A 2019 Munnar Diary

Give your rating
Average: 4.3 (9 votes)
banner
Profile

Anil Thomas Amayappadam

Loyalty Points : 80

Total Trips: 1 | View All Trips

Post Date : 15 Apr 2021
7 views

 

Background of the Journey :

ഹൈദരാബാദിൽ ആയിരുന്നപ്പോൾ ആണ് ഡ്രൈവിംഗ് പഠിക്കുന്നതും വണ്ടി വാങ്ങുന്നതും. പക്ഷെ ഓരോ സിഗ്നലും സേഫ് ആയി ക്രോസ്സ് ചെയ്യുമ്പോൾ ദീർഘനിശ്വാസം വിടുന്ന ഞാനും, ഓരോ യാത്രയിലും എന്റെ ഒപ്പം മുഴുവൻ സമയവും വണ്ടിയിൽ മുറുകെ പിടിച്ചു ഇരിക്കുന്ന എന്റെ ഭാര്യയും, ഒരിക്കലും ഒരു ദീർഘമായ ഡ്രൈവിനെക്കുറിച്ച് ചിന്തിച്ചിരുന്നേ ഇല്ല. ബാംഗ്ലൂരിൽ എത്തിയപ്പോൾ, നീന്തൽ അറിയാത്ത കുട്ടിയെ കടലിൽ എടുത്തിട്ട അവസ്ഥ ആയി എന്റേത്. ബാംഗ്ലൂർ ട്രാഫിക്കിന് നന്ദ്രി. എൻ്റെ  ഡ്രൈവിംഗ് തനിയെ പുരോഗമിക്കുകയും, എൻ്റെ  ഡ്രൈവിങ്ങിൽ എനിക്ക് തന്നെ വിശ്വാസം ആയി തുടങ്ങുകയും ചെയ്തു. അങ്ങനെ ഞങ്ങൾ നാട്ടിലോട്ടുള്ള യാത്രകൾ ഞങ്ങളുടെ വണ്ടിയിൽ തന്നെ ആക്കുകയും, ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ ഭാര്യ വണ്ടിയിൽ കൈ പിടിക്കാതെ ഇരിക്കുകയും ഒക്കെ ചെയ്തു തുടങ്ങി. 

ക്യാമറ വാങ്ങിയ ശേഷം ആണ് ദൂര യാത്രകൾ കൂടുതൽ ചെയ്തു തുടങ്ങിയത് തന്നെ. എടുക്കുന്ന പടങ്ങൾ അത്ര ഗംഭീരം ഒന്നും ആയിരുന്നില്ലെങ്കിലും ഫോട്ടോഗ്രഫി തന്നെ ആയിരുന്നു  യാത്രകളുടെ പ്രധാന പ്രചോദനം.   അതുകൊണ്ട് തന്നെ യാത്രകൾക്ക് മിക്കവാറും പ്രകൃതി മനോഹരം ആയ സ്ഥലങ്ങൾ ആണ് തിരഞ്ഞെടുക്കുക. ജോലിക്കിടയിൽ, വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം സാധിക്കുന്ന യാത്രകളിൽ  നാട്ടിലേക്ക് ഉള്ള സ്ഥിരം റൂട്ട് അൽപ്പം മാറ്റി പിടിച്ചു തുടങ്ങി. അങ്ങനെ ആണ് 2019ലെ ദസറാ അവധിക്ക് നാട്ടിലേക്ക് പോകുമ്പോൾ മൂന്നാർ പോകാം എന്ന് തീരുമാനിച്ചത്. ഇത്രയും വർഷം ആയിട്ടും ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ലാത്ത സ്ഥലം ആണ് മൂന്നാർ.

യാത്രക്ക് ഒരു മാസം മുൻപേ തയ്യാറെടുപ്പ് തുടങ്ങി. അല്ലെങ്കിലും തയ്യാറെടുപ്പുകൾ ഒരു യാത്രയിലും ഞാൻ മോശം ആക്കാറില്ല. പ്ലാൻ ചെയ്യുന്നതിന്റെ പകുതി പോലും ഒരിക്കലും കവർ ചെയ്യാൻ പറ്റാറില്ല എന്നത് ഒരു വസ്ത്രം ധരിക്കാത്ത സത്യം ആണ് എങ്കിലും...! ആദ്യം ചെയ്തത് സഞ്ചാരി ട്രാവൽ ഫോറത്തിൽ ഒരു പോസ്റ്റ്‌ ഇടുക ആയിരുന്നു. മൂന്നാറിലെ മനോഹരമായ സ്ഥലങ്ങൾ ഏതൊക്ക എന്നറിയുക ആയിരുന്നു ഉദ്ദേശം. യാത്രയെ കുറിച്ച് എന്ത് ചോദിച്ചാലും ചോദിക്കുന്നവരെ നിരാശപ്പെടുത്താതെ മനം നിറയെ പ്രതികരിക്കുന്നവർ ആണ് ഈ ഗ്രൂപ്പിലെ മെംബേർസ്. ആവോളം സ്ഥലപ്പേരുകൾ ഗ്രൂപ്പിൽ നിന്നും കിട്ടി. അവയിൽ തന്നെ ഒരു കുറെ എണ്ണം short list ചെയ്തു. ഗൂഗിളിൽ മാപ്പിൽ സേവ് ചെയ്ത്, ഓരോന്നും മൂന്നാർ ടൗണിൽ നിന്നും ഏത് റൂട്ടിൽ ആണ് എന്ന് അറിഞ്ഞു വച്ചു. Day 1, Day 2, Day 3 എന്നിങ്ങനെ, സ്ഥലങ്ങൾ ഒരു ഓർഡറിൽ ആക്കി വച്ചു. അതിൽ തന്നെ ഉറപ്പായും പോകേണ്ടതും പറ്റിയാൽ  പോകേണ്ടതും (optional) ആയി 'സ്കെച്ച്' ചെയ്തു വച്ചു. Sunrise/Sunset പോയ്ന്റ്സ് നോട്ട് ചെയ്തു.

