തീവണ്ടി കയറി വെണ്ണക്കല്ലിൻ്റെ നാട്ടിലേക്ക്

Give your rating
Average: 4.3 (3 votes)
banner
Profile

Muhammed sahad salih

Loyalty Points : 440

Total Trips: 12 | View All Trips

Post Date : 01 Apr 2022
21 views

തീവണ്ടി കയറി വെണ്ണക്കല്ലിൻ്റെ നാട്ടിലേക്ക്..

കഥ പറയുന്ന പ്രണയ സൗധം
----------------------------------
ശിഹാബ് അൽ ദീൻ മുഹമ്മദ് ഖുറം രാജകുമാരൻ അർജുമന്ദ് ബാനു ബീഗത്തിൻ്റെ സ്മരണയിൽ ലോകത്തിന് സമ്മാനിച്ച മഹാൽഭുതം ... ഇന്ത്യയിലെ മഹാ നിർമിതികൾ കാണിച്ചാൽ ആരും തെറ്റാതെ പറയുന്ന ഒരു നിർമിതിയുണ്ട്. അഴകിൻ്റെയും പൂർണതയുടെയും അവസാനവാക്ക് .. താജ് മഹൽ... ഇന്ത്യയുടെ പ്രണയ സൗധം.. .

 ഇന്ന് ആഗ്രഹങ്ങിൽ ഒന്നായ താജ്മഹൽ കാണാനുള്ള യാത്രയിലാണ്..

നാസികിൽ നിന്നും രാത്രി 11 മണിക്ക് ആഗ്ര ലക്ഷ്യമാക്കി നീങ്ങുന്ന പഞ്ചാബ് മെയിൽ തീവണ്ടി കാത്തിരിക്കുകയാ
ണ് ഞാൻ... കൂകി പാഞ്ഞു വന്ന പല തീവണ്ടികൾ നിർത്തിയും നിർത്താതെയും പല വേഗത്തിൽ കടന്നു പോകുന്നുണ്ട്.. ചിലവ് ചുരുക്കിയ യാത്രയായത് കൊണ്ട് 2S ക്ലാസിലാണ് എൻ്റെ സഞ്ചാരം..  നാസിക്കിലെ സഞ്ചാരവും , കാലാവസ്ഥയും എന്നെ അവശനാക്കിയിരിക്കുന്നു... 

 എൻ്റെ  എതിർ വശത്ത് ഇരിക്കുന്ന ഒരു വൃദ്ധൻ ആളൊരു രസികനാണ്. കയ്യിൽ ഇരുന്ന ബാം വാങ്ങി ചുണ്ടിലും മുഖത്തും പുരട്ടിയ ശേഷം വലിയൊരു ജാക്കറ്റ് ഉപയോഗിച്ച് തണുപ്പിൽ നിന്നും രക്ഷ നേടാൻ ശരീരം മുഴുവൻ മറക്കുകയാണ് അദ്ദേഹം.. കുറച്ചു സമയത്തിന് ശേഷം ജാക്കറ്റ് തുറന്ന് ഹാൻസും , പാൻ പരാഗും , പാൻ മസാലയും ഒക്കെ പുറത്തെടുക്കുന്നു വിരുതൻ.. വലിയൊരു ശേഖരം തന്നെയുണ്ട് അദേഹത്തിൻ്റെ കയ്യിൽ. പുറത്തെടുത്ത ഉത്പന്നങ്ങൾ എല്ലാം എണ്ണി തിട്ട പെടുത്തുന്ന തിരക്കിലാണ് കക്ഷി.. ജാക്കറ്റ് ഉപയോഗിക്കുന്നത് തണുപ്പിനെ പ്രതിരോധിക്കാൻ അല്ല പകരം പാൻമസാലകൾ സൂക്ഷിക്കാൻ വേണ്ടിയാണെന്ന് എനിക്ക് മനസ്സിലായി .. ജാക്കറ്റ് മാറ്റിയപ്പോൾ സ്ത്രീകൾ ധരിക്കുന്ന ചുരിദാർ ആണ് അയാളുടെ വേഷം .. അറിയുന്ന ഹിന്ദിയിൽ അദ്ദേഹത്തോട് സൗഹൃതം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട് ഞാൻ . എന്നാല് മറാത്തി സംസാരിക്കുന്ന അദ്ദേഹത്തിന് അതൊന്നും മനസിലാകുന്നതേ ഇല്ല.. യാത്രയിൽ ഉടനീളം  അദ്ദേഹം എന്നെ കൗതുക പെടുത്തി കൊണ്ടിരുന്നു .. സീറ്റ് ബുക്ക് ചെയ്ത ആളുകൾ വരുമ്പോൾ ബഹുമാന പൂർവ്വം അവർക്ക് എഴുന്നേറ്റ് കൊടുക്കുന്നു അയാൾ. അവസാനം തൻ്റെ ജാക്കറ്റ് ട്രെയിനിൻ്റെ നിലത്ത് വിരിച്ച് വഴിയിൽ കിടന്നു ഉറക്കമായി വിരുതൻ ..

വലിയൊരു ഇരുമ്പ് പാലത്തിന് മുകളിലൂടെയാണ് ട്രെയിൻ കടന്നു പോകുന്നത്, നാസിക് ജില്ലയിൽ സഹ്യാദ്രി നിരയിലുള്ള ത്രയമ്പക് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന വൃദ്ധ ഗംഗ  എന്നറിയപ്പെടുന്ന ഗോദാവരി നദിയെ മുറിച്ചു കടന്നാണ് ട്രെയിനിൻ്റെ യാത്ര. ത്രയംഭകേഷ്വർ , നാസിക് , ഭദ്രാചലം , രാജ മുന്ദ്രി എന്നിവയാണ് ഗോദാവരി തീരത്തുള്ള പ്രധാന പട്ടണങ്ങൾ. ഇതിൽ ഗോദാവരി തീരത്തെ ഏറ്റവും വലിയ പട്ടണവും നാസിക് തന്നെ. ഇന്ത്യ യിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി , പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി , തെക്കേ ഇന്ത്യ യിലേ , ഡെക്കാൻ മേഖലയിലെ ഏറ്റവും നീളമുള്ള നദി , ആന്ധ്രാ പ്രദേശിൻ്റെ ജീവ രേഖ എന്നൊക്കെ പ്രത്യേകതകളുണ്ട് ഗോദാവരിക്ക്.

ട്രെയിനിൽ നല്ല തിരക്കനുഭവപ്പെടുന്നു.. ടിക്കറ്റ് ഇല്ലാത്തവരാണ് ബോഗിയിൽ കൂടുതലും. 12 മണിയോടെ മൻമദ് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ എത്തി. അവിടന്ന് കയറിയ ഒരു ഭോപാൽ കുടുംബം  പാതി മയക്കത്തിലിരുന്ന എന്നെ ഞെട്ടി എഴുന്നേൽപ്പിച്ചു. 4 പേരടങ്ങുന്ന അവർ മുൻപിലെ സീറ്റിൽ ഇരിപ്പായി.. അവർക്ക് മുകളിലെ ലഗേജ് ബെർത്ത് വേണം.. ഹിന്ദി എന്ന് തോന്നിപ്പിക്കുന്ന എന്തോ ഒരു ഭാഷയിൽ പ്രത്യേക താളത്തിലും ഭാവത്തിലും ശബ്ദത്തിലും  എന്തൊക്കെയോ പറഞ്ഞു മുകളിൽ കിടന്ന ടിക്കറ്റ് ഇല്ലാത്ത ആളുമായി തകർക്കിക്കുന്നു അവർ. അങ്ങനെ അവസാനം  പറ്റിച്ചു ബെർത്ത് തട്ടി എടുത്തു അതിലെ മുതിർന്ന വ്യക്തി.. ഇതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ മുഴുകി ഇരിക്കുകയാണ് ആ കുടുംബത്തിലുള്ള ഒരു ചെറുപ്പക്കാരി. അവൾക്ക് ചെറുതായിട്ട് ഇംഗ്ലീഷ് അറിയാം.. ഞങൾ ചുരുങ്ങിയ സമയം കൊണ്ട് സൗഹൃതത്തിലായി എങ്കിലും  അവളുടെ സംസാരത്തിൽ ചെറിയൊരു അഹങ്കാരം പ്രകടമായിരുന്നു ... മുൻപ് കാണാത്ത രൂപ ഭംഗി യുള്ള ആളുകളാണ് ചുറ്റും. ബാല്യ കാലത്ത് ദൂരദർശൻ ഹിന്ദി സീരിയലിൽ  കണ്ടിട്ടുള്ള കഥാ പാത്രങ്ങൾ എന്ന് തോന്നിക്കുന്നവർ. ഇതിനിടയിൽ ചായയും കാപ്പിയും വിൽക്കുന്ന ആളുകളെ കാണാൻ പോലുമില്ല എങ്കിലും പാൻ മസാലയും , ഹാൻസും , സിഗരറ്റും, പുകയിലയും വിൽക്കുന്ന ആളുകൾ ധാരാളം കടന്ന് പോകുന്നു . 

ട്രെയിനിൻ്റെ വേഗതയെ കൂട്ട് പിടിച്ച് രാത്രിയിലെ ശക്തമായ തണുപ്പ് ജനാലയിലെ വിടവിലൂടെ ഉള്ളിൽ പ്രവേശിക്കുന്നുണ്ട്..കഠിനമായ തണുപ്പിൽ എൻ്റെ പല്ലുകൾക്ക് വേദന അനുഭവപ്പെടുന്നു , കൈ കാലുകൾ മരവിക്കുന്നുണ്ട് , നീണ്ടു നിവർന്നു കിടന്നാൽ കൊള്ളാം എന്നൊരാഗ്രഹം തോന്നുന്നു, പക്ഷേ കാല് നീട്ടി  ഇരിക്കാൻ പോലും സാധിക്കാത്ത തിരക്കാണ് ട്രെയിനിൽ.

