വെള്ളച്ചാട്ടങ്ങളുടെയും കാട്ടാനകളുടെയും നാട്ടിലേക്ക്...To The Land Of Waterfalls And Wild Elephants

Give your rating
Average: 4 (2 votes)
banner
Profile

Arun C A

Loyalty Points : 130

Total Trips: 2 | View All Trips

Post Date : 15 Feb 2021
1 view

ലക്ഷ്മി എസ്റ്റേറ്റിലെ തേയില തോട്ടങ്ങൾക്ക് സാധാരണ കാണുന്ന തേയില തോട്ടങ്ങളെക്കാൾ ഭംഗി ഉള്ളതായി തോന്നി. ചിട്ടയായി പരിപാലിക്കുന്ന തേയില ചെടികളും അതിന്റെ ഇടയിൽ വലിയ കറുത്ത പാറക്കല്ലുകളും ചേർന്നുള്ള കാഴ്ച് കുറച്ച് കൂടി ആകർഷണീയം ആയി തോന്നി. 

മൂന്നാറിൽ നിന്നും ലക്ഷ്മി എസ്റ്റേറ്റ് വഴിയുള്ള യാത്ര ഒരു പുതിയ അനുഭവം ആയിരുന്നെങ്കിലും റോഡിന്റെ ശോചനീയ അവസ്ഥ കുറച്ച് വിഷമിപ്പിച്ചു. റോഡിൽ തീരെ വണ്ടികൾ ഇല്ല, വളരെ മോശം അവസ്ഥയിൽ ആണ് മാങ്കുളം വരെ റോഡ്. ലക്ഷ്മി എസ്റ്റേറ്റ് വഴിയിൽ വന്യമൃഗങ്ങളെ കാണാൻ ചാൻസ് കൂടതലാണ് പ്രത്യേകിച്ച് ആന, റോഡിനിരുവശവും കാടിനോട് അതിര് പങ്കിടുന്ന തേയില തോട്ടങ്ങൾ ആയതിനാൽ സൂക്ഷിച്ചു വേണം പോകാൻ. പകൽ സമയത്ത് അത്ര പ്രശ്നം ഇല്ല, പക്ഷെ വെളിച്ചം മറയുന്നതോടെ ഏതു സമയവും ആന മുൻപിൽ വരാം. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വിരിപാറ ഭാഗത്ത് തേയില തോട്ടത്തിന്റെ നടുവിൽ ഉള്ള ഉയർന്ന പാറയിൽ വിശ്രമിക്കുന്ന പുലിയുടെ വിഡിയോ കണ്ടത്. സമയം വൈകിട്ട് ആയതിനാലും റോഡ് തീരെ മോശം ആയതിനാലും അധികം സമയം കളയാതെ മാങ്കുളത്തെ റൂമിലേക്ക് വച്ച് പിടിച്ചു.

മാങ്കുളത്തെ താമസ സ്ഥലത്ത് എത്തിയപ്പോൾ തന്നെ അവിടത്തെ മാനേജർ ആനക്കുളത്ത് ആന വന്നിട്ടുണ്ട് അങ്ങോട്ട് പോകുന്നുണ്ടോ എന്ന് ചോദിച്ചു. ആനയെ എവിടെ കാണാൻ കിട്ടിയാലും ഞാൻ വിടാറില്ല, റോഡ് മോശം ആയ കാരണം ഉടനെ തന്നെ ഒരു ജീപ്പ് വിളിച്ച് ആനക്കുളത്തേക്ക്. അവിടെ ചെന്നപ്പോൾ കുട്ടിയും മുതിർന്നവരും അടങ്ങുന്ന 8 ആനകൾ ഉണ്ട്, അവിടെ കൂടി നിൽക്കുന്ന ആളുകളെ ഒന്നും ശ്രദ്ധിക്കാതെ വെള്ളം കുടിക്കുന്ന തിരക്കിൽ ആണവർ. കുട്ടിയാന ഇടക്ക് മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും കൂട്ടത്തിലെ മുതിർന്നവർ അതിന് സമ്മതിച്ചില്ല. വെളിച്ചക്കുറവ് കാരണം കണ്ട കാഴ്ച്ച നന്നായി കാമറയിൽ പകർത്താൻ കഴിഞ്ഞില്ല എന്നത് ഒരു പോരായ്മ ആയി തോന്നി. സ്ഥിരമായി ആളുകളെയും വണ്ടികളെയും ഒക്കെ കാണുന്നത് കൊണ്ടാകണം,  ആനകൾ നമ്മളെ ശ്രദ്ധിക്കുകയെ ഇല്ല. ഇത്ര സേഫ് ആയി കാട്ടാനകളെ അടുത്ത് കാണാൻ കഴിയുന്ന സ്ഥലം കേരളത്തിൽ വേറെ ഉണ്ടാകില്ല.