കുടുംബവുമായി പോകുന്നത് അല്ലേ എന്ന് കരുതി മൂന്നാറിലെ താമസം നേരത്തെ തന്നെ ഉറപ്പാക്കി. എങ്കിലും എല്ലാ യാത്രയിലും ചെയ്യും പോലെ തന്നെ, താമസം കൂടുതൽ ആർഭാടം ആക്കിയില്ല. പക്ഷെ അതിൽ പറ്റിയ ഒരു പിഴവ്, മൂന്നാർ ടൗണിൽ നിന്നും, ഗുണനചിഹ്നം പോലെ കിടക്കുന്ന വഴികളിൽ ഒന്നിന്റെ ഒരു അറ്റത്ത് ആയി പോയി ആ താമസം എന്നത് ആയിരുന്നു. സ്ഥലം കൂടുതൽ ചുറ്റി നടന്നു കാണുന്ന എനിക്ക് അത് അൽപ്പം ബുദ്ധിമുട്ട് ഉണ്ടാക്കി. യാത്ര ദിവസം ആയ 2019 സെപ്റ്റംബർ 28ന് മുന്നേ തന്നെ ഗൂഗിൾ മാപ്പ് ഡൌൺലോഡ് ചെയ്തു വച്ചു. ക്യാമറയും, ലെൻസും, tripod ഉം എല്ലാം റെഡി. ഫോട്ടോഗ്രഫിയിൽ താരതമ്യേന പുതുമുഖം ആയ ഞാൻ അതിനെക്കുറിച് കൂടുതൽ പഠിച്ചു.

എല്ലാം യാത്രയും തുടങ്ങും പോലെ രാവിലെ 4:30 ന് തന്നെ ഞങ്ങൾ ബാംഗ്ലൂരിൽ നിന്നും യാത്ര തുടങ്ങി. പതിവ് പോലെ "ഒരു ബിസ്കറ്റ് കവർ പോലും വണ്ടിക്ക് പുറത്തേക്ക് ഏറിയരുത്" എന്ന് എല്ലാവർക്കും നിർദേശവും കൊടുത്തു. ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് പോകും പോലെ ഉള്ള ധൃതി ഒന്നും ഇല്ലാതെ, സാവധാനം ഡ്രൈവ് ചെയ്തു. വഴിയിൽ ഉള്ള  കാറ്റാടി പാടങ്ങളും മറ്റ് കാഴ്ചകളും ഒക്കെ ആസ്വദിച്ചു ഒരു യാത്ര. വഴിയുടെ രണ്ട് സൈഡിലും നിറയെ പുളി മരങ്ങൾ പച്ച പുതച്ചു നിൽക്കുന്ന കാഴ്ച്ച. വരണ്ട ഭൂമിയിൽ നിന്നും വരുന്ന ഞങ്ങളുടെ കണ്ണുകളെ ആ കാഴ്ചകൾ കുളിരണിയിച്ചു എന്ന് തന്നെ പറയാം. മൂന്നാറിനോട് അടുക്കും തോറും കാഴ്ചകളുടെ മനോഹാരിത കൂടി കൂടി വന്നു. മേഘങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന പച്ച പുതച്ച മലനിരകൾ.

ഉച്ചതിരിഞ്ഞു രണ്ടരയോടെ താമസ സ്ഥലത്തിനു അടുത്ത് എത്താറായപ്പോൾ ആണ്, 'ഞാൻ പെട്ടു' എന്ന് മനസിലായത്. താമസം ബുക്ക്‌ ചെയ്തിരുന്നത് ചിന്നക്കാനാൽ റോഡിൽ  ആയിരുന്നു. റോഡിന്റെ പണി നടക്കുന്നെ ഉള്ളു. ചെറിയ വാഹനത്തിലെ യാത്ര അത്ര സുഖകരം ആയിരുന്നില്ല. ഏകദേശം 3:30 ആയപ്പോൾ ഞങ്ങൾ താമസസ്ഥലത്ത് എത്തി. വന്നിറങ്ങിയപ്പോൾ തന്നെ കാണുന്നത് ഏകദേശം 15 cm നീളം ഉള്ള ഒരു പഴുതാരയെ. അവിടെ നിന്ന ജോലിക്കാരൻ അപ്പോൾ തന്നെ അതിനെ അടിച്ചു കൊന്നു. ഇഴജന്തുക്കളെ പേടി ഉള്ള ഭാര്യയുടെ ചോദ്യം "ങ്ങള് ഞങ്ങളെ കൊല്ലാൻ കൊണ്ടുവന്നത് ആണോ മനുഷ്യാ.." ന്ന്. ഞാൻ പറഞ്ഞു "ഏയ് ഇത് ചെറുത്.. കൊല്ലാൻ വന്ന ആന താഴെ നിൽപ്പുണ്ട്..." എന്ന്. (വഴിക്ക് താഴെ ആണ് ആനയിറങ്ങൽ ഡാം ന്റെ റിസർവോയർ.)  നീണ്ട യാത്രയുടെ ക്ഷീണത്തിൽ അന്ന് പുറത്ത് ഒന്നും പോവാൻ തുനിഞ്ഞില്ല.

പ്ലാൻ അനുസരിച്ചു പിറ്റേന്ന് മൂന്നാർ ടോപ് സ്റ്റേഷൻ ആണ് ആദ്യം കാണേണ്ടത്. ഫോട്ടോഗ്രഫി  തുടങ്ങിയിട്ട് ഇതുവരെ ഒരു സൂര്യോദയ ചിത്രം എടുത്തിട്ടില്ല. ആ കുറവ് പരിഹരിക്കണം. ദൂരവും കാലാവസ്ഥയും എല്ലാം ചെക്ക് ചെയ്തു. പിറ്റേന്ന് സൂര്യൻ 'മര്യാദക്ക്' ഉദിക്കും എന്ന് ആപ്പുകൾ നോക്കി 'ഉറപ്പ്' വരുത്തി. എല്ലാവരും നേരത്തെ കുളി ഒക്കെ കഴിഞ്ഞു. നേരത്തെ ഭക്ഷണവും കഴിച്ചു. 8:30 ന് എല്ലാവരോടും കിടക്കാൻ പറഞ്ഞു. രാവിലെ 3:30 ന് ഉണരണം. എന്നെയും എന്റെ ഫോട്ടോഗ്രഫി പ്രാന്തിനെയും ശപിച്ചുകൊണ്ട് ഭാര്യയും കുട്ടികളും ഉറക്കത്തിലേക്ക് വഴുതി വീണു.
 

