Kashmir Diary

Give your rating
Average: 4.5 (2 votes)
banner
Profile

Shareena P

Loyalty Points : 85

Total Trips: 2 | View All Trips

Post Date : 11 Feb 2022
5 views

*മായാത്ത ഓർമകൾ സമ്മാനിച്ച കഷ്മീർ*

സംഘർഷ സാധ്യതയുള്ള ചൈന, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നീ  അതിർത്തികൾ പങ്കിടുന്ന കഷ്മീർ സഞ്ചാരികളുടെ സ്വപ്ന ലോകമാണ്.. 

സ്കൂളിൽ പഠിക്കുന്ന കാലത്ത് TV യിലെ ഒരു ഹിന്ദി സീരിയലിൽ ആണ് ദാൽ തടാകത്തിലെ (അന്നത് ദാൽ തടാകം ആണെന്ന് അറിയില്ലായിരുന്നു)  ഒഴുകുന്ന ഉദ്യാനം, മാർക്കറ്റ്,  മഞ്ഞു മൂടിയ വെള്ളി നിറമുള്ള മലകൾ എന്നിവയൊക്കെ  കാണുന്നത്. ഇതൊക്കെ ഒന്നു പോയി കാണണം എന്നപ്പോൾ തോന്നിയില്ലെങ്കിലും റോജ കണ്ടതോടെ  ആ സ്വർഗ്ഗം മനസ്സിൽ പതിഞ്ഞു.. പോകണം എന്ന ആഗ്രഹം കലശലായപ്പോൾ കൂട്ടുകാർക്കും ഫാമിലിക്കും ഒപ്പമുള്ള ഒരു യാത്ര പ്ലാൻ ചെയ്തു.  ടിക്കറ്റ് ബുക്ക് ചെയ്യാറായപ്പോഴേക്കും ലോക് ഡൗൺ വീണ്ടും വന്നതോടെ എല്ലാം തകിടം മറിഞ്ഞു. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ലേഡീസ് ഗ്രൂപ്പിന്റെ (My Travel Mate) കൂടെ പോകാൻ അവസരം ലഭിച്ചത്. ആ ഗ്രൂപ്പിൽ ഞാൻ ആകെ അറിയുന്നത് ഒരാളെ (കൊല്ലത്തുള്ള റംല ടീച്ചർ)  മാത്രം. പരിചയമില്ലാത്തവരുടെ കൂടെ   പോകാൻ ആദ്യം മടിച്ചു. എന്നാലും കഷ്മീർ എന്ന സ്വർഗ്ഗത്തെ കുറിച്ചുള്ള ചിന്തകൾ ഉറക്കം കെടുത്തിയപ്പോൾ   മറ്റൊന്നും ചിന്തിച്ചില്ല. ആമികുട്ടിയെ (Propriter of My Travel Mate)വിളിച്ച്  ടിക്കറ്റ് തുക ട്രാൻസ്ഫർ ചെയ്ത് സീറ്റ് ഉറപ്പിച്ചു..

2021  നവംബർ 1 മുതൽ 6 വരെ ആയിരുന്നു യാത്ര. ഓഗസ്റ്റ് മാസത്തിൽ തന്നെ ടിക്കറ്റ് ബുക്കിങ് നടത്തിയെങ്കിലും  യാത്രയെ പറ്റി ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു.. ഒന്നാമത് കോവിഡ് മൂന്നാം തരംഗം വരും എന്ന മുന്നറിയിപ്പ് . പിന്നെ RTPCR എന്ന കടമ്പ. 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് റിസൾട്ട് ഇല്ലാതെ  ശ്രീനഗറിൽ ചെന്നിറങ്ങാൻ പറ്റില്ലല്ലോ.

ശരിക്കും കൂടെ യാത്ര ചെയ്യുന്ന 48 പേരെയും എയർപോർട്ടിൽ വെച്ചാണ് കാണുന്നത്.. 10 മണിക്ക് കൊച്ചിയിൽ നിന്നും ഇൻഡിഗോ ആയിരുന്നു ഫ്ലൈറ്റ്. ശ്രീനഗർ അടുക്കാറായപ്പോൾ തന്നെ പോക്കു വെയിലേറ്റ് തിളങ്ങുന്ന വെള്ളി മലനിരകൾ കാണാമായിരുന്നു. അങ്ങനെ ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്നും വടക്കേ അറ്റത്തെ സ്വപ്നഭൂമിയിൽ  4.30 ഓടെ എത്തി ചേർന്നു..
ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച സ്ഥലത്ത് കാലു കുത്തിയപ്പോൾ ഉള്ള സന്തോഷം ഒന്നു വേറെ തന്നെയാണ്. ആദ്യ ദിവസത്തെ താമസം ദാൽ തടാകത്തിലെ ഹൗസ് ബോട്ടിൽ ആയിരുന്നു. തടാകത്തിൽ ആയിരകണക്കിന് ഇത്തരം ഹൗസ് ബോട്ടുകൾ സഞ്ചാരികളെ കാത്തു കിടപ്പുണ്ടായിരുന്നു. അതിൽ നിന്നുമുള്ള  പല വർണ്ണത്തിലുള്ള ലൈറ്റിന്റെ പ്രതിബിംബം തടാകത്തിൽ തെളിഞ്ഞു . നയന മനോഹരമായ കാഴ്ചയായിരുന്നു അത്.