പതിവ് പോലെ 'ചായ് ഛായ് ' എന്ന വിളിയിൽ ഞാൻ ഉറക്കമുണർന്നു. ഖിർഖിയ എന്ന റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു.  മൂടൽ മഞ്ഞിൻ്റെ ഇടയിലൂടെ സൂര്യൻ പ്രകാശം കുറഞ്ഞ ഗോളമായി കാണാം. ചുറ്റിനും നോക്കിയ ഞാനൊന്ന് ഞെട്ടി. കമ്പാർട്ട്മെൻ്റ് ല് വിരളിൽ എണ്ണാവുന്ന ആളുകൾ മാത്രം.  എല്ലാവരും രാത്രിയിൽ തന്നെ ഓരോ സ്ഥലങ്ങളിൽ ഇറങ്ങിയിരിക്കുന്നു.  

 ട്രെയിൻ  വരണ്ട പ്രദേശത്ത് കൂടെ യാത്ര തുടരുന്നു , ഇടക്ക് ചെറുതും വലുതുമായ നദികൾ  , പാതി ഉണങ്ങിയ കാടുകളും , പച്ച പുതച്ച കൃഷി ഇടവും എല്ലാം കാഴ്ചയിൽ കടന്നു പോകുന്നു.. ഇറ്റാർസി നഗരത്തിലൂടെയാണ്  യാത്ര , നാസിക്കിൽ നിന്നും വാങ്ങിയ ആപ്പിളും റോബസ്റ്റ പഴവുമാണ് എൻ്റെ പ്രഭാത ഭക്ഷണം. ഇത് കഴിച്ചു വേണം ആഗ്ര എത്തും വരെ വിശപ്പടക്കാൻ. 
പുതുമയുള്ള കാഴ്ചകൾ ഒന്നും തന്നെയില്ല. വിശാലമായ കൃഷിയിടങ്ങൾ കാണാം.. ഓറഞ്ചും പരുത്തിയും തുടങ്ങി പേരറിയാത്ത കാർഷിക വിളകൾ കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന കൃഷിയിടങ്ങൾ. ഇടക്ക് ചെറിയ വരണ്ട വന ഭൂമിയെയും പിന്നിലാക്കി കടന്നു പോകുന്നു ട്രെയിൻ. ചൂട് കൂടുതലാണ്.  വ്യവസായ ശാലകൾ ഒക്കെ അങ്ങ് ദൂരേ മാനത്ത് പുക തള്ളുന്ന കാഴ്ചകൾ.. ചെറുതും വലുതുമായ വ്യവസായ ശാലകൾ കാണുന്നുണ്ട്. 

ഹോഷൻകാ ബാദ് എന്ന സ്ഥലത്ത്  എത്തിയിരിക്കുന്നു. ഇവിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡാമുകളുള്ള നർമദ നദിയെ മുറിച്ചു കടന്നുവേണം തലസ്ഥാന നഗരമായ ഭോപ്പാലിലേക്ക്  പോകാൻ. ട്രെയിൻ സാവധാനം പാലം കടന്ന് നർമദ നദിക്ക് മുകളിലൂടെ സഞ്ചരിക്കുന്നു. മധ്യപ്രദേശിലെ അമർഘണ്ടക്ക് പീഠഭൂമിയിലെ മൈക്കല പർവത നിരകളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. 1312 കിലോമീറ്റർ നീളത്തിൽ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന ഏറ്റവും വലിയ ഉപദ്വീപീയ നദിയാണ് നർമദ. ഭ്രംശ താഴ്‌വരകളിലൂടെ ഒഴുകി വിന്ധ്യാ - സത്പുര പർവതങ്ങൾക്കിടയിലൂടെ ഗുജറാത്തിൽ ഗള്ഫ് ഓഫ് കമ്പത്തിൽ വെച്ച് അറബിക്കടലുമായി ചേരുന്നു . നർമദ പർവതങ്ങൾക്ക് ഇടയിലൂടെ ഒഴുകുന്ന നദി എന്നാണ് അറിയപ്പെടുന്നത്. 

ഇന്ത്യയേ വടക്കേ ഇന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും രണ്ടായി തിരിക്കുന്നതും , ഡെക്കാൻ - മാൾവ പീഠഭൂമിയെ രണ്ടായി വേർതിരിക്കുന്നതും നർമദ തന്നെ. രാജാ സോറസ് നർമദ ദെൻസിസ് എന്ന ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയും ഈ നദിക്കരയിൽ. അങ്ങനെ ധാരാളം വിശേഷണങ്ങൾ ഉണ്ട് ഇവൾക്ക്.

ഒരു മണിക്കൂർ സമയത്തിന് ശേഷം തലസ്ഥാന നഗരമായ ഭോപ്പാലിൽ ട്രെയിനെത്തി. സ്കൂളിൽ പഠിച്ച ഭോപാൽ ദുരന്തത്തിൻ്റെ ഓർമകളാണ് എൻ്റെ മനസ്സിൽ ആദ്യം കടന്നു വന്നത്. 1984 ഡിസംബർ മാസം 3-4 തീയതിയിൽ ആണ് ദുരന്തം സംഭവിച്ചത്. സ്റ്റേറ്റ് ഗവൺമെൻ്റ് കണക്ക് പ്രകാരം 3787 ആളുകളാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. ഒരുകാലത്തെ പ്രതാപ നഗരമായിരുന്ന ഭോപാലിന് പഴയ ചന്തം ഇപ്പോളില്ല.. തിങ്ങി നിറഞ്ഞ ചേരികൾ , നിറം മങ്ങിയ കെട്ടിടങ്ങൾ , പ്രത്യേക ഭംഗിയൊന്നും ഇല്ലാത്ത വാണിജ്യ സ്ഥാപനങ്ങളും നഗര ഭാഗങ്ങളും.. ഭോപ്പാൽ ഒരു തിരക്കേറിയ പ്രദേശം തന്നെയാണ്. നഗരത്തെ പിന്നിലാക്കി ട്രെയിൻ യാത്ര തുടർന്നു . ഭോപ്പാലിൽ നിന്നും കയറിയ ഭിക്ഷാടനകാർ ചിലർ പാട്ടുകൾ പാടി കടന്നു പോകുന്നു. ചിലർ പ്രത്യേക സംഗീത ഉപകരണങ്ങൾ കൊണ്ട് മനോഹരമായ ശബ്ദങ്ങൾ സമ്മാനിച്ചു പോകുന്നു, മറ്റു ചിലർ കുട്ടികളെ കൊണ്ട് ഭിക്ഷ എടുപ്പിക്കുന്നു അവരുടെ അമ്മ ആകണം ഭിക്ഷാടന സമയത്ത് അനുസരണക്കേട് കാണിച്ചതിൽ കുട്ടിയുടെ മുഖത്ത് വലിച്ച് അടിക്കുന്നുണ്ട്.  എൻ്റെ ഉള്ളിൽ വേദനയുണ്ടാകുന്നു ഈ നിമിഷങ്ങൾ.. നമുക്ക് എതിർത്ത്  പറയാൻ വാക്കുകളില്ല. വലിയൊരു സംഘമാണ് ഇവർ.. കയ്യിൽ ഉണ്ടായ ബിസ്ക്കറ്റ് നൽകി അവനെ ഞാൻ യാത്രയാക്കി.. ഇങ്ങനെ എത്രയോ പിഞ്ചു ബാല്യങ്ങൾ തൻ്റെ കഴിവും ശേഷിയും തെളിയിക്കാതെ ഇന്ത്യയിൽ വെറുതെ കൊഴിഞ്ഞു പോകുന്നുണ്ടാകാം.. നേർച്ചയും മറ്റു പിരിവുകളും ആയി മറ്റു ചിലർ , സന്യാസിമാർ,  ട്രാൻസ്ജെൻഡേർസ് അങ്ങനെ പോകുന്നു ട്രെയിനിലെ അതിഥികളുടെ നീണ്ട നിര. 

യമുനാ നദിയുടെ വലതു കരയിൽ ചേരുന്ന ഉപദ്വീപിയ നദിയായ ബേതുവാ നദി യാണ് ആദ്യം കടന്നുവരിക. പിന്നീട് ചെറുതും വലുതുമായ ധാരാളം ഉപദ്വിപീയ നദികൾ കാണാം. വ്യവസായ ശാലകളുടെ എണ്ണം കൂടി വരുന്നു. പല വലുപ്പത്തിൽ ഉള്ളവ. ഇടക്ക് പാശ്ചാത്യ രീതിയിലുള്ള കെട്ടിടങ്ങൾ , വലുതും ചെറുതുമായ സ്ഥാപനങ്ങൾ , വിദ്യാലയങ്ങൾ , കണ്ണെത്താ ദൂരത്ത് വ്യാപിച്ചു കിടക്കുന്ന തരിശു നിലങ്ങൾ അതിനിടയിൽ പൊട്ട് പോലെ കെട്ടിടങ്ങൾ അങ്ങിങ്ങായി കാണാം .. 

