കാഞ്ഞിരക്കൊല്ലിയിൽ ഒരു രാത്രി
കോടപുതഞ്ഞ കാഞ്ഞിരക്കൊല്ലിയും, വെള്ളാരം കല്ലുകൾ പാകിയ ഉടുമ്പ പുഴയും...
ചില യാത്രകൾ ഉണ്ട്...പ്രത്യേകിച്ച് യാതൊരു മുൻവിധികളൊന്നും ഇല്ലാതെ പെട്ടെന്ന് പോവുന്ന യാത്രകൾ....
പതിവ് ശനിയാഴ്ചകളെ പോലെ തന്നെ ജോലിയുടെ പ്രഷർ കാരണം തലയും കുത്തി നിൽക്കുന്ന അവസ്ഥ ആയപ്പോഴായിരുന്നു പെട്ടെന്നൊരു തോന്നൽ നാളെ ഞായറാഴ്ച അല്ലെ നേരെ എങ്ങോട്ടെങ്കിലു൦ വിട്ടാലോന്ന്. അങ്ങനെ ഒരു കൊച്ച് ചർച്ചയിലൂടെ സ്ഥലംതീരുമാനിച്ചു. "കാഞ്ഞിരക്കൊല്ലി
അങ്ങനെ വൈകുന്നേരം ആണ് നാല് പേരടങ്ങുന്ന ചെറു സംഘമായി യാത്ര തുടങ്ങിയത്.
->കാഞ്ഞങ്ങാട് -> ചീമേനി ->ചെറുപുഴ ->കാഞ്ഞിരക്കൊല്ലി.
കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ട ഞങ്ങൾ ചീമേനിയിൽ എത്തിയ ഉടനെ രാത്രി ക്യാമ്പിങ്ങിനു൦, ഭക്ഷണത്തിനും, മറ്റും ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങുവാൻ വേണ്ടി ഇറങ്ങി...
കോഴിയെ വാങ്ങാൻ കൂട്ടത്തിൽ ഉള്ള രണ്ട് കോഴികളെ തന്നെ പറഞ്ഞു വിട്ട് ബസ് സ്റ്റോപ്പിനു സമീപം ഞങ്ങൾ കാത്തിരുന്നു...
തട്ടുകടയിൽ നിന്നും ഒരു കട്ടനും തട്ടി ചീമേനിയിൽ നിന്നും പുറപ്പെട്ടു. പുതിയ ടാറിങ് ചെയ്ത റോഡ് അങ്ങിനെ നീണ്ടു നിവർന്നു കിടക്കുന്നു.. ഒരു സൈഡ് മുഴുവൻ ഉള്ള അക്വാഷ്യ കാടുകൾ കണ്ടപ്പോൾ ഒരു നിമിഷം കേരളത്തിലെ റോഡ് തന്നെ ആണോ എന്ന് തോന്നി... അത്രയും മനോഹരമായുന്നു ആ മലയോര മേഖലയിലെ വഴികൾ... മനോഹരമായ ആലക്കോട് ചുരവും കയറി ലക്ഷ്യസ്ഥാനത്തിലേക്കു...
കാഞ്ഞിരകൊല്ലി:
അമിതപ്രതീക്ഷയുടെ ഹൈപ്പ് മാറ്റി വച്ചുനോക്കിയാൽ, മഞ്ഞുമൂടിയ താഴ്‌വാരവും, ഒരു കുഞ്ഞു ബസ് സ്റ്റാൻഡും ഒരു കുഞ്ഞു സ്കൂളും അടങ്ങിയ - തനി നാട്ടിൻ പുറം...
ബസ്റ്റാന്റിനെകുറിച്ച് പറയുകയാണെങ്കിൽ ഒരു മൂലയിൽ പട്ടി ഉറങ്ങുന്നു.. മറ്റൊരു മൂലയിൽ ഒരു വൃദ്ധൻ ഇരുന്നു ബീഡി വലിക്കുന്നു, ഭംഗിക്കു തുരുമ്പിച്ചു വീഴാറായ രണ്ടു ഉന്തുവണ്ടികളും...
മഞ്ഞുമൂടിയ മലനിര, ശശിപ്പാറ, കന്മദപ്പാറ, അളകാപുരി വെള്ളച്ചാട്ടം എന്നീ സുന്ദര കാഴ്ചകളെല്ലാ൦ കാഞ്ഞിരകൊല്ലിയുടെ മാത്രം പ്രത്യേകതയാണ്.
അവിടെ എത്തുമ്പോൾ തന്നെ ഏകദേശം രാത്രി ഒ൯പത് മണി കഴിഞ്ഞിരുന്നു. ടൌണിൽ നിന്നു൦ മൂന്ന് നാല് കിലോമീറ്റർ വീണ്ടും ഉള്ളിലേക്ക് യാത്രചെയ്താൽ മാത്രമേ ലക്ഷ്യസ്ഥാനത്തു എത്തുകയുള്ളു... പൊട്ടിപൊളിഞ്ഞ റോഡുകൾ താണ്ടി മുന്നോട്ട്. ഇരുട്ട് അതിന്റെ പാരമ്മ്യതയിൽ എത്തി നിൽക്കുന്നു. ഒറ്റയടി പാത പോലെ പലയിടത്തും റോഡ് ദുർഘടമായിരുന്നു.
