Hidden Jewels of Morena, Madhya Pradesh

Give your rating
Average: 4 (2 votes)
banner
Profile

Rita

Loyalty Points : 145

Total Trips: 4 | View All Trips

Post Date : 18 Feb 2023
4 views

 ജെം ഓഫ്  മൊറേന ' എന്നു പറയാവുന്ന സ്ഥലമാണ് ' Bateswar,  Garhi Padhavali & Chausath Yogini Temple (ചൗസത് യോഗിനി ക്ഷേത്രം)'.



 

Bateswar-

ശിവനും വിഷ്ണുവിനുമായി സമർപ്പിച്ചിരിക്കുന്ന 200 മണൽക്കല്ല് ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ് ബടേശ്വർ. സങ്കീർണ്ണമായ കൊത്തുപണികളുള്ള ക്ഷേത്രത്തിന്റെ അതുല്യമായ രൂപകൽപ്പനയാണോ അതിന്റെ ചരിത്രമാണോ   നമ്മളെ കൂടുതൽ അത്ഭുതപ്പെടുത്തുക  എന്ന് ചോദിച്ചാൽ,  എന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയത് അതിന്റെ ചരിത്രം തന്നെയായിരിന്നു.

 


 

ഇന്ത്യയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന പുരാവസ്തു സൈറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്ന ബടേശ്വർ ക്ഷേത്രങ്ങളുടെ ചരിത്രം,  എട്ടാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിൽ ഗുർജാര - പ്രതിഹാര രാജവംശത്തിലെ രാജാക്കന്മാരാണ് ഇത്തരം ക്ഷേത്രങ്ങൾ നിർമ്മിച്ചത്. ഈ സമുച്ചയത്തിൽ ചെറുതും വലുതുമായ 400 ക്ഷേത്രങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.. പിന്നീട് ഈ ക്ഷേത്രങ്ങൾ എങ്ങനെയാണ് അവശിഷ്ടങ്ങളായി മാറിയതെന്ന് ആർക്കും കൃത്യമായി അറിയില്ല. പതിമൂന്നാം നൂറ്റാണ്ടിനു ശേഷമുള്ള ഒരു  ഭൂകമ്പമായിരിക്കാം ഇതിനെയെല്ലാം നശിപ്പിച്ചെന്നു കരുതപ്പെടുന്നു. പിന്നീട്  അവയെല്ലാം കാട് വിഴുങ്ങുകയായിരുന്നു. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനാണ് അവ വീണ്ടും കണ്ടെത്തിയത്. 1920 - ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ( ASI) ഇതിനെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു.

 

 പ്രാദേശിക കൊള്ളക്കാർ ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള പ്രദേശത്ത് തമ്പടിച്ചിരുന്നു. അതും ഒരു ഗുണമായി എന്നാണ് പറയുന്നത്. സ്ഥലം പ്രസിദ്ധമാണെങ്കിലും അപകടകരമാണെന്ന് വിശ്വസിച്ചിരുന്നതുകൊണ്ട് ക്ഷേത്രസമുച്ചയത്തിൽ നിന്ന് കൊത്തിയെടുത്ത ശിൽപങ്ങളൊന്നും കടത്താൻ ആരും ശ്രമിച്ചില്ല.



 

മിക്ക ക്ഷേത്ര മതിലുകളും മേൽക്കൂരകളും തകർന്നു. സസ്യജാലങ്ങളുടെ വളർച്ച ചില ആരാധനാലയങ്ങളുടെ അടിത്തറ തന്നെ തകർത്തു. ഈ സ്ഥലം കുപ്രസിദ്ധമായതിനാൽ പുനരുദ്ധാരണത്തിന്റെ പ്രശ്നം സങ്കീർണ്ണമായിരുന്നു. കൊള്ളക്കാരിലെ ഒരു സംഘം ASI യുമായി സഹകരിക്കുകയും  പുനർ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സഹായിക്കുകയും ചെയ്തു. സഹായം എന്നു പറയുന്നത് ASI തൊഴിലാളികളെ എല്ലാ ദിവസവും സൈറ്റിനകത്തേക്കും പുറത്തേക്കും പോകാൻ അനുവദിക്കും, പ്രോജക്റ്റിലുള്ള ആർക്കും അവരിൽ നിന്നും ഒരു ദോഷവും വരുത്തിയില്ല. 

