എന്നും കൊതിപ്പിക്കുന്ന മൂന്നാർ
മൂന്നാർ മറയൂർ കാന്തല്ലൂർ
വേനൽ അവധിക്കാലം, മൂവാറ്റുപുഴയിൽ ഒരു ആവിശ്യത്തിന് പോവണം അതുവഴി മൂന്നാറിലേക്ക് കയറണം പിന്നെ കാന്തല്ലൂരോ വട്ടവടയോ കാണണം. ജനനശദാബ്ദിയിൽ വടകര നിന്നും കയറി ആലുവ ഇറങ്ങി. മൂവാറ്റുപുഴയ്ക്കുള്ള ബസ്സിൽ കയറി ഗൂഗിൾ മാപ്പും നോക്കി കുറെ നേരം ഇരുന്നു.മൂവാറ്റുപുഴ കെ എസ് ആർ ടി സി സ്റ്റാൻഡിൽ പോയി മൂന്നാറിലേക്കുള്ള ബസിന്റെ സമയവിവരം അന്വേഷിച്ചു. പുലർച്ചെ 3.45 നു തിരുവനന്തപുരം മാട്ടുപ്പെട്ടി പിന്നെ 4.35 ന് തിരുവനന്തപുരം മൂന്നാർ. വണ്ടി സ്റ്റാൻഡിനു മുന്നിൽ റോഡിലെ നിർത്തു എന്നും ഡ്യൂട്ടി കഴിഞ്ഞു പോവാൻ നിന്ന എറണാകുളം വണ്ടിയിലെ കണ്ടക്ടർ ചേട്ടൻ പറഞ്ഞു തന്നു.
റൂമിൽ പോയി അലാറം വെച്ച് കിടക്കാൻ തുടങ്ങുമ്പോൾ വേനൽ മഴയുടെ ഇടിമുഴക്കം കേട്ടു.
അലാറത്തിനൊപ്പം എഴുന്നേറ്റ് റെഡിയായി താഴെ എത്തുമ്പോഴേക്കും പെയ്തൊഴിഞ്ഞെന്നു കരുതിയ മഴ വീണ്ടും പൂർവ്വാധികം ശക്തിയോടെ വഴിമുടക്കി. തിരിച്ചു റൂമിൽ കയറി. 3.45 ൻറെ മാട്ടുപ്പെട്ടി റൂമിനു മുന്നിലൂടെ മഴവെള്ളം തെറിപ്പിച്ചു മൂന്നാറിലേക്ക് പോകുന്നത് കണ്ടു. 4 മണി കഴിഞ്ഞപ്പോൾ മഴ ശമിച്ചു. പെട്ടന്ന് റൂം വെക്കേറ്റ് ചെയ്ത് ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് നടന്നു. മൂന്നാർ ബസ്സിനെ കാത്ത് കുറച്ച് ആളുകൾ അവിടെ ഉണ്ടായിരുന്നു. 4.50 ആയി , മഴനനഞ്ഞു കുളിച്ച് മൂന്നാർ ബോർഡും മിന്നിച്ച് ആനവണ്ടി വന്നു. ആദ്യം ചാടിക്കയറിയത് ഞങ്ങളായിരുന്നു. ബാക്ക് ബാഗ് കണ്ടതുകൊണ്ടും കെട്ട്യോള് കൂടെ ഉള്ളത് കൊണ്ടും പുറകിലെ സീറ്റിൽ ഇരുന്ന ചേട്ടൻ എഴുന്നേറ്റ് മുന്നിലേക്ക് മാറി ഇരുന്ന് സീറ്റ് സംഭാവന ചെയ്തു. ഷട്ടർ പൊക്കിയാലും കുഴപ്പം ഇല്ല. പുറകിൽ ചീത്ത വിളിക്കാൻ ആരുമില്ലല്ലോ. മഴ ബാക്കി വെച്ച തുള്ളികൾ ഇടയ്ക്കിടെ മുഖത്തേക്ക് വീണുകൊണ്ടിരുന്നു.
