ജപ്പാൻ ദിനങ്ങൾ (Part-3) ..... ക്യോട്ടോ, ടൊയാമ

Give your rating
Average: 4.5 (2 votes)
banner
Profile

Renjith Das

Loyalty Points : 270

Total Trips: 4 | View All Trips

Post Date : 17 Jun 2021

ക്യോട്ടോയിലെ നിജോ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ. റെയിൽവേ സ്റ്റേഷനിൽ നിന്നും JR ബസ്സ് സർവീസുകൾ അരമണിക്കൂർ ഇടവിട്ട് ആ ഭാഗത്തേക്ക് ഉണ്ട്. ജപ്പാൻ റെയിൽവേയുടെതാണ് ഈ സർവീസും, JR പാസ് ഉപയോഗിച്ചുകൊണ്ട് ഫ്രീ ആയി യാത്രചെയ്യാം. ബസ് സ്റ്റേഷൻ കണ്ടുപിടിക്കാനുള്ള ചെറിയ ബുദ്ധിമുട്ടും ആശയ വിനിമയത്തിന്റെ ചെറിയ പ്രശ്നങ്ങളും കാരണം JR ബസ്സുകളുടെ സമയം കൃത്യമായി മനസിലാക്കാൻ സാധിച്ചില്ല. ജപ്പാൻകാർ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിൽ കുറച്ചു പിന്നിലാണ്. എങ്കിലും അവരെക്കൊണ്ട് ആകുന്ന വിധത്തിൽ അവർ സഹായിക്കുവാൻ ശ്രമിക്കും. ജപ്പാനിൽ ടാക്സികൾ നല്ലൊരു തുക ചാർജ് ആയി ഈടാക്കും, അതിനാൽ നടത്തം തന്നെ ശരണം. ഞങ്ങൾ ആ ഒരു കിലോമീറ്റർ ദൂരം സാധനങ്ങളും എടുത്തുകൊണ്ട് നടന്നു. ബസ്സിന്റെ സ്റ്റോപ്പുകളും സമയവും മറ്റും ഞങ്ങൾ ആ യാത്രയിൽ കണ്ടുവച്ചു. ഓരോ ബസുകളുടെയും സമയം, ആ ബസ്സ് ഇനി നമ്മൾ നിൽക്കുന്ന സ്റ്റോപ്പിൽ എത്തുവാൻ എത്ര സമയം എടുക്കും, ഏതൊക്കെ സ്റ്റോപ്പുകൾ ആണ് ആ ബസ്സിന് ഉള്ളത് - തുടങ്ങിയ വിവരങ്ങൾ എല്ലാം ബസ് സ്റ്റോപ്പിലെ ചെറിയൊരു ഡിജിറ്റൽ ഡിസ്പ്ലേയിൽ എഴുതികാണിച്ചുകൊണ്ടിരിക്കും. ഇങ്ങനെയുള്ള വിവരങ്ങൾ കൃത്യമായി നൽകുന്നത് യാത്രക്കാർക്ക് വളരെയധികം സഹായകരമാണ്. മറ്റൊരു രാജ്യത്തും ഇങ്ങനെയൊരു സൗകര്യം ഉള്ളതായി കണ്ടിട്ടില്ല. വലിയ ബസ് സ്റ്റേഷനുകളിൽ ഈ സൗകര്യം ഉണ്ടെങ്കിൽ തന്നെ ഇതുപോലെയുള്ള ചെറിയ ബസ് സ്റ്റോപ്പുകളിൽ ഇങ്ങനെയുള്ള സംവിധാനം ഉള്ളത് ഒരു പക്ഷെ ജപ്പാനിൽ മാത്രം ആയിരിക്കാം.