ഇടക്ക് ഒരു സ്റ്റേഷനിൽ നിന്നും രാജസ്ഥാനി മാതൃകയിൽ വസ്ത്രം ധരിച്ച ഒരു സ്ത്രീയെയും അമ്മയെയും ട്രെയിനിൽ രാജസ്ഥാനിലേക്ക് യാത്രയയക്കുന്നു ഒരു ചെറുപ്പക്കാരൻ. അദ്ദേഹത്തിൻ്റെ ഭാര്യയാണ് ആ യുവതി . ഒരു വയസ്സിൽ കുറഞ്ഞ ഒരു കുട്ടിയുമുണ്ട് അവർക്ക് . മുറുക്കി തുപ്പിയതിന് ശേഷം കുട്ടിക്ക് ചുംബനം നൽകി യാത്ര പറയുന്നു അയാൾ. സന്തോഷം കൊണ്ട്  തൻ്റെ കറ പുരണ്ട പല്ലുകൾ മുഴുവൻ പുറത്ത് കാണിച്ചാണ് അദ്ദേഹത്തിൻ്റെ ചിരി . ട്രെയിൻ മുൻപോട്ട് നീങ്ങി. രാജസ്ഥാനി കുടുംബം ഭക്ഷണം കഴിക്കാനുള്ള തിരക്കിലാണ്. വെള്ള കടല മസാല ചേർത്ത് ഉണ്ടാക്കിയ എന്തോ ഒരു വിഭവം. മുഖത്തിൻ്റെ പാതി തൻ്റെ സാരി കൊണ്ട് മറച്ചിരുന്ന യുവതി അത് മാറ്റി ഭക്ഷണം കഴിക്കുന്നു. ചുവന്ന നിറമുള്ള സാരിയും ചുവപ്പും കറുപ്പും നിറമുള്ള വളകൾ ഇരു കൈകളിൽ നിറയെ ധരിച്ചിരിക്കുന്നു. സൗന്ദര്യതിൻ്റെ കാര്യത്തിൽ അതീവ ശ്രദ്ധ നൽകുന്നയാളാണ് അവരെന്ന് എനിക്ക് മനസ്സിലായി.. കുട്ടിയെ അമ്മയുടെ കൈകളിൽ കൊടുത്തതിന് ശേഷം മൊബൈൽ ഫോണിൽ എന്തൊക്കെയോ വിനോദം കണ്ടെത്തുകയാണ് യുവതി.

പുറത്തെ കാഴ്ചകളിലേക്ക് നീങ്ങി . വീണ്ടും കൃഷി സ്ഥലങ്ങൾ കടന്ന് വരുന്നു , വെയിലത്ത് പണിയെടുക്കുന്ന കർഷകരുടെ കൂട്ടം, സോയാബീൻ കൃഷിയാണ് ഇവിടെ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ കൃഷി ചെയ്യുന്ന സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ് . ഇന്ത്യയുടെ സോയ സംസ്ഥാനം എന്നും , കടുവ സംസ്ഥാനം എന്നും , ഇന്ത്യയുടെ ഹൃദയം എന്നൊക്കെ ഈ സംസ്ഥാനം അറിയപ്പെടുന്നു. ഗുഡ്ക നിരോധിച്ച ആദ്യ സംസ്ഥാനം ആണിത്.. മുറുക്കി തുപ്പുന്നു ശീലവും , പാൻ മസാല ഉപയോഗവും സ്ത്രീ പുരുഷൻമാർക് ഇടയിൽ ധാരാളമുണ്ട് എന്ന് കാഴ്ചയിൽ വ്യക്തമാകുന്നു.. ട്രെയിനിൽ ചായയും വെള്ളത്തിനും പകരം പാൻ മസാല കച്ചവടക്കാർ ട്രെയിനിൽ സ്ഥാനം പിടിച്ചിരിക്കുന്നു. പലരും വന്നു പോകുന്നു എങ്കിലും ആരുടെയും ഭാഷ എനിക്ക് വ്യക്തമല്ല. ഹിന്ദി , മറാഠി , ഉർദു എന്നിവയാണ് ഇവിടത്തെ പ്രധാന ഭാഷകൾ.

ഉച്ചയോടെ മൊഹസ റെയിൽവേ സ്റ്റേഷൻ എത്തി അവിടെ മധ്യപ്രദേശ് - ഉത്തർപ്രദേശ് സംസ്ഥാനങ്ങളെ വേർതിരിച്ച് ബേതുവ നദിയുടെ പോഷക നദിയായ നാരായണി നദി ഒഴുകുന്നു. ഏകദേശം 4 തവണ  മധ്യപ്രദേശ് ഉത്തർ പ്രദേശ് സംസ്ഥങ്ങളിലൂടെ ട്രെയിൻ ഓടി വീണ്ടും മധ്യപ്രദേശിൽ തന്നെ തിരികെയെത്തി. ചൂട് അല്പം കുറഞ്ഞ കാലാവസ്ഥ. ചുറ്റും വന മേഖലകൾ .. ഇടക്ക് ചെറിയ ഗ്രാമങ്ങൾ കാണാം. കോട്രാ റെയിൽവെ സ്റ്റേഷൻ കഴിഞ്ഞാൽ യമുനാ നദിയുടെ മറ്റൊരു പോഷക നദിയായ സിന്ധ് നദി. അതിൽ ചെറു വള്ളത്തിലും വഞ്ചിയിലും ആളുകൾ സഞ്ചരിക്കുന്ന കാഴ്ചകൾ. ഗ്വാളിയോർ നഗരവും പിന്നിട്ട് ട്രെയിൻ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നു..  വിത്യസ്തമായ കാഴ്ചകൾ ഒന്നും തന്നെ കാണുന്നില്ല. കൊയ്യാൻ കാത്തിരിക്കുന്ന നെൽ പാടങ്ങളാണ് ചുറ്റും. നെൽപ്പാടങ്ങളുടെ ഇടയിലൂടെ തണൽ മരങ്ങൾ നിൽക്കുന്നത് കാണാൻ നല്ല ചന്ദമാണ്. വൈകുന്നേര സമയം. വെയിൽ കുറഞ്ഞിരിക്കുന്നു. എങ്കിലും ആളുകൾ കൃഷി സ്ഥലങ്ങളിൽ തന്നെയുണ്ട്. ഹെതാംപൂർ റെയിൽവെ സ്റ്റേഷൻ കഴിഞ്ഞാൽ യമുനയുടെ മറ്റൊരു പോഷക നദിയായ ചമ്പൽ നദിയെ മുറിച്ചു കടന്ന് ട്രെയിൻ രാജസ്ഥാൻ്റെ മണ്ണിലേക്ക് പ്രവേശിക്കും. രാജസ്ഥാൻ മധ്യപ്രദേശ് സംസ്ഥങ്ങളെ ചംബൽ നദി വേർതിരിക്കുന്നു . അതി വിശാലമായ നെൽപ്പാടങ്ങൾ കാഴ്ച വിരുന്നൊരുക്കുന്നുണ്ട്.  മനോഹരമായി ചിത്രം വരച്ചിട്ട പോലെയെന്ന് തോന്നിപ്പിക്കുന്ന വിധം കൊയ്ത്തിന് പാകമായ നെൽപ്പാടങ്ങൾ. ചിലത് യന്ത്രം ഉപയോഗിച്ച് കൊയ്തു മറിക്കുന്നു. ബാക്കി വന്ന വൈക്കോൽ പ്രത്യേക രീതിയിൽ ചക്രത്തിൻ്റെ രൂപത്തിൽ അടുക്കി വെച്ചിരിക്കുന്നു. ചില സ്ഥലങ്ങളിൽ വലിയ കൂനകൾ പോലെയും വൈക്കോൽ കാണാം . കാർഷിക മാലിന്യങ്ങൾ , ഉപയോഗ ശൂന്യമായ വൈക്കോൽ എന്നിവ കൂട്ടിയിട്ട് കത്തിക്കുന്നു . ആ പുകയിൽ ദൂര കാഴ്ചകൾ മറഞ്ഞിരിക്കുന്നു. എവിടെയും കാര്യമായ വികസനം കാണാനില്ല.  ധോൽപൂരാണ് രാജസ്ഥാനിലെ ആദ്യ പ്രധാന റെയിൽവേ സ്റ്റേഷൻ , പെട്ടെന്ന് തന്നെ രാജസ്ഥാനേയും  ഉത്തർപ്രദേശിനേയും വേർതിരിച്ച് യമുനയുടെ മറ്റൊരു പോഷക നദി ഉതങ്കൻ അഥവാ ഗംഭിർ നദി ഒഴുകുന്നു. ഇത് കടന്നാൽ പിന്നെ പൂർണമായും ഉത്തർപ്രദേശിൻ്റെ കാഴ്ചകളാണ് . 