 

Day 1 : Munnar Top Station


രാവിലെ മൂന്നരക്ക് തന്നെ അലാറം അതിന്റെ ജോലി ഭംഗിയായി ചെയ്തു. ഉണർന്നപ്പോൾ അത്യാവശ്യം നല്ല തണുപ്പ്. അതിരാവിലെ തന്നെ പോകാം എന്ന് സമ്മതിച്ചു കിടന്നവർ വെളുപ്പിന് കാലുമാറി. ആർക്കും പോവേണ്ട. എന്നാൽ നിങ്ങൾ ഉറങ്ങിക്കോളൂ, ഞാൻ പോയിട്ട് സന്ധ്യക്ക് വരാം എന്ന് പറഞ്ഞപ്പോൾ, അവർക്ക് അതിലെ "റിസ്ക് എലമെന്റ്" പിടികിട്ടി. എല്ലാവരും പെട്ടന്ന് തന്നെ റെഡിയായി.

നാലരയ്ക്ക് തന്നെ വണ്ടി നീങ്ങിതുടങ്ങി. പണി നടക്കുന്ന ചിന്നക്കാനാൽ റോഡ്.പണ്ടേ ദുർബല ഇപ്പൊ ഗർഭിണിയും എന്ന് പറഞ്ഞത് പോലെ ആയി മഞ്ഞിൽ എന്റെ കാഴ്ച്ചയുടെ കാര്യം. റോഡിന്റെ വശങ്ങളിലെ വലിയ ചരിവുകളിലേക്ക് ഞാൻ നോക്കിയതേ ഇല്ല. പണ്ട് ഹൈദരാബാദിൽ വച്ച് ഡ്രൈവിങ്ങിൽ എന്റെ ആത്മ വിശ്വാസം വർധിപ്പിച്ച കൂട്ടുകാരൻ മനുവിന്റെ വാക്കുകൾ മനസിൽ ഓർത്തു  - "വഴിയിൽ എത്ര വാഹനം ഉണ്ട് എന്നോ, റോഡിന്റെ വശങ്ങളിൽ ഗർത്തങ്ങൾ ആണോ എന്നൊന്നും ഓർത്തു വേവലാതിപ്പെടേണ്ട. നിന്റെ വണ്ടിയുടെ തൊട്ട് മുന്നിലും വശങ്ങളിലും എന്തൊക്ക ഉണ്ട് എന്ന് മാത്രം നീ നോക്കിയാൽ മതി". വളരെ ശ്രെദ്ധിച്ചു വണ്ടി ഓടിച്ചു. കുറച്ചു മുന്നോട്ട് ചെന്നപ്പോൾ വഴി മോശമായ സ്ഥലത്ത് വച്ചു ഒരു ട്രക്ക് എതിരെ വന്നു. പുറകോട്ടു എടുക്കാതെ വേറെ മാർഗം ഇല്ല. മഞ്ഞു കാരണം ഒരു വസ്തുവും കാണാൻ പറ്റുന്നില്ല. ട്രെക്കിന്റെ വെളിച്ചത്തിൽ കൂടുതൽ സുരക്ഷിതമായ വശത്തേക്ക് എന്റെ വാഹനം മാറ്റി ട്രക്ക് കടത്തി വിട്ടു.

വഴിയിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ടോപ് സ്റ്റേഷന് അടുത്ത് എത്തി, വാഹനം പാർക്ക് ചെയ്തു. എതിരെ വന്ന ചെറുപ്പക്കാരോട് സംസാരിച്ചു. അവർ വയനാട്ടിൽ നിന്നും വെളുപ്പിന് 3:30 ന് എത്തിയവർ, സൂര്യോദയം കാണാൻ..ഞാൻ ഭാര്യയെ നോക്കി ഒന്ന് ചിരിച്ചു. "അതെന്താ വയനാട്ടിൽ സൂര്യൻ ഉദിക്കില്ലേ.." എന്ന് അവൾ മനസ്സിൽ ചോദിച്ചു കാണണം. വെളുപ്പിന് വിളിച്ചതിന്റെ കട്ട കലിപ്പ് ആണേ. ഏത് മനോഹരമായ സ്ഥലത്തും ഉള്ളത് പോലെ ഒരു കോൺക്രീറ്റ് ടവർ ടോപ് സ്റ്റേഷനിലും ഉണ്ടായിരുന്നു. പ്രതീക്ഷയോടെ അവിടേക്ക് ധൃതിയിൽ നടന്നു കയറി.

Tripod ഒക്കെ സെറ്റ് ചെയ്തു ക്യാമറ മൌണ്ട് ചെയ്തു രണ്ട് മൂന്നു ഫ്രെയിമുകൾ എടുത്തപ്പോൾ താഴെ നിന്നും ഒരാൾ  "ടിക്കറ്റ് എടുത്തോ" എന്ന് ചോദിച്ചു. ഞാൻ "ഇല്ല" എന്ന് പറഞ്ഞു. പുള്ളി പറഞ്ഞു "സൂര്യോദയം ഫോട്ടോ ക്യാമറയിൽ എടുക്കാൻ ടിക്കറ്റ് എടുക്കണം" എന്ന്. "ടിക്കറ്റ് തരൂ.." എന്ന് അദ്ദേഹത്തോട് ഞാൻ മൊഴിഞ്ഞു. അപ്പോൾ  "താങ്കൾ കൗണ്ടറിൽ പോയി ക്യു നിൽക്കൂ, 8 മണിക്ക് കൌണ്ടർ തുറക്കും" എന്ന് അദ്ദേഹം ഉപദേശിച്ചു. ബെസ്റ്റ് കണ്ണാ ബെസ്റ്റ്. ഞാൻ അപ്പോൾ എടുത്തോളാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു അദ്ദേഹത്തെ പറഞ്ഞയച്ചു.

