രാജസ്ഥാൻ - കുംഭൽഗഡ് കോട്ട

Give your rating
Average: 3.6 (5 votes)
banner
Profile

Rita

Loyalty Points : 145

Total Trips: 4 | View All Trips

Post Date : 25 May 2023
46 views

യാത്രകളിലെ വഴിയോരക്കാഴ്ചകളിൽ പലപ്പോഴും കാണുന്ന കാഴ്ചയാണ്, പലരുടേയും  സൂര്യനമസ്കാരം. ഡൽഹിയിലെ   യമുനാനദിയിൽ നിന്നും വരുന്ന  ആ ചുവന്ന ഗോളത്തെ, കാറിലൊക്കെ വന്ന് ആളുകൾ  ആരാധിക്കുന്നത് കാണുമ്പോൾ, ഈ കാലത്തും ഇതിന്റെ ആവശ്യമുണ്ടോ എന്ന് തോന്നാറുണ്ട്. പക്ഷെ  ഡിസംബറിലെ  യാത്രയിൽ ഞാനും സൂര്യനെ  വരവേൽക്കാനായിട്ട് നോക്കിയിരിക്കുകയാണ്. പ്രത്യേകിച്ചും ഇരുചക്രവാഹനത്തിലുള്ള യാത്രയിൽ !

പടിഞ്ഞാറൻ ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തിലെ ഗുജറാത്ത് അതിർത്തിക്കടുത്തേക്കാണ് യാത്ര. രണ്ടു ദിവസം കൊണ്ട് അവിടേക്ക് എത്തിച്ചേരാനായിട്ടാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ആദ്യത്തെ ദിവസത്തിലെ താമസിക്കാനുള്ള താവളത്തിലേക്ക് എത്താറായപ്പോഴേക്കും പകലിന്റെ ദൈർഘ്യം കുറവായതു കൊണ്ട് ദിവാകരൻ റ്റാറ്റ പറഞ്ഞു പോയിരിക്കുന്നു. കൂട്ടത്തിൽ ഞങ്ങൾ പ്രധാന ഹൈവേയിൽ നിന്നും മാറി ഏതോ ഗ്രാമവീഥിയിലുമാണ്. കുണ്ടും കുഴിയുമുള്ള പാതയും ഇരുവശങ്ങളിലെ കൃഷിയിടങ്ങളും വെളിച്ചമില്ലാത്തതും ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു.  പാതക്ക് വീതിയില്ലാത്തത് എതിർഭാഗത്തു നിന്നു വരുന്ന ട്രക്കു പോലുള്ള വാഹനങ്ങളുടെ വശം ചേർന്നുള്ള   യാത്രയും ഓവർടേക്കും,  വർഷക്കാലത്ത് കാണുന്ന കടലിലെ തിരമാലകളെ പോലെയായി മനസ്സ് .

 ശ്ശെടാ,  മുന്നോട്ട് പോകുതോറും ഏതോ മാന്ത്രികലോകത്തിൽ എത്തിയതു പോലെ . വൈദ്യുതി അലങ്കാരങ്ങളാൽ മനോഹരമാക്കിയ കെട്ടിടങ്ങളും അവിടേക്ക് വന്ന വാഹനങ്ങളും അതിഥികളും  എല്ലാം കൂടി മറ്റൊരു ലോകമാക്കിയിരിക്കുന്നു.

കുംഭൽഗഡ് കോട്ടയുടെ അടുത്തായിട്ടുള്ള റിസോർട്ടുകളാണതൊക്കെ . കോട്ടയുടെ തന്നെ വാസ്തുവിദ്യയാണ് ചില റിസോർട്ടുകൾക്കുള്ളത്.പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച കുംഭൽഗഡ് കോട്ട മേവാറിനെ മാർവാറിൽ നിന്ന് വേർതിരിക്കുന്നു. ആ കാലഘട്ടത്തിലെ പ്രശസ്ത വാസ്തുശില്പിയായ ' മന്ദൻ' -ന്റെ സഹായത്തോടെ രജപുത്ര വംശത്തിൽ നിന്നുള്ള 'റാണ കുംഭ'യാണ് , ഇപ്പോഴത്തെ രൂപത്തിൽ നിർമ്മിച്ചത്. ഗൂഗിൾ -  ചരിത്രവും വിവരണങ്ങളും പടങ്ങളും എല്ലാം നമ്മുടെ കൈയ്യ് തുമ്പിലിരുന്ന് ഒരു മടിയും കൂടാതെ പറഞ്ഞു തന്നു.