ട്രെയിൻ വൈകിട്ട് 6 മണിക്ക് വെണ്ണക്കൽ നിർമിതികളുടെ നാടായ ആഗ്രയിൽ എത്തി..  ട്രെയിൻ ഇറങ്ങി പുറത്ത് കടന്നതും ട്രാവൽ ഏജൻസികളും ടാക്സികാരുടെയും വരവാണ്.. 1000 രൂപ വരെ ഉള്ള വൺ ടെ സൈറ്റ് സീയിങ്  സേവനങ്ങൾ ഒക്കെ പരിചയപ്പെടുത്തുന്നു. വലിയൊരു ഓട്ടോ ടാക്സി സ്റ്റാൻഡ് ആണ് ഇവിടം. എല്ലാം ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചുള്ളവ. ആഗ്രയിൽ uber ടാക്സി സേവനം ഉപയോഗിച്ചാൽ തട്ടിപ്പിന് ഇരയാകാതെ കുറഞ്ഞ ചിലവിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണാം.. ഞങ്ങൾക്ക് പോകാൻ ഉള്ള ഹോട്ടലിലേക്ക് 100 രൂപ ആണ് ഓട്ടോ ചാർജ്.. Uber നോക്കിയപ്പോൾ 50 രൂപയും.. എങ്കിൽ uber വിളിച്ചു പോകാം എന്ന് പറഞ്ഞത് കേട്ടതും 50 രൂപക്ക് കൊണ്ട് വിടാം എന്നായി ഓട്ടോ ഡ്രൈവർ. ആളൊരു വിരുതനാണ് , പല തന്ത്രവും പയറ്റി എന്നെ വശപ്പെടുത്താൻ ശ്രമിക്കുന്നു അയാൾ.. ടൂറിസ്റ്റ് ആണെന്ന് അറിഞ്ഞതും നാളെ സൈറ്റ് സീയിംഗ് കൊണ്ട് പോകാം എന്നായി സംസാരം.. 600 രൂപയാണ് ചാർജ് ഗവൺമെൻ്റ് മേൽനോട്ടത്തിൽ ആഗ്ര റെയിൽവെ ഓട്ടോ സ്റ്റാൻഡിൽ പോലീസുകാർ നൽകുന്ന 600 രൂപ പാസിൽ ഓട്ടോയിൽ നമുക്ക് സൈറ്റ് സിയിങ് നടത്താം.. വൈകിട്ട് 6 മണി വരെയാണ് സമയം അതിനുള്ളിൽ യാത്ര അവസാനിച്ചില്ല എങ്കിൽ  ഓട്ടോ ഡ്രൈവർമാർ പറയുന്ന പണം നൽകേണ്ടി വരും.. താമസിക്കുന്ന ഹോട്ടൽ ലേക്കും തിരികെ റെയിൽവെ സ്റ്റേഷൻ ലേക്കും കൊണ്ട് പോകുന്ന ചാർജ് വരെ ഇതിൽ ഉൾപ്പെടുന്നു.. ഞങൾ 3 പേരും വലിയ ബാഗും ചുമന്നു നാളെ ആഗ്ര പട്ടണം നടക്കുന്നതിൽ നല്ലത് 600 രൂപക്ക് ഓട്ടോ വിളിക്കുന്നത് ആണ് നല്ലത് എന്ന് തോന്നി.. 4 പേർക്ക് ഈ പാക്കേജിൽ സഞ്ചരിക്കാം.. I love Agra എന്ന വലിയൊരു പ്രകാശം നിറഞ്ഞ ബോർഡിന് മുൻപിൽ ഫോട്ടോ എടുക്കാൻ പോകുന്ന തിരക്കിലാണ് ഞാൻ. ഭിക്ഷക്കാരുടെയും പോക്കറ്റടി കാരുടെയും പിടിച്ചു പറിക്കാരുടെയും പ്രധാന സ്ഥലമാണ് രാത്രി സമയത്തെ ആഗ്ര പട്ടണം. ഓട്ടോ ഡ്രൈവർ ഞങളെയും കൊണ്ട് ഹോട്ടൽ ലക്ഷ്യമാക്കി യാത്ര തുടർന്നു. പല രീതിയിലും ഞങളെ ആകർഷിക്കാൻ ഉള്ള തന്ത്രങ്ങൾ നോക്കുന്നുണ്ട് അയാൾ. പാട്ട് പാടിയും ചരിത്രം പറഞ്ഞും മുൻപ് അയാളുടെ വാഹനത്തിൽ യാത്ര ചെയ്ത മലയാളികളെ ഫോണിൽ വിളിച്ചു പരിചയപ്പെടുത്തിയും ഞങളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.. രാത്രിയിൽ പിടിച്ചു പറിക്കാർ ഉണ്ടാകും അതിനാൽ രാത്രി പുറത്ത് ഇറങ്ങേണ്ട എന്നൊരു ഉപദേശവും തന്നു അദ്ദേഹം.. താജിന് അടുത്തുള്ള ഹോട്ടലിൽ ആയതിനാൽ രാവിലെ ഞങൾ താജ് മഹൽ കണ്ട ശേഷം 10 മണിക്ക് ഹോട്ടലിൽ വന്നാൽ മതിയെന്നും പറഞ് അയാളെ യാത്രയാക്കി ഞാൻ.