അങ്ങനെ ഞങ്ങൾ ഹോട്ടലിൽ എത്തി. ഹോട്ടലിലെ റിസെപ്ഷ്യനിസ്റ് ആയ വനിത ഞങ്ങളെ ചെക്ക് ഇൻ പൂർത്തിയാക്കി മുറി കാണിച്ചു തന്നു. രണ്ടാം നിലയിലാണ് ഞങ്ങൾക്കുള്ള മുറി. വലിയ മുറി, മൂന്ന് ബെഡുകൾ, വാഷിംഗ് മെഷീൻ, ചെറിയൊരു അടുക്കള അങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള നല്ലൊരു മുറി. ഹോട്ടലിലിക്ക് നടന്നപ്പോൾ കണ്ടുവച്ചിരുന്ന അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിൽ പോയി കുറെ സാധനങ്ങൾ വാങ്ങിയ ശേഷം രാത്രി ഭക്ഷണം ഞങ്ങൾ സ്വയമേ പാചകം ചെയ്തു. ക്യോട്ടോയിൽ കാണുവാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റും പ്ലാനുമെല്ലാം ഒന്നുകൂടി ഉറപ്പുവരുത്തിയ ശേഷം ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഞങ്ങളുടെ എല്ലാ യാത്രകളിലും ഇങ്ങനെയാണ് - ഒരു പെർഫെക്റ്റ് ഷെഡ്യൂൾ ഉണ്ടെങ്കിലും തലേദിവസം ഒന്നുകൂടി ഉറപ്പിക്കും. പിന്നെ പിറ്റേന്നത്തേക്കുള്ള വസ്ത്രങ്ങളും മറ്റും തയാറാക്കി വയ്ക്കും, രാവിലത്തെ തിരക്ക് കുറക്കുന്നതിന്.

 

പഞ്ചാബ് അമൃത്സറിലെ സുവർണ ക്ഷേത്രത്തിനു സമാനമായി ഒരു ഗോൾഡൻ ടെംപിൾ ജപ്പാനിലും ഉണ്ട് - കിൻകാകൂജീ ഗോൾഡൻ ടെംപിൾ. ഇന്നത്തെ ഞങ്ങളുടെ പ്രധാന കേന്ദ്രം അതാണ്. JR ബസ്സിൽ കയറി ഞങ്ങൾ അവിടേക്ക് യാത്ര തിരിച്ചു. ക്യോട്ടോവിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റു സ്ഥലം! വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് കിൻകാകൂജി ഗോൾഡൻ ടെംപിൾ. തൊട്ടടുത്തുതന്നെ ഒരു ചെറിയ വനമുണ്ട്. വളരെനേരത്തെ തന്നെ എത്തിയിരുന്നെങ്കിലും അപ്പോഴേക്കും തിരക്ക് തുടങ്ങിയിരുന്നു. ടിക്കറ്റ് എടുക്കാൻ തന്നെ അരമണിക്കൂർ വേണ്ടി വന്നു. ആ സുവർണ ക്ഷേത്രവും പരിസരവും കണ്ടു തിരികെ ഇറങ്ങി ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ കണ്ട മെക്ഡൊണാൾഡ്സ്(McDonald’s) നിന്നും ഞങ്ങൾ കോൺ ഐസ്ക്രീമുകൾ വാങ്ങി കഴിച്ചു. ലോകത്ത് എല്ലായിടത്തും മെക്ഡൊണാൾഡ്സിൽ ഏറ്റവും വില കുറച്ചു ലഭിക്കുന്ന സാധനം....! അവിടെ കോൺ ഐസ്ക്രീമുകൾക്ക് 65 ഇന്ത്യൻ രൂപ വില വരും. ഇതേ കോൺ ഐസ്ക്രീം ഇന്ത്യയിൽ 15 രൂപയും, മലേഷ്യയിൽ 28 രൂപയുമാണ്.

അവിടെ നിന്നും “അരഷിയാമാ ബാംബൂ ഫോറെസ്റ്റി”ലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. നിരവധി സിനിമകളുടെ ഷൂട്ടിങ് ഈ മുളം കാടുകളിൽ വെച്ച് നടത്താറുണ്ട്. വിജയുടെ തമിഴ് സിനിമയായ "ജില്ല" യിലെ ‘കണ്ടാഗീ….. കണ്ടാഗീ…’ എന്ന പാട്ട് ഷൂട്ട് ചെയ്തത് ഇവിടെ വെച്ചായിരുന്നു. വാഹനങ്ങൾ ഇതിനുള്ളിൽ അനുവദിക്കുകയില്ല. പകരം ആളുകൾ വലിക്കുന്ന റിക്ഷകൾ ആണ് ഇതിലൂടെ സഞ്ചരിക്കാൻ വേണ്ടി ടൂറിസ്റ്റുകൾക്ക് അനുവദിച്ചിട്ടുള്ളത്. മനുഷ്യർ ചവിട്ടുന്ന റിക്ഷകൾ കണ്ടിട്ടുണ്ടെങ്കിലും വലിച്ചുകൊണ്ടു പോകുന്ന റിക്ഷകൾ ആദ്യമായി കാണുകയായിരുന്നു ഞങ്ങൾ. നിശ്ചിതതുക അടച്ചാൽ ആ ബാംബൂ ഫോറസ്റ്റ് മുഴുവനും അവർ കൊണ്ടുപോയി കാണിച്ചുതരും. ഞങ്ങൾ അവിടെയെല്ലാം നടന്ന് അതിന്റെയെല്ലാം ഫോട്ടോ എടുത്തു. അതിനുശേഷം ട്രെയിനിൽ കയറി ക്യോട്ടോ നഗരത്തിലേക്ക് തിരിച്ചു. നദികളും നെൽപ്പാടങ്ങളും എല്ലാം ട്രെയിനിൽ ഇരുന്നുകൊണ്ടു കണ്ടു.