ആനക്കുളത്ത് ആനകൾ പതിവായി വരാറുണ്ട്, ചിലപ്പോൾ ഒന്നിൽ കൂടുതൽ സംഘങ്ങൾ ആയി ആകും വരുക. കൂടുതലും വൈകിട്ട് വന്ന് വെളുപ്പിന് മുന്നേ തിരിച്ച് കാട് കയറി അവർ പോകും, അപൂർവം ആയി പകലും വരാറുണ്ട്, എങ്കിലും വൈകിട്ടാണ് വരാൻ സാധ്യത കൂടുതൽ. അവിടേക്ക് വന്ന ഒരു ട്രാവലർ പെട്ടെന്ന് ഹോൺ അടിച്ചതോടെ ആനകൾ ഒന്ന് പകച്ചെങ്കിലും ഫോറെസ്റ് സ്റ്റാഫ് ഉടനെ അവരോട് ഹോൺ അടിക്കരുത് എന്ന് നിർദ്ദേശിച്ചു. വലിയ വണ്ടികളും, വണ്ടിയുടെ ഹോൺ ശബ്ദവും ആണ് ആനകളെ അലോസരപ്പെടുത്തുന്ന പ്രധാന വില്ലന്മാർ. കുറച്ച് നേരം അവരുടെ ചേഷ്ടകൾ ഒക്കെ കണ്ടു തിരിച്ച് ബുക്ക് ചെയ്ത ട്രീ ഹൌസിൽ  ചെന്ന് സുഖമായി കിടന്നുറങ്ങി.

കൊച്ചു ടിവിയിലെ ലില്ലി എന്ന കാർട്ടൂൺ കണ്ടപ്പോൾ മുതൽ ഉള്ള മകളുടെ ആഗ്രഹം ആയിരുന്നു ട്രീ ഹൌസിൽ താമസിക്കണം എന്നത്, അതാണ് മാങ്കുളത്ത് ട്രീ ഹൌസ് ഉള്ള സ്ഥലം തന്നെ താമസിക്കാൻ തിരഞ്ഞെടുത്തത്.

രാവിലെ എണീറ്റ് ട്രീ ഹൌസിൽ നിന്നുള്ള മാങ്കുളത്തിന്റെ കാഴ്ചകൾ മനോഹരം ആയിരുന്നു, ഒരു ചെറിയ മലയുടെ ചെരിവില് സ്ഥിതി ചെയ്യുന്ന ട്രീ ഹൌസിൽ നിന്നാൽ അപ്പുറത്തെ വലിയ മലനിരകളും താഴ്വാരവും ചെറിയ വെള്ളച്ചാട്ടവും ഒക്കെ കാണാൻ കഴിയും. മൂന്നാറിലെ പോലെ തണുപ്പുള്ള കാലാവസ്ഥ അല്ല മാങ്കുളത്ത്, വെളുപ്പിനെ മാത്രം ആണ് കുറച്ച് തണുപ്പ് ഫീൽ ചെയ്തത്. അത് കൊണ്ട് മൂന്നാർ അടുത്ത് ആണേലും തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ ഇവിടെ നമുക്ക് കഴിയില്ല.

