ജപ്പാൻ ദിനങ്ങൾ (Part-2)….. ഒസാക്ക, ഹിരോഷിമ

Give your rating
Average: 4.5 (2 votes)
banner
Profile

Renjith Das

Loyalty Points : 270

Total Trips: 4 | View All Trips

Post Date : 13 Jun 2021
2 views

ജപ്പാനിൽ രാവിലെ ഏകദേശം അഞ്ചരമണിയോടെ നേരം വെളുക്കും. റൂമിന്റെ ജനൽ തുറന്നപ്പോഴേ താഴെയുള്ള ഒരു പബ്ലിക് പാർക്കിങ് ഏരിയ ആണ് കണ്ടത്. ആളുകളെ ഒന്നും കാണാനുമില്ല. ഓരോരുത്തരുടെയും വാഹനം അതാത് സ്ലോട്ടുകളിലായി പാർക്കു ചെയ്യണം, എന്നിട്ടു കാർഡ് ഉപയോഗിച്ച് വേണം പേയ്മെന്റ് നടത്തുവാൻ. അപ്പോൾ വാഹനം പാർക്കിംഗ് സ്ലോട്ടിലുള്ള ലോക്കിങ് സിസ്റ്റത്തിൽ തനിയെ ലോക്ക് ആകും. നമ്മുടെ സ്ലോട്ട് ക്ലോസ് ചെയ്യുമ്പോൾ ലോക്ക് നീങ്ങുകയും വാഹനം എടുത്തുകൊണ്ട് പോകുവാൻ സാധിക്കുകയും ചെയ്യും. റെഡിയായി ഇറങ്ങിയ ശേഷം ബ്രേക്ക് ഫാസ്റ്റിനുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഞങ്ങൾ ഒരു സൂപ്പർ മാർക്കറ്റിലേക്കാണ് പോയത്. അവിടെ പലതരം പഴങ്ങളും കേക്കുകളും ബ്രെഡ്ഡുകളും എല്ലാം വച്ചിരിക്കുന്നു. ഓരോരുത്തർക്കും ഇരിക്കുവാനുള്ള പ്രത്യേകം ഇരിപ്പിടങ്ങളും അവിടെത്തന്നെയുണ്ട്, അവിടെ നിന്നും ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു.

 

ഒസാക്കാ കാസിൽ ആണ് അന്നത്തെ ഞങ്ങളുടെ ആദ്യ ലക്ഷ്യം. മധ്യകാലഘട്ടത്തിൽ പ്രഭുക്കന്മാരോ രാജാക്കന്മാരോ സൈനിക ഉത്തരവുകൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു തരം കോട്ടയാണ് കാസിൽ. കയ്യിലുള്ള ജപ്പാൻ റെയിൽ പാസ് ഉപയോഗിച്ച് ട്രെയിനിൽ തന്നെയാണ് യാത്ര. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ കൂട്ടംകൂട്ടമായി യാത്രചെയ്യുന്ന കുറെ കുട്ടികളെയാണ് കണ്ടത്. വളരെ ഉയർന്ന നിലവാരം പുലർത്തുന്ന റെയിൽവേ പ്ലാറ്റുഫോമുകൾ ആണ് ജപ്പാനിൽ ഉള്ളത്. കൃത്യസമയത്തുതന്നെ ട്രെയിൻ എത്തി. ട്രയിനിലെ സീറ്റുകൾ വളരെ ഫ്ളക്സിബിൾ ആണ്. ഏതു വശത്ത് ഇരിക്കുന്നവരെയും അഭിമുഖീകരിക്കാൻ കഴിയുന്ന വിധം സീറ്റുകളെ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചിടാൻ നമുക്ക് കഴിയും. കുടുംബമായുള്ള യാത്രയായതിനാൽ അത്തരം ഇരിപ്പിടങ്ങൾ ഞങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്നവയായിരുന്നു.

