മറക്കാനാവാത്ത ഒരു വിമാനയാത്ര!

banner
Profile

Resmi PK

Loyalty Points : 30

View All Posts

Give your rating
Average: 4.3 (3 votes)
Post Date : 27 Nov 2021
ഒരുപാട് പ്രതീക്ഷിച്ച ഒരു നിമിഷം തീർത്തും അപ്രതീക്ഷിതമായി വന്നു ചേർന്നപ്പോൾ...!

ആദ്യമായി ഒരു വിമാനയാത്ര നടത്തുന്നത് 2014 ൽ ആണ്, ചെന്നൈയിൽ നിന്നും ഡൽഹിയിലേക്കു എയർ ഇന്ത്യ airbus വിമാനം. അവിടുന്നങ്ങോട്ട്, ഗവേഷണത്തിന്റെ ഭാഗമായി നിരവധി ദേശീയ, അന്താരാഷ്ട്ര വിമാനയാത്രകൾ നടത്തിയിട്ടുണ്ട്. പിന്നീട് ജോലി ലഭിച്ചു യൂറോപ്പിൽ എത്തിയപ്പോൾ വിനോദയാത്രകൾക്കായി മാത്രം കുറച്ചേറെ വിമാനങ്ങൾ കയറിയിട്ടുണ്ട്. ഏകദേശം ഇരുപതിലധികം വിമാനക്കമ്പനികളുടെ വിവിധ തരം വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. എങ്കിലും വിമാനയാത്രകൾ എന്നും എനിക്ക് കുറച്ചെങ്കിലും ആശങ്കയുളവാക്കുന്നവയാണ്, പ്രത്യേകിച്ചും വിമാനം പറന്നുയരുന്ന സമയം. വിൻഡോ സീറ്റ് കിട്ടിയാൽ പോലും ചെവിയിൽ ഇയർഫോൺ തിരുകി, കണ്ണുകളടച്ചു ഇരുന്നാണ് ഈ സമയം തള്ളിനീക്കുന്നത്. എന്നെ ഏറ്റവും ഭയപ്പെടുത്തിയ പറന്നുയരൽ ആയിരുന്നു അത് - ഐസ്ലാൻഡിന്റെ തലസ്ഥാനമായ റെയ്‌കവികിൽ (Reykjavik) നിന്നും പറന്നുയർന്ന ഒരു ബോയിങ് 737-800 വിമാനം. എപ്പോഴത്തെയും പോലെ ഞാനും ഭർത്താവും കൂടിയാണ് യാത്ര. കുത്തനെ പെയ്യുന്ന മഴത്തുള്ളികളെ തിരശ്ചീനമായി കാണുന്ന വിധം ശക്തമായ കാറ്റ്, വിമാനം ആ കാറ്റിൽ ആടിയുലഞ്ഞു. പറന്നുയർന്നു സ്ഥിരതയാർന്ന ഉയരത്തിൽ എത്താൻ 15 മിനുട്ടോളം വേണ്ടി വന്നു. ഞങ്ങൾക്കിരുവർക്കും അടുത്തടുത്ത സീറ്റുകൾ ലഭിച്ചതുമില്ല, ഒരേ നിരയിലെ aisle സീറ്റുകളിലാണ് ഞങ്ങൾ ഇരുന്നത്. അങ്ങനെ ഭയവും സങ്കടവും നിറഞ്ഞു നിന്ന ആ നിമിഷങ്ങൾക്ക് ശേഷം ഒരു അത്ഭുതം സംഭവിച്ചു!

 

മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ഞങ്ങൾ റെയ്‌കവികിൽ എത്തിയത്. ശിശിരകാലം കഴിഞ്ഞു തണുപ്പുകാലം തുടങ്ങിയ ഈ സമയം തിരഞ്ഞെടുത്തതിന് ഒരു പ്രധാനകാരണമുണ്ടായിരുന്നു: Aurora borealis അഥവാ നോർത്തേൺ ലൈറ്റ് കാണുക. ഹൈസ്കൂൾ ഫിസിക്സ് പാഠപുസ്തകത്തിലെപ്പോഴോ ആദ്യമായി അറിഞ്ഞ ഈ പ്രതിഭാസം നേരിൽ കാണണമെന്ന ആഗ്രഹം മുള പൊട്ടിയിട്ടു കുറച്ചു വർഷങ്ങളായിരുന്നു. സൂര്യനിൽനിന്നും വരുന്ന ചാർജ് കണികകൾ ഭൂമിയുടെ കാന്തിക വലയം കാരണം ധ്രുവങ്ങളിലേക്ക് വ്യതിചലിക്കുന്നു, തുടർന്ന് അവ അന്തരീക്ഷത്തിലെ തന്മാത്രകളുമായി പ്രവർത്തിച്ചു, അവയുടെ ഊർജ്ജത്തിന് അനുസൃതമായ വർണങ്ങൾ പുറത്തു വിടുന്നു. ഭൂമിയുടെ ഉത്തരാർദ്ധഗോളത്തോടു കൂടുതൽ അടുത്ത് കിടക്കുന്ന പ്രദേശങ്ങളിൽ രാത്രിയിലെ ഇരുൾ നിറഞ്ഞ ആകാശത്തിൽ ആണ് ഇവയെ കാണാൻ കഴിയുന്നത്. അവയിൽ താരതമ്യേന തണുപ്പിന് കാഠിന്യം കുറവായതു കൊണ്ടാണ് യൂറോപ്യൻ മെയിൻലാൻഡിൽ നിന്നും പടിഞ്ഞാറു മാറിയുള്ള ഐസ്ലാൻഡിലേക്കു പോകാൻ തീരുമാനിച്ചത്. നഗരത്തിലെ വെളിച്ചത്തിൽ നിന്നും അകന്നു പോയി നോർത്തേൺ ലൈറ്റ് ഹണ്ടിങ് ടൂറിനു ബുക്ക് ചെയ്തു ഞങ്ങൾ കാത്തിരുന്നു. ആ അത്ഭുത നിമിഷം എങ്ങനെയായിരിക്കും എന്ന് പലകുറി ഞാൻ മനസ്സിൽ കണ്ടു. പക്ഷെ പ്രകൃതി പലപ്പോഴും പ്രവചനാതീതമാണല്ലോ! റെയ്‌കവികിൽ ഉണ്ടായിരുന്ന മൂന്ന് രാത്രികളിലും ഭാഗ്യം ഞങ്ങളെ തുണച്ചില്ല... മേഘാവൃതമായ ആകാശവും കനത്ത കാറ്റും മഴയും എല്ലാം ഞങ്ങളുടെ പ്രതീക്ഷകളുടെ നിറം കെടുത്തി. മനോഹരമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമായ ഭൂഭാഗമാണ് ഇവിടം. പ്രധാനപ്പെട്ട കുറെയേറെ ആകർഷണങ്ങൾ കാണാൻ സാധിച്ചിട്ടും ഞങ്ങൾക്ക് ഈ യാത്ര തികച്ചും അപൂർണമായി തന്നെ തോന്നി.

തിരികെയുള്ള വിമാനയാത്ര രാത്രിയിലായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. കണ്ണുകൾ ഇറുക്കിയടച്ചു ശ്വാസം അടക്കിപിടിച്ചു ഇരുന്നിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് പൈലറ്റിന്റെ അനൗൺസ്‌മെന്റ് വന്നു: "കുറച്ചു നേരത്തേക്ക് ക്യാബിൻ ലൈറ്റുകൾ അണയ്ക്കുവാൻ പോകുന്നു, നിങ്ങളുടെ ഇടതു വശത്തെ വിൻഡോയിലൂടെ പുറത്തേക്കു നോക്കിയാൽ നോർത്തേൺ ലൈറ്റ് കാണാം". വിമാനത്തിൽ ഇരുന്നുകൊണ്ട് നോർത്തേൺ ലൈറ്റ് കണ്ട ചില അനുഭവക്കുറിപ്പുകൾ വായിച്ചിരുന്നെങ്കിലും ആ ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല!! എന്റെ നിരയിലെ വിൻഡോ സീറ്റിൽ ഇരുന്നയാളുടെ ഊഴം കഴിഞ്ഞു ഞാനും പറ്റാവുന്നത്ര കഴുത്തു നീട്ടി എത്തി നോക്കി. അങ്ങനെ ആദ്യമായി ആകാശത്തു ഹരിതവർണത്തിൽ ആ അത്ഭുതം കണ്ടു! ഈ യാത്രയിൽ ഏറ്റവും ആഗ്രഹിച്ചിരുന്ന ഒരു കാഴ്ച... പക്ഷെ, തീർത്തും അപ്രതീക്ഷിതമായാണ് അത് ഞങ്ങൾക്ക് ലഭിച്ചത്... വിമാനത്തിലെ ഏറ്റവും പിൻനിരയിൽ ആയതിനാൽ പുറകിലെ എമർജൻസി എക്സിറ്റിലെ വിൻഡോയിലൂടെ ആവോളം ആ കാഴ്ച ആസ്വദിച്ചു (എന്റെ നിരയിൽ ഇരുന്ന സഹയാത്രികർ, മറ്റുള്ളവർക്കും ഈ കാഴ്ച ആസ്വദിക്കണം എന്ന് ഓർത്തതേ ഇല്ലെന്നു തോന്നുന്നു, ഒരിക്കൽ പോലും എഴുന്നേറ്റ് മറ്റുള്ളവർക് അവസരം കൊടുത്തതെ ഇല്ല..) പക്ഷെ വിമാനജാലകത്തിലൂടെ ആ മനോഹര ദൃശ്യം പകർത്തിയെടുക്കാൻ ഞങ്ങളുടെ മൊബൈൽ ക്യാമെറകൾ അമ്പേ പരാജയപ്പെട്ടു പോയി! എങ്കിലും നിരാശയും ഭയവും സന്തോഷത്തിനും പുഞ്ചിരിക്കും വഴി മാറിയ ഈ വിമാനയാത്ര ഞങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നായി മാറി.

Some Useful Travel Accessories