Beautiful Chimmini

Give your rating
Average: 4.3 (3 votes)
banner
Profile

TODDLERS TWISTS

Loyalty Points : 130

View All Posts

Post Date : 02 Dec 2021

മഴയുള്ള ഒരു ശനിയാഴ്ച...... രാവിലെ തൃശ്ശൂരിൽ എത്തി..ഉച്ച ആയപ്പോൾ ഒരു തോന്നൽ,വെറുതെ ഒന്ന് ചിമ്മിനി ജലസംഭരണി വരെ പോയാലോ എന്ന്....ഊണ് കഴിഞ്ഞു മോളെ ഉറക്കി കിടത്തി ഞാനും ഭാര്യയും കൂടി നേരെ ചിമ്മിനി ലക്ഷ്യമാക്കി വളയം തിരിച്ചു.

 

തൃശ്ശൂരിൽ സ്ഥിരം പോവാറുള്ളതാണെങ്കിലും കിഴക്കൻ മേഖലയിലേക്ക് പോയിട്ടില്ല..ദേശീയപാതയിൽ ആമ്പല്ലൂർ സിഗ്നലിൽ നിന്നും തിരിഞ്ഞു ചെറിയ റോഡിൽ ആയി യാത്ര. വഴി നന്നേ ചെറുതും അതിൽ ഒതുങ്ങാത്ത വണ്ടികളും. അതായിരുന്നു കുറെ നേരം.വളവും തിരിവും ഒക്കെ ധാരാളം ഉള്ള വഴികൾ. ത്യാഗരാജർ പോളിടെക്‌നിക്, അളഗപ്പ നഗർ ഒക്കെ താണ്ടി ചെറു പട്ടണം ആയ  വരന്തരപ്പിള്ളി  എത്തി.  മുന്നോട്ടു പോവുന്തോറും ജനവാസം കുറഞ്ഞു വരുന്നു. വഴിയില്ല തിരക്കും നല്ലവണ്ണം കുറഞ്ഞു. വഴിയുടെ അവസ്ഥ അത്ര തെറ്റില്ല. റബർ തോട്ടം ആണ് കൂടുതലും.ഹരിതഭംഗി നിറഞ്ഞു നിൽക്കുന്ന പാലപ്പള്ളി ചിമ്മിനി റോഡ്. റബർ തോട്ടം കഴിഞ്ഞു വിജനമായ ഒരു മലഞ്ചെരുവെത്തി. റോഡിനിരുവശവും കുറച്ചു അകലെ ആയി വന്മരങ്ങൾ കാണാം. അതാ കുറച്ചു കാറുകൾ നിർത്തി ആളുകൾ പുറത്തിറങ്ങി എന്തോക്കെയോ നോക്കുന്നു. നമ്മളും കാർ നിർത്തി കാര്യം അന്വേഷിക്കാൻ ചെന്നപ്പോൾ ആണ് മനസ്സിലായത് അടുത്തുള്ള പൊന്തക്കാട്ടിൽ ആനയുണ്ട്. ഒന്നല്ല ഒരു ആറെണ്ണം. 2 കൊമ്പനും ഒരു കുട്ടിയും ഉണ്ട്. പക്ഷെ ദൂരെ ആണ്. വേഗം ക്യാമറ ഒകെ എടുത്തു കുറച്ചു പടം പിടിച്ചു വീണ്ടും ജല സംഭരണി ലക്‌ഷ്യം ആക്കി മുന്നോട്ടു. മഴയിൽ പാവാട ഉടുത്തു നിൽക്കുന്ന റബ്ബർ മരങ്ങൾ. എണ്ണിയാൽ തീരാത്ത അത്രക്ക് മയിലുകൾ. അതാ ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ കവാടം എത്തി.

സമയം വൈകിട്ടു 4 .30.ടിക്കറ്റ് കൗണ്ടറിൽ ചോദിച്ചപ്പോ പറഞ്ഞു 5 മണി വരെ ആണ് എൻട്രി സമയം.അവർ ചോദിച്ചു വഴിയിൽ ആനയെ കണ്ടോ എന്ന്. ഉവ്വ് ആന ഉണ്ടെന്നു പറഞ്ഞപ്പോ അവിടുത്തെ ഫോറെസ്റ് ഗാർഡ് പറഞ്ഞു എങ്കിൽ മടങ്ങി പോവുക ആണ് നല്ലതു. ഡാം ഒക്കെ കണ്ടു കഴിയുമ്പോ എന്തായാലും സന്ധ്യ ആവും. മഴയും ഉണ്ട്,വെളിച്ചവും കുറഞ്ഞു തുടങ്ങി. ആന വഴിയിലേക്ക് ഇറങ്ങാൻ ഉള്ള സാധ്യത കൂടുതൽ ആണ്.ആനയുടെ കാര്യം അല്ലെ , അവയ്ക്കെന്തു റോഡ്.അവരുടെ കാട്ടിൽ ആണ് നമ്മുടെ റോഡ്. ചിലപ്പോ വഴി മുടക്കി ഒരു നിൽപ്പ് നില്കും. ഞങ്ങൾക്കും അത് ശരി ആണെന് തോന്നി. നമ്മുടെ സേഫ്റ്റി നോക്കണമല്ലോ. ചിമ്മിനിയോടു വീണ്ടും കാണാം എന്ന് പറഞ്ഞു തിരികെ പൊന്നു. പോവുന്ന വഴി ചിമ്മിനി പുഴയോരത്തു ഒന്നിറങ്ങി. ധാരാളം പശുക്കളെ വഴിയിൽ അങ്ങോളം കാണാമായിരുന്നു.

