മൈരിലെ വിശേഷങ്ങൾ
കാസർഗോഡ് അതിർത്തി ഗ്രാമമായ മൈരെന്ന ശേണിയുടെ വിശേഷങ്ങൾ
" മൈരേ" 😊
" പൂട്ടി " 😡
-----------------------------
നീ എവിടേക്ക് പോകുന്നു ?
മൈരിലേക്ക്
നീ എവിടെന്നു വരുന്നു?
മൈരീന്ന്
എവിടെയാണ് ജോലി?
മൈരിൽ...
കുറച്ചു വർഷങ്ങൾ മുൻപ് വരെ കേരളത്തിൻ്റെ മണ്ണിൽ വടക്കേ അറ്റത്ത് കാസർഗോഡ് ജില്ലയിലെ എൻ മകജെ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശത്തിലെ ആളുകളുടെ സംസാരമായിരിക്കും ഇത്..
തമിഴ് ഭാഷയിൽ മുടി എന്നർഥം വരുന്ന ഈ വാക്ക് മലയാളികൾ പലരും വികാരങ്ങൾക്കനുസച്ച് ഉപയോഗിക്കുന്ന ഒരു പ്രയോഗം അല്ലെങ്കിൽ ഒരു മോശം വാക്കാണ് "മയിർ".
എന്നാല് കാസർഗോഡ് ജില്ലയിലെ ശേണി എന്ന കൊച്ചു പ്രദേശത്തിന് ഒരു കഥപറയാനുണ്ട്..
ശേണിയിലേക്കാണ് ഇന്നത്തെ എൻ്റെ യാത്ര. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കുമ്പളയാണ് 22 കിലോമീറ്റർ ദൂരമുണ്ട് കുമ്പളയിൽ നിന്നും ശേണിയിലേക്ക്.
കാസർഗോഡ് പട്ടണത്തിൽ 29 കിലോമീറ്റർ അകലെ പുതിഗെ - എൻമകജെ വഴിയിലാണ് ശേണി എന്ന വളരെ ചെറിയ പ്രദേശം സ്ഥിതി ചെയ്യുന്നത്.. മൺസൂൺ കാലത്തെ കൂട്ടുപിടിച്ച് വഴിയുടെ ഇരുവശവും പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ മാത്രം സമ്മാനിക്കുന്നു .. ഇടതു ഭാഗത്ത് കൂടെ ശിറിയ നദിയും വലതു ഭാഗത്ത് കൂടെ ചന്ദ്രഗിരി പുഴയും ഈ പ്രദേശത്തിന് സമാന്തരമായി ഒഴുകി പോകുന്നു എന്നു ബസ് കണ്ടക്ടർ പ്രസാദ് ചേട്ടൻ എനിക്ക് പറഞ്ഞു തരുന്നു. ചെങ്കൽ കുന്നുകളും കശുമാവിൻ തോട്ടങ്ങളും, കമുങ്ങിൻ തോട്ടങ്ങളാലും സമൃദ്ധമാണ് ഇവിടം.. ജന സാന്ദ്രത വളരെ കുറഞ്ഞ പ്രദേശം. ബസ്സിൽ മുഴുവൻ കുസൃതി കുരുന്നുകൾ , എനിക്ക് അവരുടെ ഭാഷ മനസ്സിലാകുന്നില്ല.. തുളുവിലും പ്രത്യേക രീതിയിലുള്ള മലയാളത്തിലും അവർ സംസാരിക്കുന്നു.. അവരുടെ സംസാരത്തിന് ഒരു താളവും ഭംഗിയും ഉണ്ടായിരുന്നു..ഒന്നും മനസിലാകുന്നില്ല എങ്കിലും അത് കേട്ടിരിക്കാൻ നല്ല രസമാണ്.
ഓരോ സ്ഥലം എത്തുന്നതിന് മുൻപിലും സ്ഥലപേരുകൾ പതിച്ച ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു. ഒരു പ്രദേശത്ത് നിന്നും അടുത്ത പ്രദേശം ആരംഭിക്കാൻ ഒരുപാട് ദൂരം ഇല്ല.. കൗതുകമുണർത്തുന്ന പേരുകളാണ് ഓരോ പ്രദേശത്തിനും നൽകിയിരിക്കുന്നത് ..
ബസ്സ് ശേണി എന്ന സ്ഥലത്ത് എത്തി.
ബസ് സ്റ്റോപ്പിന് അടുത്ത് ശ്രീ ശാരദാമ്പ ഹെ സ്കൂൾ.. ഞാൻ സ്കൂൾ ലക്ഷ്യമാക്കി നടന്നു.. മൈരെ എന്ന പഴയ പേര് എഴുതി വച്ചിരിക്കുന്ന ബോർഡ് ഇപ്പൊൾ ആ സ്കൂളിൽ മാത്രമാണ് ഉള്ളത്.. ബാക്കി സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ശേണി അല്ലെങ്കിൽ മയൂര പാറ എന്ന എഴുത്ത് മാത്രമാണ് കാണാൻ സാധിക്കുക.
മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് തുളു ഭാഷയിലെ മൈരെ എന്നവാക്ക്. ഇവിടെ മയിലുകൾ നൃത്തമാടിയിരുന്നതിനാലാണത്രെ ഈ സ്ഥലത്തിനു മയൂരപ്പാറ എന്ന പേര് വന്നത്, അത് പിന്നീട് മൈരെ എന്നായി മാറി..