കാസിലിൽ എത്തി കുറെ സമയം ഫോട്ടോയുമെടുത്തു നടന്നു. വളർത്തു നായ്ക്കളെയും കൊണ്ട് കറങ്ങാൻ വരുന്നവർ അവിടെയും ഒട്ടും കുറവല്ല. തികെ വന്ന വഴി ഒരു പരുന്തിനെ കണ്ടു. അത് എന്തോ മാംസം ഭക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആളുകൾ അവിടെയെത്തി അതിനൊപ്പം ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ ടൂറിസത്തിന്റെ ഭാഗമായി തന്നെ കൊണ്ടുവന്നതാകാം ആ പരുന്തിനെയും. അവിടെനിന്നും ഞങ്ങൾ തിരികെ റൂമിലേക്ക് എത്തി. 

 

ഞങ്ങൾക്ക് ഇതുവരെയും അവിടെയൊരു സിം കാർഡ് കിട്ടിയിരുന്നില്ല. അത് ശരിയാക്കുവാൻ വേണ്ടി ഞങ്ങൾ കുറെ അലഞ്ഞു. മറ്റൊരു രാജ്യത്തും ഒരു സിം എടുക്കാൻ ഞങ്ങൾക്ക് ഇത്രയും അലയേണ്ടി വന്നിട്ടില്ല. അങ്ങനെ വീണ്ടും റൂമിൽ എത്തി ഹോട്ടൽ വൈഫൈ ഉപയോഗിച്ച് ഗൂഗിളിൽ കാര്യമായ അന്വേഷണം നടത്തി. അങ്ങനെ ഒരു മാൾ കണ്ടെത്തി, ഞങ്ങൾ അവിടേക്കിറങ്ങി. മാളിലെ ഒരു കടയിൽ നിന്നും സിം കാർഡ് വാങ്ങി. ആ കടയിൽ ഒരു റോബോട്ടിനെ കണ്ടു, ആ റോബോട്ടാണ് നമ്മളെ അവിടേക്ക് സ്വീകരിക്കുന്നതും നമ്മുടെ ആവശ്യങ്ങൾ ചോദിച്ചറിയുന്നതും എല്ലാം. ഒരു സെമിറോബോട്ട് എന്ന് വേണമെങ്കിൽ പറയാം. സിംകാർഡുകൾക്കു അവിടെ നല്ല വിലയാണ്. ഇന്ത്യൻ രൂപയിൽ ഏകദേശം 2500 എങ്കിലും ആയിട്ടുണ്ട് 14 ദിവസത്തേക്ക് മിനിമം ഡാറ്റ മാത്രം ഉപയോഗിക്കാനായി വാങ്ങിയ ആ സിം കാർഡിന്. വളരെ കുറഞ്ഞ നിരക്കിൽ നമ്മൾ ഉപയോഗിക്കുന്ന നെറ്റ് കണക്ഷന് ഇന്ത്യയിൽ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. അവിടെ നിന്നും ഇറങ്ങി വരുന്ന വഴി ഒരു സൈക്കിൾ ഷോപ് കണ്ടു. സൈക്കിളുകളുടെ വിലയൊക്കെ നോക്കി കുറച്ചുസമയം അവിടെ ചെലവഴിച്ചു.