 കോട്ടക്കകത്ത് രണ്ടു - മൂന്ന് മണിക്കൂർ നടന്ന് കാണാനുണ്ട്. അതിസങ്കീർണമായ കൊത്തുപണികളുള്ള ക്ഷേത്രങ്ങളും അതിമനോഹരമായ കലാരൂപങ്ങളുള്ള ഈ കോട്ട, പടികളും ചരിവുകളുമൊക്കെയായി 4 കി.മീ. നടക്കാനുണ്ട്. വളരെ ഭംഗിയായിട്ട് പരിപാലിച്ചിരിക്കുന്നു.  ചരിത്രകഥകൾ പറഞ്ഞു തരാനായിട്ട് ഗൈഡുകൾ ലഭ്യമാണ്. 

ധാരാളം ക്ഷേത്രങ്ങൾ ഇതിനകത്ത് ഉള്ളതിനാൽ ക്ഷേത്രദർശനത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തു വരുന്നവരാണ് അവിടെ വന്നവരിൽ അധികവും. കോട്ടയുടെ ചരിത്രം ഉൾപ്പെടുത്തി കൊണ്ട് വൈകുന്നേരം 'light & sound ഷോയുണ്ട്. റിസോർട്ടുകാർ   കോട്ടയിലേക്കുള്ള യാത്ര സഫാരി ജീപ്പിലാക്കാനുള്ള സൗകര്യവും ഒരുക്കി തരുന്നുണ്ട്. വഴിയിലെ കുണ്ടും കുഴികളും വശങ്ങളിലെ കൃഷിപാടങ്ങളും സാഹസികതയുടെ ആക്കം കൂട്ടുന്നു.

കോട്ടകൾക്ക് പഞ്ഞമില്ലാത്ത രാജസ്ഥാനിൽ അതിനോട് ചേർന്ന് താമസസൗകര്യങ്ങളും ആവശ്യത്തിനുള്ള നേരംമ്പോക്കുകളും കൂട്ടിച്ചേർത്ത് നല്ലയൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാറുണ്ട് പലയിടത്തും. താമസത്തിനായി അവിടെ ചെന്നപ്പോഴും അങ്ങനെയാണെന്നാണ് ഞാനോർത്തത്. 

'കുംഭൽഗഡ് കോട്ട',രാജസ്ഥാനിലെ ഹിൽ ഫോർട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ലോക പൈതൃക സ്ഥലമാണിത്.

ചൈനയിലെ വൻമതിലിനു ശേഷം ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ മതിലാണിത്.  36 കിലോമീറ്റർ ചുറ്റളവുള്ള മതിലുകളാണ്.

ആശ്ചര്യപ്പെടുത്തിയ ഈ കോട്ടയുടെ മഹാത്മ്യത്തെ കുറിച്ച്

ഞാൻ അവിടെ ചെന്നപ്പോഴാണ് അറിയുന്നത്, നിങ്ങൾക്കോ?

 

Mount Abu

രാജസ്ഥാനും GPS യും ഗൂഗിളും എല്ലാവരും കൂടെ ആകെ സൗന്ദര്യപ്പിണക്കത്തിലാണെന്നാണ് പൊതുവെയുള്ള സംസാരം. അതുകൊണ്ടായിരിക്കാം  'മൗണ്ട് അബു'-യിലോട്ടുള്ള യാത്രയിൽ GPS ഞങ്ങളെ നയിച്ചത് പലപ്പോഴും ഉൾഗ്രാമങ്ങളിലൂടെയായിരുന്നു. കണ്ണെത്താദൂരം പരന്നു കിടക്കുന്ന കടുകുച്ചെടിയുടെ മഞ്ഞ പൂക്കൾ കാണുമ്പോൾ, ഏതോ പ്രിയദർശന്റെ സിനിമയിലെ പാട്ടുസീനുകളിൽ ചെന്ന് പെട്ടതുപോലെ.

മനോഹരമായ ഇത്തരം പ്രകൃതിദൃശ്യങ്ങൾ അദ്ദേഹത്തിന്റെ സിനിമയിൽ കണ്ടിട്ടുണ്ടോ എന്ന് സംശയം അതോ ഞാൻ അത്തരം സിനിമകൾ കാണാത്തതോ? അവസാനം GPS നെ ഉപേക്ഷിച്ച് പല നാട്ടുകാരോടും ചോദിച്ചിട്ടാണ് ഹൈവേ കണ്ടു പിടിക്കാനയത്. 