സൂര്യൻ മലമുകളിൽ മുഖം കാണിക്കാൻ ഒരുങ്ങുന്നു. വണ്ടി കയറ്റം കയറുമ്പോൾ ഗിയർ മാറ്റും പോലെ ക്യാമറയുടെ aperture f/22 ലേക്ക് കയറ്റി ഇട്ടു.. ഒരു സ്റ്റാർ effect ആണ് ലക്ഷ്യം. അത് പകർത്തി. സൂര്യകിരണങ്ങൾ മലനിരകളിലെ പച്ചപ്പിനെ തഴുകി താഴ്‌വാരത്തേക്ക് എത്തുന്ന മനോഹരമായ കാഴ്ച്ച. താഴെ ഉള്ള മരങ്ങളുടെ തളിരിലകൾ സൂര്യപ്രകാശത്തിൽ സ്വർണം പോലെ തിളങ്ങുന്നു. "ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോഴും...." എന്ന പ്രശസ്തമായ നിവിൻ പോളി ഡയലോഗ് മനസ്സിൽ മിന്നി മറഞ്ഞതോടൊപ്പം കാമറയുടെ shutter പലതവണ തുറന്നടഞ്ഞു. നോക്കിയപ്പോൾ അടുത്ത മലയുടെ കഴുത്തിലേക്ക് മാല ചാർത്തിയത് പോലെ മേഘങ്ങൾ ഒഴുകി വരുന്നു.  രണ്ടു മലനിരകൾക്കിടയിൽ കൂടി സൂര്യരശ്മികൾ ഒളിഞ്ഞു നോക്കുന്നു. "ഓളാ തട്ടമിട്ടു കഴിഞ്ഞാ...ന്റെ സാറേ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റൂല.." ദേ പിന്നേം നിവിൻ പോളി.  ക്യാമറ തിരിഞ്ഞു, ഫ്രെയിം സെറ്റ് ചെയ്തു. സെറ്റിംഗ്സ് ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറി (ഒന്ന് പിഴച്ചാൽ മറ്റൊന്നിൽ പടങ്ങള് തടയണം...) ക്യാമറ ഷട്ടർ പല തവണ തുറന്നടഞ്ഞു. ഇതൊക്കെ "ഞാനെ കണ്ടുള്ളു.. ഞാൻ മാത്രമേ കണ്ടുള്ളു..." എന്ന് എനിക്ക് തോന്നി.

ഞങ്ങൾ സാവധാനം ടവറിൽ നിന്നും ഇറങ്ങി താഴേക്ക് നടന്നു. നടപ്പാതയും ചൂള മരങ്ങൾ കൊണ്ടുള്ള കൈവരിയും മലനിരകളിലേക്ക് സന്ദർശകരുടെ കാഴ്ചയെ നയിക്കുന്ന രേഖകളായി എനിക്ക് തോന്നി.  രണ്ട് കയ്യിലും പാതി തീർന്ന മദ്യക്കുപ്പികളുമായി അയ്യപ്പ ബൈജുവിന്റെ ഒരു അവതാരം എന്നെ കടന്നു മുകളിലേക്ക് കയറി പോയി. ഞാൻ തിരഞ്ഞു നിന്ന് ഭാര്യെയും കുട്ടികളെയും നോക്കി. തലേ ദിവസം താഴെ നടന്ന ക്യാമ്പിന്റെ ബാക്കി പത്രം ആണ് ആ ഇഴഞ്ഞു കയറിപ്പോയത് എന്ന്, അവിടെ നിന്നും കൂടുതൽ പേരെ മുകളിലേക്ക് കയറ്റി വിടുന്ന ആളുടെ സംസാരത്തിൽ നിന്നും ഞാൻ മനസിലാക്കി. വഴി തീരുന്ന മുനമ്പ് പോലുള്ള ഭാഗത്തു നിന്നാൽ താഴെ ഉള്ള ചില കെട്ടിടങ്ങളോ വീടുകളോ ഒക്കെ പൊട്ടുകൾ പോലെ കാണാം. അവിടെ നിന്നും വേണ്ടുവോളം ചിത്രങ്ങൾ പകർത്തി. പ്രതീക്ഷിച്ചതിൽ കൂടുതൽ കിട്ടിയതിന്റെ ഒരു ചിരി എന്റെ മുഖത്തു കണ്ടപ്പോൾ ന്റെ മനസ് വായിച്ചത് പോലെ ഭാര്യയുടെ ചോദ്യം "നഷ്ടം ആയില്ല ല്ലെ.." ന്ന്. ചോദ്യത്തിൽ തന്നെ ഉത്തരവും ഉണ്ടായിരുന്നത് കൊണ്ടും, എല്ലാവരുടെയും മുഖത്തു വെളുപ്പിനെ എഴുന്നേൽപ്പിച്ച എന്നോടുള്ള ദേഷ്യം മാഞ്ഞു ചിരി വന്നത് കൊണ്ടും അത് ഒരു സെൽഫിക്കുള്ള സമയം ആണ് എന്ന് ഞാൻ മകനോട് പറഞ്ഞു. സെൽഫി ഡിപ്പാർട്മെന്റ് അവനാണ് കൈകാര്യം ചെയ്യുന്നത്.

മുകളിലേക്കു തിരികെ നടക്കും വഴി അവിടെ ഉള്ള കടയുടെ മുകളിൽ ശാന്തനായി ഇരിക്കുന്ന വാനരന്റെ ചിത്രവും ഞാൻ പകർത്തി ക്യാമറ സുരക്ഷിതമായി ബാഗിലേക്ക് വച്ചു. Tripod മടക്കി കവറിൽ ഇട്ട് മകളുടെ തോളിൽ തൂക്കി. 