നേരം പുലർന്നു. അടിമാലി സ്റ്റാൻഡിൽ വണ്ടി കുറച്ചു സമയം നിർത്തിയിട്ടു. പുറത്തിറങ്ങി കടുപ്പത്തിൽ ഒരു ചായയും പിടിപ്പിച്ച് ബിസ്കറ്റും വാങ്ങി. കുറവല്ലാത്ത തണുപ്പുണ്ടായിരുന്നു അടിമാലിയിൽ. മൂന്നാർ പോകുന്ന ടൂറിസ്റ്റു ബസ്സുകൾ താമസ സൗകര്യം ഒരുക്കുന്നത് അടിമാലിയിലാണ്. കൂടുതൽ പ്രോപ്പർട്ടികളും വാടക കുറവുമാണ് ഇവിടെ. ചിത്തിരപുരവും ദേവികുളവും ലക്ഷ്മി എസ്റ്റേറ്റും ഒക്കെ വാർത്തകളിൽ നിറഞ്ഞ ദിവസങ്ങളായിരുന്നു അന്ന്. ബസ്സ് ചിത്തിരപുരം പിന്നിട്ട് കല്ലാർ എത്തി. അപ്പോഴാണ് സുഖനിദ്രയിൽ നിന്നും കെട്ട്യോൾ എണീറ്റത്.തുറന്നിട്ട ജാലകത്തിലൂടെ തണുത്ത കാറ്റ്. തേയില തോട്ടങ്ങൾ മഞ്ഞു മൂടി കിടക്കുന്ന സുന്ദര കാഴ്ചകൾ പുറകിലേക്ക് നീങ്ങുന്നു.ബ്ളാങ്കറ്റും മഫ്ലയറും കരിമ്പടവും പുതച്ച തൊഴിലാളികൾ റോഡിലൂടെ പണിസ്ഥലങ്ങളിലേക്കു നടക്കുന്നു .
8.45 ആയപ്പോഴേക്കും വണ്ടി മൂന്നാർ ടൗണിൽ എത്തി. ഇനി റൂം അന്വേഷിക്കണമല്ലോ എന്ന് കരുതി ഇറങ്ങുമ്പോഴേക്കും സാർ റൂം വേണമാ എന്ന ചോദ്യവുമായി ഒരു ടാക്സി ഡ്രൈവർ. 800 മുതൽ റൂമുണ്ട്. കാണിച്ച് തരാം ഇഷ്ടപ്പെട്ടത് എടുക്കാം. വെസ്റ്റൻഡ് കോട്ടേജ് ഹോം സ്റ്റേ , പൂട്ടിയ ബീവറേജ് ഔട്‍ലെറ്റിന് അടുത്ത്, 1000 രൂപയ്ക്ക് നല്ല വൃത്തിയുള്ള റൂം കിട്ടി. ഒരു ദിവസത്തെ ട്രിപ്പിന് റേറ്റ് അന്വേഷിച്ചപ്പോൾ 1500 രൂപ ടാക്സി ഡ്രൈവർ പറഞ്ഞു. വിലപേശി 1250 ൽ ഉറപ്പിച്ചു. റൂമിൽ കയറി ഫ്രഷായി 9.30 ന് ഇറങ്ങി. തൊട്ടടുത്തെ ചെറിയ കടയിൽ കയറി അപ്പവും മുട്ടക്കറിയും കഴിച്ചുകൊണ്ടിരുന്നപ്പോൾ ടാക്സിയുടെ അണ്ണൻ എത്തി.
ആദ്യം പോയത് മൂന്നാർ റോസ് ഗാർഡനിലേക്കാണ്. നല്ല തിരക്കാണ്. 10 മണിമുതലാണ് ഇവിടെ പ്രവേശനം. മൂന്നാർ ടൗണിൽ നിന്നും ടോപ് സ്റ്റേഷൻ റോഡിൽ ഏകദേശം 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. ഒരാൾക്ക് 20 രൂപയും ക്യാമറയ്ക്ക് 30 രൂപയുമാണ് ഇപ്പോൾ ചാർജ് ചെയ്യുന്നത്. കുറച്ച് സമയം അവിടെ കറങ്ങി നടന്ന് ഫോട്ടോ പിടുത്തം നടത്തി.
