ആഴിമല ശിവക്ഷേത്രം - ആഴിമലയിലെ അത്ഭുത പ്രതിമ
തിരുവനതപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് ആഴിമല മഹാദേവ ക്ഷേത്രത്തിലേക്ക് ഒരു യാത്ര
പെട്ടന്നൊരു ദിവസം ആണ് തിരുവനന്തപുരം ജില്ലയിലെ ഒരു ശിവ പ്രതിമയെ കുറിച്ച് കേൾക്കുന്നത്..വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അത് സാമൂഹ്യമാധ്യമങ്ങളിൽ ഒക്കെ വൈറൽ ആയി കഴിഞ്ഞിരുന്നു. എന്നാൽ പിന്നെ പോയിട്ട് തന്നെ കാര്യം. തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞത്തിനു 4 കിലോമീറ്റർ സമീപത്താണ് സ്ഥലം.ആഴിമല ക്ഷേത്രം.കടൽത്തീരത്ത് ഉള്ള ഒരു ചെറിയ കുന്നിൻമുകളിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടാണത്രെ ആഴിമല എന്ന് പേരും വന്നത്..
നേരം പുലരാൻ ഇനിയും കുറെ സമയം ഉണ്ട്..ഒരു 7 മണി ആകുമ്പോഴേക്കും അങ്ങെത്തണം എന്നാണ് ഞങ്ങൾ കരുതുന്നത്.ഞങ്ങളുടെ മാരുതി വാഗൻ-ആർ MC റോഡിലെ മഞ്ഞുകണങ്ങൾക്കിടയിലൂടെ അതിവേഗം പായുകയാണ്.ശ്യാം ചേട്ടൻ ആണ് വണ്ടി ഓടിക്കുന്നത്.. ഒപ്പം ഞാനും അമ്മയും നമ്മുടെ ഗോപീകൃഷ്ണനും.ദേശീയ പാത ആകെ മഞ്ഞുമൂടി കിടക്കുന്നു.. വാഹനങ്ങൾ ഒക്കെ കുറവാണു..ശ്യാം ചേട്ടൻ അയാളുടെ ഡ്രൈവിങ്ങിലെ വേഗതയെ കുറിച്ച് ഇടക്കിടെ വാചാനാകുന്നുണ്ടായിരുന്നു..അങ്ങനെ കഥയും കാര്യവും ഒക്കെ പറഞ്ഞു ഏതാണ്ട് ഏഴു മണി കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ അങ്ങെത്തി..
ഒറ്റ വാക്കിൽ മഹോഹരമായ സ്ഥലം എന്നൊക്കെ പറയാമെങ്കിലും ആ ഭംഗിയെ ഒരിക്കലും ഒറ്റവാക്കിൽ ഒതുക്കാൻ പറ്റുന്നത് ആയിരുന്നില്ല.വാഹനം പാർക്ക് ചെയ്യാനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. എങ്കിലും വഴി വളരെ മോശവും അശാസ്ത്രീയവും ആണെന്ന് പറയാതെ വയ്യ..ഒരു വിധം വണ്ടി അങ്ങ് ഇറക്കി പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി വന്നു എന്ന് പറയുമ്പോൾ ആ പാർക്കിംഗ് ഏരിയയുടെ ബുദ്ധിമുട്ട് വായനക്കാർ ഊഹിക്കും എന്ന് കരുതട്ടെ.
ശക്തമായ കടൽക്കാറ്റ് വീശുന്നുണ്ട്.ഞങ്ങൾ പ്രധാന ഗോപുരത്തിലൂടെ അകത്ത് കടന്നു..ആ വലിയ പ്രതിമ കാണാൻ ഉള്ള ആകാംഷ അപ്പോൾ എല്ലാവരിലും ഉണ്ടായിരുന്നു..അതിനു വേണ്ടി തന്നെയാണ് ഇങ്ങെത്തിയതും.. ഞാൻ ഗോപുരവാതിലൂടെ അകത്തേക്ക് കടന്ന് അതിശയിച്ചു നിൽക്കുക ആണ്.വരുന്നവർക്ക് എല്ലാം അതെ ഭാവം തന്നെ.അത്രക്ക് മികച്ച ഒരു നിർമ്മിതി ആണത്..
ഗംഗാധരനായ ശ്രീ മഹേശ്വരൻ..കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇത് . 56 അടിയാണ് ഇതിന്റെ ഉയരം.ക്ഷേത്രം വളരെ പുരാതനം ആണെങ്കിലും ഈ പ്രതിമ പണികഴിപ്പിച്ചിട്ട് അധിക കാലം ആയിട്ടില്ല..സദര്ശകര്ക്കായി തുറന്നു കൊടുത്ത വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വലിയ രീതിയിൽ ജനശ്രദ്ധ നേടുവാൻ കഴിഞ്ഞു എന്നത് ഈ നിർമ്മിതിയുടെ മികവ് കൊണ്ട് മാത്രം ആണ്.
സമയം രാവിലെ ആയത് കൊണ്ട് തന്നെ വലിയ തിരക്ക് ഒന്നുമില്ലായിരുന്നു.. കുറച്ചു ആളുകൾ ഒക്കെ ചിത്രങ്ങൾ പകർത്തുന്നത് കാണാം..മറ്റു ചിലർ കടലിനെ കാണുന്നു..പ്രാർഥനയും നാമജപവുമായി നിൽക്കുന്ന ആളുകളും കുറവല്ല.. ക്ഷേത്രത്തിന് താഴെ കടൽത്തീരത്തേക്ക് പോകാനുള്ള സൗകര്യവും ഉണ്ട്..കുറെ ആളുകൾ കടൽതീർത്തും ഉണ്ട്..ഇതെല്ലാം കണ്ട് കൊണ്ട് ഞാനും അമ്മയും ഒരു വശത്തേക്ക് മാറി നിൽക്കുക ആണ്..
കടൽക്കാറ്റേറ്റ് ആ കുന്നിൻമുകളിൽ നിൽക്കുന്ന അനുഭൂതി ഈ വാക്കുകളിൽ വർണ്ണിക്കുവാൻ കഴിയുന്നത് അല്ല..നേരെ വിട്ടോളീൻ..ആഴിമലയിലേക്ക്..