അതിനുശേഷം ഒരു മാർക്കെറ്റിലാണ് ഞങ്ങൾ എത്തിയത്. അവിടെ സൂഷി, സഷിമി പോലെയുള്ള വിഭവങ്ങൾ കണ്ടു. ജപ്പാനിലെ പരമ്പരാഗത ഭക്ഷ്യവിഭവമാണ് സൂഷിയും സഷിമിയും - പാചകം ചെയ്യാത്തത്തും എന്നാൽ ഭക്ഷ്യയോഗ്യവുമായ മാംസ വിഭവങ്ങളാണ് ഇവയൊക്കെ. അതിൽ നാരങ്ങാ നീരൊക്കെ ഒഴിച്ച് സൂക്ഷിച്ചിരിക്കുന്നത് കാണാം. ഓയിസ്റ്റർ (മുത്തുചിപ്പി) , ഒക്ടപ്പസ് (ചെറിയ നീരാളി ) എന്നിവയൊക്കെ അവരുടെ ഏറ്റവും പ്രീയപ്പെട്ട ഭക്ഷ്യവിഭവങ്ങൾ ആണ്. ഇത്തരം മാംസ വിഭവങ്ങൾ അല്പംപോലും പാചകം ചെയ്യാതെ ഇവർ കഴിക്കുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കി നിന്നു. ഇന്ത്യയിൽ കഴിഞ്ഞ അഞ്ചാറു കൊല്ലങ്ങൾക്കു മുൻപേ അപ്രത്യക്ഷമായ ടെലിഫോൺ ബൂത്തുകൾ അവിടെ മിക്കയിടത്തും ഉണ്ട്, ഇവയൊക്കെ മനുഷ്യർ ഉപയോഗിക്കുന്നുമുണ്ട്. മറ്റേതൊരു വികസിത രാജ്യത്തെയുംപോലെ നിരവധി സൈക്കിൾ യാത്രക്കാരെയും ഇവിടെ കാണാം. കുറെ ഡാൻസുകാർ തൊപ്പിയൊക്കെ ധരിച്ച് റോഡ്സൈഡുകളിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. ഒന്നാം ദിവസത്തെ കാഴ്ചകൾ അവിടെ അവസാനിപ്പിച്ച ശേഷം ഞങ്ങൾ റൂമിലേക്ക് മടങ്ങി. കൊച്ചിയിൽ നിന്ന് ജപ്പാനിലെ ഒസാക്കയിലേക്ക് മാത്രമാണ് എയർ ഏഷ്യയുടെ നേരിട്ടുള്ള വിമാനം അതിനാലാണ് ജപ്പാൻ യാത്ര ഒസാക്കയിൽ നിന്ന് ആരംഭിച്ചത്. രാത്രി ഹോട്ടലിൽ ചായ ഉണ്ടാക്കി കുടിച്ചും, കൈയിലുള്ള ലഖുഭക്ഷണം കഴിച്ചും, ഹോട്ടൽ വൈഫൈ എന്റെർറ്റൈന്മെന്റുമായി ഉറങ്ങി.

പിറ്റേന്ന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും ഒരു രസത്തിനുവേണ്ടി ഞങ്ങൾ എല്ലാവരും ഒരുപോലെ ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. രാവിലെ ചുവപ്പിൽ മുങ്ങി നേരെ ഒസക്കായിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സൽ സ്റുഡിയോ കാണുവാൻ ഇറങ്ങി. ഇന്ത്യയിൽ ഹൈദെരാബാദിലുള്ള രാമോജി ഫിലിം സിറ്റി പോലെ ഒരു സ്റ്റുഡിയോ ആണ് ജപ്പാനിലെ യൂണിവേഴ്സൽ സ്റ്റുഡിയോ. ജപ്പാനിൽ മാത്രമല്ല, അമേരിക്കയിലും സിംഗപ്പൂരിലും ദുബായിലും എല്ലാം ഇങ്ങനെയുള്ള സിനിമ സ്റ്റുഡിയോകൾ ഉണ്ട്. മിക്ക സിനിമകൾക്കും ലൊക്കേഷനിടുന്നത് ഇവിടെയാണ്. അവിടെയെത്തി കുറെ സമയം ഫോട്ടോയുമെടുത്ത് കറങ്ങി നടന്നു. ഇന്ത്യക്ക് അടുത്തുള്ള യൂണിവേഴ്സൽ സ്റ്റുഡിയോ സിംഗപ്പൂർ ആണ്. സിംഗപ്പൂരിലെ Sentosa ദ്വീപിലാണ് അവിടുത്തെ യൂണിവേഴ്സൽ സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത്. സിംഗപ്പൂരിലേക്കുള്ള എല്ലാ ടൂർപാക്കേജുകളിലും കാണപ്പെടുന്ന സ്ഥിരം സ്ഥലമാണ് ഈ സ്റ്റുഡിയോ. മറ്റെല്ലായിടത്തെ യൂണിവേഴ്സൽ സ്റ്റുഡിയോയുടെ എംബ്ലം പോലെതന്നെ ജപ്പാൻ യൂണിവേഴ്സൽ സ്റ്റുഡിയോയുടെ എംബ്ളവും എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്ലോബ് തന്നെയാണ്.