.പിന്നീട് മാട്ടുപ്പെട്ടി ഡാമിലേക്ക്. ഡാമിൽ ജലനിരപ്പ് വളരെ കുറവായിരുന്നു.പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ സംഭരണ അണക്കെട്ടാണ് ഇത്. ബോട്ടിങ്ങിനു സൗകര്യമുണ്ട്. കുറച്ചുകൂടി മുന്നോട്ടു പോയാൽ എക്കോ പോയിന്റ് എത്തും .ഇൻഡോ സ്വിസ്സ് പ്രൊജക്റ്റിന്റെ ഭാഗമായുള്ള കൗ ഫാം മാട്ടുപ്പെട്ടിയിലാണ്. ഇവിടെ കയറാൻ മുൻകൂർ അനുമതി വേണം. ഭാഗ്യമുണ്ടെങ്കിൽ ഈ വഴി പോകുമ്പോൾ പുൽമേടുകളിൽ ആനകളെ കാണാം. എക്കോ പോയിന്റിൽ നിന്നും 11 കിലോമീറ്റർ അകലെയാണ് കുണ്ടള ഡാം.ഇവിടുത്തെ റിസർവോയർ കാഴ്ച മനോഹരമാണ്. കുറെ നേരം തടാക കരയിൽ നടന്നും ഇരുന്നും ഫോട്ടോ എടുത്ത് കൊതി തീർത്തു. പിന്നെ ടോപ് സ്റ്റേഷനിലേക്ക്. തമിഴ്‌നാടിൻറെ ഭാഗമാണ് ടോപ് സ്റ്റേഷൻ വ്യൂ പോയിന്റ്.ഒരാൾക്ക് 10 രൂപ ചാർജ് ചാർജ് ചെയ്യുന്നുണ്ട് ടിക്കറ്റ് കൗണ്ടറിൽ നിന്ന് കുറച്ച് ദൂരം താഴോട്ട് ഇറങ്ങണം. അതിനു മുൻപ് ഫോറസ്ററ് ഡിപ്പാർട്മെന്റിന്റെ വാച്ച് ടവർ ഉണ്ട്.വ്യൂ പോയിന്റിൽ നിന്ന് നോക്കിയാൽ കൊളുക്കുമലയും തമിഴ്‌നാടിന്റെ പല പ്രദേശങ്ങളും കാണാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കുറെ മനോഹരമായ കുന്നും താഴ്വരകളും ഒക്കെ കണ്ടു എന്നല്ലാതെ ഏതാണ് അവയൊക്കെ എന്ന് തിരിച്ചറിയാൻ പറ്റിയില്ല എന്നതാണ് സത്യം. ഇവിടെ ടെന്റ് അടിക്കാനുള്ള സൗകര്യം ടിക്കറ്റ് കൗണ്ടറിൽ അന്വേഷിച്ചാൽ ലഭിക്കും. തലേ ദിവസം ടെന്റടിച്ച് താമസിച്ചവർ എല്ലാം അഴിച്ചെടുത്ത് മുകളിലേക്ക് കയറുന്നുണ്ടായിരുന്നു. അവർക്കൊപ്പം കയറി മുകളിലെത്തി ഒരു കുപ്പി വെള്ളവും കുറെ ക്യാരറ്റും അകത്താക്കി.
ഇനി കണ്ണൻ ദേവൻ ടീ മ്യൂസിയം. കൊളുന്തിൽ നിന്നും ചായപ്പൊടി ഉണ്ടാക്കുന്ന പ്രകൃയയും മൂന്നാറിന്റെ ചരിത്രം ആലേഖനം ചെയ്ത വീഡിയോയും കാണാൻ ഉള്ള ചാർജ് കുറച്ച് കൂടുതലാണ്. ഒരാൾക്ക് 75 രൂപയും ക്യാമറയ്ക്ക് 20 രൂപയും. സമയം നാല് മണി ആയിരുന്നു. അന്നത്തെ ട്രിപ്പ് മതിയാക്കി അണ്ണൻ വണ്ടി ഹോം സ്റ്റേയിലേക്ക് വിട്ടു.
ഡ്രൈവർ അണ്ണനെ കുറിച്ച് കുറച്ച് പറയാൻ ഉണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും കുടിയേറിയ തോട്ടം തൊഴിലാളി കുടുംബമാണ്. പുള്ളി ലക്ഷ്മി എസ്റ്റേറ്റിലെ ജോലിക്കാരൻ ആയിരുന്നു. മികച്ച ഫുട്ബാൾ പ്ലെയറും. മ്യൂസിയത്തിൽ കണ്ട വീഡിയോയിൽ ഗ്രൗണ്ടിൽ കപ്പുയർത്തുന്ന ഒരു സീക്വൻസ് ഉണ്ട്. അത് അണ്ണൻ ആണെന്നാണ് പറഞ്ഞത്. ഞാൻ ശ്രദ്ദിക്കാൻ വിട്ടുപോയി. പരിക്ക് പറ്റി ടീമിൽ നിന്നും പുറത്തുപോയി.ഇപ്പൊ കണ്ണൻ ദേവൻ കമ്പനിയുമായി നഷ്ടപരിഹാരത്തിനു കേസ് നടത്തുന്നു. യൂണിയൻ നേതാവാണ്. രണ്ടു ദിവസം കൊണ്ട് നല്ല രീതിയിൽ മൂന്നാറിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലും തോട്ടം മേഖലകളിലും ഒക്കെയുള്ള ഗൈഡൻസ് പുള്ളിയിൽ നിന്ന് കിട്ടി.കുടിയേറ്റക്കാരുടെയും മാധ്യമ മുതലാളിമാരുടെയും രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങളും പെമ്പിളൈ ഒരുമ വഴി തമിഴ് രാഷ്ട്രീയം മൂന്നാറിലേക്ക് പടരാൻ നടത്തിയ ശ്രമങ്ങളും അണ്ണൻ പറഞ്ഞു.ഒരു 'പ്രമുഖ' ഭരണകക്ഷി എം എൽ എ യുടെ ബന്ധു കൂടിയാണ് ഇദ്ദേഹം.