 ആഗ്രയിൽ ഡോർമിട്ടറി റൂമാണ് ഞാൻ എടുത്തത്.. 150 രൂപയാണ് ഒരാൾക്ക് .. ബിരിയാണി ഓടെർ ചെയ്തു വരുത്തി എങ്കിലും വിശപ്പ് അടക്കാൻ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ല അതിൽ.. ആഗ്രയിലെ വെള്ളത്തിന്  കൊഴുപ്പ് കൂടി ഉപ്പ് രസമാണ്..  നിറയെ പ്രതീക്ഷയും ആഗ്രഹവും ആകാംഷയും മനസ്സിൽ വെച്ച് നാളെ താജ് മഹൽ കാണാൻ പോകുന്ന കാര്യങ്ങൾ സ്വപ്നം കാണുകയാണ് ഞാൻ. കിടന്നത് മാത്രമേ ഓർമയുള്ളൂ പിറ്റേന്ന് രാവിലെ 7 മണിയുടെ അലാറത്തിലാണ് ഉണരുന്നത്. ഇന്നാണ് ആ ദിവസം (28 oct 2021) ബാല്യം മുതൽ കേട്ട് ശീലിച്ച പാഠ പുസ്തകങ്ങളിൽ മാത്രം കണ്ടുശീലിച്ച ലോകാത്ഭുതമായി നിലകൊള്ളുന്ന വെണ്ണക്കൽ നിർമിതി കാണാനുള്ള ദിവസം വന്നിരിക്കുന്നു . മഞ്ഞ് മൂടി തണുത്ത കാലാവസ്ഥ. മഞ്ഞ് കാരണം താജ് മഹൽ വ്യക്തമായി കാണാൻ സാധിക്കുമോ എന്നൊരു പേടി മനസിലുണ്ട്.. ഹോട്ടലിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമുണ്ട് താജിലേക്ക്..  നിർമിതിയുടെ 500 മീട്ടറിന് ഉള്ളിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. താജ് മഹൽ സന്ദർശകർക്ക് വേണ്ടി ഇലക്ട്രിക് വാഹനങ്ങളുമുണ്ട് ഇവിടെ. ചുവന്ന നിറത്തിലുള്ള നടപ്പാതയുടെ ഇരുവശവും ധാരാളം മരങ്ങളും ചെടികളും നട്ട് മനോഹരമാക്കിയിരിക്കുന്നു. സുവനീറുകൾ വിൽക്കുന്നവർ , ഭിക്ഷാടനക്കാർ , കുതിര സവാരിനടത്തുന്നവർ അങ്ങനെ പോകുന്നു വഴിയോര കാഴ്ചകൾ. മധുര പലഹാരവും സുവനീറുകളുമായി ധാരാളം കടകൾ വഴിയരികിലുണ്ട് , അവരെല്ലാം സഞ്ചാരികളെ തങ്ങളുടെ കടയിലേക്ക് ആകർഷിക്കുവാനുള്ള തിരക്കിലാണ്.. താജ് മഹലിനോട് അടുക്കുംതോറും ഗൈഡുകളുടെ നീണ്ട നിരയാണ്.. എന്നെ കണ്ടതും ഗൈഡുകൾ ചുറ്റിനും നിലയുറപ്പിച്ചു. ഓരോ ആളുകളും തങ്ങളുടെ അറിവ് എത്രത്തോളം ഉണ്ടെന്ന് എന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.. ഗൈഡുകളെ ഒഴിവാക്കി യാത്ര തുടരുക എന്നത് അല്പം ശ്രമകരമാണ്. 200 മുതൽ 500 രൂപ വരെ ഗൈഡ് ഫീസ് നൽകണം. ഏറ്റവും നല്ലൊരു ഗൈഡിനെ തിരഞ്ഞെടുത്ത് ഇതുപോലുള്ള സ്ഥലങ്ങൾ കാണുന്നതാണ് ഏറ്റവും നല്ലത്. താജ് മഹൽ പ്രവേശന കവാടം വരെ ഇവർ നമ്മെ ക്യാൻവാസ് ചെയ്തുകൊണ്ടിരിക്കും. താജ് മഹലിന്  മൂന്ന് പ്രവേശന കവാടങ്ങളാണ് ഉള്ളത്.. ഫത്തേബാദ് എന്ന ഈസ്റ്റേൺ ഗേറ്റ്  , സിർഹി ദർവാസയെന്ന സതേൺ ഗേറ്റ് ( പ്രവേശനം പൂർണമായും നിരോധിച്ചിരിക്കുന്നു) , ഫത്തേപൂരി എന്ന വെസ്റ്റേൺ ഗേറ്റ് എന്നിവയാണ് അവ. ഈസ്റ്റേൺ ഗേറ്റിലൂടെ പരിശോധനകൾ കഴിഞ്ഞ് ഞാൻ താജിനുള്ളിൽ പ്രവേശിച്ചു.. പോകുന്ന വഴിയിൽ  ധാരാളം  വർഷങ്ങൾക്ക് മുൻപ് എടുത്തത് മുതൽ ഇപ്പോലുള്ള താജ് മഹലിൻ്റെ ചിത്രങ്ങൾ വരെ പ്രദർശിപ്പിച്ചിരിക്കുന്നു. ചുറ്റും കടും ചുവപ്പ് നിറത്തിൽ താജ് മഹലിനോട്  അനുബന്ധമായി ചെങ്കല്ലുകൊണ്ട് നിർമിച്ച  കെട്ടിടങ്ങളും മതിലും.  ചുവന്ന നിറമുള്ള കോൺക്രീറ്റ് നടപ്പാതയാണ് അതിന് ഇരു വശവും പച്ച പുല്ലുകളും കുറ്റി ചെടികളും കൊണ്ട് മനോഹരമാക്കിയ നിലയിലാണ്. വലതു ഭാഗത്ത് വലിയ മതിലിനു പുറകിൽ ഉദയ സൂര്യൻ്റെ കിരണങ്ങൾ വീണ് വെട്ടി തിളങ്ങുന്ന താജ് മഹൽ താഴികക്കുടം കാണാം. ഞാൻ പെട്ടെന്ന് തന്നെ മുഖം തിരിച്ചു , പ്രധാന കവാടതിലൂടെ താജ് മഹൽ കാണാനാണ് എൻ്റെ ആഗ്രഹം... പേരാൽ പോലെ തോന്നിക്കുന്ന വലിയൊരു  വൃക്ഷം അതിന് മുൻപിൽ താജിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ദർവാസ-ഇ റൌസ അല്ലെങ്കിൽ ഗേറ്റ്വേ ടു താജ് മഹൽ എന്നറിയപ്പെടുന്ന ഒരു മഹാ നിർമിതി...പ്രധാന പ്രവേശന കവാടത്തിന് സമാന്തരമായി സതേൺ ഗേറ്റ് സ്ഥിതി ചെയ്യുന്നു. ഖുർആൻ  സൂക്തങ്ങളും പല നിറത്തിലുള്ള  പുഷ്പ ചിത്രങ്ങളും ചുവന്ന നിറത്തിലുള്ള കവാടത്തിൻ്റെ ഭാഗങ്ങളിൽ പല നിറത്തിലുള്ള മാർബിളുകളിൽ  കൊത്തി വെച്ച് മനോഹരമാക്കിയ ഭീമൻ പ്രവേശനകവാടം.  ഗോത്തിക് വാസ്തുകലയിലുള്ള പ്രവേശന ഭാഗത്തിന് ഉള്ളിലൂടെ നടന്നു കയറുംതോറും താജ് മഹൽ പയ്യെ പയ്യെ തെളിഞ്ഞു വരുന്നതായി കാണാം.. അതി മനോഹരമായ വെണ്ണക്കൽ കൊട്ടാരം എൻ്റെ കണ്മുൻപിൽ, പണ്ട് വായിച്ചറിഞ്ഞ , പുസ്തകത്തിൻ്റെ ഒരു കോണിൽ  കണ്ടുപരിചയമുള്ള പ്രണയ കഥകളിലും മാത്രം കേട്ടിട്ടുള്ള അഭിമാന നിർമിതി കണ്മുൻപിൽ കാണുമ്പോൾ അഭിമാനവും ആകാംഷയും മനസ്സിലൂടെ കടന്നു പോകുന്നു .. അതിരാവിലെ ആയത് കൊണ്ട് ആൾക്കൂട്ടം വളരെ കുറവാണ്. സമയം വൈകുന്തോറും ആളുകളുടെ എണ്ണവും വർധിക്കും. താജ് മഹൽ ആസ്വദിച്ചു കാണാൻ അത് തടസ്സമാകും. പ്രധാന പ്രവേശന കവാടം കഴിഞ്ഞാൽ ജ്യാമിതീയമായ  കൃത്യത പാലിക്കുന്ന ചാർ ബാഗ് എന്നുവിളിപ്പേരുള്ള വലിയൊരു ഉദ്യാനം.. അതിന് ഇടതു ഭാഗത്ത് നടുവിൽ താജ് മ്യൂസിയം.. താജ് മഹലിനുള്ളിൽ  ധാരാളം ഫോട്ടോ ഗ്രഫർമാരുണ്ട്. അവർക്ക് താജ് മഹൽ ഗാർഡൻ കഴിഞ്ഞ് മുൻപോട്ട് പോകാൻ അനുമതിയില്ല ... 50 രൂപയാണ് ഫോട്ടോ എടുക്കാൻ. ഞാനും  ചന്തമുള്ള നിർമിതിയെ പശ്ചാത്തലമാക്കി ഒരു ഫോട്ടോ പകർത്തി. ഫോട്ടോ ഗ്രാഫർ പല ഫോട്ടോ മാതൃക കളും കാണിച്ചു തരുന്നുണ്ട്.. സഞ്ചാരികൾ താജിനെ പശ്ചാത്തലമാക്കി പല രീതിയിൽ ചിത്രങ്ങൾ പകർത്തുന്ന തിരക്കിലാണ്.. മറ്റു ചിലർ ഇതിനൊന്നും സമയം കളയാതെ മഹാ നിർമിതിയുടെ  സൗന്ദര്യം സസൂക്ഷ്മം നിരീക്ഷിക്കുന്ന തിരക്കിലും , മറ്റുചിലർ ഉദ്യാനത്തിലിരുന്ന് സമയം ചിലവൊഴിക്കുന്നു. ഏകദേശം 17 ഏക്കർ സ്ഥലത്താണ് താജ് മഹൽ സ്ഥിതി ചെയ്യുന്നത്. അതിൽ താജ് മഹലിന്റെ മുൻപിൽ  300 സ്ക്വകയർ മീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഉദ്യാനമാണ് ചാർ ബാഗ് ഉദ്യാനം. ഇത്  യഥാർഥ മുഗൾ ഉദ്യാന മാതൃകയായി കണക്കാക്കപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ നടുവിലൂടെ  ഉയരത്തിൽ നിർമിച്ച വഴികൾ കൊണ്ട് ഉദ്യാനത്തിന്റെ നാലു ഭാഗങ്ങളായും അതിനെ 16 പൂത്തടങ്ങളായും തിരിച്ചിരിക്കുന്നു. ഇതിന്റെ നടുക്കായി മാർബിളിൽ ഉയരത്തിൽ പണിതിരിക്കുന്ന വലിയൊരു മാർബിൾ ടാങ്ക് സ്ഥിതി ചെയ്യുന്നു. അൽ ഹവ്‌ദ് അൽ-കവ്‌താർ എന്നാണ് അതിൻ്റെ വിളിപ്പേര് . സമചതുരാകൃതിയുള്ള ടാങ്കിന് മുകളിൽ കയറി താജ് മഹലിൻ്റെ ഭംഗി ആസ്വദിച്ചിരിക്കാൻ മാർബിളിൽ തീർത്ത ഇരിപ്പിടങ്ങളും നിർമിച്ചിട്ടുണ്ട്. ഇവിടെ നിന്നുകൊണ്ട് താജിൻ്റെ ഭംഗി പൂർണമായും ആസ്വദിക്കാൻ കഴിയും , മനോഹര പശ്ചാത്തലത്തിൽ ചിത്രങ്ങളെടുക്കാം, പ്രണയജോടികൾ ഇരിപ്പിടത്തിൽ ഇരന്നു താജിനേ നോക്കി വിശേഷങ്ങൾ പങ്കിടുന്നു. താജ് മഹലിൻ്റെയും പ്രധാന  കവാടത്തിനും ഏകദേശം പകുതി വഴിയിലായിട്ടാണ് ഈ മാർബിൾ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഈ മാർബിൾ ടാങ്കിലെ വെള്ളത്തിൽ താജ് മഹലിന്റെ പ്രതിഫലനം  കാ‍ണാവുന്നതാണ്. മറ്റു ഭാഗങ്ങളിൽ ഉദ്യാനം പലവിധ മരങ്ങൾ കൊണ്ടും ചെറിയ ഫൗണ്ടനുകൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു.പേർഷ്യൻ ഉദ്യാനങ്ങളുടെ മാതൃകയിൽ നിന്നും പ്രചോദനം കൊണ്ടിരിക്കുന്നതാണ് ചാർബാഗ് ഉദ്യാനം. ഈ രീതി ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മുഗൾ ചക്രവർത്തിയായ ബാബർ ആയിരുന്നു... മുഗൾ സാമ്രാജ്യ പതനത്തിനു ശേഷം താജ് മഹലിൻ്റെ  അവസ്ഥയും പരിതാപകരമായി മാറി. ചാർ ബാഗ് ഉദ്യാനം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിരുന്നു. അവർ സമ്മാനിച്ച മാലിന്യങ്ങൾ അവിടെ നിറഞ്ഞു കിടന്നു. കഴ്സൻ പ്രഭുവിൻ്റെ വരവോടെ അതിനെല്ലാം മാറ്റം സംഭവിച്ചു . താജിനു ചുറ്റുമുള്ള മനോഹരമായ മുഗൾ ശൈലിയിലുള്ള ഉദ്യാനത്തിൽ ലണ്ടൻ ഉദ്യാനങ്ങളുടെ മാതൃകയും കൊണ്ടുവന്നു അദ്ദേഹം.. അല്പം മൂടൽ മഞ്ഞും തണുത്ത കാറ്റും കൊണ്ട് താജിൻ്റെ പൂന്തോട്ടത്തിലൂടെ നടക്കുന്നത് പ്രത്യേക അനുഭവം തന്നെയാണ്..  താജ് മഹലിൻ്റെ തറ  ഭാഗത്തിന് പോലും രണ്ടാളിൽ കൂടുതൽ ഉയരമുണ്ട്.. എന്നാല് താജ് മഹലിൻ്റെ വലുപ്പം മൂലം ദൂരേ നിന്നാൽ ഉയരക്കൂടുതൽ അനുഭവപ്പെടില്ല. താജിന് താഴെ ചെറിയ വാതിലുകളും പ്രവേശന കവാടങ്ങളും കാണുന്നു. കിഴക്ക് ഭാഗത്ത്  ഗസ്റ്റ് ഹൗസും പടിഞ്ഞാറ് ഭാഗത്ത്  മുസ്ലിം ദേവാലയവും ചുവന്ന കല്ലുകൾ കൊണ്ട് നിർമിച്ചിരിക്കുന്നു. നടുവിൽ താജ് മഹലും സ്ഥിതിചെയ്യുന്ന കാഴ്ച. 
ദൂരേ തൂവെള്ള നിറത്തിൽ കാണുന്നെങ്കിലും  അടുത്ത് നിന്ന് നോക്കിയാൽ ചെറു മഞ്ഞ നിറമാണ് താജിന്, വാഹനപെരുപ്പവും വ്യവസായ ശാലകളും മാലിന്യങ്ങൾ കത്തിക്കുന്നതും തുടങ്ങി മലിനീകരണങ്ങൾ വെണ്ണ കല്ലിൻ്റെ ധവളിമക്ക് മങ്ങലേൽപ്പിചു. പച്ചയും തവിട്ടും കലർന്ന പാടുകൾ മാർബിളിൽ പതിഞ്ഞു തുടങ്ങി. നാല് ഭാഗവും ഒരേ പോലെയാണ് താജ് മഹൽ കാണാൻ.  എന്നാൽ യമുനാ നദിയുടെ നേരെ നിൽക്കുന്ന വടക്ക് ഭാഗത്തിൽ മതിൽ നിർമിച്ചു മറച്ചിട്ടില്ല. ബാക്കി താജിൻ്റെ പരിസരം  മൂന്നു വശവും മതിലുകൾ കൊണ്ട് മറച്ചിരുന്നു.. കാല പഴക്കം കൊണ്ട് മാർബിൾ കല്ലുകൾ ചില ഭാഗങ്ങളിൽ പൊടിഞ്ഞു പോയിരിക്കുന്നു .. ചിത്ര പണികൾ എല്ലാം ചിലയിടങ്ങളിൽ ദ്രവിച്ചുപോയി.. ചില സഞ്ചാരികൾ അവരുടെ നാമങ്ങൾ താജിൻ്റെ ശരീരത്തിൽ എഴുതി ചേർത്ത കാഴ്ചയും സങ്കടകരം തന്നെയായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തോടെ ഞാൻ താജ്മഹലിനടുത്തേക്ക് നടന്നു.. കൈകൾ ആദ്യമായി താജിൻ്റെ മാർബിൾ ഭിത്തിയിൽ വെച്ചൊന്ന് തലോടി.. എൻ്റെ കവിൾ തടം മാർബിളിൽ ഞാൻ ചേർത്തുവച്ചു അതി ശക്തമായ ചൂടിൽ മാർബിളിൽ നിന്നും ഒരു പ്രത്യേക തണുപ്പ് എൻ്റെ കവിളിലേക്ക് പടർന്നു....  നിർമിതിയുടെ ചുറ്റുമുള്ള നടപ്പാത വെള്ളയും ചുമപ്പും ഇടകർത്തി നിർമിച്ചിരിക്കുന്നു.  സ്വപ്ന യാത്രയുടെ സന്തോഷം പ്രിയപ്പെട്ടവരെ വീഡിയോ കോൾ വിളിച്ചു കാണിക്കുന്ന തിരക്കിലാണ് ഞാൻ. ആദ്യം വിളിച്ചത് എൻ്റെ ഏറ്റവും വലിയ സുഹൃത്തിനെയായിരുന്നു. ഷാമി ഷാജു , പ്രിയപെട്ടവൾക്ക് ഏറ്റവും വലിയ ആഗ്രഹമായിരുന്നു താജ് മഹൽ കാണാൻ , താജിൻ്റെ മുൻപിൽ നിന്നും വീഡിയോ കോൾ ചെയ്യണം എന്ന് പോകുന്ന ദിനം എന്നോട് പ്രത്യേകം പറഞ്ഞയിച്ചിരുന്നു അവൾ... വയറ്റിൽ തൻ്റെ ജനിക്കാൻ ദിവസങ്ങൾ മാത്രമുള്ള കുട്ടിയുമായി താജ് കണ്ടപ്പോലുള്ള അവളുടെ സന്തോഷം ഇന്നും എൻ്റെ മനസ്സിലുണ്ട്. പക്ഷേ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ എന്നെ കാത്തിരുന്നത് അവളുടെ മരണവാർത്തയായിരുന്നു.. 