 

 

പുരാതാന ക്ഷേത്രങ്ങളുടെ നഷ്ട പ്രതാപം വീണ്ടെടുക്കാൻ പല പുനരുദ്ധാരണ വിദ്യകൾ ഉപയോഗിക്കുകയും 10 വർഷത്തിലേറെ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. അവശിഷ്ടങ്ങളുടെ ചിതറിക്കിടക്കുന്ന പ്രാകൃതമായ ചെറിയ ക്ഷേത്രങ്ങളുടെ ആകർഷകങ്ങളുടെ മിശ്രിതമാണ് ബടേശ്വർ ഇന്ന്. അതി മനോഹരമായ സ്ഥലം.

 

മറഞ്ഞിരുന്ന ആ നിധിശേഖരം കണ്ടും വിശേഷങ്ങൾ കേട്ടും അവിടെ നിന്ന് യാത്ര പറയുമ്പോൾ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ' ബിഗ് സല്യൂട്ട് ' !

 

Garhi Padhavali



 

 

പുല്ലുകളും ചെടികളും വലിയ മരങ്ങളും പൂക്കളുമൊക്കെയായി നന്നായി പരിപാലിച്ചിരിക്കുന്ന ആ പൂന്തോട്ടത്തിനകത്തെ 'ഗാർഹി പടവാലി' സന്ദർശിക്കുകയാണ് ലക്ഷ്യം. ആ ക്ഷേത്ര പ്രവേശന കവാടത്തിലെ ഒരു ജോടി സിംഹങ്ങളും കുത്തനെയുള്ള പടികളും കണ്ടപ്പോൾ  കാലുകൾ പിണങ്ങുമോയെന്ന് സംശയിച്ചു.

 

പത്തൊൻപതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കോട്ടയാണിത്. 8 - 10 നൂറ്റാണ്ടിൽ നിർമ്മിച്ച മനോഹരമായ , സങ്കീർണ്ണമായ കൊത്തുപണികളിൽ ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള വിവിധ കഥകൾ ചിത്രീകരിച്ചിരിക്കുന്ന  ഇടം. ധോൽ പൂരിലെ ജാട്ട് റാണു കളാണ് ഈ കോട്ട നിർമ്മിച്ചത്. ഘടനയിൽ ദീർഘവൃത്താകൃതിയിലുള്ളതും മുകളിലെ മുറ്റവും താഴത്തെ നടുമുറ്റം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. മുകളിലെ മുറ്റത്ത് ഒരു ശിവക്ഷേത്രവും താഴത്തെ മുറ്റത്ത് ഒരു പടി കിണറുമുണ്ട്. കിണറിന് വലിയ പ്രാധാന്യം ഉള്ളതായി തോന്നിയില്ല. ഞങ്ങളെ കണ്ടതോടെ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റിക്കാരനും മറ്റൊരാളും ഗൈഡിന്റെ ജോലി സ്വയം ഏറ്റെടുത്തു.


 

തൂണുകൾ, ബീമുകൾ,  സീലിംഗ് എന്നിങ്ങനെ ക്ഷേത്രത്തിന്റെ എല്ലാ വാസ്തുവിദ്യാ ഘടകങ്ങളിലും കൊത്തുപണികളുടെ സമൃദ്ധി കാണാം.രാമായണത്തിലെയും മഹാഭാരതത്തിലെയും വിവിധ രംഗങ്ങളാണ്.  പ്രധാനമായും കൃഷ്ണലീല പാനൽ, ശിവലിംഗ പൂജാ പാനൽ, ദശാവതാര പാനൽ, ശിവ-പാർവ്വതി വിവാഹ പാനൽ. സപ്ത - മാതൃക പാനൽ , നവ-ഗ്രഹ പാനൽ എന്നിവയാണ് പ്രധാനപ്പെട്ടവ .  അവയെ കുറിച്ചെല്ലാം ഞങ്ങൾക്ക്  ജ്ഞാനമില്ലാത്തത് വലിയ പോരായ്മ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ നിർവികാരമായി കേട്ടുകൊണ്ടിരുന്ന

ഞങ്ങളെ കൂടുതൽ മനസ്സിലാക്കി തരാനായിരുന്നു അവരുടെ അടുത്ത ശ്രമം. ഓരോ കൊത്തുപണികളെയും വിശദമായി വിവരിച്ചു തരാനും അവർ മടിച്ചില്ല.അതിലെ കലാസൃഷ്ടി പ്രശംസനീയമാണ്. 