ജപ്പാനിൽ പബ്ലിക് ടോയ്ലെറ്റുകൾ എവിടെയും കാണാം. വളരെ വൃത്തിയുള്ളതും കാണാൻ ഭംഗിയുള്ളതുമായ ടോയ്ലെറ്റുകൾ. കൂടാതെ മനോഹരമായ ഇരിപ്പിടങ്ങളും ധാരാളം ഒരുക്കിയിരിക്കുന്നത് കാണാം. അതിലെല്ലാമുപരിയായി മറ്റൊരു കാര്യം കൂടി ഉണ്ട് - ജപ്പാനിലെ പബ്ലിക് ടോയ്ലെറ്റുകൾ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്, യാതൊരു നിരക്കും ഈടാക്കുകയില്ല. മിക്ക വിദേശ രാജ്യങ്ങളിലും പണം നൽകി ഉപയോഗിക്കുന്ന പബ്ലിക് ടോയ്ലെറ്റുകൾ ആണ് ഉള്ളത്. ഞങ്ങളുടെ ഹോട്ടലിനടുത്തായി ഒരു കാസിൽ ഉണ്ട്. ഞങ്ങൾ മടങ്ങിയെത്തിയപ്പോൾ പ്രവേശന സമയം കഴിഞ്ഞിരുന്നു, അതിനാൽ ഞങ്ങൾ അതിന്റെ പുറത്തുകൂടി വെറുതെ നടന്നു. നേരം ഇരുട്ടിത്തുടങ്ങിയപ്പോഴേക്ക് ഞങ്ങൾ അവിടെനിന്നും ഹോട്ടലിലേക്ക് മടങ്ങി.

ജപ്പാനിലെ ഹിൽസ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന ടൊയാമയിലേക്കാണ് ഞങ്ങൾക്ക് പോകേണ്ടത്. അതിനായി തലേദിവസം തന്നെ ട്രെയിൻ സീറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്. ട്രെയിനിൽ യാത്ര സൗജന്യം ആണെങ്കിലും ചില ട്രെയിനുകളിൽ സീറ്റുകൾ റിസെർവ് ചെയ്യണം. അതിന് അധിക തുക നൽകേണ്ടതില്ല. കൗണ്ടറിൽ എത്തി JR പാസ് കാണിച്ചാൽ മതിയാകും. ടൊയാമയിലേക്ക് ക്യോട്ടോയിൽ നിന്ന് അതിവേഗ ട്രെയിൻ ഉണ്ടെങ്കിലും മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്ന താരതമ്യേന വേഗത കുറഞ്ഞ ഹിഡാ എക്സ്പ്രസ്സിനാണ് ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തത്. കാരണം താഴ്വരകളും കുന്നുകളും കണ്ട് ആസ്വദിച്ചു യാത്ര ചെയ്യണമെങ്കിൽ വലിയ ഗ്ലാസ് ജനാലകൾ ഉള്ള ഹിഡാഎക്സ്പ്രസ്സ് തന്നെയാണ് അനുയോജ്യം. ഹോട്ടലിൽ നിന്നും JR ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക്, അവിടെ നിന്നും ഷിൻകെൻസണിൽ (shinkansen) കയറി നഗോയ റെയിൽവേ സ്റ്റേഷനിൽ എത്തി. നല്ല തിരക്കുള്ളതിനാൽ സീറ്റ് റിസേർവ് ചെയ്തപ്പോൾ ഞങ്ങൾക്ക് അടുത്തടുത്തായി സീറ്റ് ലഭിച്ചില്ല. സീറ്റുകൾ ഒന്നിച്ചായിരുന്നില്ലെങ്കിലും മറ്റു രണ്ടു യാത്രക്കാരോട് ചോദിച്ചപ്പോൾ അവർ സന്തോഷപൂർവ്വം തന്നെ സീറ്റുകൾ മാറിത്തരികയും ഞങ്ങൾ നാലുപേർക്കും അടുത്തടുത്ത സീറ്റുകൾ ലഭിക്കുകയും ചെയ്തു.