പ്രഭാത ഭക്ഷണം കഴിഞ്ഞ ഉടനെ ദാൽ തടാകത്തിലെ ഷിക്കാരയാത്ര തുടങ്ങി.  യാത്രക്കിടെ മാല, കമ്മൽ, കുങ്കുമപ്പൂ, കാവ, പൂക്കൾ, എന്നിവ വിൽക്കുന്നതിനായി ചെറിയ  വഞ്ചികൾ നമ്മുടെ ഷിക്കാരയോട് ചേർന്ന് തുഴഞ്ഞു വന്നു കൊണ്ടേയിരുന്നു. ഇന്ത്യയിലെ ഒരേയൊരു ഫ്ലോട്ടിങ്  പോസ്റ്റ് ഓഫീസ് ദാൽ തടാകത്തിലാണ് ഉള്ളത്. തടാകക്കരയിലെ ബ്ലൂബെറി, ബ്ലാക്ബെറി , വാൾനെട്ട് തോട്ടങ്ങൾ, തടാകത്തിലെ ഷാൾ, ഡ്രെസ്സ് എന്നിവയുടെ കടകൾ , കൂട്ടത്തിൽ ഇടിഞ്ഞു പൊളിഞ്ഞ കടകൾ,  എല്ലാം കണ്ടുകൊണ്ട് ദാൽ തടാകത്തിന്റെ സൗന്ദര്യം നുകർന്നുകൊണ്ടുള്ള യാത്ര (ശരിക്കും ഒരു മാർക്കറ്റിലൂടെ തോണിയിൽ സഞ്ചരിച്ച അവസ്ഥ) 

*പഹൽഗാം*   ( *valley shepherds* )
ദാൽ തടാകത്തിൽ നിന്നും 100km ദൂരത്തിലാണ് പഹൽഗം സ്ഥിതി ചെയ്യുന്നത്. മിനി സ്വിറ്റ്സർലാൻഡ് എന്നുകൂടി പഹൽഗം അറിയപ്പെടുന്നു. വഴി നീളെ ആപ്രിക്കോട്ട്, ആപ്പിൾ മരങ്ങൾ കാണാം.  ഉരുണ്ട കല്ലുകൾക്കിടയിൽ തട്ടി തെറിച്ച് ഒഴുകുന്ന   നദികളിലെ വെള്ളത്തിൽ പ്ളാസ്റ്റിക് പോലുള്ള  യാതൊരു മാലിന്യങ്ങളും കണ്ടില്ല .  പിന്നെ നദിയിലെ തന്നെ ഉരുളൻ കല്ലുകൾ അടുക്കിവെച്ച്  മീറ്ററുകളോളം പാർശ്വഭിത്തി  കെട്ടിയതും കണ്ടു. ഒക്ടോബർ അവസാനത്തോടെ  കാഷ്മീരിൽ മഞ്ഞു പെയ്യാൻ തുടങ്ങി എന്നു കേട്ടപ്പോൾ കായ്ച്ചു നിൽക്കുന്ന ആപ്പിൾ മരങ്ങൾ കാണാമെന്ന പ്രതീക്ഷ കൈവിട്ടിരുന്നു. എന്നാൽ അതും കാണാൻ പറ്റി. കുങ്കുമപ്പൂ  പാടം കാണാൻ പറ്റി എന്നത് മറ്റൊരു ഭാഗ്യം. കറുക പുല്ലു പോലെയുള്ള ഇലകൾക്കിടെ ഉയർന്ന് നിൽക്കുന്ന കുങ്കുമപ്പൂ മനസ്സിലുണ്ടായിരുന്ന കുങ്കുമ ചെടിയുടെ പ്രതിഷ്ഠ ഇളക്കികളഞ്ഞു..

