാഴ്ച്ച ഞാൻ അവിടെ ചെന്നപ്പോൾ ആളുകൾ കിണ്ണീക്കുഴിയിൽ നിന്നും വെള്ളം ശേഖരിക്കുന്നതായിരുന്നു. അവർ അത് കുടിക്കുന്നത് കണ്ടപ്പോൾ ഞാനും കുറച്ചെടുത്ത് കുടിച്ചു. ശെരിക്കും മിനറൽ വാട്ടർ! പക്ഷേ അവിടെയാകെ വൃത്തികേടായി കിടക്കുന്നുണ്ടായിരുന്നു. അതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ പല സത്യാവസ്ഥകളും അറിയാൻ കഴിഞ്ഞു. ആഴിമല ക്ഷേത്രവും ചില പരിസര വാസികളും ഒരു പക്ഷേ വലിയ ബിസിനസ് തൈക്കൂൺസുമാകാം തമ്മിൽ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്.ഒരു പക്ഷേ വരും കാലങ്ങളിൽ അതും പൊതുജന മധ്യത്തിലേക്ക് എത്തിയേക്കാം.താൻ ഇരിക്കുന്നിടം ലോകത്തിനു മുന്നിൽ എത്തിച്ച ഭഗവാൻ തന്നെ അവിടുത്തെ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണാതിരിക്കുമോ?
തിരുവനന്തപുരത്തിനും കോവളത്തിനും ഇടയിലാണ് ആഴിമല സ്ഥിതിചെയ്യുന്നത്. വിഴിഞ്ഞത്ത് നിന്നും പൂവാർ റൂട്ടിൽ ഒരു 4 കിലോ മീറ്റർ ആകുമ്പോൾ ആഴിമല ജംഗ്ഷൻ എത്തും. അവിടെ നിന്ന് ഒരു 500 മീറ്റർ അകത്തേക്ക് കയറിയൽ ക്ഷേത്രം എത്തും. കന്യാകുമാരി പോലെ സൂര്യോദയവും സൂര്യാസ്തമയവും ഇവിടുത്തെ ബീച്ചിൽ നിന്നും കാണാൻ കഴിയും. അതുകൊണ്ട് തന്നെ ക്ഷേത്ര സന്ദർശനം അതി രാവിലെയോ വൈകുന്നേരമോാ ആക്കുക. നല്ല വെയിൽ ഉള്ളപ്പോൾ സന്ദർശനം ഒഴിവാക്കുന്നതാണ് ഉചിതം.