 

3D വിശദാംശങ്ങളാൽ കൊത്തി എടുത്തിട്ടുള്ളതാണ്.വാസ്തുവിദ്യാ വിസ്മയം നിലനിൽക്കുന്ന സ്ഥലം എന്നു വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം. അതുപോലെ മൂന്നു വ്യത്യസ്ത ഘട്ടങ്ങളായ ഉള്ള കോട്ടമതിൽ ഏതൊരു പുരാവസ്തു ഗവേഷകനും നല്ലയൊരു വിരുന്നായിരിക്കും.

 

 

' ഡിജിറ്റൽ ഇന്ത്യ' , ഗൈഡിന്റെ കർത്തവ്യം ഏറ്റെടുത്തു വന്നവർക്ക് വലിയൊരു അടിയായി എന്നു തന്നെ പറയാം. പേഴ്സിലെ ഉള്ള നോട്ടുകൾ പെറുക്കി എടുത്താണ് കരിമ്പ് വാങ്ങിച്ചത്. അവർക്ക് ടിപ്പ് കൊടുക്കാനായിട്ട് പേഴ്സിൽ ഒന്നുമില്ല. വയസ്സായ അവർക്ക് Paytm, ഗൂഗിൾ പേ കുറിച്ചൊന്നും കേട്ടിട്ടു പോലുമില്ല.  അതുകൊണ്ടു തന്നെഎല്ലാം വിശദമായി പറഞ്ഞു തരാനുണ്ടായ ഉത്സാഹം യാത്ര പറയാനുണ്ടായില്ല. 

 

Chausath Yogini Temple

ചൗസത് യോഗിനി ക്ഷേത്രം.


 

" മാഡം, മടുത്തു പോയോ", ചോദ്യം ഞങ്ങളുടെ കൂടെയുള്ള ഗൈഡിന്റെയാണ്.

"ഏയ് ഇല്ല", എന്ന് മറുപടി കൊടുക്കുമ്പോൾ,  സിനിമയിൽ കള്ളത്തരം ഒളിപ്പിക്കുന്ന ഉർവ്വശിയുടെ ഭാവാഭിനയമായിരുന്നില്ലേ  എനിക്ക് ,  എന്ന് സംശയം.  

"എന്റെ സിവനെ, നിനക്ക് താഴെ വല്ലയിടത്തും ക്ഷേത്രമുണ്ടാക്കിയാൽ പോരായിരുന്നോ ? എന്നാണ് മനസ്സിൽ .

 ഞങ്ങളുടെ കൂടെയുള്ള ഗൈഡ്,  അവിടെ നിന്നും 300 കി.മീ ദൂരെയുള്ള ക്ഷേത്രത്തിലേക്കും, തിരിച്ചും നടന്നു പോയി കഴിഞ്ഞ ദിവസം തിരിച്ചെത്തിയിട്ടുള്ളൂ . ആ വ്രതത്തിന്റെ ഭാഗമായി ചെരിപ്പിടാതെയാണ് ഇപ്പോഴും നടക്കുന്നത്. ഉച്ച 12 മണി കഴിഞ്ഞെ വെള്ളം കുടിക്കുകയുള്ളൂ. വൈകുന്നേരമാണ് ഭക്ഷണം കഴിക്കുന്നത്. അത്രയും  വ്രതം അനുഷ്ഠിക്കുന്ന ആ +2 കാരനോട്,ഏകദേശം 100 പടികളുള്ള കുന്നിൻ മുകളിലുള്ള  ക്ഷേത്രത്തിലേക്കുള്ള പാതയെ കുറിച്ച് എന്തു പറയാൻ!


 

ഈ  ചെറിയ പ്രായത്തിൽ ഇത്രയും കഠിനവ്രതം അനുഷ്ഠിക്കാനുള്ള കാരണം ആരാഞ്ഞപ്പോൾ, മുത്തശ്ശിയുടെ കൂടെ വളരുന്ന അവന് , ലൈസൻസുള്ള ഗൈഡ് ആവുക എന്നതാണ് അഗ്രഹം. അതിനു വേണ്ടി മുൻവാതിലിലൂടെയും പിൻവാതിലിലൂടെയുമായി  ഒന്നര ലക്ഷം ചെലവുണ്ടെന്നാണ് പറയുന്നത്. എല്ലാവർക്കും അവരവരുടെ ഓരോ  ആവശ്യങ്ങൾ പറയാൻ ദൈവമല്ലാതെ വേറെ ആരുണ്ട് അല്ലേ !