റൂമിലെത്തി ഒരു കാപ്പിയും കുടിച്ച് മൂന്നാറിലെ ഹൈഡൽ പാർക്കിലേക്ക് പോയി. പള്ളിവാസൽ പദ്ധതിയിലേക്ക് ആദ്യ കാലത്തു വെള്ളം കൊണ്ടുപോയ കനാലിനു ഇരുവശത്തും പൂന്തോട്ടങ്ങളാക്കിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ നല്ല തിരക്കാണ് ഇവിടെ. 6 മണിയോടെ തണുപ്പ് കൂടി. ഒരു ഓട്ടോ പിടിച്ച് മൂന്നാർ ടൗണിൽ ഇറങ്ങി കുറച്ചു നേരം കറങ്ങി നടന്നു. മാർക്കറ്റിൽ നിന്ന് സ്ട്രോബറിയും ഓറഞ്ചും വാങ്ങി രാത്രി ഭക്ഷണവും കഴിച്ച് റൂമിൽ കയറി.12 ഡിഗ്രി തണുപ്പ് മൊബൈലിൽ കാണിക്കുന്നുണ്ടായിരുന്നു.
പിറ്റേദിവസം 8.30 നു തന്നെ വണ്ടിയുമായി അണ്ണൻ എത്തി. മറയൂർ - കാന്തല്ലൂർ - ചിന്നാർ ആണ് യാത്ര. മൂന്നാർ ഉദുമൽപ്പെട്ട റോഡിലൂടെ കുറച്ചു ദൂരം ചെല്ലുമ്പോൾ ഇരവികുളം നാഷണൽ പാർക്ക് അടച്ചിട്ടിരിക്കുന്നത് കണ്ടു.അന്ന് തുറക്കും എന്നാണു പത്രത്തിൽ കണ്ടത് പക്ഷെ അന്വേഷിച്ചപ്പോൾ അടുത്ത ദിവസം മാത്രമേ തുറക്കൂ എന്ന് ഗാർഡ് പറഞ്ഞു. ആ റൂട്ടിലെ മറ്റൊരു ടൂറിസം അട്രാക്ഷനാണ് ലക്കം വാട്ടർ ഫാൾസ്. വെള്ളം കുറവാണെങ്കിലും ഏപ്രിലിലെ കൊടും വേനലിൽ വന്ന സ്വദേശി യാത്രികർ ആ വെള്ളത്തിലും തണുപ്പിലും മതി മറന്നു ആഘോഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ഇലക്ഷനിൽ അണ്ണാ ഡി എം കെ യെ സപ്പോർട്ട് ഇരവികുളത്തേയും ലക്കം ഫാൾസിലെയും വഴിയോര കച്ചവടക്കാരെ സർക്കാർ ഒഴിപ്പിച്ചു എന്നും അവരുടെ കടകളിൽ നിന്ന് വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന കെട്ട് കണക്കിന് നോട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു എന്നും ഡ്രൈവർ പറഞ്ഞു. അതിൽ പലരും വണ്ടിയുടെ അടുത്ത് വന്നു പുള്ളിയോട് കട പുനഃസ്ഥാപിക്കാൻ സഹായിക്കണം എന്ന് റെക്കമെന്റ് ചെയ്യുന്നതും കണ്ടു.ചേട്ടൻ വല്യ തള്ളൽ അല്ല എന്ന് മനസ്സിലായി.
മറയൂരിലെ ചന്ദനക്കാടുകളിലൂടെ ആയി പിന്നീട് യാത്ര. വേലി കെട്ടി തിരിച്ചും നമ്പറിട്ടും സംരക്ഷിച്ച ചന്ദന മരങ്ങൾ സാൻഡൽ റിസർവ് ഫോറസ്റ്റിനുള്ളിലാണ് ആനക്കൊട്ടപ്പാറ പാർക്ക്. മുനിയറകളാണ് ഇവിടുത്തെ കാഴ്ച. ശിലായുഗ ശേഷിപ്പുകളെ ഇത്ര ലാഘവത്തോടെ സംരക്ഷിക്കാൻ നമുക്ക് മാത്രമേ കഴിയു. നരവംശ ശാസ്ത്രത്തിനു ധാരാളം സംഭാവന നൽകിയ ഈ മുനിയറകളിൽ പലതും സാമൂഹ്യ വിരുദ്ധരുടെ ചെയ്തികളിൽ നശിച്ചിട്ടുണ്ട്. ആ കുന്നിൻ മുകളിലെ പാറക്കെട്ടുകളും മതം തിരിച്ചു ചിഹ്നങ്ങളും ആരാധനാലയങ്ങളും കെട്ടി പൊക്കി പകുത്തെടുത്തിട്ടുണ്ട്.
