മണിയന്ദ്ര മലയിലെ മേഘപ്പാടങ്ങൾ
ഇടുക്കിയുടെ 360 ഡിഗ്രി കാഴ്ചകൾ കാണാം എറണാകുളം ജില്ലയിൽ നിന്ന്.
#maniyandram Hill top
#maniyandram Hill top
ബാല്യ കാലം മുതൽ കേട്ട് ശീലിച്ച ഒരു പേരാണ് മണിയന്ത്ര മല... ഒരു പക്ഷെ മനോഹരമായ കുമാരമംഗലം എന്ന എന്റെ കൊച്ചു ഗ്രാമത്തിന്റെ ചിത്രം വരച്ചാൽ ഇൗ ഒരു മലനിരയെ ഒഴിവാക്കാൻ കഴിയില്ല.. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എന്റെ ഏറ്റവും വലിയ ആഗ്രമായിരുന്നു ഇവന്റെ നെറുകയിൽ കയറുക എന്നത് . മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം എന്റെ പ്രിയ ഗുരുനാഥൻ ജോസഫ് സാർ ഞങ്ങളെയും കൊണ്ട് നടത്തിയ ചെറിയൊരു യാത്രയിൽ കൊയ്യാറായ നെൽപ്പാടങ്ങൾ ക്ക് പശ്ചാത്തലമായി നിൽക്കുന്ന മണിയന്ദ്രതെ സ്ളേറ്റിൽ വരക്കാൻ പറഞ്ഞതും എല്ലാവർക്കും സമ്മാനമായി നാരങ്ങ മിട്ടായി വാങ്ങി തന്നതും ഇന്നും എന്നും മനസ്സിൽ നിന്നും മായാത്ത ഓർമ്മകൾ തന്നെ.. ബാല്യകാലത്തെ സ്വർഗതുല്യമാക്കിയ ആ ഗുരുനാഥൻ വർഷങ്ങൾ കഴിഞ്ഞു ഞങ്ങളെ വിട്ടു പോയിട്ട്.. പക്ഷേ ഇന്നും ദൂരേ ഇൗ മല കാണുമ്പോൾ ഓർമ വരുന്നതും എന്റെ ഗുരു നാഥനെ തന്നെ..
തൊടുപുഴ നഗരത്തിൽ ഒട്ടുമിക്ക ഭാഗങ്ങളിൽ നിന്നും കാണാൻ സാധിക്കുന്ന ഇൗ മല യഥാർഥത്തിൽ ഇടുക്കി ജില്ല യുടെ ഭാഗമല്ല..തൊടുപുഴ ക്ക് സമീപം എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന നാഗപ്പുഴയിൽ നിന്നും 3 km ഉള്ളിലോട്ട് സഞ്ചരിച്ചാൽ മഞ്ഞല്ലൂർ ഗ്രാമ പഞ്ചായത്തിലാണു ഇത് സ്ഥിതിചെയ്യുന്നത്..
ഒരു ശൈത്യ കാലത്താണ് എന്റെ ഈ യാത്ര.. മഞ്ഞ് മൂടിയ കാഴ്ചകൾ സമ്മാനിക്കുന്ന മാസം... പ്രവേശന കവാടം പോലെ രണ്ട് മൊബൈൽ ടവറുകൾ മല മുകളിൽ കാണാം.. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഇവിടെ മൊബൈൽ ടവർ വരുന്നത്.. രാവിലെയും രാത്രിയും ഇതിന് മുകളിൽ നിന്നും കാണുന്ന ചുവന്ന പ്രകാശം എന്നെ ഒരുപാട് അൽഭുതപെടുത്തിയിട്ടുണ്ട്.. ചെറിയൊരു വന പ്രദേശത്ത് കൂടെ യാണ് യാത്ര.. ചീവീടുകൾ രാവിലെ തന്നെ ഉറക്കം ഉണർന്നിരിക്കുന്നു.. അവരുടെ പ്രഭാത സംഭാഷണങ്ങൾ ആണ് ചുറ്റും.. ഞങ്ങളുടെ വരവ് അവർക്ക് ഇഷ്ടമായില്ല എന്നോളം ശബ്ദത്തിന്റെ തീവ്രത കൂട്ടുന്നുമുണ്ട് വിരുതർ..
പാറകൂട്ടങ്ങളും ഉരുളൻ കല്ലുകളും എല്ലാം കടന്നു മുൻപോട്ട് പോവുക എന്നത് അല്പം സാഹസികത നിറഞ്ഞ കാര്യമാണ്.. ദൂരേ ഒരു വലിയ കുരിശു കാണാം.. മലയുടെ ഏറ്റവും മുകളിൽ തന്നെ അത് സ്ഥാപിച്ചിരിക്കുന്നു.. അതിന് അടുത്ത് തന്നെ ചെറിയൊരു പ്രാർത്ഥന മന്ദിരവും.. എന്നാല് വർഷത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ മാത്രമേ ഇവിടെ ആളുകൾ പ്രാർഥനയ്ക്ക് വരാറുള്ളൂ..