ഗസ്റ്റ് ഹൗസ് വരാന്തയുടെ തണലിൽ ഞാൻ താജ് മഹലിൻ്റെ  ഭംഗി ഞാൻ ആവോളം ആസ്വദിക്കുന്നു.. താജ് മഹലിലെ ഓരോ ചിത്രങ്ങളും സൂക്ഷ്മമായ കൊത്തുപണികളും, ചെറുതും വലുതുമായ പാളികളും എല്ലാം എല്ലാ വശങ്ങളിലും ഒരേ അളവിൽ ഒരേ രൂപത്തിൽ അത്യധികം കൃത്യമായി ഒരു ചെറിയ കുറ്റം പോലും കണ്ടെത്താനാവാതെ നിർമിച്ചത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.. ഒരു മനുഷ്യന് ഇത്രയധികം പൂർണതയിൽ ഇങ്ങനെ ചെയ്യാൻ സാധിക്കുമോ എന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല യന്ത്രങ്ങൾ വരെ തോറ്റുപോകുന്ന കൃത്യത..
വലിയ താഴികക്കുടത്തിന് മുകളിൽ പൊന്മാൻ പക്ഷികൾ എന്തൊക്കെയോ കുസൃതി കാണിക്കുന്ന തിരക്കിലാണ്..  പിന്നിൽ പാതി ജീവനുള്ള യമുനാ നദി കാണാം യമുനാ നദിക്ക് അക്കരെ ഷാജഹാൻ തനിക്ക് വേണ്ടി നിർമിച്ചു എന്ന് കരുത പെടുന്ന ബ്ലാക്ക് താജിൻ്റെ ഫൗണ്ടേഷനും ചുറ്റും മെഹ്താബ് ബാഗ് പൂന്തോട്ടവും. 
യമുനാ 

നദിക്കരയിലാണ് താജ് മഹൽ തല ഉയർന്ന് നിൽക്കുന്നത് എങ്കിലും യമുന യുടെ നേട്ടം മറ്റൊരു നദിയുടെ നഷ്ടംകൂടിയാണ്. മുംതാസ് മഹൽ മരണ മടഞ്ഞ ബുർഹാൻപൂരിൽ താപ്തി നദിയുടെ തീരത്താണ് താജ് മഹൽ നിർമിക്കാൻ ഷാജഹാൻ തീരുമാനിച്ചത്. എന്നാൽ അവിടത്തെ നദീ തീരം അത്തരമൊരു സ്മാരകത്തിൻ്റെ നിർമാണത്തിന് ഉറപ്പുള്ളതായിരുന്നില്ല. യമുനാ നദി തീരത്തെ സ്ഥലം രജ്പുത്താനയിലുള്ള ആമെറിലെ ഭരണാധികാരി രാജാ മാൻ സിംഗ് കച്ച് വാഹയുടെ ഉടമസ്ഥതയിലായിരുന്നു. അദ്ദേഹത്തിൻ്റെ കൊച്ചുമകനായ രാജ ജയ് സിംഗാണ് അത് കൈവശം വെച്ചിരുന്നത്. പകരം നാലിടങ്ങളിൽ ഭൂമി നൽകികൊണ്ട് ഈ സ്ഥലം ഏറ്റെടുത്തു.   ഭൂമി കൈമാറ്റ രേഖകൾ ജയ്പൂർ കൊട്ടാര മ്യുസിയത്തിലും ബിക്കാനീറിലെ ആർക്കൈവ് സിലും ഇപ്പൊൾ സൂക്ഷിച്ചിരിക്കുന്നു. താജ് മഹലിൻ്റെ നടുവിൽ രണ്ടു വശങ്ങളിൽ  ചെറിയ കുളം നിർമിച്ചിരിക്കുന്നു , എന്നാല് അതിൽ ജലമൊന്നും കാണുന്നില്ല.. താജ് മഹലിൻ്റെ പുറകിൽ  ഇരുമ്പ് കമ്പികൊണ്ട് നിർമിച്ച സുഷിരങ്ങളുള്ള  അടച്ചിട്ടിരിക്കുന്ന  ഒരു ഭാഗം കാണാം , വിടവിലൂടെ നോക്കിയപ്പോൾ അത് ഉള്ളറയിലേക്ക് ഉള്ള നടപ്പാതയാണെന്ന് തോന്നുന്നു, ആളുകൾ അതിനുള്ളിലേക്ക് നാണയങ്ങളും നോട്ടുകളും ഇട്ടിട്ട് പോകുന്നുന്നുണ്ട്.. വലിയൊരു തുകയിലുള്ള ഇന്ത്യൻ രൂപ അവിടെ കുന്നുകൂടി കിടക്കുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും ജീവനക്കാർ വലിയൊരു ചൂലുപയോഗിച്ച് ഇതെല്ലാം വാരിയെടുത്ത് കൊണ്ടുപോകുന്ന കാഴ്ചയും എന്നിൽ കൗതുകമുണർത്തി. പലരും  പല വശങ്ങളിൽ നിന്നും ലോകാത്ഭുതത്തെ പശ്ചാത്തലമാക്കി ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലാണ്. മറ്റു ചിലർ മാർബിളിൻ്റെ ആകൃതിയും വാസ്തുവിദ്യയും സസൂക്ഷ്മം നിരീക്ഷിക്കുന്നു.. രാവിലെ 9 മണിയായി എങ്കിലും ശക്തമായ വെയിലും ചൂടുമാണ് പരിസരത്ത്. കുർആൻ സൂക്തങ്ങൾ കൈലിപികൾ കൊണ്ട് വെണ്ണകല്ലിൽ കറുത്ത കല്ലിൽ കൊത്തിയെടുത്ത് പതിച്ചിരുന്നു, അമാനത് ഖാൻ എന്ന കാലിഗ്രാഫറാണ് ഇതിൻ്റെ ശില്പി. പല നിറത്തിലുള്ള കല്ലുകൾ ഉപയോഗിച്ച് പുഷ്പങ്ങളും മറ്റും ഇതേ രീതിയിൽ വെണ്ണക്കല്ലിൽ പതിച്ചിരിക്കുന്ന കാഴ്ച അതി സൂക്ഷ്മമായ കലയുടെയും കഴിവിൻ്റെയും കൃത്യതയുടെയും പ്രതിരൂപമാണ്. ഇരുട്ടിൽ മറ്റു പ്രകാശത്തിൽ ഈ കല്ലുകൾ അതി ഗംഭീരമായ കാഴ്ച സമ്മാനിച്ചു മിന്നിത്തിളങ്ങും. താജ് മഹലിൻ്റെ ഉള്ളിൽ പ്രവേശിക്കുമ്പോൾ ലൈറ്റ് ഉപയോഗിച്ച് മാർബിളിൽ നോക്കിയാൽ അതിമനോഹരമായ ഭംഗി നമുക്ക് ആസ്വദിക്കാം. അതിനാൽ തന്നെ പൂർണ ചന്ദ്ര ദിവസങ്ങളിൽ താജ് മഹലിൻ്റെ ഉള്ളിലേക്ക് രാത്രി പ്രത്യേക പ്രവേഷനമുണ്ട്. നിറങ്ങൾ നൃത്തം വെക്കുന്ന നിർമിതിയാണ് താജ് മഹൽ സൂര്യ ചന്ദ്ര പ്രകാശങളുടെ  തീവ്രതക്കനുസരിച്ച് വെണ്ണക്കല്ലുകൾ ദൃശ്യ വിസ്മയം തീർക്കും. സൂര്യോദയ സമയത്ത് പിങ്ക് നിറവും വൈകുന്നേരങ്ങളിൽ തൂവെള്ള നിറവും പൂർണ ചന്ദ്ര നിറത്തിൽ സ്വർണ വർണം അണിയുമെന്നും സഞ്ചാരികൾ രേഖപ്പെടുത്തുന്നു. രാജസ്ഥാനിലെ മക്രാനയിൽ നിന്നാണ് പ്രധാനമായും താജ് മഹലിൻ്റെ മാർബിൾ കൊണ്ടുവന്നത്. താജ് മഹലിൽ പതിച്ചിട്ടുള്ള കല്ലുകൾ പലതും ടിബറ്റിൽ നിന്നും ചൈനയിൽ നിന്നും ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്നതാണത്രേ..