കാലത്തെ ചായ കുടി ഒക്കെ കഴിഞ്ഞു നേരെ പെരുമ്പാൻ കുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോയി. പെരുമ്പാൻ  കുത്തിന്റെ മുകളിൽ നിന്നുള്ള ഭംഗി കണ്ട് ഇഷ്ടമായ ഉമ്മക്ക് ഒരു ആഗ്രഹം വെള്ളച്ചാട്ടം കുറച്ച് കൂടെ നന്നായി കാണണം എന്ന് , നേരെ വെള്ളച്ചാട്ടത്തിന്റെ നടുക്കുള്ള ഭാഗത്തേക്ക് ഉമ്മയെയും കൊണ്ട് ഇറങ്ങി, അവരുടെ ആഗ്രഹങ്ങൾ നമ്മളല്ലേ സാധിച്ച് കൊടുക്കേണ്ടത്. ഇറങ്ങുന്ന ഭാഗം കുറച്ച് കുത്തനെ ആണെങ്കിലും സൂക്ഷിച്ച് ഇറങ്ങിയാൽ പേടിക്കണ്ട. അവിടെ നിന്നും നേരെ ഓൾഡ് മൂന്നാർ റോഡിലെ  പാലം കടന്ന് കുത്തിന്റെ മുകൾ ഭാഗത്ത് ഉള്ള കുളിക്കടവിലേക്ക്.

അവിടെ ചെന്ന് കുട്ടികളെ വെള്ളത്തിൽ കുറെ നേരം കളിപ്പിച്ച് ജീപ്പ് സഫാരി എന്ന പേരിൽ കാണിക്കുന്ന സ്ഥിരം വെള്ളം തെറുപ്പിക്കൽ പേരിട്ടുപാടി ഒക്കെ കണ്ടു തിരിച്ച് പൊന്നു. അവിടെ ഉള്ള ഓൾഡ് മൂന്നാർ റോഡിന്റെ ഭാഗം കണ്ടപ്പോൾ വർഷങ്ങൾക്ക് മുന്നേ ആനക്കുളത്ത് നിന്നും ബൈക്കിൽ ഓൾഡ് മൂന്നാർ റോഡ് വഴി മാമലക്കണ്ടം ഭാഗത്തേക്ക് പോയതും റോഡിന്റെ അവസ്ഥയും ചുറ്റും തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈറ്റക്കാടിൻറെ ഭീകരതയും ആനച്ചൂരും കാരണം പകുതിക്ക് വച്ച്  തിരിച്ച് പോന്നതും എല്ലാം ഓർത്ത് നേരെ തിരിച്ച് വീട്ടിലേക്ക്....

പെരുമ്പാൻ കുത്ത്, 33, വലിയ പാറക്കുട്ടി,  വിരിപാറ അങ്ങനെ എണ്ണിയാൽ തീരാത്ത വെള്ളച്ചാട്ടങ്ങൾ ഉണ്ട് മാങ്കുളത്ത്. അത് കൂടാതെ ടൈഗർ കേവ്, തൂക്ക് പാലം അങ്ങനെ കാഴ്ചകൾ വേറെയും.. മാങ്കുളത്ത് നിന്നും മടങ്ങുമ്പോൾ ഇനി അടുത്ത യാത്ര എങ്ങോട്ട് എന്ന ചിന്ത ആയിരുന്നു മനസ്സിൽ, നേര്യമംഗലം പാലം കഴിഞ്ഞതോടെ യാത്രയുടെ ഫീൽ ഒക്കെ അങ്ങ് പോയി , പിന്നെ നേരെ വീട്ടിലേക്ക്.