വിജനമായ പാതയു൦ കൂരാകൂരിരുട്ടു൦ റോഡിന് ചുറ്റുമുള്ള കാടുകളു൦ പലപ്പോഴും മനസ്സിനെ ഭയപ്പെടുത്തികൊണ്ടേയിരുന്നു...
രാത്രി താമസിക്കാൻ അവിടെ തയ്യാറാക്കിയത് ഒരു ഹട്ട് ആയിരുന്നു. രാത്രിയിൽ തന്നെ കാട്ടരുവിയിൽ നിന്നും വരുന്ന വെള്ളത്തിൽ കാടിന്റെ ശബദവും കേട്ടിട്ടുള്ള ഒരു കുളി. ഹോ.. പറയാൻ പറ്റാത്ത ഒരു അനുഭൂതി ആയിരുന്നു അത്.
രാത്രിയിലെ തണുത്ത കുളിർക്കാറ്റും ഏറ്റുകൊണ്ട് ഭക്ഷണം പാകം ചെയ്യാനുള്ള തയ്യാറെടുപ്പായ്. ഒരുത്തൻ കോഴിയെ ചുടുന്നു. മറ്റൊരുത്തൻ കട്ടൻ തയ്യാറാകുന്നു. വേറെ ഒരുത്തൻ സാലഡ് ഉണ്ടാകുന്നു. ഒരുത്തൻ കട്ടൻ കട്ട് കുടിക്കുന്നു...
ഉറങ്ങാൻ തോന്നിയില്ല. നേരെ വെച്ച്പിടിച്ചു ശശിപാറയിലോട്ട്......
ശശിപ്പാറ:-
സമുദ്രത്തിൽ നിന്നും 1600 അടി ഉയരത്തിൽ രാത്രിയുടെ നിശ്ശബ്ദതയും, തണുത്ത കാറ്റും കാടിന്റെ ചെറിയ ശബ്ദവും ആസ്വദിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി ബാക്കി ഉണ്ടായിരുന്ന കട്ടനും കുടിച്ച് അവിടെ തന്നെ ഉറങ്ങി....
പുലർച്ചെ, മലമുകളിലൂടെ ഹിമകണങ്ങളെ തൊട്ടുണർത്തിയ സൂര്യോദയം കാഴ്ചകൾക്ക് കുളിർമ്മയേകി. രാവിലത്തെ കോടമഞ്ഞും തണുത്ത കാറ്റും ആസ്വദിച്ച് നേരെ ഉടുംബ പുഴയിലേക്ക്..
ഉടുമ്പ പുഴ:-
കുടക്ക് മലനിരകളിൽ നിന്നും ലസ്യവതിയായി ഒഴുകുന്ന ഇടുമ്പ പുഴ. വെള്ളാരം കല്ലുകൾകൊണ്ട് പ്രകൃതി അലങ്കരിച്ച മറ്റൊരു സൗന്ദര്യം. കാട്ടിലൂടെ ഏകദേശം 800mtr ഒറ്റയടി പാതയിലൂടെ വേണം കടന്നു ചെല്ലാൻ (നല്ലവഴി വേറെ ഉണ്ടെന്നാണ് അറിഞ്ഞത്). പാതയുടെ ഒരു ഭാഗം കേരളവും മറുഭാഗം കർണാടകവും.
വലുതും ചെറുത്തുമായ വെള്ളാരം കല്ലുകളും, പാറകളും പുഴയുടെ മാധ്യഭാഗത്തു പോലും നമുക്ക് വിശ്രമിക്കാൻ സാധിക്കുന്ന വിധത്തിൽ ആയിരുന്നു. ചുറ്റിലും ഉള്ള വനങ്ങൾ പുഴയുടെ സൗന്ദര്യം വർധിപ്പിക്കുന്നു.
പാറകളുടെ ഇടയിൽ കാണപ്പെട്ട പൂമ്പാറ്റക്കൂട്ടവും കാട്ടുവള്ളിയിൽ തൂങ്ങിയുള്ള നമ്മുടെ പ്രകടനങ്ങൾ കണ്ടു അന്തം വിട്ടുനിൽക്കുന്ന കുരങ്ങന്മാരും കാഴ്ചകൾക്ക് മിഴിവേകി.
ഒടുവിൽ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി അവിടെ നിന്നും മടങ്ങുമ്പോൾ മനസ്സിൽ ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു - "യാത്രകൾ ഇവിടെ അവസാനിക്കുന്നില്ല, അത് തുടർന്നുകൊണ്ടേയിരിക്കും "
Midhun shyam
#Mobilephotography
#vivoV15pro
#vivoV21
#snapseed