സഞ്ചാരികളുടെ തിരക്ക് കൂടുന്നു. കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന സമയമാണ് കോവിഡ് മുന്നറിയിപ്പുകൾ പല ഭാഗങ്ങളിലും എഴിതിവെച്ചിട്ടുണ്ട് എങ്കിലും ആർക്കും അതൊന്നും ബാധകമല്ല.. താജ് മഹൽ നിർമ്മിതിക്ക് ഉള്ളിൽ   കയറാൻ പ്രത്യേക പാസ് ആവശ്യമാണ്.. പുറമെ അന്തരീക്ഷം പോലെയല്ല.. വെണ്ണക്കല്ലിൻ്റെ തണുപ്പാണ് ഉൾഭാഗത്ത്.ഷാജഹാൻ ചക്രവർത്തിയും മുംതാസ് മഹലും അവിടെ വിശ്രമിക്കുന്നു. ഉള്ളിൽ അതി ഗംഭീരമായ ചിത്ര പണികളും കൊത്തു പണികളും. ശവകുടീരങ്ങളിൽ പതിച്ചിരുന്ന അമൂല്യമായ കല്ലുകൾ ഒരുകാലത്ത് ഇംഗ്ലീഷ് വിനോദ സഞ്ചാരികൾ പറിച്ചെടുതിരുന്നു എന്ന് കഴ്‌സൻ പ്രഭു എഴുതുന്നുണ്ട്. ശവകുടീരത്തിനു മുകളിൽ ചന്ധമേറിയ തൂക്ക് വിളക്ക്. ആ വിളക്കിനുമുണ്ട് ഒരു കഥ പറയാൻ. ബ്രിട്ടീഷ് ഇന്ത്യ യുടെ വൈസ്രോയി ആയിരുന്ന കഴ്സൻ പ്രഭുവിൻ്റെ സമ്മാനമാണത്.. മരണത്തിലേക്ക് നീങ്ങിയ താജ് മഹലിനേ സംരക്ഷിച്ചതും  ഇന്ന് വെറും ഭാവനയിൽ മാത്രം കാണേണ്ടിയിരുന്ന താജ് മഹലിനേ നിൽനിർത്തിയത്തും ഇദ്ദേഹമാണ്. കാട് കയറിയ താജ് മഹലിനേ മോടി പിടിപ്പിച്ചും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയതിനും ശേഷം താജ് മഹലിൻ്റെ ശൈലിക്ക് ഇണങ്ങുന്ന ഒരു വിളക്ക് സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിൻ്റെ തീരുമാനം. ഇന്ത്യയിൽ എവിടെയും അനുയോജ്യമായ വിളക്ക് കണ്ടെത്താൻ സാധിക്കാതെ ഒടുവിൽ ഈജിപ്തിലെ അലക്സാണ്ട്രിയ യില് നിന്നും അനുയോജ്യമായ വിളക്ക് കണ്ടെത്തി അദ്ദേഹം.. അതാണ് താജിനുള്ളിൽ ചന്തം തൂകി നിൽക്കുന്ന തൂക്കുവിളക്ക്.  ലോകം കണ്ട എഞ്ചിനീയറിഗ് വിസ്മയത്തിൽ യാതൊരു കുറ്റവും കുറവും കണ്ടെത്താൻ സാധിക്കില്ല.. സാങ്കേതിക വിദ്യകൾ വളരുന്നതിന് മുൻപ് ഇതുപോലുള്ള നിർമിതികൾ ലോകത്ത് നിലവിൽ വന്നത് അൽഭുതകരം തന്നെയാണ്.. താജ് മഹലിൽ നിന്നും ഞാൻ പുറത്തെ ഉദ്യാനത്തിലേക്കിറങ്ങി.. സഞ്ചാരികൾക്ക് താജ് മഹലിനേ പറ്റിയുള്ള ചെറു വിവരങ്ങൾ പല ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. കാഴ്ചയില്ലാത്തവർക്ക് വേണ്ടി  ബ്രെയിൽ ലിപിയിൽ വരെ ചരിത്രം എഴുതിവെചിട്ടുണ്ട് , ആ കാഴ്ച അത്യധികം പ്രശംസനീയം തന്നെ. ഉദ്യാനത്തിൽ പിങ്ക് ക്യാസിയ മരങ്ങൾ ധാരാളം നട്ടുപിടിപ്പിചിരിക്കുന്നു. വളരെ ഉയരം കുറഞ്ഞ ഇവ തണൽ മരമായും ഒരു ആവാസ കേന്ദ്രമായും ഒരേ സമയം നിലകൊള്ളുന്നു. ധാരാളം അണ്ണാര കണ്ണൻ മാരും കുരിവികളുടെയും താമസമേഖലയാണ് ഇവിടം. ഇന്ത്യൻ പാം സ്ക്വിറൽ എന്നറിയപ്പെടുന്ന ഇവിടെ കാണപ്പെടുന്ന അണ്ണാറ കണ്ണൻമാർക്ക് വലുപ്പം വളരെ കുറവാണ് , ആളുകളോട് വളരെ വേഗം ഇണങ്ങുന്ന ഇവ ആരെയും കൂസലില്ലാതെ സുഖജീവിതം നയിക്കുന്നു താജ് പരിസരത്ത്.

ശില്പഭംഗിയുള്ള വെറുമൊരു കെട്ടിടം മാത്രമല്ല താജ്മഹൽ, തനിക്കടുത്തെത്തുന്ന ഓരോരുത്തരോടും താജ്മഹൽ ഒരുപാട് കഥകൾ പറയും അതിൽ ഭാര്യയെ ജീവനേക്കാളേറെ സ്നേഹിച്ച ഷാജഹാൻ എന്ന മുഗൾ ചക്രവർത്തിയുണ്ട്, അദ്ദേ ഹത്തിന്റെ സങ്കടങ്ങളുണ്ട്, ശിൽപികളുടെ  ബുദ്ധിവൈഭവമുണ്ട്, 22000 തൊഴിലാളികളുടെ 22 വർഷത്തെ കഠിനാധ്വാനമുണ്ട്. 1983 ലാണ് യുനെസ്കോ താജ് മഹലിനേ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നത്. വെയിലത്ത് താജിൻ്റെ കല്ലുകൾ വെട്ടിത്തിളങ്ങുന്നതിനാൽ റൗള- എ - മുനവ്വറ അഥവാ തിളങ്ങുന്ന മഖ്ബറ എന്നാണ് ഷാജഹാൻ താജെന്ന എഞ്ചിനീയറിംഗ് വിസ്മയത്തെ വിളിച്ച പേര്. വാസ്തുവിദ്യയിൽ തൽപരനായിരുന്ന ഷാജഹാൻ ഒട്ടേറെ നിമിതികൾക്ക് ജന്മം നൽകി. അതിനാൽ ഭീമമായ തുക ഇതിനെല്ലാം മുടക്കുന്നത് കൊണ്ട് ഷാജഹാൻ സാമ്രാജ്യത്തിൻ്റെ അസ്ഥിവാരം ഇളക്കുകയാണ് ചെയ്തത് എന്ന് ചരിത്രകാരന്മാർ പറയുന്നു. 

വാസ്തു ഭംഗി കൊണ്ട് വിസ്മയിപ്പിക്കുന്ന ഈ നിർമിതിയുടെ ഒരു ഭാഗം പോലും മാറ്റി നിർത്താൻ സാധിക്കില്ല. അത്യധികം പൂർണതയിലാണ് ഇതിന് രൂപം നൽകിയത്. ഇന്ത്യയിലെ ആദ്യ വെണ്ണക്കൽ നിർമിതിയായ ബേബി താജ് എന്നറിയപ്പെടുന്ന ഇതി മാ ഉദ് ദൗള ടോമ്പ് , ഹുമയൂണിൻ്റെ ശവ കുടീരം എന്നിവയെല്ലാം താജിൻ്റെ നിർമാണത്തെ സ്വാധീനിച്ച ഒന്നായി കണക്കാക്കപ്പെടുന്നു.

