സക്ലേഷ്പുര വഴി ചിക്മംഗളൂരിലേക്ക്

Give your rating
Average: 5 (2 votes)
banner
Profile

Shareef Chembirika

Loyalty Points : 300

Total Trips: 9 | View All Trips

Post Date : 19 Mar 2024
6 views

അതേ സക്ലേശ്പൂർ വഴി കോഫി ലാൻ്റ് അഥവ ചിക് മംഗളൂരിലേക്ക്
അതിരാവിലെ ഞങ്ങളുടെ യാത്ര സുള്ള്യ ലക്ഷ്യം വെച്ച് യാത്ര തുടങ്ങി , പുലർച്ചെയായതിനാൽ നല്ല തണുപ്പ് , മലകൾക്കിടയിലൂടെ സൂര്യൻ ഞങ്ങളെ ഒളിഞ്ഞ് നോക്കുന്നത് കാണാൻ എന്ത് ചന്തം , 
സുള്ള്യയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങളുടെ യാത്ര സുബ്രഹ്മണ്യ ലക്ഷ്യമാക്കി തുടർന്നു . 

നല്ല തണുപ്പ് , പാതകളിൽ  ശബരിമലയിലേക്കുള്ള വാഹനങ്ങൾ അണിയിച്ചൊരുക്കി പോകുന്നത് കാണാം , കുക്കശ്രി സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ തിരക്കും ക്ഷേത്രത്തിനടുത്ത് നിന്നുള്ള ക്ഷേത്ര കാഴ്ച്ചകളും വഴിയോര കാഴ്ചകളും കണ്ട് ഞങ്ങളുടെ യാത്ര തുടർന്നു

ഗുണ്ട്യയിൽ നിന്ന്  കോഫി കുടിച്ച് അൽപ്പം വിശ്രമിച്ച് യാത്ര തുടർന്നു , ബൈക് യാത്രയായത് കൊണ്ടും ഒരാൾ ഡ്രൈവിംഗ് ചെയ്യുന്നത് കൊണ്ടും 40 കിലോ  മീറ്ററിനിടയിലെങ്കിലും ചെറിയ ഇടവേളകൾ അത്യാവശ്യമാണ്  

 സക്ലേശ്പുരയിലേക്കുള്ള കാനന പാത അതി സുന്ദരം , വാനരപ്പട തന്നെയുണ്ട് റോഡരികിൽ , പാതക്കരികിലൂടെയുള്ള നദിയും മറ്റു കാഴ്ച്ചകളും കണ്ടുള്ള ബൈക്ക് യാത്ര വല്ലാത്തൊരു ഫീലിംഗ് തന്നെ , അധിക തണുപ്പുമില്ല ചൂടുമില്ല നല്ല കാലാവസ്ഥ  , 

വഴിയരികിലുടനീളം ഇളനീരും പപ്നുസ് ഫ്രൂട്ടും വിൽക്കുന്ന തദ്ദേശീയരെ കാണാം , മരങ്ങൾ കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ വിൽപ്പനയും കാണാം 

സക്ലേശ്പൂർ എത്താനായപ്പോൾ ഞങ്ങളുടെ ആദ്യ സ്പോട്ടായ മഞ്ചരാബാദ് കോട്ടയിലേക്കായി ഞങ്ങളുടെ യാത്ര , കേരള വണ്ടികൾ തീരെയില്ലെന്ന് തന്നെ പറയാം , കോട്ടയിലേക്കുള്ള പടികൾ കയറി അൽപ്പമൊന്ന് ക്ഷീണിച്ചു , എൻ്റെ കിതപ്പ് കണ്ട് സനദ് പരിഹസിച്ചോ എന്ന സംശയം 

 സമുദ്രനിരപ്പിൽ നിന്ന് 3241 ഫീറ്റ്  ഉയരത്തിലുള്ള കോട്ട എന്നതിനാൽ കോട്ടയും കോട്ടയിൽ നിന്നുള്ള ദൂര കാഴ്ച്ചകളും അതിസുന്ദരം , 1792 ൽ ടിപ്പു സുൽത്താനും പട്ടാളക്കാരും ചേർന്ന് ഒരു ദിവസം കൊണ്ട്  നിർമ്മിച്ചതാണ് ഈ കോട്ട എന്നാണ് ചരിത്രം, 
കർണ്ണാടകയിൽ നിന്നുള്ള ഒരുപാട് വിനോദ സഞ്ചാരികൾ  അവിടെയുണ്ടായിരുന്നു , കോട്ടയുടെ സംരക്ഷണത്തിന് അധികാരികൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു  
 
മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ വാട്ടർഫാൾസിൽ വെള്ളം കുറവാണെന്ന സ്വദേശീയരുടെ അഭിപ്രായം മാനിച്ച് സക്ലേശ്പൂർ ടൗൺ കാഴ്ച്ചകൾ കണ്ട് കരിമ്പ് ജ്യൂസും കുടിച്ച് ഞങ്ങളുടെ യാത്ര കോഫി ലാൻ്റ് ലക്ഷ്യമാക്കി നീങ്ങി . കർണ്ണാടകയിലെ ചില സ്ഥലങ്ങളിലെങ്കിലും പെട്രോൾ അടിക്കുമ്പോൾ പറ്റിക്കുന്നുണ്ട് എന്ന് വ്യക്തം . സക്ലേശപൂരിൽ നിന്ന് 250 രൂപ നൽകിയെങ്കിലും 200 രൂപക്ക് മാത്രമെ അടിച്ചിരുന്നുവെന്ന് പിന്നീട് റിസർവ് ആയപ്പോഴാണ് മനസിലാണ് , മുമ്പ് സുള്ള്യയിൽ നിന്ന് 100 രൂപ പറ്റിച്ചിരുന്നു

റോഡിനിരുവശവുമുള്ള കാപ്പി തോട്ടങ്ങളിൽ നിറയെ ചുവന്ന് തുടുത്ത കാപ്പി കുരുക്കളും കോഫി പൂക്കളും കണ്ണിന് നല്ല ദൃശ്യവിരുന്ന് തന്നെയായിരുന്നു 

മുഡിഗരേ സ്മാർട്ട് ബസാറിൽ നിന്ന് 29 രൂപക്ക് നല്ല മധുരമുള്ള കറുത്ത കരിമ്പ് ചെറിയ കഷണങ്ങളാക്കി വാങ്ങി ചിക് മംഗളൂരിലേക്ക് 

ചിക് മംഗളൂർ ടൗണിൽ തന്നെയുള്ള മഹാത്മാഗാന്ധി പാർക്കിലേക്കായിരുന്നു ആദ്യം പോയത് .

ചിക് മംഗളൂർ യാത്രയിൽ പ്രകൃതിയോടിണങ്ങിയുള്ള ബൈക്ക് റൈഡ് തന്നെയാണ് എനിക്ക് ഏറെ ഇഷ്ടം 

നാളെ രണ്ട് വിവാഹങ്ങളിലും ഒരു പുസ്തക പ്രകാശന ചടങ്ങിലും പങ്കെടുക്കണമെന്നുണ്ട് ,  യാത്ര ഇന്നത്തോടെ വെട്ടി ചുരുക്കി വിടാം എന്നായി ഞങ്ങളുടെ ചർച്ച  , സഞ്ചരിക്കാൻ ഒരുപാട് ദൂരമുണ്ട് , അതും  ചാർമാടി ചുരമടങ്ങിയ കാനന പാത , സനദ് നൽകിയ ദൈര്യത്തിൽ ചിക്മംഗളൂരിലെ ഉഡുപ്പി ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് മുഡിഗരെ - ചാർമാടി ചൂരം വഴി യാത്ര തിരിച്ചു

ഇരുട്ടായതിനാൽ ചാർമാടി ചുരത്തിലെ സൗന്ദര്യം തീരെ ആസ്വദിക്കാൻ പറ്റിയില്ല , ചാർമാടി ചുരത്തിനിടയിലെ വാനരന്മാരുടെ വികൃതികളും കാണാനാവാതെ ഞങ്ങളുടെ യാത്ര തുടർന്നു 

ഉജിറെയിൽ നിന്നും കൊച്ചു പ്രായത്തിൽ ഒന്നിച്ച് കളിച്ച് വളർന്ന ഉജിറെ സ്വദേശിയായ മുസ്തഫയെയും കണ്ട് മംഗലാപുരം വഴി നാട്ടിലേക്ക് ... രാത്രി 12 മണിക്ക് വീട്ടിൽ ....

ശരീഫ് ചെമ്പിരിക്ക
journey date : 13 - january- 2024