ആരവല്ലി പർവ്വതനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽ പച്ചപ്പും വനവും നിറഞ്ഞ കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് അബു, രാജസ്ഥാന്റെ വേനൽക്കാല തലസ്ഥാനമാണ്. തണുത്തതും ശാന്തവുമായ കാലാവസ്ഥ ഇതിനെ പ്രശസ്തമായ ഒരു ഹിൽസ്‌റ്റേഷനാക്കിയിരിക്കുന്നു. ഗുജറാത്ത് അതിർത്തിക്കടുത്തായതു കൊണ്ടായിരിക്കാം. ഭക്ഷണം കഴിച്ച ഭക്ഷണശാലയിലും വഴിയിലും എല്ലാം ഗുജറാത്തിൽ നിന്നുള്ളവരെയാണ് അധികവും കണ്ടത്.  ഭക്ഷണശാലയിലെ പല ഭക്ഷണങ്ങളും ഗുജറാത്ത് സ്പെഷ്യലുകളുമായിരുന്നു. ഈ സ്ഥലം ഗുജറാത്തിലാണോ എന്ന് പോലും സംശയിച്ചു പോയി.

"ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം " എന്നു പറയുന്നത് പോലെയാണ് റിസോർട്ട് ഉടമസ്ഥന്റെ മീശ ! ആ കൊമ്പൻ  മീശ - ഊഹം തെറ്റിയില്ല.   ജോലിയുടെ ഭാഗമായിട്ട് അദ്ദേഹം കേരളത്തിലും ഏതാനും നാൾ ജോലി ചെയ്തിട്ടുണ്ട്. മറ്റൊരാളിലെ  കാഴ്ചപ്പാടിൽ  കൂടി കേരളത്തിലെ വിശേഷങ്ങൾ അറിയുന്നതും രസകരം.

മനോഹരമായ ഈ  റിസോർട്ടിന്   ഒരു റൊമാന്റിക് കഥയും പറയാനുണ്ട്.. 1965 യിൽ  കവി വില്യം വേർഡ്സ് വർത്തിന്റെ അനന്തര തലമുറയിൽ പെട്ട ഡയാന വേർഡ്സ് വർത്ത് എന്ന ഇംഗ്ലീഷ് വനിത, ഗംഗയെക്കുറിച്ചുള്ള ഒരു സിനിമയിൽ പ്രവർത്തിക്കാൻ ഇന്ത്യയിലേക്ക് വരികയും ഇന്ത്യൻ ആർമിയിലെ കേണലും ഇന്ത്യയുമായി പ്രണയത്തിലാവുകയും  അങ്ങനെ ഇവിടെ താമസിക്കാൻ തീരുമാനിക്കുകയും ചെയ്തത്രേ ! വീടുപണി പൂർത്തിയാകുന്നതിന് മുമ്പ് കേണൽ അന്തരിച്ചു. 1984 - യിൽ ഡയാന വേർഡ്സ് വർത്ത് അന്തരിച്ചപ്പോൾ ഈ സ്ഥലം കണ്ടു പിടിച്ചു കൊടുത്തയാൾക്ക് ഈ സ്ഥലം കൈമാറി എന്നാണ് ചരിത്രം. ചരിത്രം പഠിക്കാൻ ഇഷ്ടമല്ലായിരുന്നുവെങ്കിലും ഇത്തരം കഥകൾ കേട്ടിരിക്കാൻ രസമുണ്ട്.

ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ഗുരുശിക്കാറിന്റെ വനപ്രദേശത്ത് മറഞ്ഞിരിക്കുന്ന  ഈ സ്ഥലം  പുന:സ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്തിരിക്കുന്നു. അരനൂറ്റാണ്ട് മുമ്പുള്ളതുപോലെ തന്നെ മനോഹരമായ കാഴ്ചകളും ശാന്തമായ പ്രകൃതിദത്ത ചുറ്റുപാടുകളുമുണ്ട്. ഈ ഭൂസ്വത്തിനകത്തുള്ള ഒരു കുന്നിലേക്ക്  ട്രെക്കിംഗും നടത്താവുന്നതാണ്.  അരമണിക്കൂറുകൊണ്ട്  ആ സാഹസം നടത്തി  വല്ലവിധവും കുന്നിൻ  മുകളിൽ എത്തുമ്പോൾ , ഇതിൽ എന്താണ് ഇത്ര പ്രയാസം എന്ന മട്ടിലാണ് അവിടെ മേഞ്ഞു നടക്കുന്ന പശുക്കളുടെ നോട്ടം നമ്മളോട് ചോദിക്കുന്നത് !

മനോഹരമായ സൂര്യോദയവും അസ്തമയവും മറ്റു നഗരക്കാഴ്ചകളും സമ്മാനിക്കുന്നു. 

മൗണ്ട് അബുവിനോടുള്ള ഗുജറാത്തുകാരുടെ അമിത സ്നേഹത്തിനുള്ള ഉത്തരം കിട്ടിയത് , വൈകുന്നേരങ്ങളിലെ 'ക്യാംപ് ഫയർ' ന്റെ അവിടെയാണ്. ഗുജറാത്ത് ഒരു 'dry state' ആണ്.😉

Thanks

റിറ്റ