ഇനി അടുത്ത ലക്ഷ്യം ഇരവികുളം നാഷണൽ പാർക്ക്‌ ആണ്. അവിടേക്ക് പോകും വഴി വഴിയിൽ പലയിടത്തും നിർത്തി ദൃശ്യങ്ങൾ പകർത്തി. ഇരവികുളത്ത് എത്തിയപ്പോൾ നല്ല തിരക്ക്. വണ്ടി പാർക്ക് ചെയ്യാൻ അൽപ്പം ദൂരെ ആണ് ഇടം കിട്ടിയത്. എവിടെയും ക്യുവിൽ നിൽക്കാൻ മടി ഉള്ള ഞാൻ, അവിടുത്തെ ക്യുവിന്റെ അറ്റം നോക്കി നടന്നു തുടങ്ങി. ടിക്കറ്റ് എടുത്ത് വന്നപ്പോഴേക്കും ഒന്ന് രണ്ട് വണ്ടികൾ പോയിരുന്നു. അടുത്ത വാഹനത്തിലും ഇടം കിട്ടിയില്ല. മുന്നിലേക്ക് മാറി ഇരുന്നു.. അടുത്തതിൽ പോകാൻ പറ്റും. വണ്ടിയിൽ പാർക്കിലെ മലമുകളിൽ എത്തി. അപ്പോൾ തന്നെ കയ്യിൽ ഉണ്ടായിരുന്ന 600mm ലെൻസ്‌ ക്യാമറയിൽ ഫിറ്റ് ചെയ്തു ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ സ്റ്റൈലിൽ ഞാൻ നടന്നു. കുളിച്ചില്ലേലും സംഭവം പുറപ്പുറത്തു ഇടണം.. അത് മ്മക്ക് നിർബന്ധാ.

ഞങ്ങൾക്കും മുന്നേ എത്തിയവർ വരയാടുകളെ കണ്ടശേഷം, താഴേയ്ക്ക് വരുന്നുണ്ട്. പലരും എന്റെ ഭാവം ഒക്കെ കണ്ട് ഊറി ചിരിക്കുന്നുണ്ട്. ഞാൻ ഉള്ള മസിൽ ഒക്കെ മാക്സിമം പിടിച്ചു തന്നെ നടന്നു. മുകളിൽ എത്തിയപ്പോൾ ആണ് അവരുടെ ചിരിയുടെ അർഥം എനിക്ക് മനസിലായത്. 50mm ലെൻസിൽ ക്ലോസ്അപ്പ് എടുക്കാവുന്ന ദൂരത്തിൽ വരയാടുകൾ നടന്നു അടുക്കുന്നു. എങ്കിലും ഞാൻ ചമ്മൽ പുറത്ത് കാണിക്കാതെ മുട്ട് കുത്തി നിന്ന് ചിത്രങ്ങൾ പകർത്തി. പെട്ടന്ന് തന്നെ ഞാൻ ചെറിയ ലെൻസിലേക്ക് മാറി അവയുടെ കൂടുതൽ ചിത്രങ്ങൾ എടുത്തു. സമയം ഏകദേശം ഉച്ചയോട് അടുക്കുന്നു. ഇനിയും ചിത്രങ്ങക്ക് പറ്റിയ ലൈറ്റ് അല്ല എന്ന് കരുതി ക്യാമറ ബാഗിൽ സുരക്ഷിതമാക്കി.

അപ്പോൾ അടുത്തിടെ വിവാഹം കഴിച്ചത് എന്ന് തോന്നിക്കുന്ന ഒരു യുവാവ് യുവതിയോടൊപ്പം എന്നെ സമീപിച്ച് അവരുടെ ക്യാമെറയിൽ ഒരു ചിത്രം എടുത്തു കൊടുക്കാമോ എന്ന് ചോദിച്ചു. സന്തോഷത്തോടെ ക്യാമറ കയ്യിൽ വാങ്ങിയപ്പോൾ ആണ് അറിയുന്നത് അത് നിക്കോൺ ആണ് എന്ന്. ഒരിക്കലും നിക്കോൺ ഉപയോഗിച്ചിട്ടില്ലാത്ത ഞാൻ അദ്ദേഹത്തോട് അതിന്റെ ഡീറ്റെയിൽസ് ചോദിച്ചു. ദാണ്ടേ. പുള്ളിക്ക് ആകെ Auto മോഡ് മാത്രമേ അറിയൂ.  അധികം സമയം ഇല്ലാത്തതിനാൽ അപ്പടി 3-4 ചിത്രങ്ങൾ പകർത്തി ക്യാമറ തിരികെ കൊടുത്തു. 

ഉച്ചക്ക് മൂന്നാർ ടൗണിലെ കേരള ഹോട്ടലിൽ നിന്നും രുചികരമായ ഭക്ഷണം. തുടർന്നുള്ള ദിവസങ്ങളിലെ ഭക്ഷണവും അവിടെനിന്നും മതി എന്ന് തീരുമാനിക്കാൻ,  അവരുടെ ആധിത്യ മര്യാദയും, രുചികളും ഞങ്ങളെ പ്രേരിപ്പിച്ചു. ഉച്ചക്ക് ശേഷം ഞങ്ങൾ പ്രതേക സ്പോട്ടുകൾ ഒന്നും നിശ്ചയിക്കാതെ താമസ സ്ഥലത്തേക്ക് അലസമായി ഡ്രൈവ് ചെയ്തു. പോകുന്ന വഴിക്ക് ഉള്ള തേയീല തോട്ടങ്ങളുടെ ഭംഗി ആസ്വദിക്കുകയും അവ ക്യാമെറയിൽ പകർത്തുകയും ഒക്കെ ആയിരുന്നു എന്റെ ലക്ഷ്യം. പണി നടന്നുകൊണ്ടിരിക്കുന്ന റോഡിനു നല്ല വീതി ഉള്ളത് കൊണ്ടും, വഴിയിൽ ഒട്ടും തന്നെ തിരക്ക് അനുഭവപ്പെടാഞ്ഞത് കൊണ്ടും, വഴിയിൽ വണ്ടി പലയിടതായി നിർത്തി ചിത്രങ്ങൾ പകർത്താൻ എനിക്ക് മടി തോന്നിയില്ല.

ഏകദേശം മൂന്ന് മണിയോടെ ഞങ്ങൾ വളരെ ദൃശ്യമനോഹരമായ ഒരു വളവിന് അൽപ്പം മാറ്റി, മറ്റ് വാഹനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കാതെ വണ്ടി നിർത്തി. വളവിന്റെ ഇരു പുറവും മനോഹര ദൃശ്യങ്ങൾ സമ്മാനിച്ചത് കൊണ്ട്, ഇന്നത്തെ സായാഹ്നം ഇവിടെ തന്നെ ആവാം എന്ന് ഞങ്ങൾ തീരുമാനിച്ചു. സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞു വരുന്നു. പ്രകാശവും നിഴലുകളും അവയുടെ മാസ്മരിക ദൃശ്യങ്ങൾ തീർക്കുന്ന തിരക്കിൽ ആയിരുന്നു. ആരും തന്നെ അവിടെ ഇല്ലായിരുന്നതിനാൽ ആവും, സാധാരണ ഒരു സ്ഥലത്ത് എത്തി ദൃശ്യങ്ങൾ പകർത്തുമ്പോൾ തോന്നുന്ന ഒരു 'സ്റ്റേജ് ഫിയർ' ഒന്നും എനിക്ക് അവിടെ തോന്നിയില്ല. ഞാൻ വളരെ relaxed ആയിരുന്നു.

