വയനാടിന്റെ മണ്ണിലേക്കുള്ള യാത്രാഅനുഭവം

Give your rating
Average: 4 (2 votes)
banner
Profile

Heaven

Loyalty Points : 760

Total Trips: 15 | View All Trips

Post Date : 25 Mar 2021
2 views

വയനാടിന്റെ മണ്ണിലേയ്ക്കുള്ള  ഉല്ലാസ യാത്ര നൽകിയ അനുഭവം തീരെ ചെറുതല്ല. സഞ്ചാരമത്രയും  ഏറെ ആസ്വാദ്യകരമായിരുന്നു. താമരശ്ശേരി ചുരം കേറി ഓരോ വഴിയിലും മനോഹരമായ കാഴ്ച്ചകളാണ് എനിക്ക് സമ്മാനിച്ചത്. വൈത്തിരിയിലെ പ്രകൃതി രമണീയമായ റിസോർട്ട്  ആയിരുന്നു എന്നെക്കാത്തിരുന്നത്. കാപ്പി തോട്ടത്തിന്റെ നടുവിൽ വളഞ്ഞു പുളഞ്ഞു കാൽ നടയായി മാത്രം പോകുന്ന ചെറിയ വഴികളാണ് ഓരോ റിസോർട്ടുകളിലും. താഴെ നിന്നും വളഞ്ഞു വന്നു ചെറിയൊരു കുന്നിന് മുകളിൽ ഉള്ള ഒരു കൊച്ചു വീടുപോലെ തോന്നിച്ചു ആ റിസോർട്ട്. അതിനു മുകളിൽ നിന്നും നോക്കിയാൽ കണ്ണിനു കുളിർമയേകുന്ന മനോഹരമായ പ്രകൃതി ഭംഗി. മൂടൽ മഞ്ഞു പുതച്ച പുലരികളും,  ഇരുളിന്റെ കൂടെ പെട്ടെന്ന് പോയി മറയും സുന്ദര സായാഹ്നങ്ങളും  എത്ര കണ്ടിട്ടുo മതിയാവാതെ കൊതിച്ചു പോയി.

റിസോർട്ടുകളുടെ ഒത്ത നടുക്കായി അധികം ആഴത്തിലല്ലാത്ത, ഭംഗിയുള്ള ഒരു നിന്തൽ കുളവുമുണ്ട്. പാറയുടെ നടുക്ക് കൂടി ഒഴുകി വരുന്ന തണുത്ത വെള്ളമാണ്  അവിടെ ഉപയോഗിക്കുന്നത്. തീർത്തും യാതൊരു മലിനീകരണവുമില്ലാതെ നല്ലൊരു കാലാവസ്ഥയായിരുന്നു.

രാത്രിയിൽ തനിയെ  ഇരുളിന്റെ മാറിലൂടെ  കുറച്ചു ദൂരം നടന്നു.... തീർത്തും നിശബ്ദമായ,  കാടിനുള്ളിലൂടെ നടക്കുന്ന ഒരനുഭവം പറഞ്ഞറിയിക്കാൻ വയ്യ. പ്രകൃതിയുടെ   ശ്വാസനിശ്വാസങ്ങളിലലിഞ്ഞു ചേർന്നു രാവിന്റെ ഉള്ളിലൂടെ കുറച്ചു ദൂരം അലിഞ്ഞു ചേർന്നു പോയി.  ഒരു പേരിനെന്ന പോലെ  ബൾബുകൾ തെളിച്ചിട്ടുണ്ടായിരുന്നെങ്കിലും അത് എവിടെയും എത്തിയിരുന്നില്ല. ഇരുട്ടിന്റെ സൗന്ദര്യത്തിൽ ഇളംതണുപ്പിലൂടെ,... അങ്ങിനെ തനിയെ നടന്നു.

ബാണസുര സാഗർ അണകെട്ട് കാണാനാണ് ആദ്യം പോയത്. കല്പറ്റയിൽ നിന്നു 21 കിലോമീറ്റർ ദൂരമുണ്ട്. കോൺക്രീറ്റ് ഉപയോഗിക്കാതെ മണ്ണുകൊണ്ട് നിർമ്മിച്ച എർത്ത് ഡാം എന്ന് അറിയപ്പെടുന്ന  ഇന്ത്യയിലെ  ഏറ്റവും വലിയ ഡാമാണ് ബാണാസുര സാഗർ ഡാം. ഞങ്ങൾ അവിടെ ചെന്നപ്പോൾ നല്ല  വെയിൽ ഉണ്ടായിരുന്നു. 10 രൂപ എൻട്രി ഫീസ് അടച്ചാൽ  പ്രവേശനകവാടത്തുനിന്നും ഒരു ബസിന്  അവർ  ഡാമിലേക്ക് കൊണ്ടുപോകും.  എന്ത് ഉദ്ദേശിച്ചാണോ ഈ അണക്കെട്ട് നിര്‍മ്മിച്ചത് അതൊന്നും നടന്നില്ല. പകരം കാഴ്ചക്കാര്‍ക്ക് കൗതുകം പകര്‍ന്ന് ഇപ്പോള്‍ തലയെടുപ്പോടെ നില്‍ക്കുന്നു.