 മിലിട്ടറി ക്യാമ്പ് ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ട് സൈനീക വാഹനങ്ങൾ നീങ്ങുന്നതിനായി  പുലവാമയിൽ  എത്തിയപ്പോൾ മിലിട്ടറി റോഡ് ബ്ളോക് ചെയ്തിരുന്നു. എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചാണ് ആ കാഴ്ച്ച കണ്ടത്. കാരണം പുലവാമയിൽ  2019 ൽ നടന്ന ടെററിസ്റ്റ് അറ്റാക്കിന്റെ നടുക്കുന്ന ഓർമ്മ മനസ്സിൽ ഉണ്ടായിരുന്നു. റോഡ് നീളെ തോക്കേന്തിയ ജവാന്മാർ നമുക്ക് സുരക്ഷ ഒരുക്കുകയായെന്ന് അറിയാമെങ്കിലും നമ്മുടെ  നേരെ അവർ സംശയത്തോടെ നോക്കുന്ന പോലെ ഒരു തോന്നൽ ഉണ്ടായി എന്നത് സത്യം. അത്രയും സുരക്ഷിതമായ സ്ഥലത്തും മനസ്സിൽ ഒരു പേടി ഇല്ലാതിരുന്നില്ല..

*ചന്ദൻ വാരി* &  *ബെതാബ് വാലി*
 പെഹൽഗാമിൽ വരെ മാത്രമേ നമ്മുടെ വണ്ടിക്ക് പോകാൻ അനുമതിയുള്ളൂ . അവിടെ നിന്നും വാടക വണ്ടിയിൽ മാത്രമേ ചന്ദൻ വാരിക്കും ബെതാബ് വാലിക്കും പോകാൻ പറ്റുകയുള്ളൂ. 6 പേരുള്ള സംഘങ്ങളായി ഓരോ കാറുകളിൽ പെഹൽഗാമിൽ നിന്നും യാത്ര തുടർന്നു. ചന്ദൻ വാരിയിലെ യാത്രയിലാണ് മഞ്ഞു മൂടിയ റോഡുകൾ, കടകൾ, വീടുകൾ എന്നിവ കാണുന്നത്. കാഷ്മീരിലെ ഓരോ നിമിഷവും, ഓരോ കാഴ്ചകളും, ഒന്നിനൊന്ന്  വ്യത്യസ്തവും അതി  സുന്ദരവുമാണ് എന്നുറപ്പിക്കുന്ന കാഴ്ചയാണ് ഇരുവശത്തും കണ്ടത്. ഒന്നു കാഴ്ചയും നഷ്ടമാകാതിരിക്കാൻ ഒന്നു കണ്ണടക്കുക പോലും ചെയ്തില്ല.. സൂര്യ രശ്മികൾ തട്ടി തിളങ്ങുന്ന മഞ്ഞു മലകൾ, അവക്കിടയിലൂടെ ഒഴുകുന്ന നീർ ചാലുകൾ , റോഡിൽ വണ്ടി പോകുന്ന ഭാഗം ഒഴികെ എല്ലായിടത്തും മഞ്ഞു കൂമ്പാരങ്ങൾ.... എല്ലാം എല്ലാം നയന മനോഹരം. ചന്ദൻവാരിയിൽ നിന്നും  നേരെ പോയത് ബെതാബ് വാലിയിലേക്കാണ്. 

ഹെഗൻ വാലി ബോളിവുഡ് സിനിമകളുടെ ഒരു ലൊക്കേഷൻ ആണ്. ബെതാബ് എന്ന ഫിലിം ഷൂട്ട് ചെയ്തതോടെ ഹെഗൻ വാലി ബെതാബ് വാലിയായി മാറുകയായിരുന്നു.. ഷൂട്ടിംഗ് ലൊക്കേഷൻ ആണ് എന്നതിൽ നിന്നു തന്നെ ഈ വാലിയുടെ പ്രകൃതി രമണീയത മനസ്സിലായി കാണുമല്ലോ. വാലിയിലൂടെ ഒഴുകുന്ന ലാദർ നദിയിലേത് Cristal clear നീല കളറിലുള്ള വെള്ളം ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നദിയിലെ ഒരു ഭാഗത്ത് മാത്രമാണ് ഒഴുക്കുള്ളത്. ബാക്കി ഒഴിഞ്ഞു കിടക്കുന്ന ഭാഗത്ത് മഞ്ഞു പ്രതലവും, ശേഷിക്കുന്ന ഭാഗത്ത് നല്ല ഭംഗിയുള്ള ഉരുളൻ കല്ലുകളുമാണ്. 
മഞ്ഞു പുതച്ച മലകളും, പച്ചപ്പ്‌ നൽകുന്ന പൈൻ, ദേവദാരു മരങ്ങളും,  ചെറിയ അരുവികളും, ചില ഭാഗങ്ങൾ ഒഴികെ ബാക്കി എല്ലായിടത്തും മഞ്ഞു പരവതാനികളുമായി പറഞ്ഞറിയിക്കാനാവാത്ത വിധം സുന്ദരമായ ഇടം. സമയമായപ്പോൾ തിരിച്ചു പോകാതിരിക്കാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് ബെതാബിനോട് വിട പറഞ്ഞത്..
അതോടെ പെഹൽഗാമിനോടും വിട പറഞ്ഞു ശ്രീനഗറിലേക്ക് യാത്രയായി..ഇനിയുള്ള ദിവസങ്ങളിൽ ശ്രീനഗറിൽ കാഴ്ചകൾക്കായി..