എന്നാല് ഈ ഗ്രാമത്തിലുള്ള ആളുകൾക്ക് ഇതൊരു മോശം വാക്കല്ല.. ശേണി യിലേ ജനങ്ങൾ കൂടുതലും തുളുവാണ് സംസാരിക്കുന്നത്.. കന്നഡയിൽ എഴുതുകയും ചെയ്യുന്നു.. തൊട്ട് ചേർന്ന് കിടക്കുന്ന കർണാടകയിലെ സ്ഥലങ്ങളിലാണ് ഇവിടെ ഉള്ള ആളുകൾ കൂടുതലും ജോലിക്ക് പോകുന്നത്. മലയാളം വളരെ കുറവാണ് ഇവിടെ. അതിനാൽ മൈരെ എന്നത് ഇവർക്കൊരു തെറിയല്ല.. എന്നാല് "പൂട്ടി " എന്ന് പറഞാൽ അവുടത്ത് കാർക്ക് അതൊരു തെറിയാണ്.. സ്കൂള് പൂട്ടി , വീട് പൂട്ടി എന്നൊക്കെ പറഞ്ഞാ തുളുവിൽ തെറി തന്നെ..
പണിഷ്മെൻ്റ് ട്രാൻസ്ഫർ ആയി ഗവൺമെൻ്റ് ജോലിക്കായി മൈരിൽ എത്തിയ തെക്കൻ ജില്ലക്കാർ ക്ക് സ്ഥലത്തിൻ്റെ പേര് പ്രശ്നമായി തുടങ്ങി. ജോലി ചെയ്യുന്നത് മൈരിലാണെന്ന് കാസർഗോഡ് ന് പുറത്തെ നാട്ടുകാരോട് പറയുന്നത് അല്പം വിഷമകരമായ കാര്യം തന്നെ ..
2000 കാലഘട്ടത്തിൽ കേരളത്തിൻ്റെ തെക് നിന്നെത്തിയ വനിതാ വില്ലേജ് ഓഫീസർ പേര് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു, രവീന്ദ്ര നായിക് എന്ന സ്ഥലവാസിയായ ശ്രീ ശാരതാംബ സ്കൂൾ അധ്യാപകൻ പുനർ നാമകരണതിന് മുന്നിൽ നിന്നു. എന്നാല് പേര് മാറ്റുന്നത് ഗവൺമെൻ്റ് അനുവാദം നൽകിയില്ല. 2013 ജനുവരി 28 ന് മൈരേ എന്ന പേര് മാറ്റി പകരം ശേണി എന്ന പേരിലും , പൂഞ്ഞാർ വടക്കേക്കര എന്ന കോട്ടയം ജില്ലയിലെ സ്ഥലത്തെ തലനാട് എന്നും ഔദ്യോഗിക ഗസറ്റിൽ പുനർ നാമകരണം ചെയ്തു. 2016 ല് മൈരെ പോസ്റ്റ് ഓഫീസിൻ്റെ പേരും ശേണി എന്നാക്കി മാറ്റി.. അതോടെ ശേണി എന്നപേര് മാത്രമായി അവിടെ.. എന്തിരുന്നാലും പ്രദേശവാസികൾ പലരും മൈരെ എന്ന പേര് ഇപ്പോളും ഉപയോഗിക്കുന്നു.. ബസ്സിൽ എൻ്റെ അടുത്തിരുന്ന വൃദ്ധൻ " മൈരേ " എന്ന സ്ഥലപ്പേര് പറഞ്ഞാണ് ടിക്കറ്റ് എടുത്തത്..
ചുറ്റും പാറക്കെട്ടുകളും ചെങ്കൽ കുന്നുകളും ചെങ്കല്ലും നിറഞ്ഞ പ്രദേശം.. ജന സാന്ദ്രത തീരെ കുറവാണ് ശേണിയിൽ.. ആരെയും കാണുന്നില്ല.. അങ്ങിങ്ങായി വീടുകൾ കാണാം. ഒരു ഹോട്ടലും സ്കൂളിനെയും വില്ലേജ് ഓഫീസിനെയും ആശ്രയിച്ച് തുടങ്ങിയ കുറച്ചു കടകളും.. ശ്രീ മഹാകാളി ക്ഷേത്രവും ഒരു മുസ്ലിം പള്ളിയും ഒരു അയ്യപ്പ മന്ദിരവും , ശാരതാമ്പ ഹൈ സ്കൂളിന് സമീപം ശേണി വില്ലേജ് ഓഫീസും ആളൊഴിഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രവും പോസ്റ്റ് ഓഫീസും.. ഇതാണ് ശേണി എന്ന കൊച്ചു ഗ്രാമം.. പശുക്കളും ആടുകളും മാത്രമാണ് ചുറ്റിനും.. കടയിൽ ഒന്നും ആളുകളുടെ തിരക്കില്ല.. ഒരുകാലത്ത് മയിലുകൾ നൃത്തമാടി രസിച്ച സ്ഥലമാണ് എങ്കിലും ഇപ്പൊൾ മയിലുകളെ കാണാനില്ല..
അവസാനം എടുത്ത സെൻസസ് കണക്കു പ്രകാരം 5080 പേർ മാത്രം താമസിക്കുന്ന ഈ സ്ഥലത്തു 2514 പുരുഷൻമാരും 2566 സ്ത്രീകളുമുണ്ട്. വിസ്തീർണ്ണം 1396 ഹെക്റ്റർ വരുന്ന ഇവിടെ മൊത്തത്തിൽ 936 വീടുകളാണ് ഉള്ളത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമ ഇവിടെയാണ് ചിത്രീകരിച്ചത് ..
കാണാൻ ഒന്നും ഇല്ലെങ്കിലും വളരെ നിശബ്ദമായ സുന്ദരമായ ഈ പ്രദേശം എനിക്ക് ഒരുപാട് ഇഷ്ടമായി... മൈരെ എന്ന ശേണി ഇഷ്ടം ❤️
നന്ദി..