ബാണസുര ആയുർവേദിക് ഗാർഡനിലേക്കാണ് പിന്നെ പോയത്.  ഔഷധചെടികളുടെ ഒരു സുന്ദരമായ തോട്ടം തന്നെ ആയിരുന്നു അത്.ഓരോ ചെടികളും അതിന്റെ ഗുണങ്ങളും ഞങ്ങൾക്ക് വിവരിച്ചു തന്നു. വൈവിധ്യമാർന്ന ഒട്ടനവധി ഔഷധ കലവറ എടുത്തു പറയാതെ വയ്യ. ഒത്തിരി   മാറാവ്യാധികൾക്കുള്ള മരുന്നുകളും  അവിടെ തയ്യാറാക്കപെടുന്നുമുണ്ട്.

സുൽത്താൻ ബത്തേരിയിലൂടെ കടന്നുപോകുമ്പോൾ, ചപ്പുച്ചവറുകളൊന്നുമില്ലാതെ വൃത്തിയുള്ള റോഡുകൾ കാണാൻ കഴിഞ്ഞു. റോഡുകൾക്കിരുവശവുമായി പച്ചപ്പാർന്ന ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുമുണ്ട്.

മുത്തങ്ങയിലെ ട്രക്കിങ്ങാണ്  മറക്കാനാവാത്ത മറ്റൊരു അനുഭവം. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ  ഞങ്ങൾ എത്തിയപ്പോഴേക്കും 11 മണിയായിരുന്നു. എങ്കിലും ജീപ്പിൽ ട്രക്കിങ്ങിനു  പോയി. കൂടെയുണ്ടായിരുന്ന ഡ്രൈവർ ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു.   മയിലിനെയും മാനെയും മാത്രമാണ് കാണാനായതു എങ്കിലും, കാട്ടിലൂടെ  കർണാടക അതിർത്തി വരെയുള്ള  യാത്ര ആസ്വദിച്ചു... . പഴയ ഊര് കളൊക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും  അതൊന്നും  കാണാനായില്ല. കറണ്ടും വെള്ളവുമൊക്കെയുള്ള ഷീറ്റ് ഇട്ട  കോൺക്രീറ്റ് വീടുകളാണ് അവിടെ ഇപ്പോൾ  ഉള്ളത്. പച്ചപ്പ്‌ നിറഞ്ഞ കാനനഭംഗി കണ്ണിനു കുളിർമ്മയേകുന്ന കാഴ്ച തന്നെ യാണ്. 

നിത്യഹരിത വനങ്ങളാൽ ചുറ്റപ്പെട്ട പ്രകൃതിദത്തമായ  പൂക്കോട്  തടാകത്തിലേക്കാണ് പിന്നെ പോയത്  . കല്പറ്റയിൽ നിന്നും 13 കിലോമീറ്റെർ ദൂരം ഉണ്ട്. ഒരാൾക്ക് 30 രൂപ ടിക്കറ്റ് എടുത്തു അകത്തേക്ക് പ്രവേശിക്കാം. മനോഹരമായ കാലാവസ്ഥയും  പ്രകൃതി സൗന്ദര്യവും ആരുടെയും മനം മയക്കുന്നതായിരുന്നു. ഇവിടെ ഒരു അക്വേറിയവും ഹരിതഗൃഹവുമുണ്ടായിരുന്നെങ്കിലും കോവിഡ് പ്രമാണിച്ചു സഞ്ചാരികൾക്കായി തുറന്നിട്ടില്ല.  ബോട്ടിംഗ് സൗകര്യമുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ ഒരു ബോട്ടിങ് നടത്തി. വെള്ളത്തിനു മുകളിലൂടെയുള്ള ഒരു കുഞ്ഞു ബോട്ട് കൊണ്ട് ഓളങ്ങളുണ്ടാക്കി, മുന്നിലും വശങ്ങളിലുമുള്ള കാടിന്റെ ഭംഗി കൺകുളിർക്കേ ആസ്വദിച്ചു...

ഓരോ യാത്രകളും ഓരോ അനുഭവങ്ങളും സുന്ദരമായ ഒരുപിടി  ഓർമകളുo സമ്മാനിക്കുന്നു....