ഹിഡാ എക്സ്പ്രെസ് ടക്കയാമ വഴിയാണ് പോകുന്നത്. ക്യോട്ടോയിൽ നിന്നും രണ്ടരമണിക്കൂർ സമയം എടുത്ത് ടൊയാമയിലെത്തുന്ന അതിവേഗ ട്രെയിനുകളെക്കാൾ നാലരമണിക്കൂർ സമയം എടുത്ത് അവിടെയെത്തുന്ന ഹിഡാ എക്സ്പ്രസ്സ് ടൂറിസ്റ്റുകൾക്ക് വളരെ പ്രിയപ്പെട്ടതാണ്. പ്രകൃതിരമണീയത ആസ്വദിച്ചുപോകുവാൻ കഴിയുന്ന തരത്തിലാണ് ഹിഡാ ട്രെയിനിന്റെ രൂപകൽപ്പന. ഇതിൽ മറ്റു ട്രെയിനുകളെ പോലെയുള്ള ജനാലകൾ അല്ല, വൈഡർവ്യൂ വിൻഡോസ്(Wider View Windows) ആണ്. അതുകൊണ്ടുതന്നെ വഴിയിലെ കാഴ്ചകളെല്ലാം വിശാലമായി ആസ്വദിക്കുവാൻ കഴിയും.താഴ്വരകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഇടയിലൂടെ മലനിരകളും ഡാമുകളും കണ്ടുള്ള യാത്ര വർണനകൾക്കപ്പുറത്താണ്. നാലരമണിക്കൂർ ഉടനെയെങ്ങും കഴിഞ്ഞുപോകരുതേ എന്നുപോലും ആഗ്രഹിച്ചുപോയ നിമിഷങ്ങൾ! അതിനാൽ തന്നെ നല്ലതിരക്കാണ് ഇതിൽഅനുഭവപ്പെടുന്നത്. തിരക്കില്ലാത്ത മറ്റുട്രെയിനുകളും ഉണ്ട്, അവയിൽ മുൻകൂട്ടി സീറ്റ് റിസെർവ് ചെയ്യണം എന്ന് നിർബന്ധമില്ല. ടാക്കയാമ വരെയേ ഈ ഹിഡാ എക്സ്പ്രെസ് ഉള്ളു. അതിനുശേഷം അവിടെ നിന്ന് മറ്റൊരു ട്രെയിൻ പിടിക്കണം, ടൊയാമയിൽ എത്താൻ.

ടൊയാമയിൽ അന്നത്തെ ദിവസം താമസിക്കുവാൻ വേണ്ടി ബുക്ക് ചെയ്തിരുന്നത് ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽ ആയിരുന്നു. Booking.com ൽ ഓഫറിൽ ഒരുവിധം നല്ല നിരക്കിൽ കിട്ടിയതായിരുന്നു ഇത്. റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ അടുത്തും ആയിരുന്നു. അവിടെയെത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു, അഞ്ചാമത്തെ നിലയിലായിരുന്നു മുറി. അവരുടെ സേവനങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ അവിടുത്തെ ലഭ്യതയനുസരിച്ച് സൈക്കിളുകൾ സൗജന്യമായി ഉപയോഗിക്കാം എന്ന് അവർ പറഞ്ഞു. ചായ കുടിക്കാൻ നേരം കൗണ്ടറിൽ എത്തി സൈക്കിളുകൾ കിട്ടുമോയെന്ന് അന്വേഷിച്ചു. രണ്ടെണ്ണം ഇപ്പോൾ ഉണ്ടെന്നും അവ നൽകാമെന്നും അവർ പറഞ്ഞു. സൈക്കിളുകൾ വാങ്ങി അവ രണ്ടും കുട്ടികൾക്ക് നൽകി . ജപ്പാൻ യാത്രയിൽ അവർ ഇത്രയും സന്തോഷിച്ച മറ്റൊരു ദിവസമില്ല. സൈക്കിളുകൾ എന്ന് പറയുമ്പോഴേ പൊതുവെ കുട്ടികൾക്ക് എപ്പോഴും സന്തോഷമാണ്. കൂടാതെ ജപ്പാനിലെ നല്ല റോഡുകളും തിരക്ക് കുറഞ്ഞ വഴികളും ഭയപ്പെടുത്തുന്നതുപോലെയുള്ള ഹോണടികൾ ഇല്ലാത്തതും എല്ലാം അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയാണ് ചെയ്തത്. മര്യാദയോടെയും മാന്യതയുടെയും കുട്ടികൾക്ക് വഴിയൊരുക്കി കൊടുക്കുവാൻ അവിടുത്തെ ആളുകൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അവർ രണ്ടുപേരും സൈക്കിളുകളിലും ഞങ്ങൾ നടന്നും വൈകുന്നേരം മുഴുവൻ ചെലവഴിച്ചു. അവിടെയുള്ള വലിയൊരു സൂപ്പർമാർക്കെറ്റിൽ കയറി കഴിക്കുവാനുള്ള കുറെ സാധനങ്ങൾ വാങ്ങി. പഴവും ബ്രെഡ്ഡും ജ്യൂസ് ഐറ്റംസും നട്ട്സും ബേബിക്യാബേജുമെല്ലാം വാങ്ങി സൈക്കിളിന്റെ ബാഗിൽ ഇട്ടു. അങ്ങനെ ഒരു ആറു കിലോമീറ്ററോളം ഞങ്ങൾ കാൽനടയായും അവർ സൈക്കിളിലൂടെയും സഞ്ചരിച്ച് രാത്രിയോടെ റൂമിലെത്തി.