അങ്ങിനെ ചിമ്മിനി പുഴ കണ്ടു വീണ്ടും മുന്നോട്ടു.വെളിച്ചം നന്നേ കുറഞ്ഞു തുടങ്ങി. ആദ്യം ആനയെ കണ്ട സ്ഥലത്തു കാർ നിർത്തി. അപ്പോൾ അവിടെ ഒരു ചേട്ടൻ പറഞ്ഞു അത് ആനത്താര ആണ് ,കാർ കൂടി  കുറച്ചു മുന്നോട്ടു കയറ്റി നിർത്തൂ എന്ന്. അവരുടെ വാക്കു മാനിച്ചു കാർ കുറെ മുൻപിലേക്ക് നീക്കി നിർത്തി. ധാരാളം ആളുകൾ അവിടെ അങ്ങിനെ നില്പുണ്ട്. ഒരു ചേട്ടൻ പറഞ്ഞു ആനയുടെ റോഡ് ക്രോസിങ് ടൈം ആണ്.ഒച്ച ഉണ്ടാകാതെ നിന്നാൽ ചിലപ്പോ കാണാൻ പറ്റും. എല്ലാരും കാത്തിരിക്കുന്നതും അതിനാണ്.

വാഗാ ബോർഡറിലെ പരേഡ് കാണുന്ന ലാഘവത്തോടെ ആണ് ആളുകൾ ആനയുടെ റോഡ് ക്രോസിങ് കാണാനായി നിന്നതു. കരിവീരന്മാർ എല്ലാരും പൊന്തക്കാട്ടിൽ നിന്നും പുറത്തേക്കു തല കാണിച്ചു തുടങ്ങി. കൂട്ടത്തിലെ കാരണവർ ആണെന് തോന്നുന്നു,ഒരു കൊമ്പൻ ശ്രദ്ധിച്ചു നിൽക്കുന്നു. വഴിയിലൂടെ പോവുന്ന വണ്ടികളുടെ ഒച്ച ശ്രദ്ധിച്ചു ക്രോസിങ് ടൈം തീരുമാനിക്കുന്നതാവും...വണ്ടികളുടെ ഒഴുക്ക് ഒന്ന് കുറഞ്ഞപ്പോൾ അതാ ആദ്യത്തെ കരിവീരൻ മന്ദം മന്ദം നടന്നു വരുന്നു. പകൽപ്പൂരത്തിനു തിരുനക്കര ക്ഷേത്ര ഗോപുരത്തിൽ നിന്നും നെറ്റിപ്പട്ടം കെട്ടി ഇറങ്ങുന്ന ഗജവീരനെ കാണാൻ പോയി നിന്നതു ഓർമ്മ വന്നു. ഇത് അതിലും ഗംഭീരം ആണ്. കാട്ടാന ആണ്. നെറ്റിപ്പട്ടം പോയിട്ട് ഒരു ചങ്ങല പോലും ഇല്ല.എല്ലാവരുടെയും ഉള്ളിൽ ഭയം ഉണ്ട്. ആന എങ്ങാനും വലത്തേക്ക് തിരിഞ്ഞാൽ......

ആദ്യം ഒരു പിടിയാന പോയി.....കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അതാ വരുന്നു ഒരു കുറുമ്പൻ കുട്ടിയാനയും അമ്മയും കൂടി. പിന്നാലെ മറ്റൊരു പിടിയാന വന്നു. കാരണവർ കൊമ്പൻ അവസാനം ആണ് കുരിശ് ചെയ്തത്. അവനൊന്നു നിന്നു അങ്ങിനെ റോഡിൽ. എല്ലാവരുടെയും ഉള്ളൊന്നു കാളി. കാര്യം അല്പം ദൂരത്താണ് നിൽക്കുന്നതെങ്കിലും ആനയുടെ മനസ്സിൽ എന്താണെന്നു ആനയ്ക്കല്ലേ അറിയുള്ളു. ചുറ്റുപാടും എല്ലാം ശാന്തം ആണ് എന്നുറപ്പിച്ചതിനു ശേഷം അവനും ക്രോസ്സ് ചെയ്തു നിന്നു. അപ്പോളേക്കും നന്നേ ഇരുട്ട് വീണു.മഴയും തുടങ്ങി.  ഇനി നിന്നിട്ടു കാര്യം ഇല്ല എന്ന് മനസ്സിലാക്കി നമ്മളും മുന്നോട്ടു നീങ്ങി . ആന കാഴ്ച എന്തായാലും ഗംഭീരം ആയിരുന്നു. ആദ്യം ആയിട്ടാണ് ഇങ്ങനെ ഒന്ന് കണ്ടത്.

 

വന്യ മൃഗങ്ങളെ കാണുമ്പോൾ അല്പം സേഫ് ആയിട്ടു നിൽക്കുക. അവരെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഒന്നും ചെയ്യരുത്.ഒച്ച വെക്കുകയോ , ഫ്ലാഷ് ഓൺ ചെയ്തു ഫോട്ടോ എടുക്കാനോ ശ്രമിക്കരുത്. എല്ലാ കാഴ്ചയും നമ്മുടെ സുരക്ഷ കഴിഞ്ഞട്ടു മതി.

 

 

ഫോട്ടോയും വിഡിയോയും ഒക്കെ സൂം ചെയ്തു എടുത്തവ ആണ്.

Some Useful Travel Accessories