ഹിരോഷിമയിലേക്ക് ഉടനെ പോകേണ്ടതു കൊണ്ട് ഞങ്ങൾ ഇവിടെ അധികം സമയം ചെലവഴിച്ചില്ല. അത്യാവശ്യം ദൂരമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിന് ബുള്ളറ്റ് ട്രെയിൻ സർവീസുകളാണ് ഉള്ളത്. 250 കിലോമീറ്റർ ആണ് ഇവയുടെ സാധാരണ വേഗത. അന്നത്തെ ഞങ്ങളുടെ താമസം ഹിരോഷിമയിൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്; 1945 ലെ അണുബോംബ് സ്ഫോടനത്തിൽ 90% നഗരവും കരിഞ്ഞുപോയ അതേ ഹിരോഷിമയിലേക്ക്…… അണുബോംബിന്റെ ശക്തിയിൽ അപ്പോൾത്തന്നെ സംഭവിച്ചത് 80,000ലധികം മരണം.. !! തുടർന്നുള്ള വർഷങ്ങളിലും ഇതിന്റെ റേഡിയേഷൻ കൊണ്ട് ഉണ്ടാകുന്ന മരണനിരക്ക് ഒട്ടും കുറവായിരുന്നില്ല. എന്നിട്ടും നഗരത്തെ തിരികെ കൊണ്ടുവന്ന് രണ്ടാംലോകമഹായുദ്ധത്തിന്റെ ഓർമ്മകൾ എന്നപോലെ സമാധാനത്തിന്റെ പര്യായമായി നിലകൊള്ളുന്ന ഹിരോഷിമ.

ഇരുപത് നിലകൾ ഉള്ള സൺറൂട്ട് ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ മുറി ബുക്ക് ചെയ്തിരുന്നത്. അതിന്റെ പതിനൊന്നാം നിലയിൽ ആയിരുന്നു ഞങ്ങളുടെ മുറി. മുറിയിലെ ജനാലയിലൂടെ ഹിരോഷിമ നഗരം മുഴുവനും കാണാം. അണുബോംബ് സ്പോടനത്തിലെ ഓർമകളും സ്മാരകങ്ങളും നഗരത്തിലെവിടെയും കാണാം. അത്യാവശ്യ സൗകര്യങ്ങൾ മാത്രമുള്ളതും ചെറിയ നിരക്കിലുള്ളതുമായ ഹോട്ടലുകൾ ആയിരുന്നു ഞങ്ങൾ സാധരണ തിരഞ്ഞെടുത്തിരുന്നത്. മുറിയുടെ വാടക കുറച്ചു കൂടുതൽ ആണെങ്കിലും ഇതുതന്നെ തിരഞ്ഞെടുത്തത് ഈ ഹോട്ടൽ ഹിരോഷിമ നഗരത്തിന്റെ ഒത്ത നടുവിലായി സ്ഥിതിചെയ്യുന്നു എന്ന ഒറ്റ കാരണത്താലാണ്.

ജപ്പാൻ റെയിൽ കോർപറേഷന് ജപ്പാനിൽ മിക്കസ്ഥലങ്ങളിലും ബസ് സർവീസും ഉണ്ട്. അതിൽ റെയിൽ പാസ്സുള്ളവർക്കു യാത്ര സൗജന്യമാണ്. അതുകൊണ്ട് യാത്രകൾ ഒരു ബുദ്ധിമുട്ടായിത്തോന്നിയതേയില്ല. ഹിരോഷിമ യിൽ ഓരോ റൂട്ടുകൾക്കും ഓരോ നിറത്തിലുള്ള ബസുകളാണ്; ഓറഞ്ച്, ഗ്രീൻ, ലെമൺ എന്നിങ്ങനെയാണ് റൂട്ടുകൾ. ഓരോന്നിനും ഓരോ ബസ്സ് സ്റ്റോപ്പുകളും ഉണ്ട്. ഹിരോഷിമയിലെ ചരിത്രപ്രസിദ്ധമായ എല്ലാ സ്ഥലങ്ങളിലൂടെയും ഈ ബസ്സുകൾ സഞ്ചരിക്കുന്നു. ഇഷ്ടമുള്ള വഴികളും ബസ്സും നമുക്ക് തെരഞ്ഞെടുക്കാം. ഇവിടത്തെ പ്രധാന ആകർഷണം ഒരു നദിയാണ്. 1945 ൽ ബോംബുവീണ ഈ നഗരത്തെ കീറിമുറിച്ചുകൊണ്ട് ഈ നദി കടന്നുപോകുന്നു അതിന്റെ വശങ്ങളിലൂടെ ഞങ്ങൾ നടന്നു.