 

യാത്രയിൽ സാധാരണയായി ആരാധനാലയങ്ങൾ കാണാനും പ്രാർത്ഥിക്കാനും വലിയ പ്രാധാന്യം കൊടുക്കാറില്ല. പക്ഷെ ഗ്വാളിയാറിലെ ഓരോ ആരാധനാലയങ്ങളും കാഴ്ചയായോ അല്ലെങ്കിൽ ചരിത്രമായോ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഗ്വാളിയാറിന് 45 കി.മീ. അകലെയായിട്ടുള്ള മൊറേന ജില്ലയിലെ " ചൗസത് യോഗിനി ' ക്ഷേത്രം കാണുമ്പോൾ, "ഏയ് ഇതല്ലേ നമ്മുടെ പാർലമെന്റ് ഹൗസ്? "

എന്നറിയാതെ ചോദിച്ചു പോകുന്നത് സാധാരണം. 170 അടി ചുറ്റളവിൽ വൃത്താകൃതിയിലാണ് ഈ ക്ഷേത്രം.

 

 11-ാം നൂറ്റാണ്ടിലെ ഈ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് കച്ഛപപട്ട രാജാവായ ദേവപാലനാണ്. സാമ്യം തീർച്ചയായും പ്രകടമാണെങ്കിലും ഇന്ത്യൻ പാർലമെന്റിന്റെ ഡിസൈനർ മാർ ഈ ക്ഷേത്രം സന്ദർശിച്ചതായി രേഖകളൊന്നുമില്ലത്ര .

 

64 യോഗിനികൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ അകത്തളത്തിൽ 64 ചെറിയ അറകളുണ്ട്. മധ്യഭാഗം ശിവനായി സമർപ്പിച്ചിരിക്കുന്നു. 


 

പ്രധാന ദേവാലയത്തിൽ നിന്ന് ഒഴുകുന്ന മഴ വെള്ളം ഡ്രെയിൻ പൈപ്പുകളിലൂടെ ശേഖരിക്കുന്ന ഒരു വലിയ ഭൂഗർഭ ജലസംഭരണി ഈ ക്ഷേത്രത്തിന്റെ സവിശേഷതകളിലൊന്നാണ്. ഇതും എഞ്ചിനീയറിംഗിന്റെയും വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെയും തെളിവാണ്.


 

കുന്നിൻ മുകളിൽ നിന്നുള്ള  കാഴ്ചകളും അതിമനോഹരമാണ്. 

സൂര്യതാപവും കുന്നു കയറിയതിന്റെ ക്ഷീണവുമൊക്കെയായി  മടുത്തിരിക്കുന്ന നമ്മളെ കുരങ്ങുകളിപ്പിക്കുന്നതായിട്ടാണ് ആ ഗോതമ്പുപാടങ്ങൾ കണ്ടപ്പോൾ തോന്നിയത്.കണ്ണെത്താ ദൂരത്തോളം ഗോതമ്പ് വിളഞ്ഞു നിൽക്കുകയാണ്. എന്നാൽ ആ  ഗോതമ്പു പാടങ്ങളിൽ പച്ചപ്പിന്റെ ഒരംശം  പോലും ഇല്ല. അതുകൊണ്ടു തന്നെ ഏതോ വരണ്ട പ്രദേശമായിട്ട് നമുക്കാദ്യം  തോന്നുക. പ്രകൃതിയുടെ ഓരോ തമാശകളെ!

 

പ്രാദേശികമായി 'ഏകതാർ സോ മഹാദേവ 'ക്ഷേത്രം എന്നും അറിയപ്പെടുന്ന അവിടെ നിന്നും തിരിച്ചു വരുമ്പോൾ മനസ്സിലേക്ക്  സമ്മാനിച്ചിരിക്കുന്ന ആ   ദൃശ്യവിരുന്നുകൾ അമൂല്യം.

 

മധ്യപ്രദേശിലുള്ള ഗ്വാളിയർ എന്ന നഗരത്തിൽ നിന്ന് ഏകദേശം 90 കി.മീ ദൂരെയായിട്ടാണ് ഈ സ്ഥലങ്ങൾ .

 

Watch "Hidden Jewels of Morena, Madhya Pradesh" on YouTube

 

https://youtu.be/ABDZR45rUzs