ജപ്പാനിലെ ഞങ്ങളുടെ ഏഴാം ദിവസം വളരെ സന്തോഷകരമായിട്ടാണ് തുടങ്ങിയെതെങ്കിലും പ്രഭാതഭക്ഷണം കണ്ടപ്പോൾ ചെറിയ നിരാശയൊക്കെ തോന്നാതെയിരുന്നില്ല. സൗജന്യ പ്രാതൽ ആയിരുന്നതിനാൽ ഭക്ഷണ സമയം തലേദിവസം രാത്രി തന്നെ കൗണ്ടറിൽ ചോദിച്ചു മനസ്സിലാക്കിയിരുന്നു. എന്നാൽ സൂഷി,സഷിമി പോലെയുള്ള പാചകം ചെയ്യാത്തതും പാതി വേവിച്ചതുമൊക്കെയായ മാംസാഹാരം തന്നെയായിരുന്നു പ്രാതലിനും; പിന്നെ തണ്ടൂരിചിക്കൻപോലെയുള്ള വിഭവങ്ങളുമുണ്ട്. എന്നും രാവിലെ പുട്ടും കടലയും ഇഡ്ലിയും ചമ്മന്തിയുമൊക്കെ കഴിക്കുന്ന നമ്മൾക്ക് രാവിലെ തന്നെ ഇതൊന്നും ഇറങ്ങില്ലല്ലോ. അതുകൊണ്ട് കോൺഫ്ലെക്സും ബ്രെഡ്ഡും ബട്ടറും ആക്കി അന്നത്തെ ഞങ്ങളുടെ ബ്രേക്ക്ഫാസ്റ്റ്.