*ഗുൽമാർഗ് **ഗൊണ്ടോല* 
ഏഷ്യയിലെ ഒന്നാമത്തെ നീളവും ഉയരവും കൂടിയതും, ലോകത്തെ രണ്ടാമത്തെ നീളവും ഉയരവും കൂടിയ കേബിൾ കാർ പ്രോജക്ട് ആണ് ഗുൽമാർഗിൽ  ഉള്ളത്.. അവിടേക്ക് പോകാൻ മുട്ടറ്റമുള്ള പ്രത്യേക ഷൂ, ജാക്കറ്റ്  (വരുന്ന വഴിക്കുള്ള കടകളിൽ വാടകക്ക് ലഭ്യമാണ്) എന്നിവ ആവശ്യമാണ്. ഗൊണ്ടോല ടിക്കറ്റ് കൗണ്ടറിന്റെ അടുത്തു വരെ നമ്മുടെ വാഹനം പോകാൻ അനുമതിയില്ല. കഷ്ടി 1 കിലോമീറ്റർ ദൂരത്തേക്ക് പോയി തിരിച്ചു വരാൻ ബൈക്കിന് 1000 രൂപയാണ് (കത്തിയാണ് എന്നറിഞ്ഞിട്ടും മുട്ട് വരെയുള്ള ഷൂ ഇട്ട് റോഡിലൂടെ നടക്കാനുള്ള ബുദ്ധിമുട്ട് ഒന്ന് കൊണ്ട് മാത്രമാണ് അതിൽ കയറിയത്). കുതിരപ്പുറത്തും (അതും കത്തി തന്നെ )അവിടെ എത്തിക്കുമെങ്കിലും പലപ്പോഴും കുതിരപ്പുറത്ത് നിന്നും വീഴാറുണ്ട് എന്നും കേട്ടു. 
ഗൊണ്ടോല phase1 ൽ ഞങ്ങൾ പോകുന്നതിന് 2 ദിവസം മുൻപ് മഞ്ഞു മൂടി നടക്കാൻ ബുദ്ധിമുട്ടായ അവസ്‌ഥയിൽ ആയിരുന്നു എന്ന് സുഹൃത്ത് പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾ പോയ ദിവസം  അതിഭയങ്കര അവസ്‌ഥ ആയിരുന്നില്ല. (എപ്പോൾ വേണമെങ്കിലും മാറാവുന്ന അവസ്ഥയാണ് എന്ന് സാരം) ഓക്സിജൻ ലെവൽ കുറയുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ Phase 2 ഒഴിവാക്കുന്നതാണ് നല്ലത്. ഓരോ phase ലേക്കും പ്രത്യേകം ടിക്കറ്റ് എടുക്കണം. ഗൊണ്ടോലയിൽ കയറാൻ മണിക്കൂറുകൾ വരി നിൽക്കണം എന്നത് കൂടി ഓർക്കേണ്ട കാര്യമാണ്.