വണ്ടി നിർത്തിയിരുന്ന വശത്തെ ദൃശ്യങ്ങൾ പകർത്തി കഴിഞ്ഞപ്പോൾ , ഞാൻ വഴിക്ക് അപ്പുറത്ത്, വളവ് തീർത്ത, വരമ്പ് പോലുള്ള ഭാഗത്ത്, തേയീല ചെടികൾക്ക് ഇടയിൽ കയറി നിൽക്കുന്ന ഭാര്യയുടെയും മക്കളുടെയും ചിത്രങ്ങൾ കൂടി പകർത്തി. പതിവ് പോലെ ഭാര്യ അവളുടെ ചിത്രങ്ങൾ പകർത്തുന്നതിന്റെ അനിഷ്ടം പ്രകടിപ്പിച്ചു. "ങ്ങള് ഫോട്ടോ എടുക്കാൻ വേറെ ഒരുത്തിയെ കൂടി കെട്ടിക്കോ..." എന്ന് ലൈസൻസും തന്നു. (Your honour.. Please note the point... "ഫോട്ടോ എടുക്കാൻ മാത്രം.."). ഞങ്ങളുടെ പരാക്രമം കണ്ടിട്ടാവും, അതിലെ വന്ന ബസിലെ യാത്രക്കാർ എല്ലാവരും ഒരു ചിരിയോടെ ഞങ്ങളെ നോക്കി പോകുന്നത് കണ്ടു. അപ്പോൾ ആ ബസിനു പുറകെ എത്തിയ ഒരു അച്ഛനും മകളും,  അവരുടെ കാർ അവിടെ നിർത്തി കുറെ ഫോട്ടോകൾ എടുക്കുന്നതും കണ്ടു.

അത് കഴിഞ്ഞു ഞാൻ നോക്കിയപ്പോൾ, കാണുന്ന കാഴ്ച്ച; തേയീല ചെടികളാൽ മനോഹരമായ   കുന്നിന്റെ അരികുകൾ അരിഞ്ഞിറക്കിയപ്പോൾ പുറത്ത് വന്ന ചെങ്കല്ല് തീർത്ത ഒരു മനോഹര ദൃശ്യം. അതും ക്യാമറയിൽ പകർത്തി വീണ്ടും വഴിയുടെ മറുവശത്തേക്ക് പോയി. സൂര്യൻ പുറകിലെ കുന്നിൽ പുറകിൽ നിന്നും എത്തി നോക്കുന്നു. ചരിഞ്ഞ സൂര്യ രശ്മികൾ വളരെ താഴെ നിൽക്കുന്ന തേയീല ചെടികളിൽ തട്ടി പച്ചയുടെയും മഞ്ഞയുടെയും കടും വർണ്ണങ്ങൾ തീർക്കുന്നു. കണ്ണും മനസും നിറഞ്ഞു.

അങ്ങനെ ഒന്നാം ദിവസം സന്തോഷത്തോടെ പര്യവസാനിച്ചു..

 

Day 2 : Harrisons Malayalam Tea Estate


ഒരു ദിവസം കൂടി, എല്ലാവരെയും അതിരാവിലെ എഴുന്നേൽപ്പിക്കാൻ വേണ്ട ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രാവിലെ ഞാൻ എന്റെ പക്ഷി ലെൻസും ക്യാമെറയിൽ പിടിപ്പിച്ച് മുറിക്കു പുറത്തേക്കു ഇറങ്ങി. വഴിക്ക് അപ്പുറം ആനയിറങ്ങൽ ഡാമിന്റെ റിസർവോയർ ആണ്. പക്ഷികൾക്ക്  ബാംഗ്ലൂരിലും മറ്റും കണ്ടതിനേക്കാൾ അൽപ്പം സൗന്ദര്യം കൂടുതൽ തോന്നി. അടുത്ത് വന്ന് ഒരു യുവാവിനോട് സംസാരിച്ചപ്പോൾ ആണ് അറിയുന്നത് ആനകൾ വെള്ളം കുടിക്കാൻ വരുമ്പോൾ ഈ വഴിയുടെ താഴെ വരെ എത്താറുണ്ടത്രേ... എന്റെ മനസ്സിൽ ഒരു ഉണ്ടമുളക് പൊട്ടി (സോറി ലഡു അല്ല)... ഇന്നലെ വെളുപ്പിന് വണ്ടി ഓടിച്ചു പോയത് ഈ വഴി ആണല്ലോ. കിളി പിടുത്തം കഴിഞ്ഞു തിരികെ റൂമിൽ ചെന്നു. കുളി ഒക്കെ കഴിഞ്ഞു ബ്രേക്ക്‌ ഫാസ്റ്റും കഴിഞ്ഞു ഇന്നത്തെ ട്രിപ്പിനു റെഡി ആയി. സൂര്യനെല്ലി ഇവിടെ അടുത്ത് ആണ്.. അങ്ങോട്ട്‌ ആണ് ഇന്നത്തെ ഞങ്ങളുടെ യാത്ര.