രണ്ട് കൂറ്റൻ പാറക്കെട്ടുകൾ കിടയിലുള്ള വിടവിലൂടെ തണുത്ത കാറ്റ് ശക്തിയായി അടിക്കുന്നു..
വലിയൊരു ആഗ്രഹം നേടിയത് പോലുരു തോന്നൽ .. ഞങൾ മലയുടെ ഏറ്റവും ഉയരത്തിൽ എത്തി ഇരിക്കുന്നു.. വളരെ മനോഹരമായ കാഴ്ചകൾ.. ചുറ്റും മഞ്ഞ് മൂടിയ കാഴ്ചകൾ.. താഴെ എന്റെ ഗ്രാമം..ഇവിടെ നിന്നുള്ള കാഴ്ചയിൽ എന്റെ ഗ്രാമം കൈ പത്തിയേക്കാൽ ചെറുതാണ്... ഒരു ഭൂപടത്തെ അനുസ്മരിപ്പിക്കുന്ന വിധം തൊടുപുഴയുടെ പൂർണ ചിത്രം.. മുകളിൽ നിന്നും നോക്കിയാൽ തൊടുപുഴ അതീവ സുന്ദരി ആണ് .. ചുറ്റും ഹരിത നിഭിട പ്രദേശങ്ങൾ.. അതിനിടയിൽ ചെറിയ ചെറിയ വീടുകൾ ദൃശ്യമാകുന്നു.. അങ്ങ് ദൂരേ പേരറിയാത്ത പ്രദേശങ്ങളും പശ്ചിമ ഘട്ട മല നിരകളും.. ഇലവീഴ പൂഞ്ചിറയും..ഹൈ റെയിഞ്ച് - ലോ റെയിഞ്ച് പ്രദേശങ്ങൾ.. പുറകിൽ എറണാകുളം ജില്ലയുടെ കാഴ്ചകൾ.. കേരളത്തിന്റെ പൈനാപ്പിൾ സിറ്റിയായ വാഴക്കുളവം പൈനാപ്പിൾ തോട്ടങ്ങളും കാണാം..
എന്നും അഹങ്കാരത്തോടെ എല്ലാത്തിനും മുകളിൽ പറന്നു നടന്ന പക്ഷി കൂട്ടങ്ങൾ താഴെ ചെറിയൊരു കറുത്ത പാടുപോലെ പറന്നു പോകുന്നതും കാണാം.. വീടുകളിൽ നിന്നും ഭക്ഷണം പാകം ചെയ്യുന്നതിന്റെ പുക ഉയരുന്നു ... സ്വപ്നങ്ങൾ നേടി എടുക്കാനുള്ള ഒരു പ്രഭാതം കൂടെ വരവായി... അങ്ങ് ദൂരേ മല മടക്കുകളിൽ നിന്നും മഞ്ഞ് ഒഴുകി എത്തുന്ന കാഴ്ച... തുറന്നു വിട്ട ജല സംഭരണിയിൽ നിന്നും ജലം പുറത്തോട്ട് ഒഴുകുന്ന പോലെ മഞ്ഞ് ഞങ്ങളുടെ മല നിരയെ മൂടാൻ തുടങ്ങുന്നു... പല തരത്തിലുള്ള ശബ്ദങ്ങൾ ഇവിടെ നിന്നാൽ കേൾക്കാം.. ഞാൻ അടുത്ത് കണ്ട പാറകെട്ടിൽ വലിഞ്ഞു കയറി കണ്ണും അടച്ചു സൈലൻസ് ഒഫ് നേച്ചർ ആസ്വദിക്കാൻ തുടങ്ങി.. അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആണ് ... ഓരോ ആളുകളും അനുഭവിച്ചറിയാൻ മറക്കുന്ന കാര്യം.. നിശബ്ദമായി തണുത്ത കാറ്റും ശ്വസിച്ച് പ്രകൃതിയിലെ ഓരോ ചലനവും ശബ്ദവും ചെവികൊണ്ട് മാത്രം അനുഭവിച്ചറിയുന്ന ആ നിമിഷം.... കണ്ണ് തുറന്നു നോക്കുമ്പോൾ കാഴ്ചകൾ എല്ലാം മാറിയിരിക്കുന്നു.. ശക്തരായ മഞ്ഞിൻ കൂട്ടങ്ങൾ താഴ്‌വര കാഴ്ചകൾ മറച്ചു കഴിഞ്ഞു.. തിരമാല പോലെ മഞ്ഞ് ഒഴുകി മാറുന്ന കാഴ്ചകൾ... അല്പം കൂടുതൽ സമയം കാഴ്ചകൾ കണ്ടതിന് ശേഷം ഞാൻ യാത്ര തിരിച്ചു .. എന്തോ ഒരു പ്രത്യേക സന്തോഷം മനസ്സിൽ അലതല്ലുന്നു ...