ഊട്ടി ബോട്ട് ഹൗസിലെ മിനി ട്രെയിൻ യാത്ര🚃

Give your rating
Average: 4 (2 votes)
banner
Profile

Jasmin Nooruniza

Loyalty Points : 445

Total Trips: 12 | View All Trips

Post Date : 04 Dec 2021
1 view

ഊട്ടിയിൽ പോയാൽ ഒരു പ്രധാന ആകർഷണം, ഊട്ടി ലൈയ്കിലെ ബോട്ടിംഗ് ആണ്. പക്ഷെ, അതിലും കൂടുതൽ എന്നെ ആകർഷിച്ചത് അവിടുത്തെ മിനി ട്രെയിൻ ആണ്. കളിപ്പാട്ട ട്രെയിൻ എന്ന് പറയുന്നത് ആണ് ഏറ്റവും ഉചിതം. സാധാരണ റെയിൽവേ സ്റ്റേഷനുകളെ പോലെ പ്ലാറ്റ്ഫോമും, ടിക്കറ്റും, ട്രെയിൻ കാത്തിരിക്കാൻ ചെറിയ ബെഞ്ചുകളും, നിർത്തിയിട്ടിരിക്കുന്ന ബോഗികളും എല്ലാം ഉണ്ട്. അതും മനോഹരമായ പൈൻ മരങ്ങൾ നിറഞ്ഞ സ്ഥലത്ത്‌.

ടിക്കറ്റ് എടുത്ത് ഒരു കുട്ടിയുടെ മനസോടെ, ആ കുട്ടി ട്രെയിനിന് വേണ്ടി ഞാനും കാത്തിരുന്നു. കുറച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ, പൈൻ മരങ്ങൾക്ക് ഇടയിലുള്ള ട്രാക്കിലൂടെ, പല സിനിമകളിലും കണ്ട കുട്ടി ട്രെയിൻ, പ്ലാറ്റഫോമിലേക്ക് വന്ന് നിന്നു. ട്രെയിന്റെ എൻജിൻ കണ്ടാൽ, നമുക്ക് തന്നെ കയറി ഇരുന്ന് ഓടിച്ചു പോയാലോന്ന് തോന്നും. 

കുറേ കൊച്ചു കുട്ടികൾ ബഹളം വെച്ച് സന്തോഷത്തോടെ ഇറങ്ങി വന്നു. അതിനിടയിൽ, ഞാൻ ഏറ്റവും പുറകിലെ ബോഗിയിൽ കയറി ഇരുന്നു. കയറുന്നതിന് ഇടയിൽ ഒരു ചേട്ടൻ പച്ച മലയാളത്തിൽ പറയുന്നത് കേട്ടു.. “ചുമ്മാ പിള്ളേരെ പറ്റിക്കാൻ എന്ന്” പക്ഷെ അത് കേട്ടൊന്നും എന്റെ മനസ് തളർന്നില്ല. അധികം താമസിയാതെ ട്രെയിൻ യാത്ര തുടങ്ങി. അപ്പുറത്തെ ബോഗിയിൽ നിന്നും കുട്ടികളുടെ ബഹളം കേൾക്കാം. അവസാന ബോഗിയിൽ സ്‌പീക്കറിൽ പരമ സുന്ദരി പാട്ടും വെച്ചു ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു. 

ഏകദേശം ഒരു കിലോമീറ്റർ ആണ് യാത്ര. പോകുന്ന വഴി ആണെങ്കിലോ അതിമനോഹരം. ട്രാക്കിന് ഇരുവശത്തും പൈൻ മരത്തിന്റെ ഇലകളും, കായ്കളും കൊണ്ട് നിറഞിരിക്കുന്നു. 200 മീറ്റർ കഴിഞ്ഞപ്പോൾ ഒരു ചെറിയ തുരങ്കം. അതിലേക്ക് ട്രെയിൻ കയറിയതും എല്ലാ ബോഗിയിൽ നിന്നും ഉച്ചത്തിൽ കൂകി വിളികൾ.

ട്രെയിൻ പതുക്കെ തുരങ്കത്തിന് പുറത്തിറങ്ങി വീണ്ടും പൈൻ മരങ്ങൾക്ക് ഇടയിലൂടെ യാത്ര തുടർന്നു. ഒരു കിലോമീറ്ററോളം പോയിട്ട്, അതേ ട്രാക്കിലൂടെ തിരിച്ഛ് സ്റ്റേഷനിലേക്ക്. ഈ കാണുന്ന വഴികളുടെ ഭംഗി ഈ ട്രെയിൻ യാത്ര ചെയ്യാതെ ആസ്വദിക്കാൻ പറ്റില്ല. ട്രെയിൻ സ്റ്റേഷനിലേക്ക് വന്ന് നിന്നപ്പോൾ മനസില്ലാ മനസോടെ ഇറങ്ങി. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ പറ്റിയ ഒരു കൊച്ചു ട്രെയിൻ യാത്ര.

ഊട്ടി ലൈയ്കിലെ ബോട്ടിങ്ങിന്റെയും, മിനി ട്രെയിൻ യാത്രയുടെയും വിശദമായ വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ (Jasmin Nooruniza) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.