കാശി എന്ന വാരാണസി

Give your rating
Average: 4 (2 votes)
banner
Profile

Sohan Sathyarthy

Loyalty Points : 335

Total Trips: 13 | View All Trips

Post Date : 25 Feb 2022
44 views

ചില സ്ഥലങ്ങൾ അങ്ങനെയാണ് ,ഒരിക്കൽ സന്ദർശിച്ചാൽ വീണ്ടും വിളിച്ചു കൊണ്ടേ ഇരിക്കും.എന്താണ് അവിടത്തെ ആകർഷണീയത എന്ന് ചോദിച്ചാൽ പലപ്പോഴും ഉത്തരമുണ്ടാവില്ല .പേരില്ലാത്ത ,മനസിലാക്കാൻ കഴിയാത്ത ഏതോ ചിന്തകൾ തോന്നലുകൾ നമ്മളെ അങ്ങോട്ട് വിളിച്ചു കൊണ്ടിരിക്കും.അതുപോലൊരിടമാണ് കാശി.ഗംഗ ഘട്ടുകളിലൂടെ ഉള്ള അലച്ചിൽ .ആ യാത്രയിൽ കണ്ണുകളിൽ ഉണ്ടാകുന്ന പല കാഴ്ചകൾ .

ഗ്രാമങ്ങളിൽ നിന്നും കൂട്ടമായി എത്തി ഗംഗയിൽ കുളിച്ചു കാശി വിശ്വനാഥനെ തൊഴുതു ആത്മ സംതൃപ്തി അടയുന്ന നിരവധി ആളുകൾ.കാലഭൈരവൻ തങ്ങളെ സംരക്ഷിക്കും എന്ന ആശ്വാസവുമായി മടങ്ങി പോകുന്നു.പിന്നെ വെറുതെ കാഴ്ചകൾ കണ്ടു ഗംഗയെ കണ്ടു മടങ്ങുന്നവർ.കഞ്ചാവിന്റെ ലഹരിയിൽ ധ്യാന നിരതരായി മറ്റേതോ ലോകത്തു സ്വയം മറന്നു ഇരിക്കുന്നവർ.കാഷായ വസ്ത്രം ഉടുത്തുവരും,ദിഗംബരരും ആയ കുറെ സന്യാസി കൂട്ടങ്ങൾ.അവർക്കിടയിൽ ചില വിദേശ സന്യാസിമാരും.ഇത്തവണ പോയപ്പോൾ ഘാട്ടുകളിൽ കുടിൽ കെട്ടി താമസിച്ചിരുന്ന സന്യാസിമാർ വളരെ കുറവായിരുന്നു.ഒരു പക്ഷെ അവരെ ഘാട്ടുകളിൽ നിന്നും അധികൃതർ നീക്കം ചെയ്തതായിരിക്കാം .

അസ്സി ഘാട്ടിൽ നിന്നും തുടങ്ങിയ നടത്തം ഇപ്പോൾ മണികർണികാ ഘാട്ടിൽ എത്തിയിരിക്കുന്നു .നിരവധി ചിതകൾ എരിഞ്ഞു കൊണ്ടിരിക്കുന്നു .അന്തരീക്ഷത്തിൽ കനത്ത പുക.അടുത്തുള്ള കെട്ടിടങ്ങളുടെ നിറം പോലും കറുപ്പായിരിക്കുന്നു .ഘട്ടിന്റെ പടവുകളിൽ ഊഴം കാത്തിരിക്കുന്ന മൃത ശരീരങ്ങൾ .ഓർത്തു പോവുകയാണ് ഞാൻ ,മരണ ശേഷം പോലും അവസാനിക്കാത്ത കാത്തിരിപ്പിനെ കുറിച്ച്.ജീവിതം മുഴുവൻ പല തരം കാത്തിരിപ്പുകൾ.ഒടുവിൽ മരണ ശേഷവും മോക്ഷം നേടാനുള്ള കാത്തിരിപ്പു.

മണികർണികാ ഘാട്ടിൽ നിന്നും മുകളിലേക്കുള്ള ഗലിയിലൂടെ ആണ് ഇപ്പോൾ യാത്ര .കാശിയുടെ മുഖ മുദ്ര ആയ ഇടുങ്ങിയ ഗലികൾ ,അഴുക്കു ജലവും,ചാണകവും ഒക്കെ ഇഴുകി ചേർന്ന ഗലികൾ .പ്രശസ്തമായ ഒരു ലസ്സി കട തേടിയാണ് യാത്ര.കാശി സ്‌പെഷ്യൽ ആയ ഭാംഗ് വാലാ ലസ്സി ആണ് ലക്‌ഷ്യം.അതും കുടിച്ചു ആരതി കാണുവാനായി വീണ്ടും ഘാട്ടുകളിലേക്കു .

ആരതി കാഴ്ചകൾ മനോഹരമായിരുന്നു .തികച്ചും ഭക്തി സാന്ദ്രമായ അന്തരീക്ഷം.സിരകളിലൂടെ ഭംഗിന്റെ കണികകൾ ഓടി നടക്കുന്നു.ആരതി കഴിഞ്ഞു ആൾക്കൂട്ടവും ഒഴിഞ്ഞിട്ടും ഗംഗാ തീരത്തു വീണ്ടും കുറെ നേരം സ്വസ്ഥമായി ഇരുന്നു.

അടുത്ത ദിവസം അതി രാവിലെ അസ്സി കാട്ടിലേക്ക്.സുബഹ് - എ -ബനാറസ് എന്ന പരിപാടി കാണുക ആണ് ലക്‌ഷ്യം.രാവിലത്തെ ഗംഗാ ആരതി.യോഗ ,സംഗീത പരിപാടി അങ്ങനെ പലതും ചേർന്നതാണ് subah -E -banaras .കൂട്ടത്തിൽ മനോഹരമായ സൂര്യോദയവും കാണാം.ഒരു വിദേശിയുടെ വീണയും സ്വദേശിയുടെ തബലയും ചേർന്നുള്ള ജുഗൽ ബന്ദി ആയിരുന്നു അന്നത്തെ സംഗീത വിരുന്നു .

അത് കഴിഞ്ഞു മഞ്ഞു മൂടിയ ഗംഗയിലൂടെ ഒരു തോണി യാത്ര നേർത്ത തണുപ്പ് നുകർന്ന് മനോഹരമായ ഒരു യാത്ര.ഗംഗയോട് യാത്ര പറയുവാനുള്ള സമയം ആയി.വീണ്ടും എപ്പോഴെങ്കിലും തിരിച്ചു വരും എന്നൊരു യാത്ര മൊഴിയോടെ .

നബി : ഗംഗാ ഘാട്ടുകളിലെ ചില തെരുവ് കാഴ്ചകൾ ആണ് മൊബൈൽ ചിത്രങ്ങൾ

എത്തിപ്പെടാൻ കേരളത്തിൽ നിന്നും വീക്കിലി ട്രെയിൻ ഉണ്ട്,താമസിക്കാൻ ഒരു പാട് സ്ഥലങ്ങൾ ഉണ്ട്,റെയിൽവേ സ്റ്റേഷൻ അടുത്തും,ഘാട്ടുകൾക്കു അടുത്തും.