*സോനാമാർഗ്*
*Meadow of Gold*
ശ്രീനഗറിൽ നിന്നും 80 km ദൂരത്തിലുള്ള ഹിൽ സ്റ്റേഷൻ ആണ് സോനാമാർഗ്. കഷ്മീരിൽ പോയിട്ട് മഞ്ഞു മഴ കിട്ടിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെ ആണ്. സോനാമാർഗിലേക്കുള്ള യാത്രയിലെ പ്രകൃതി രമണീയമായ കാഴ്ചകൾക്കൊപ്പം ചെറിയ രീതിയിൽ മഞ്ഞു മഴ കൂടി കിട്ടിതുടങ്ങി. സത്യത്തിൽ യാത്രക്കിടെ പുറത്ത് മഴ പെയ്യുകയാണ് എന്നാണ്  കരുതിയത്. പിന്നെ സംശയം തീർക്കാനായി ബസിന്റെ മുൻ സീറ്റിൽ  പോയി ഇരുന്നപ്പോഴാണ് ഗ്ലാസ്സിൽ വീഴുന്നത് മഞ്ഞാണ് എന്ന് മനസ്സിലായത്. വണ്ടി സോനാ മാർഗിൽ നമുക്ക് അനുവദനീയ സ്ഥലത്തു നിർത്തി കാഴ്ചകൾക്കായി  ടാക്സിയിൽ ആണ് പോകേണ്ടത്..ലഡാക്ക് റോഡിൽ പോകുമ്പോൾ മഞ്ഞിൽ കുളിച്ച ഹിമാലയൻ പർവത നിരകൾ, തെളി നീരൊഴുകുന്ന നദി, അങ്ങനെ എങ്ങോട്ട് നോക്കിയാലും തണുപ്പ് മാത്രം ഫീൽ ചെയ്യുന്ന  അവസ്‌ഥ.. പോകുന്ന വഴി ശ്രദ്ധയിൽപ്പെട്ട മറ്റൊരു കാര്യം  വീടുകളുടെ റൂഫ്‌ സ്ലോപ് ആണെന്നും  ഷീറ്റ് കൊണ്ടുള്ളതാണ് എന്നതാണ്..

*പൂക്കളുടെ നഗരം*
ഷാലിമാർ, നിഷാന്ത് ഗാർഡൻ ദാൽ തടാകത്തിന്റെ ഒരു വശത്താണ് സ്ഥിതി ചെയ്യുന്നത്.. കാഷ്മീരിന്റെ സൗന്ദര്യത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ചിന്നാർ മരങ്ങൾ ആണെന്നതിൽ സംശയമില്ല. വഴി നീളെ മഞ്ഞയും ചുകപ്പും നിറത്തിലുള്ള ഇലകളിൽ ചിനാർ മരങ്ങൾ പടർന്നു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.. മിക്കപ്പോഴും യാത്രക്കിടയിൽ ആ മരത്തിന്റെ ഫോട്ടോക്ക് വേണ്ടി ക്ലിക്കിയെങ്കിലും ഒന്നും ഒത്തു വരാതെ ഇരിക്കുമ്പോൾ തിരികെ 
പോരുന്നതിനു മുൻപ് ചിനാർ മരത്തിന്റെ ഫോട്ടോ വേണ്ടി റോഡ് സൈഡിൽ വണ്ടി നിർത്തിക്കണം എന്നൊക്കെ പ്ലാൻ ചെയ്തു വെച്ചിരുന്നു. എന്നാൽ ഗാർഡനിൽ പോയപ്പോൾ ഒരു ചിനാർ കാട് തന്നെ കാണാൻ പറ്റി. മഞ്ഞയും, ഓറഞ്ചും, ചുകപ്പും ഇലകളുള്ള മേപ്പിൾ ഇലകൾക്കിടയിൽ ഇരുന്നും, കിടന്നും ഫോട്ടോ എടുത്ത് കൊതി തീർത്തു. ചിനാർ ഇലകളുടെ ആകർഷണീയത അപാരമാണ്. മനസ്സിൽ നിന്നും ഒഴിഞ്ഞു പോകാതെ ഇപ്പോഴും നിൽക്കുന്നു. 

കഷ്മീർ കാവയും, മഞ്ഞു മഴയും, ഷിക്കാരയും ചിനാർ മരങ്ങളും, നീല വെള്ളം ഒഴുകുന്ന നദികളും എല്ലാം  കഷ്മീർ എന്ന മാസ്മരിക ഭൂമിയിലേക്ക് ആരെയും വീണ്ടും ആകർഷിക്കുന്നവ തന്നെ..യാത്ര കഴിഞ്ഞു വന്നിട്ട് മാസങ്ങൾ 3 കഴിഞ്ഞെങ്കിലും ഇന്നും മനസ്സിൽ മഞ്ഞു മഴ പെയ്തു തോർന്നിട്ടില്ല.  കഷ്മീരിനോട് വിട പറയുമ്പോൾ ഒന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.....മറ്റൊരു സീസണിൽ  പ്രിയപ്പെട്ടവരുമൊത്ത് ഒരിക്കൽ കൂടി ഭൂമിയിലെ സ്വർഗ്ഗത്തിൽ വരുമെന്ന്...