1945 ൽ അണുബോംബ് വർഷിക്കപ്പെട്ടപ്പോൾ മുക്കാൽ ഭാഗവും നഷ്ടപ്പെട്ടുപോയ ഒരു കെട്ടിടം ഇവിടെയുണ്ട്. സമാധാനത്തിന്റെ സ്മാരകമായി നഷ്ടപ്പെട്ടുപോയ ഈ കെട്ടിടത്തെ ഹിരോഷിമക്കാർ സംരക്ഷിച്ചു പോരുന്നു. തകർന്നുപോയതിന്റെ ബാക്കി ഭാഗം വലിയ കമ്പികളും മറ്റും ഉപയോഗിച്ചുകൊണ്ട് താങ്ങി നിർത്തിയിട്ടുണ്ട്. അതിനോട് ചേർന്ന് ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം സ്ഥിതി ചെയ്യുന്നു. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ അവർ ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത് കാണാം. വളരെ ശാന്തമായ അന്തരീക്ഷമാണവിടെ…. ഇരുപത്തിനാല് മണിക്കൂറും ജ്വലിച്ചു നിൽക്കുന്ന ഒരു ദീപശിഖ അവിടെ കാണാം. യുദ്ധകാല സ്മരണകളെ കുറിച്ച് അന്നത്തെ ആളുകൾ സംസാരിക്കുന്ന വീഡിയോകൾ അവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ആളുകൾക്കൊപ്പം അവയൊക്കെ കണ്ടുകൊണ്ട് ഞങ്ങളും നടന്നു നീങ്ങി. നദിയുടെ അരികിലൂടെ സഞ്ചരിച്ച് നേരെ കയറുന്നത് ഒരു പാലത്തിലേക്കാണ്. അത് കയറിച്ചെല്ലുമ്പോൾ ഒരു പുൽമൈതാനിയിൽ എത്തും. ഞങ്ങൾ കുറെ സമയം അവിടെ ചെലവിട്ടു. അവിടെ നിന്നാൽ ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ കാണാം. വൈകുന്നേരത്തോടെ ഞങ്ങൾ റൂമിലേക്ക് മടങ്ങി.

ഹിരോഷിമയിലെ രണ്ടാം ദിനത്തിൽ മിയാജിമ എന്ന ദ്വീപിലേക്കുള്ള യാത്ര ആയിരുന്നു. ഈ തുരുത്തിലേക്കുള്ള ബോട്ട് യാത്രയും ഞങ്ങൾക്ക് സൗജന്യമാണ് റെയിൽ പാസ് കാണിച്ചാൽ മതിയാകും. ടൂറിസ്റ്റുകൾ മാത്രം വരുന്ന ഒരു സ്ഥലം ആണിത്. രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ ആളുകൾ ഉണ്ടാകും. കാഴ്ചകൾ കണ്ടതിനു ശേഷം അവർ വൈകുന്നേരത്തോടെ മടങ്ങും. കടലിൽ മുങ്ങി നിൽക്കുന്ന തരത്തിൽ തടിയിൽ തീർത്ത ഒരു ആർച്ച് ആണ് അവിടത്തെ പ്രധാന ആകർഷണം. ഇറ്റ്സു കുഷിമ ഷ്രയിൻ ഫ്ളോട്ടിങ് ഗേറ്റ് എന്നാണ് ഈ ആർച്ചിനു പറയുന്ന പേര്. ഇത് നിലത്തുറപ്പിച്ചു നിർത്തിയിരിക്കുന്നതാണെങ്കിലും വെള്ളത്തിൽ ഫ്ളോട്ട് ചെയ്യുന്നതായി തോന്നും. കുട്ടികളുടെ പ്രീയപ്പെട്ട കാർട്ടൂൺ സിനിമയായ നിൻജാഗോയിലെ ആർച്ച് ആണിത്. ഞങ്ങൾ ചെന്നപ്പോൾതന്നെ സ്കൂൾകുട്ടികളുടെ വലിയൊരു തിരക്ക് അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ എത്തിയപ്പോൾ വേലിയേറ്റ സമയം ആയിരുന്നു. ആർച്ചിന്റെ ഭൂരിഭാഗവും വെള്ളത്തിൽ തന്നെയായിരുന്നു. വെള്ളത്തിലൂടെ നടന്നുനടന്ന് ഞങ്ങളും ആർച്ചിനടുത്തെത്തി ഫോട്ടോ എടുത്തു. ധാരാളം ശംഖുകൾ അവിടെ ഉണ്ട്. ജീവനുള്ള ഇവ പതിയെ നടക്കുന്നത് കാണാം. ഇത്രയും ജീവനുള്ള ശംഖുകളെ ഒരുമിച്ച് മറ്റെവിടെയും ഞങ്ങൾ കണ്ടിട്ടില്ലായിരുന്നു. എല്ലാംകൊണ്ടും മുതിർന്നവരേക്കാൾ കുട്ടികളെ ആകർഷിക്കുന്ന സ്ഥലമാണ് ഈ ദ്വീപ്. കൂടാതെ ചെറുതും വലുതുമായ ഒട്ടനവധി ഞണ്ടുകളും.!