 ശിഹാബ് അൽ ദീൻ മുഹമ്മദ് ഖുറം രാജകുമാരനെ ഷാജഹാൻ അഥവാ ലോകത്തിൻ്റെ ചക്രവർത്തി എന്ന പേര് നൽകിയത് പിതാവ് ജഹാംഗീർ ചക്രവർത്തിയാണ്. 1612 ലാണ് ജഹാംഗീർ ചക്രവർത്തിയുടെ പ്രധാനമന്ത്രിയുടെ  19 വയസ്സുള്ള അർജ്ജുമന്ത് ബാനു ബീഗതിന്നെ ഷാജഹാൻ തൻ്റെ 20 ആമത് വയസ്സിൽ വിവാഹം ചെയ്യുന്നത്.ഷാജഹാൻ പിന്നീട് കല്പിച്ചു നൽകിയ പേരാണ് മുംതാസ് മഹൽ. 1631 ല് സൈനിക ദൗത്യത്തിന് ചുക്കാൻ പിടിച്ചു ബുർഹാൻ പൂരിലായിരുന്നു ഷാജഹാൻ. 14 ആമത്തെ കുഞ്ഞിന് ജന്മം നൽകിയ മുംതാസ് അസുഖബാധിതയായി. 1631 ജൂൺ 17 ന് 30 മണിക്കൂർ നീണ്ട പ്രസവ ശുശ്രൂഷയ്ക്കിടെ പ്രണയ പുഷ്പം ലോകത്തോട് വിടപറഞ്ഞു . ബുർഹാൻ പൂരിലെ ആഹുഖാന യിലാണ് മുംതാസിനെ ഈയവും ചെമ്പും ചേർത്ത പേടകത്തിൽ മൈലാഞ്ചിയും ചന്ദനവും നിറച്ച് താൽകാലികമായി താപ്തി നദീ തീരത്ത് അടക്കം ചെയ്തത്. പിന്നീട് 1632 ജനുവരി 8 ന് ഷാജഹാൻ്റെ മകൻ ഷൂജാ രാജകുമാരൻ മുംതാസിൻ്റെ ശരീരം യമുനാ നദി തീരത്ത് പുന സംസ്കരിച്ചു . മുംതാസിൻ്റെ വിയോഗം ഷാജഹാൻ്റെ ജീവിതത്തെ തളർത്തി, ആഡംബരവും വിനോദവും ഉപേക്ഷിച്ചു 39 വയസ്സായിരുന്നു അന്ന് ഷാജഹാന് എന്നാൽ പിൽകാലത്ത് ഷാജഹാൻ എല്ലാ സുഖഭോഗങ്ങളിലും മുഴികിയെന്ന് യൂറോപ്യൻ സഞ്ചാരികൾ പറയുന്നുണ്ട്..  താജ് മഹൽ നിർമാണ സമയത്ത് ഓരോ ഘട്ടത്തിലും ഷാജഹാൻ നേരിട്ട് ശ്രദ്ധ പതിപ്പിച്ചു , ആവശ്യമായ മാറ്റങ്ങളും കൂട്ടി ചേർക്കലുകളും അദ്ദേഹം നിർദേശിച്ചു .1632 ലാണ് താജിൻ്റെ നിർമാണം ഔപചാരികമായി ആരംഭിച്ചത് . ഇന്ത്യയുടെയും ഒട്ടോമൻ സാമ്രാജ്യത്തില് നിന്നും പേർഷ്യയിൽ നിന്നും പ്രധാനമായും തൊഴിലാളികളെ കൊണ്ടുവന്നു. അലങ്കാര പണികൾക്ക് വേണ്ടി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഉപയോഗിച്ചു. ഭാരമേറിയ മാർബിൾ വലിക്കാൻ ആയിരത്തിൽ അധികം ആനകളെ ഉപയോഗിച്ചുവെന്നും ചരിത്രം പറയുന്നു .  ഒരു ശിൽപിയുടെ മാത്രം കഴിവല്ല താജ്മഹൽ. ധാരാളം ആളുകളുടെ കൂട്ടായ്മയായിരുന്നു ഈ മഹാ നിർമിതി.ഉസ്താദ് ഈസയുടെ കൈകൾ ഷാജഹാൻ വെട്ടിമാറ്റി എന്ന് പറയുന്നു എങ്കിലും അതിനുള്ള തെളിവുകൾ ഒന്നും ലഭ്യമല്ല. പ്രണയത്തിൻ്റെ പ്രതീകമാണ് താജ് എങ്കിലും അതിലുപരി ഷാജഹാൻ തൻ്റെ അധികാരത്തിൻ്റെയും പ്രതാപത്തിൻ്റെ യും പ്രതീകമായാണ് താജ് മഹൽ നിർമിച്ചത് എന്നും പറയപ്പെടുന്നു . ഷാജഹാൻ ചക്രവർത്തിയെ  ഔറംഗസേബ് ആഗ്ര കോട്ടയിൽ തടവിലാക്കിയ 6 വർഷങ്ങളിൽ അദ്ദേഹം താജ് മഹൽ നോക്കിയിരിക്കുമായിരുന്നു എന്നും , ഇല്ല എന്നും  വാദങ്ങളുണ്ട്. തേജോ മഹാലയ എന്ന ഹിന്ദു ക്ഷേത്രമായിരുന്നു താജ് മഹൽ എന്ന് പ്രൊഫസർ പി എൻ ഓക്ക് എന്ന വ്യക്തി താജ് മഹൽ ദ്  ട്ര്യു സ്റ്റോറി എന്ന പുസ്തകത്തിൽ പറയുന്നു . താജിലെ അലങ്കാര പണികളും വാസ്തു വിദ്യയും കാണിച്ചാണ് ഈ വാദം. എന്നാല് സുപ്രീം കോടതി ഈ വാദം തള്ളി കളഞ്ഞു.. ഒരു പക്ഷെ ഇന്ന് വെറും ഓർമയായി മാറേണ്ട പ്രണയ നിർമിതി സംരക്ഷിച്ചു നിർത്തിയവരുടെ പങ്ക് വളരെ വലുതാണ് സർ വില്യം ജോൺസും , കഴ്സൻ പ്രഭുവും താജിനേ നിലനിർത്താൻ ശ്രമിച്ചവരാണ്. ഭൂകമ്പവും ഇടിമിന്നലും താജ് മഹലിൻ്റെ കെട്ടുറപ്പിനെ ബാധിച്ചിരുന്നു , ഈസ്റ്റ് ഇന്ത്യാ കമ്പനി താജ് മഹൽ പൊളിച്ചു വിൽക്കാൻ തീരുമാനിച്ചതായിരുന്നു എന്നും പലരും ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. അതിൽ കൗതുക കരമായ ധാരാളം ചരിത്രമുണ്ട്.. രണ്ടാം ലോക മഹായുദ്ധ സമയത്ത് ബോംബർ വിമാനങളുടെ കാഴ്ചയിൽ പെടാതിരിക്കാൻ മുളകൾ ഉപയോഗിച്ചും , ഇന്ത്യ പാക്ക് യുദ്ധ സമയത്ത് കറുത്ത തുണിയും പുല്ലും ഉപയോഗിച്ച് താജ് മഹൽ ശത്രുക്കളിൽ നിന്നും മറച്ചിരുന്നു.  താജ് മഹൽ വിൽക്കാനുണ്ട് എന്ന് പറഞ്ഞു വിദേശ സഞ്ചാരികളുടെ കയ്യിൽ നിന്നും പണം വാങ്ങിയ ഒരാളുടെ കഥ 'നടുവർലാൽ , പാർലമെൻ്റ് മന്ദിരം പോലും ഇത്തരത്തിൽ വിൽപനക്ക് വെച്ച വ്യക്തിയാണ് അദ്ദേഹം.. നൂറ്റാണ്ടുകളെ അതിജീവിച്ച താജ്മഹൽ ഇന്നും പഴമയുടെ പ്രൗഡിയിൽ യമുനയുടെ തീരത്ത് നിലകൊള്ളുന്നു.. തന്നേ കാണാൻ എത്തുന്ന ആയിരക്കണക്കിന് സഞ്ചാരികളെ അൽഭുതപ്പെടുത്താൻ , പ്രണയത്തിൻ്റെ പ്രതീകമായി , സൂക്ഷ്മ കലയുടെ മാതൃകയായി , രാജ്യത്തിന് തന്നെ അഭിമാനമായി അവൻ അങ്ങനെ നിലകൊള്ളുന്നു... ഞാൻ തിരികെ യാത്രയായി.. താജിൻ്റെ കാഴ്ച കണ്ണിൽ നിന്നും മായുന്തോറും ഞാൻ മഹാ നിർമിതിയെ നോക്കി അകലങ്ങളിലേക്ക് നടന്നകന്നു.. സഞ്ചാരികളുടെ വലിയൊരു നിരതന്നെയുണ്ട് ഇപ്പൊൾ.. കാലം കടന്നുപോകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ താജ് മഹൽ ഇന്ത്യയുടെ ഒരു ഭാഗത്ത് നിലകൊള്ളുന്നു.. താജ് മഹലിൻ്റെ ചുവട്ടിൽ വെണ്ണ കല്ലിൻ്റെ തണുപ്പിൽ ഹൃദയത്തിലൂടെ കടന്നു പോകുന്ന ആ ഒരു വികാരത്തെ പറഞ്ഞറിയിക്കാൻ ആർക്കും സാധിക്കില്ല.. എത്ര തവണ കണ്ടാൽ പോലും മതിവരാത്ത മനസ്സ് മടുക്കാത്ത വെണ്ണ കല്ലിൽ തീർത്ത സ്വർഗ്ഗത്തോട് ഞാൻ യാത്ര പറഞ്ഞു .. വലിയൊരു ആഗ്രഹം നേടിയെടുത്ത സന്തോഷവും അഭിമാനവും.. അതങ്ങനെ നിലകൊള്ളട്ടെ വരും തലമുറക്ക് പ്രണയത്തിൻ്റെ കഥ പറയാൻ നൂറ്റാണ്ടുകളോളം ഇന്ത്യയുടെ മണ്ണിൽ....