പണ്ട് കണ്ണൻ ദേവൻ കമ്പനി നടത്തിയ ഫോട്ടോഗ്രഫി മത്സരം കണ്ട് ഒന്ന് കൊതിച്ചത് ആണ്, അവരുടെ ടീ എസ്റ്റേറ്റിൽ നിന്നും കുറച്ച് ചിത്രങ്ങൾ എടുക്കാൻ. പക്ഷെ അവർ സമ്മതിക്കില്ല. എന്നാൽ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് വിചാരിച്ചു ഹരിസൺസ് മലയാളത്തിന്റെ എസ്റ്റേറ്റ് കാണാം എന്ന് പ്ലാൻ ചെയ്തു. വളരെ മോശം റോഡ്. ഒരു കല്ലിൽ നിന്നും മറ്റൊരു കല്ലിലേക് ആണ് വണ്ടി ചാടുന്നത്. പക്ഷെ റോഡിനു ഇരു വശവും ഉള്ള കാഴ്ച്ച അതി മനോഹരം. വശ്യ സൗന്ദര്യം എന്ന് ഇതിനും പറയാം എന്ന് തോന്നിപ്പിച്ചു. മകന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു 'പനയെക്ഷിയെ' കൈയ്യിൽ കിട്ടിയ പോലെ ആയി ഞാൻ. 'കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ' എന്ന അവസ്ഥ. ഒരു ഥാർ ഒക്കെ ഉണ്ടായിരുന്നേൽ ഡ്രൈവ് ചെയ്യാൻ പറ്റിയ റോഡ്. പക്ഷെ എന്റെ വണ്ടി എന്നെ ഇതുവരെ ചതിച്ചിട്ടില്ല. ആ ധൈര്യത്തിൽ ഞാൻ മുന്നോട്ട് തന്നെ പോയി.

കുറെ മുന്നോട്ട് പോയപ്പോൾ രണ്ട് മൂന്ന് തൊഴിലാളികളെ കണ്ടു. അവരോട് ചോദിച്ചപ്പോൾ, എസ്റ്റേറ്റിൽ കയറാൻ അവരുടെ ഓഫീസിൽ നിന്നും പാസ്സ് എടുക്കേണം എന്ന് പറഞ്ഞു. അങ്ങനെ ഹാരിസൺസിന്റെ ഓഫീസിൽ എത്തി. അവിടെ നിന്നും നാലു പേർക്കുള്ള ടിക്കറ്റ് എടുത്തു. (നിയമം വിട്ട് ഒരു കളിക്കും നമ്മൾ ഇല്ല). നേരെ ടീ എസ്റ്റേറ്റിലേക്ക്. പച്ചപ്പ് നിറഞ്ഞ, കോട മൂടിയ കുന്നുകൾ. അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴികൾ. ഇടക്കിടക്ക് ചെറുത് എങ്കിലും മനോഹരമായ അരുവികൾ, വെള്ളച്ചാട്ടങ്ങൾ. ഓരോ വളവ് തിരിയുമ്പോഴും മുന്നിൽ തെളിയുന്ന വ്യത്യസ്തമായ ഫ്രെയിമുകൾ. വണ്ടി നിർത്തി നിർത്തി ചിത്രങ്ങൾ പകർത്തി, പതിയെ ഞങ്ങൾ കൂടുതൽ ഉയരത്തിലേക്കു കയറി. ഉയരം കൂടും തോറും കാഴ്ചകളുടെ ഭംഗി കൂടിക്കൂടി വന്നു.

ഇടക്ക് ജീപ്പ് നിറയെ യാത്രക്കാർ ഞങ്ങളുടെ വണ്ടിയെ മറികടന്നു പോകുന്നുണ്ട്. ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ അടുത്ത് വന്ന ഒരാളോട് ഞാൻ അവർ എവിടേക്ക് പോകുന്നവർ ആണ് എന്ന് തിരക്കി.  അവർ കൊളുക്കുമലക്ക് പോകുന്നവരാണ് എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് നാളെ നാട്ടിലേക്ക് തിരിക്കും മുൻപ് കാണേണ്ട സ്ഥലം ആണ് അത്. ഞങ്ങളുടെ വണ്ടി കുന്നും മലകളും കടന്ന് ഒരു അമ്പലത്തിന്റെ താഴെ ഉള്ള ഒരു അരുവിയുടെ അടുത്ത് എത്തി. മുന്നോട്ടുള്ള വഴി കൂടുതൽ ഇടുങ്ങിയതും കോൺക്രീറ്റ്/ടാർ ചെയ്യാത്തതും ആയതുകൊണ്ട്  അവിടെനിന്നും തിരികെ പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു. വണ്ടി തിരിച്ചപ്പോൾ ആണ് ശ്രെദ്ധിച്ചത്, വഴിയിലെ കലുങ്കിനു അടിയിൽ കൂടി ഒഴുകുന്ന അരുവി അൽപ്പം താഴെ ആയി പതഞ്ഞു ഒഴുകുന്നു. എന്റെ മനസ്സിൽ ലഡു പൊട്ടി. ഒരു നല്ല ഫ്രായിമിന് ഉള്ള സ്കോപ് ഉണ്ട്.

ക്യാമറ മാത്രം കയ്യിൽ എടുത്ത്, അടുത്ത് കണ്ട വീടിന്റെ പിന്നാമ്പുറം വഴി,  വെള്ളം പത്തഞ്ഞൊഴുകുന്ന ആ ഭാഗം ലക്ഷ്യമാക്കി ഞാൻ നടന്നു.  അതിന് അൽപ്പം മുകളിൽ ആയി, ഒരു സ്ത്രീ തുണികൾ അലക്കുന്നുണ്ടായിരുന്നു."നാട്ടിൽ പുറം നന്മകളാൽ സമൃദ്ധം" എന്ന വിശ്വാസത്തിൽ അവിടെ എത്തി. നാട്ടിൽ ആണെങ്കിൽ, 'കുളിക്കടവിൽ കാമറയുമായി നിൽക്കുന്നോടാ' എന്ന് ചോദിച്ച് തല്ല് കിട്ടാൻ അത് മതി. ജന്മനാ ഉള്ള മടി കാരണം വണ്ടിയിൽ നിന്നും ഞാൻ Tripod എടുത്തിരുന്നില്ല. കണ്ണുനീർത്തുള്ളി പോലെ ഉള്ള വെള്ളം ചെറു കല്ലുകൾക്ക് മുകളിൽ കൂടി ഒഴുകുന്ന കാഴ്ച്ച വളരെ നയനമനോഹരം ആയിരുന്നു. അമ്പലവും അതിനു മുകളിൽ ഉയരത്തിൽ നിൽക്കുന്ന മലയും, അതിനു മുകളിലെ നീലാകാശവും,അമ്പലത്തിന് താഴെ നിന്നും താഴേക്ക് ഒഴുകുന്ന അരുവിയും എല്ലാം കൂടി ഒരു മനോഹര ഫ്രെയിം എനിക്ക് സമ്മാനിച്ചു. Slow ഷട്ടർ കിട്ടാൻ aperture f/22 ഇടേണ്ടി വന്നത് ചിത്രത്തിന്റെ ക്ലാരിറ്റി കുറച്ചു. Shake ഉണ്ടാവാതിരിക്കാൻ ക്യാമറ ഒരു കല്ലിന്റെ മുകളിൽ വച്ചു ആണ് അത് പകർത്തിയത്. Tripod എടുക്കാത്തതിന്റെ ഫലം. ആ ട്രിപ്പിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്ന് അവിടെ പിറന്നു.