ഒരു ഗ്രൂപ്പ്ടൂർ, കുറേ സ്കൂൾകുട്ടികൾ കൂട്ടം ചേർന്നുനിന്ന് പാട്ടു പാടുന്നുണ്ടായിരുന്നു. ഒരുപാടുപേർ അത് ക്യാമറകളിൽ പകർത്തി, ഞങ്ങളും. വളരെയധികം സന്തോഷവും ഊർജവും തരുന്ന ഒരു കാഴ്ചയായിരുന്നു അത്. അതിനോട് ചേർന്നുതന്നെ ഒരു വനം ഉണ്ട്. വനത്തിലേക്ക് കയറുമ്പോൾ നിറയെ മരങ്ങളും കുറേ കടകളും കാണാം. കുട്ടികൾ അവിടെ നിന്നും മേപ്പിൾ സ്വീറ്റ്സ് വാങ്ങുന്നുണ്ടായിരുന്നു. ഇത്രയധികം മേപ്പിൾ മരങ്ങൾ ഞങ്ങൾ മറ്റെവിടെയും കണ്ടിട്ടില്ലായിരുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഇവയുടെ ഇലകൾ എല്ലാം ചുവപ്പു നിറത്തിൽ കാണപ്പെടുന്നു എന്നതാണ് മേപ്പിളിന്റെ ഏറ്റവും വലിയ പ്രത്യേകത.അവിടെ നിന്നും തിരിച്ചിറങ്ങിയപ്പോഴേക്കും വേലിയിറക്കം ആയി. പിന്നീട് ഞങ്ങൾ അവിടെനിന്നും ഹിരോഷിമ കാസിലിലേക്ക് പോയി. പഗോഡ സ്റ്റൈലിൽ ഉള്ളവയാണ് ഇവിടുത്തെ കാസിലുകൾ എല്ലാം. അതുകൊണ്ടു തന്നെ എല്ലാ കാസിലുകളുടെയും പുറത്തെ ഘടന ഏകദേശം ഒരേപോലെ തന്നെയാണ്. ഇതെല്ലം കണ്ടുകഴിഞ്ഞ് ഹോട്ടലിലേക്ക് തിരികെ പോകുന്നവഴി ഒരു ഫ്ലാറ്റിന്റെ മുന്നിലായി കുറെ സൈക്കിളുകൾ പാർക്ക് ചെയ്തിരുന്നതായി കണ്ടു. രണ്ടു തട്ടുകളിലായി കുറച്ചു സ്ഥലത്തിനുള്ളിൽ നിറയെ സൈക്കിളുകൾ പാർക്ക് ചെയ്തിരിക്കുന്നു. അവിടെയുള്ള എല്ലാ താമസക്കാരുടെയും സൈക്കിളുകൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കാം. ജപ്പാൻകാരുടെ അച്ചടക്കശീലങ്ങൾ അവിടുത്തെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും നമുക്ക് കാണുവാൻ സാധിക്കും. അങ്ങനെ ഞങ്ങളുടെ അന്നത്തെ ദിവസത്തെ സഞ്ചാരവും കഴിഞ്ഞ് ഞങ്ങൾ റൂമിലേക്ക് മടങ്ങി.