അന്നത്തെ യാത്ര ഒരു ഹിൽസ്റ്റേഷനിലേക്കാണ്. പഴയ രീതിയിലുള്ള ടോയ്ട്രെയിനിൽ കാട്ടിലൂടെ സഞ്ചരിച്ചാണ് ഹിൽസ്റ്റേഷനിൽ എത്തുന്നത്. ടോയ്ട്രെയിനിൽ കയറുന്നതിനു മുൻപേ ബുള്ളറ്റ്ട്രെയിൻ കയറി വേണം അവിടെ എത്താൻ. ഞങ്ങൾ നാലുപേരും ബുള്ളെറ്റ്ട്രെയിനിൽകയറി ഒരു സ്റ്റോപ്പിൽ ഇറങ്ങി, തൊട്ടടുത്ത പ്രൈവറ് റെയിൽവേ സ്റ്റേഷനിലേക്ക് പോയി - ഇനിയുള്ള യാത്ര പണം നൽകിയാണ്. അവിടെ നിന്നും മറ്റൊരു ട്രെയിനിൽ കയറി ടോയ്ട്രെയിൻ സ്റ്റേഷനിൽ എത്തി. വളരെ ചെലവേറിയ ഒന്നാണ് ഈ ഹിൽസ്റ്റേഷൻ യാത്ര. ഇതിനുമാത്രം ഒരാൾക്ക് ഏകദേശം 6000 രൂപ ചെലവ് വരും. രണ്ടു തരത്തിലാണ് ഇതിലെ ടിക്കറ്റ് - ഓപ്പൺ ക്യാബിൻ , ക്ലോസ്ഡ് ക്യാബിൻ. നന്നായി തണുക്കുമെന്നറിയാമായിരുന്നെങ്കിലും കൂടുതൽ ആസ്വദിച്ച് കാണാൻ ഞങ്ങൾ ഓപ്പൺ ടിക്കറ്റ് ആണ് എടുത്തത്; ക്ലോസ്ഡ് ക്യാബിൻ ടിക്കറ്റ് ചാർജും കൂടുതലാണ്. ഇടുങ്ങിയ വഴിയിലൂടെ വനത്തിനുള്ളിലെ നല്ല തണുപ്പത്തുള്ള യാത്ര.!! പലതരം വലിപ്പത്തിലുള്ള പാലങ്ങൾ, താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ അങ്ങനെ പ്രകൃതിരമണീയമായ കാഴ്ചകൾ ധാരാളം ഉണ്ടായിരുന്നു.തൂക്കുപാലം പോലെയാണ് അവയിൽ ചിലത്. . ഇതിന്റെ ഭംഗി കണ്ടപ്പോൾ 6000 രൂപ എന്നത് അത്ര വലിയ ചെലവായി തോന്നിയതേയില്ല. ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കാണ് ഞങ്ങൾ ടിക്കറ്റ് എടുത്തിരുന്നത്. മറ്റു ചിലർ ഇടക്കുള്ള പലസ്റ്റോപ്പുകളിലും ഇറങ്ങുന്നുണ്ടായിരുന്നു.

പച്ചമലനിരകൾക്കിടയിൽ പച്ചനിറത്തിലുള്ള വെള്ളത്തിൽ അതിമനോഹരമായി പണിതിരിക്കുന്ന ഒരു ഡാം ആയിരുന്നു ഏറ്റവും വലിയ ആകർഷണം. അവസാനസ്റ്റോപ്പിൽ എത്തിക്കഴിയുമ്പോൾ കുറച്ചു സ്ഥലം നടന്നു സന്ദർശിക്കുവാനുണ്ട്. ദൂരെ നിന്ന് നോക്കുമ്പോൾ മഞ്ഞുമലകൾ കാണാൻ സാധിക്കും. ഞങ്ങൾ പോയത് വേനൽക്കാലത്താണെങ്കിലും അവിടത്തെ പ്രകൃതി കണ്ടാൽ ശൈത്യകാലമാണെന്നേ പറയു. ഒരാൾക്ക് കഷ്ടിച്ചുമാത്രം നടക്കുവാൻ സാധിക്കുന്ന വീതി കുറഞ്ഞതും എന്നാൽ മനോഹരമായതുമായ പാതയിലൂടെ നടന്നു അവിടെയുള്ള വെള്ളചാട്ടത്തിലേക്ക് ഇറങ്ങി. കാഴ്ചയിൽ വളരെ അപകടകരമാണെന്ന് തോന്നുമെങ്കിലും വളരെ അനായാസമായി ആ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാൻ കഴിയും. കയറ്റവും ഇറക്കവും എല്ലാം നിറഞ്ഞ വഴികളും ഗുഹകളും താണ്ടി വേണം അവിടെയെത്താൻ - ആ യാത്ര തന്നെ വേറിട്ടൊരനുഭവമായിരുന്നു. തിരികെ പഴയതുപോലെ തന്നെ ടോയ്ട്രെയിനും ബുള്ളറ്റ്ട്രെയ്നുമെല്ലാം കയറി ഹോട്ടലിൽ മടങ്ങിയെത്തി. ഇവിടെയും രാവിലെ തന്നെ റൂം വെക്കേറ്റ് ചെയ്തശേഷം ബാഗുകൾ അവിടെ തന്നെ സൂക്ഷിക്കുവാൻ ഏൽപ്പിച്ചിരുന്നു. ഹോട്ടലിൽ എത്തി അവിടെ നിന്നും ചായ കുടിച്ചശേഷം ബാഗേജുമായി അവിടെ നിന്ന് മടങ്ങി. ടോക്യോ സിറ്റിയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം – ജപ്പാന്റെ തലസ്ഥാനം……..!!