വീണ്ടും തിരികെ താഴേക്ക് യാത്ര തുടർന്നു. ടിക്കറ്റ് തന്നപ്പോൾ പറഞ്ഞതിനേക്കാൾ കൂടുതൽ സമയം എടുത്തു എങ്കിലും, തിരികെ ഗേറ്റ് കടന്നപ്പോൾ അവർ ഒന്നും തന്നെ ചോദിച്ചില്ല. തിരികെ താമസ സ്ഥലത്ത് എത്തിയപ്പോൾ ഉച്ചഭക്ഷണത്തിന്റെ സമയം കഴിഞ്ഞിരുന്നു എങ്കിലും നേരത്തെ വിളിച്ചു പറഞ്ഞത് കൊണ്ട് ഭക്ഷണം കിട്ടി.

ഊണ് കഴിഞ്ഞ ഉടനെ 40km ദൂരെ ഉള്ള ചതുരംഗപ്പാറ കാണാൻ ആയി പോയി. അവിടെ എത്തിയപ്പോൾ എല്ലാവരും ക്ഷീണിതർ ആയതിനാൽ ഏറ്റവും മുകളിലേക്ക് കയറിയില്ല. താഴെ ഉള്ള view point ൽ നിന്നും ചിത്രങ്ങൾ പകർത്തി. തിരികെ മുറിയിൽ എത്തിയപ്പോൾ നേരം നന്നേ ഇരുട്ടിയിരുന്നു.

പിറ്റേന്ന് കൊളുക്കുമലയിൽ പോകാൻ ഉള്ള ജീപ്പ് ഏർപ്പാട് ചെയ്തിട്ട് ഭക്ഷണം കഴിച്ചു കിടന്നു.

 

Day 3 : Kolukkumala -  A Disappointment


രാവിലെ നാലരയ്ക്ക് മുന്നേ ഞാൻ മാത്രം എഴുന്നേറ്റ് കൊളുക്കുമലയിലെ സൂര്യോദയം കാണാൻ തയ്യാറായി. ജീപ്പ് വന്നു എന്ന് തോന്നി പുറത്ത് ഇറങ്ങിയപ്പോൾ ആണ് പുറത്ത് മഴ തിമർത്തു പെയ്യുന്നു എന്നറിയുന്നത്. ജീപ്പ് ഡ്രൈവർ വളരെ നിർബന്ധിച്ചു എങ്കിലും ഒരു സൂര്യോദയം കാണാൻ പറ്റില്ല എന്ന് ഉറപ്പായും തോന്നിയത് കൊണ്ട് ആ പ്രോഗ്രാം ക്യാൻസൽ ചെയ്തു. എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ട് ദാസാ.

Breakfast ന് ശേഷം രാവിലെ തന്നെ, room checkout ചെയ്തു ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടു. ആനയിറങ്കൽ ഡാമിന്റെ റിസർവോയറിന്റെ അടുത്ത് കൂടി ഉള്ള വഴിയിൽ തന്നെ വളരെ മനോഹരമായ ദൃശ്യങ്ങൾ എന്നെ പ്രലോഭപ്പിച്ചുകൊണ്ടിരുന്നു. രാവിലത്തെ സൂര്യപ്രകാശത്തിൽ അവ കൂടുതൽ മനോഹരം ആയിരുന്നു. പോകുന്ന വഴിയിൽ പലയിടത്തും തന്നെ എന്റെ കാൽ ബ്രേക്കിൽ അമർന്നു. കൂടുതൽ താമസിച്ചാൽ വീട്ടിൽ എത്തുമ്പോഴേക്കും ഇരുട്ട് വീഴും  എന്നതും ഒരു പ്രശ്നം ആയിരുന്നു. പോകുന്ന വഴി ഭാര്യയുടെ ക്ലാസ്സ്‌മേറ്റ്‌ പഠിപ്പിക്കുന്ന പശുപ്പാറയിലെ സ്കൂളിൽ ചെല്ലേണം എന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചിരുന്നു. അവിടേക്കു അടുത്തപ്പോൾ ഒരു പഴയ തേയീല ഫാക്ടറി കണ്ടു. പോർട്രൈറ്റ് ഫോട്ടോസ് എടുക്കാൻ പറ്റിയ ലൊക്കേഷൻ. പക്ഷെ കൂടുതൽ താമസിക്കും എന്ന് ഉറപ്പ് ആയതിനാൽ അതിനു മുതിർന്നില്ല.

അൽപ്പം കൂടി മുന്നോട്ട് പോയപ്പോൾ ഞങ്ങൾ, ലൂസിഫർ സിനിമയിലൂടെ പ്രശസ്തമായ പള്ളിയുടെ മുന്നിൽ എത്തി. അവിടെ നിന്നും കുറച്ചു ചിത്രങ്ങൾ പകർത്തിയതിനു ശേഷം വീണ്ടും സാറിനെ വിളിച്ചപ്പോൾ, അപകടത്തിൽ പെട്ട ഒരു കുട്ടിയെയും കൊണ്ട് സാർ ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ആണ് എന്ന് അറിഞ്ഞു.

പിന്നെ അവിടെ നിന്നും നേരെ വീട്ടിലേക്ക്. എന്തായാലും ഒരു വരവ് കൂടി വരേണ്ടി വരും എന്ന് മനസിൽ കുറിച്ച് കൊണ്ട്, അന്ന് വൈകുന്നേരം അഞ്ചു മണിയോടെ ഞങ്ങൾ സുരക്ഷിതരായി വീട്ടിൽ എത്തിചേർന്നു.

 

Pictures Captured and Processed by : Anil Thomas Amayappadam