സ്വർണ്ണഖനിയും പ്രേതനഗരവും
സ്വർണ്ണഖനിയും പ്രേതനഗരവും
പണവും പ്രതാപവുമുള്ള കാലത്തു ചുറ്റിലും ഒരുപാടുപേരുണ്ടാകും എന്നാൽ സമ്പത്തു വറ്റുമ്പോൾ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപെട്ട പല മനുഷ്യരെപ്പറ്റിയും നമ്മൾ കേട്ടിട്ടുണ്ട്. അത് പോലെ ഉപേക്ഷിക്കപ്പെട്ട ഒരു നഗരമാണ് അമേരിക്കയിലെ നെവാഡ കാലിഫോർണിയ അതിർത്തിയിലുള്ള റയോലൈറ്റ് ..ഇപ്പോൾ ഇതിനെ നഗരം എന്ന് വിളിക്കാൻ തന്നെ പറ്റില്ലെങ്കിലും സമൃദ്ധിയുടെയും ആഡംബരത്തിന്റെയും കഥപറയാനുള്ളൊരു ഭൂതകാലം ഇതിനുമുണ്ട് .
മനുഷ്യ വാസമില്ലാത്ത മരുഭൂമിയിൽ സ്വർണ നിക്ഷേപം കണ്ടെത്തിയതിനെ തുടർന്ന് 1900 ന്റെ തുടക്കത്തിലാണ് മോൺഗോമേറി ഖനന കമ്പനി ഇവിടേയ്ക്ക് വരുന്നത് . 30 ചതുരശ്ര മൈൽ പ്രദേശത്തിനുള്ളിൽ രണ്ടായിരത്തോളം ഖനന സൈറ്റുകൾ വരെയുണ്ടായിരുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് റയോലൈറ്റിന്റെ സമീപത്തുള്ള ഷോഷോൺ ആയിരുന്നു. പിന്നീടങ്ങോട്ട് റയോലൈറ്റിന്റെ വളർച്ച പെട്ടന്നായിരുന്നു. ബാങ്കുകൾ, സ്‌കൂൾ, ജനറൽ സ്റ്റോർ,ഹോട്ടൽ, ഇലക്ട്രിക്ക് പ്ലാന്റ്സ് തുടങ്ങി എല്ലാം തന്നെ റയോലൈറ്റിൽ പ്രവർത്തനം തുടങ്ങി. 1907 ൽ റയോലൈറ്റിൽ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് തുറന്നു. ന്യൂയോർക്, ഫിലാഡൽഫിയ, ലോസ് ആഞ്ചേലസ് തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ബ്രോക്കർമാരുൾപ്പടെയുള്ളവർ ഈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിനോദത്തിനുള്ള നിരവധി ഉപാധികളും റയോലൈറ്റിൽ ഉണ്ടായിരുന്നു, ബേസ്‌ബോൾ, ബാസ്കറ്റ് ബോൾ, ടെന്നീസ് ക്ലബ്ബുകൾ, സിനിമ തീയറ്റർ, ഓപ്പറ ഹൌസ്, റെഡ് ലൈറ്റ് ഡിസ്ട്രിക്ട് (അതെ, നമ്മൾ ചുവന്ന തെരുവ് എന്ന് വിളിക്കുന്ന അതെ ഏർപ്പാട് ) എന്നിവ അതിൽ ചിലതു മാത്രം. ഇവിടെയുള്ള റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ 800 കിലോമിറ്റർ ദൂരെയുള്ള സാൻ ഫ്രാൻസസിസ്കോയിൽ നിന്നുവരെയുള്ള യുവതികൾ എത്തിയിരുന്നുവത്രെ!
എന്നാൽ റയോലൈറ്റിന്റെ പ്രതാപം അധികകാലം നീണ്ടുനിന്നില്ല. 1907 ലെ സാമ്പത്തികമാന്ദ്യം റയോലൈറ്റിനെയും ബാധിച്ചു. മാത്രമല്ല സ്വർണഖനികൾ വറ്റി തുടങ്ങിയതോടെ മൈനിങ് കമ്പനികളുടെ പ്രവർത്തനവും മന്ദഗതിയിലായി. തുടർന്നങ്ങോട്ടുള്ള വർഷങ്ങളിൽ മൈനിങ് കമ്പനികളും ബാങ്കുകളും പൂട്ടിത്തുടങ്ങി. ന്യൂസ്‌പേപ്പർ മില്ലുകൾ ആദായമില്ലാത്തതിനെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു. 1910 ആയപ്പോഴേക്കും റയോലൈറ്റ് നഗരത്തിലെ അന്തേവാസികളുടെ എണ്ണം വെറും 611 ആയി. 1911 മാർച്ച് 14 നു മോൺഗോമേറി ഷോഷോൺ മൈനിങ് കമ്പനിയും മില്ലും പൂട്ടി. റയോലൈറ്റിലെ അവസാനത്തെ അന്തേവാസിയും അവിടം വിട്ടതിനെതുടർന്ന് 1916 ൽ നഗരത്തിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. അതോടു കൂടെ റയോലൈറ്റ് പൂർണമായ അർത്ഥത്തിൽ ഒരു ഉപേക്ഷിക്കപ്പെട്ട നഗരം (abandoned city) ആയി.
ഒരു മൂന്ന് നില ബാങ്ക് കെട്ടിടത്തിന്റെ പൊട്ടിപൊളിഞ്ഞ കുറച്ചു ഭാഗങ്ങൾ, ഒരു ജയിൽ കെട്ടിടം തുടങ്ങി വിരലിൽ എണ്ണാവുന്നതൊഴിച്ചാൽ ഒരു നഗരം നിലനിന്നിരുന്നതിന്റെ ഒരു പാട് അടയാളങ്ങളൊന്നും ഇന്നിവിടെ കാണാനില്ല.