ജപ്പാനിലെ മറ്റൊരു നഗരമായ ക്യോട്ടോയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളോടെയായിരുന്നു ഞങ്ങളുടെ ഈ ദിവസം തുടങ്ങിയത്. മസ്ദ (Mazda) കാറുകൾ അവിടെ സാധാരണയായി കാണപ്പെടുന്നവയാണ്, ഇന്ത്യയിൽ ഇതുവരെയും ഇത്തരം കാറുകൾ മുഖം കാണിച്ചു തുടങ്ങിയിട്ടില്ലെങ്കിലും അവ ഉടനെ വിപണികളിൽ എത്തും എന്ന് കേട്ടിട്ടുണ്ടായിരുന്നു. മസ്ദ കാർ നിർമ്മാണ ഫാക്ടറിയിൽ അവിടുത്തെ കാഴ്ചകൾ കാണുന്നതിനായി ഞങ്ങൾ ഇന്ത്യയിൽ വച്ചുതന്നെ ഒരു സ്ലോട്ട് ബുക്ക് ചെയ്തിരുന്നു. ഹോട്ടലിൽ നിന്നും മുറി വെക്കേറ്റ് ചെയ്ത് ഇറങ്ങുമ്പോൾ ബാഗുകൾ എല്ലാം പാക്ക് ചെയ്ത് ബാഗ് ലോക്കർ സെക്ഷനിൽ ഏൽപ്പിച്ചാൽ നമ്മൾ പുറത്തുപോയതിനുശേഷം അന്ന് വൈകുന്നേരത്തിനുള്ളിൽ എപ്പോഴെങ്കിലും തിരികെ വന്നു വാങ്ങിയാൽ മതിയാകും.