വളർന്നു നിൽക്കുന്ന കരിമ്പിൻ തോട്ടങ്ങളുടെ അരികിൽ നിർത്തി അവിടുത്തെ തൊഴിലാളികളോട് കുറച്ചു കരിമ്പ് വാങ്ങി ഞങ്ങൾക്ക് തരാനും അണ്ണൻ മറന്നില്ല. മറയൂർ ശർക്കര ഉണ്ടാക്കുന്നത് കണ്ട് രണ്ടു കിലോ ശർക്കരയും കരിമ്പിൻ ജ്യൂസും കുടിച്ച് യാത്ര തുടർന്നു. കുറെ കുത്തനെയുള്ള പൊളിഞ്ഞ റോഡുകളിലൂടെ കയറി കാന്തല്ലൂരെത്തി. തോപ്പൻസ് ഫാം സ്റ്റൈയിൽ കയറി. ആപ്പിൾ ഓറഞ്ച് പ്ലംസ് ബ്ലാക്ബറി സ്ട്രോബറി മുസംബി ലിച്ചി തുടങ്ങി ഇതുവരെ കാണാത്ത നിരവധി പഴച്ചെടികൾ കണ്ടു. 100 രൂപ കൊടുത്ത് കുറെ പാഷൻ ഫ്രൂട്ടും വാങ്ങി ബ്ളാക് ബെറിയും സ്ട്രോബറിയും പറിച്ച് തിന്നു.പാഷൻ ഫ്രൂട്ടിനു ലവലേശം പുളിപ്പില്ല , മധുരം മാത്രം .3000 രൂപയാണ് ഒരു ദിവസം ഇവിടെ താമസയ്‌ക്കാൻ വാടക. ഈ ഫാം സ്റ്റേ തൊട്ടപ്പുറത്തെ സ്‌കൂളിലെ സാറിന്റേതാണ്.കാന്തല്ലൂരിൽ നിന്ന് ഇറങ്ങി ചിന്നാറിലേക്ക്. വഴിയരികിൽ ഒരു ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു.അതിനെ ബിരിയാണി എന്ന് വിളിക്കണോ എന്ന് ഒന്ന് കൂടി ചിന്തിക്കണം .
ചിന്നാർ വന്യ ജീവി സങ്കേതത്തിലൂടെ കുറെ ദൂരം പോയി. കള്ളി മുൾ ചെടികൾ വളർന്നു നിൽക്കുന്ന ഈ കാട് ഒരു മഴനിഴൽ പ്രദേശമാണ്. പുറത്ത് നല്ല ചൂട്. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശവും ചിന്നാറാണ്. ട്രക്കിങ് പോകാൻ പ്ലാനില്ലാത്തതു കൊണ്ട് മൂന്നാറിലേക്ക് തിരിച്ചു. അടിമാലി റൂട്ടിലൂടെ സ്‌പൈസ് കൺട്രി ആയുർവേദ മരുന്നുകളുടെ ഫാമിൽ കയറി. പറ്റിക്കലാണ് .. കൊടുക്കുന്ന പൈസയ്ക്ക് ഉള്ള ഒന്നും തന്നെ ഇവിടെ ഇല്ല. തിരിച്ചു വരുന്ന വഴി പല വൻകിട കയ്യേറ്റ റിസോട്ടുകളും കണ്ടു. മൂന്നാർ ടൗണിൽ ഇറങ്ങി ചില്ലറ ഷോപ്പിംഗുകളും നടത്തി ഭക്ഷണവും കഴിച്ച് കിടന്നുറങ്ങി.
രാവിലെ എറണാകുളത്തേക്കുള്ള കെ എസ് ആർ ടിസി യിൽ കയറി ആലുവയ്ക്ക്. മഞ്ഞിൽ മൂടിയ തേയില തോട്ടങ്ങളും പൂത്ത് ചുവന്നു നിൽക്കുന്ന വേലിച്ചെടികളും മനസ്സിന്റെ ഫ്രെയിമിൽ പതിപ്പിച്ച് മലയിറക്കം ..