ട്രെയിൻ പിടിച്ച് മസ്ദ കാർ കമ്പനിയിൽ എത്തി. ആദ്യത്തെ സ്ലോട്ട് ആയിരുന്നു ഞങ്ങൾക്ക്. അതുകൊണ്ട് തന്നെ വളരെ നേരത്തെ ഞങ്ങൾ അവിടെയെത്തി. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഒരു സ്ലോട്ടിൽ അവിടെ പ്രവേശന അനുമതി ലഭിക്കുകയുള്ളു. ഏകദേശം ഒന്നര മാസങ്ങൾക്കു മുൻപേ തന്നെ ഞങ്ങൾ ബുക്ക് ചെയ്തിരുന്നു. അവരുടെ റിസപ്ഷൻ ഏരിയയിലേക്കാണ് ആദ്യം നമ്മൾ എത്തുന്നത്. കമ്പനിയിലെ ഒരു വ്യക്തി എല്ലായിടത്തും നമുക്കൊപ്പം എത്തി എല്ലാം വിശദമാക്കി തരും. ഓരോ കാറിന്റെയും പേരും അതിന്റെ പ്രത്യേകതകളും വില ഉൾപ്പെടെയുള്ള വിവരങ്ങളും മറ്റ് സവിശേഷതകളുമെല്ലാം ഇവർ ഓരോ കാറിനു സമീപവും പ്രൊജക്റ്റ് ചെയ്തു കാണിക്കുന്നുണ്ട്. റിസപ്ഷൻ ഏരിയയിൽ നിന്നും ഞങ്ങൾക്ക് പോകാനുള്ള പ്ലാന്റിലേക്ക് ഏകദേശം 7 കിലോമീറ്റർ ദൂരം ഉണ്ട്. അതിനായി ഇവർ തന്നെ ബസ് സർവീസും തയാറാക്കിയിട്ടുണ്ട്. ഈ കാമ്പസിനുള്ളിൽ ഒരു കടൽപ്പാലം ഉണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം.......!!! - ഇവരുടെ സ്വന്തമാണിത്. ഇതേ കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഹിരോഷിമയിൽ ബോംബ് വർഷിക്കുന്നതിനും മുൻപേ മുതൽ ആരംഭിച്ചതാണ് ഈ കമ്പനിയും അവരുടെ നിർമ്മാണങ്ങളും.. ബോംബ് വർഷിച്ചതിനു ശേഷം ഏകദേശം മൂന്നു മാസത്തോളം ഈ കമ്പനി പൂട്ടിയിടേണ്ടതായി വന്നു. ഈ വിവരങ്ങൾ എല്ലാം ഇവർ അവിടെ എത്തുമ്പോൾ നമുക്ക് വിശദീകരിച്ചു തരും. ഇന്ത്യയിലെ ഏതു കാര്യത്തിനെയും സ്വാതന്ത്ര്യത്തിനു മുൻപും അതിനു ശേഷവും എന്നിങ്ങനെ നമ്മൾ രണ്ടായി തിരിക്കാറുണ്ട്. ഹിരോഷിമക്കാർ അവരുടെ ജീവിതത്തെയും സ്മരണകളെയും വിഭജിക്കുന്നത് ഹിരോഷിമ ബോംബ് ആക്രമണത്തിന് മുൻപും അതിനു ശേഷവും എന്നാണ്. മസ്ദ കമ്പനിക്ക് റേസിങ് കാറുകളും ധാരാളം ഉണ്ട്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാണ് ഇവയുടെ സ്പീഡ്. എന്ന് വച്ചാൽ ബുള്ളറ്റ് ട്രെയിനുകളെക്കാൾ വേഗതയിൽ സഞ്ചരിക്കുന്നവ....!! കാറുകൾ നിർമിക്കുന്ന വിധങ്ങളും അതിന്റെ എൻജിനുകളും മോഡലുകളും എല്ലാം അവരവിടെ പ്രദർശനത്തിനായി വെച്ചിരിക്കുന്നത് കാണാം. മണിക്കൂറിൽ 60 കിലോമീറ്റര് വേഗതയിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽപ്പെട്ടാൽ സംഭവിക്കുന്നത് പരീക്ഷിച്ച ഒരു കാർ ഇവർ അതുപോലെ അവിടെ കാഴ്ചക്കാർക്ക് വേണ്ടി പ്രത്യേകം സൂക്ഷിച്ചിരിക്കുന്നു. അതായത് ഇത്രയും വേഗതയിൽ സഞ്ചരിച്ച അവരുടെ കാറ് അപകടത്തിൽപ്പെട്ടിട്ടും അതിൽ ഉള്ളവർക്കോ ആ വാഹനത്തിനോ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയിട്ടാണ് അവർ അങ്ങനെയൊരു സജ്ജീകരണം നടത്തിയിരിക്കുന്നത്.

ഇവരുടെ മാനുഫാക്ച്ചറിങ് പ്ലാന്റിനുള്ളിൽ ചിത്രങ്ങൾ എടുക്കാനുള്ള അനുവാദമില്ല. പക്ഷേ എല്ലാം ചെന്ന് കാണുവാൻ സാധിക്കും. മനുഷ്യരുടെ സാനിധ്യം ഉണ്ടെങ്കിൽ പോലും സാധനങ്ങൾ എത്തിക്കുന്നതും കൊണ്ടുപോകുന്നതും എല്ലാം യന്ത്രമനുഷ്യരാണ്. ഓരോ റോബോട്ടിന്റെ കയ്യിലേയും സാധനങ്ങൾ ഓരോ മോഡൽ കാറുകൾക്ക് ഉള്ളവയായിരിക്കും. ഒരേപോലെയുള്ള ജോലികൾ ചെയ്യുന്ന റോബോട്ടുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടെയുള്ള റോബോട്ടുകൾ. ഈ റോബോട്ടുകൾ ഓരോരുത്തരും ചെയ്യുന്നത് ഏകദേശം ഒരുപോലെയുള്ള പല ജോലികൾ ആണ്. വളരെ കൃത്യതയോടു കൂടിയാണ് ഇവ പ്രവർത്തിക്കുന്നത്. തിരികെ ഹോട്ടലിൽ എത്തി ലഗേജുകളുമെടുത്തു ഞങ്ങൾ ക്യോട്ടോയിലേക്ക് തിരിച്ചു.